Wednesday 25 November 2020 04:52 PM IST

‘വിരലുകൾ മുറിച്ചു മാറ്റി, മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമായിരുന്നു’; പച്ചമാംസത്തിൽ പടർന്ന മരണവേദന; വൈറലായ സൂസന്റെ ജീവിതം ഇങ്ങനെ

Binsha Muhammed

susan-thomas

‘കൈവിരലുകൾ മുറിച്ചു മാറ്റി... മുഖം കറുത്തിരുണ്ടു. മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച മാംസത്തിൽ തീ കണക്കെ പടർന്നു കയറിയ വേദന പലവട്ടം എനിക്കു മരണശീട്ടു നൽകിയിരുന്നു. അറിയാനുള്ളവരെ അറിയിക്കാനും എല്ലാം അവസാനിച്ചുവെന്നും എത്രയോ വട്ടം ഡോക്ടർമാർ മുൻവിധിയെഴുതി. പക്ഷേ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കണമെന്നത് തമ്പുരാന്റെ തീരുമാനമായിരുന്നു. പോയ കാലത്തെ ഓർത്ത് ഞാൻ സങ്കടപ്പെടുന്നില്ല. പുതിയ പ്രതീക്ഷകളാണ് എനിക്കിന്ന് ജീവിക്കാനുള്ള ഇന്ധനം.’

പച്ചമാംസം തുളച്ചു കയറിയ വേദനകളെ ഓർമ്മകളായി തിരികെ വിളിക്കുമ്പോൾ സൂസൻ തോമസിന്റെ നെ‍ഞ്ചിൽ ഇന്നും തീയാളും. കണ്ണുകളിൽ ആ പഴയ അഗ്നിഗോളം തെളിയും. അന്ന് നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുമെന്നു തോന്നി. പക്ഷേ മരണം ബാക്കിവച്ച ആ ദേഹത്തിന് കാലം നൽകിയത് കൊടിയ വേദന. അശ്രദ്ധയെന്നോ വിധിയെന്നോ വിശേഷിപ്പാക്കാവുന്ന ഒരു ഗ്യാസ് ലീക്ക്. അത് ഈ കുമിളിക്കാരിയുടെ ജീവിതം കീഴ്മേൽ മറിച്ചു. തിരിച്ചറിയാനാകാത്ത വിധം ആ അപകടം അവളെ മാറ്റി. പൊള്ളിയടർന്ന ദേഹം ഉടൻ മരണം രുചിക്കുമെന്ന് പലവട്ടം ഡോക്ടർമാർ പോലും വിധിയെഴുതിയാണ്. സൂസന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘തമ്പുരാന്റെ ഹിതം മറ്റൊന്നായി.’

തീനാളങ്ങൾ ബാക്കി വച്ച ആ ദേഹവും സൂസനെന്ന കരളുറപ്പും ഇന്ന് സോഷ്യല്‍ മീഡിയക്കും പ്രിയങ്കരിയാണ്. മുഖത്തെ മൂടിയ മുറിവുകളേയും വൈരൂപ്യത്തേയും കുപ്പയിലേക്കെറിഞ്ഞ് അവൾ ജീവിതം തിരികെ പിടിക്കുന്നു. ആൽബം, മോഡലിങ്, സംഗീതം തുടങ്ങിയ തൊട്ട മേഖലകളെല്ലാം പൊന്നാക്കി  ജൈത്രയാത്ര തുടരുന്നു. സേവ് ദി ഡേറ്റ് കൺസപ്റ്റ് ഷൂട്ടിലൂടെ വൈറലായ സൂസൺ തന്റെ ജീവിത കഥ ഇതാദ്യമായി വനിത ഓൺലൈനിലൂടെ സോഷ്യൽ മീഡിയക്കു മുമ്പാകെ വയ്ക്കുകയാണ്. ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥ സൂസന്‍ പറയുമ്പോൾ ആ കണ്ണുകളിലുണ്ടായിരുന്നു അഗ്നിത്തിളക്കം.

തീയിൽ വാടാത്ത പെൺകരുത്ത്

വൈറൽ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് കൺസപ്റ്റ് കണ്ടാണ് സോഷ്യൽ മീഡിയ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഞാനും ഡോ. മനു ഗോപിനാഥനും പങ്കുവച്ച ആശയം ശ്രദ്ധിക്കാതെ ഒരുപാട് പേർ അതിനെ ഒറിജിനൽ കല്യാണമായി ഷെയർ ചെയ്തത് കണ്ടു. ചിത്രങ്ങൾ കണ്ട് എന്റെ കല്യാണം ആയോ എന്നൊക്കെ ചോദിച്ച് നിരവധി സുഹൃത്തുക്കൾ വരുന്നുണ്ട്. അത് കല്യാണമല്ല കൺസപ്റ്റ് മാത്രമാണെന്ന് ആദ്യമേ പറയട്ടേ. ബാക്കി ചോദ്യങ്ങൾ എന്റെ രൂപം കണ്ടിട്ടായിരുന്നു. എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?, എന്നായിരുന്നു പലർക്കും അറിയേണ്ടിരുന്നത്. അതിന്റെ ഉത്തരം ഒറ്റവാക്കിൽ ഒതുക്കാന്‍ കഴിയില്ല. കാലം കുറച്ചു പുറകോട്ടു പോണം.– സൂസൻ ദീർഘനിശ്വാസമെടുത്തു.

തോമസിന്റേയും അന്നമ്മയുടേയും ആറു മക്കളിൽ ഒരാളായിരുന്നു ഞാൻ. പത്താം ക്ലാസു വരെയെ പഠിച്ചിട്ടുള്ളൂ. ചെറിയ ചെറിയ ജോലിക്കൊക്കെ ചെയ്യുമായിരുന്നു. കൂട്ടത്തിൽ ഇടുക്കി ഡോൺ ബോസ്കോ ഏയ്ഞ്ചൽ വാലി ധ്യാന കേന്ദ്രത്തിൽ ഞാൻ ഇടയ്ക്ക് പ്രേക്ഷിത വേലയ്ക്കും പോകാറുണ്ട്. ധ്യാനത്തിനെത്തുവർക്ക് ഭക്ഷണമൊരുക്കാനും മറ്റ് സഹായം ചെയ്യാനുമൊക്കെ. 2006 മേയ് 18... എന്റെ തലവര മാറ്റിയെഴുതിയ ദിവസം. അന്നാണ് അത് സംഭവിച്ചത്.

പള്ളിയിലിരുന്ന് ജപമാല ചൊല്ലിയതിനു ശേഷം ഞാനും പ്രേക്ഷിത വേല ചെയ്യുന്ന ജയിംസ് ചേട്ടനും പുറത്തേക്കിറങ്ങിതായിരുന്നു.  കുശിനിയുടെ ജനാലയ്ക്ക് അരികിലൂടെ കടന്നു പോകുമ്പോൾ ഗ്യാസിന്റെ സ്മെൽ രൂക്ഷമായി പുറത്തു വരുന്നു. ഞാനും ജയിംസ് എന്നൊരു ചേട്ടനും അങ്ങോട്ടേക്ക് എത്തുമ്പോൾ രൂക്ഷമായ ഗന്ധം വരുന്നുണ്ട്. കൂടെ വന്ന ചേട്ടൻ ഗ്യാസ് തുറന്നു കിടക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച് ഓഫ് ആയി കിടന്ന ഗ്യാസ് സിലിണ്ടർ നീഡിലിനെ ഓണാക്കി വച്ചു. അത് അദ്ദേഹത്തിന്റെ തെറ്റല്ലായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണ്.

ഈ സമയം, ഗ്യാസ് ലീക്കായതോടെ അടുപ്പിലുണ്ടായിരുന്ന ഇരുമ്പ് ചട്ടിയിലേക്ക് തീ പടർന്നു കയറി. നിമിഷങ്ങൾക്കുള്ളിൽ അവിടമൊരു അഗ്നി ഗോളമായി. തീ പടർന്ന വെപ്രാളത്തിൽ ജയിംസ് ചേട്ടൻ പുറത്തേക്ക് ചാടി. പക്ഷേ ‍ഞാൻ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്കും കതകിനു ചുറ്റും തീ പടർന്നിരുന്നു. അതോടെ എന്റെ പ്രതീക്ഷയുടെ വാതിൽ അടഞ്ഞു. തീ പടരുന്ന മുറിക്കുള്ളിൽ നിസഹായയായി ഞാൻ. രക്ഷപ്പെടാനാനുള്ള വെപ്രാളത്തിൽ ജനൽ തുറക്കാൻ ശ്രമിച്ചതാണ്. പക്ഷേ ഇരുമ്പ് കമ്പിയഴികൾ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. അടുക്കളയുടെ ഓരത്തുള്ള ഒരു ഷെൽഫിലാണ് ഞാൻ പിന്നെ അഭയം തേടിയത്, അതിനകത്തേക്ക് ഞെങ്ങി ഞെരുങ്ങി കയറി ഒതുങ്ങി നിന്നു. അന്നവിടെ വച്ച് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചതാണ്. ആ പ്രാർത്ഥനയുടെ ബാക്കിയാണ് ഇന്ന് ജീവനോടെ ഇരിക്കുന്ന ഞാൻ.

susan-1

പോളിസ്റ്റർ ചുരിദാറാണ് അന്ന് ഞാൻ ധരിച്ചിരുന്നത്. ചുരിദാർ ശരീരത്തിൽ മെഴുകു പോലെ ഉരുകി ചേർന്നു. പതിയെ പതിയെ കണ്ണുകളിൽ ഇരുട്ടു കയറി. തീ ശമിച്ചതോടെ ലിയോ എന്നൊരു ബ്രദർ ഓടിയെത്തി എന്നെ അവിടെ നിന്നും രക്ഷിച്ചു. എന്നോടൊപ്പം വന്ന ചേട്ടന്റെ മകൾക്ക് എന്ത് സംഭവിച്ചു എന്ന് പാതി  ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോൾ അവൾക്കൊന്നും സംഭവിച്ചില്ല എന്ന് നേരിട്ട് കണ്ട് മനസിലാക്കി. എന്നെ കണ്ടതും ആന്റീ... ആന്റീ എന്ന് വിളിച്ച് അവൾ കരഞ്ഞു. ധ്യാനകേന്ദ്രത്തിലുണ്ടായിരുന്ന 45 പേരെയും ഇതിനോടകം തന്നെ രക്ഷിച്ചിരുന്നു.

അടുത്തുള്ള ആശുപത്രിയിലേക്കെത്തുമ്പോൾ ഡോക്ടർമാരുടെ അറിയിപ്പെത്തി. ശരീരക്കിനു പുറത്ത് 25 ശതമാനം പൊള്ളലാണ് എനിക്കേറ്റത്. അന്ന് ഒരു നാടൊന്നാകെ ആശുപത്രിയിൽ ഒഴുകിയെത്തി. മരണ വേദനയിൽ പുളയുകയായിരുന്നു ഞാൻ അപ്പോഴും. അവിടെ നിന്ന് കുറച്ചു കൂടി മെച്ചപ്പെട്ട ആശുപത്രിയിലേക്ക് എത്തിക്കാനും അതിനു വേണ്ട തുക എത്ര വേണമെങ്കിലും നൽകാമെന്നും ഡോൺ ബോസ്കോ ഏയ്ഞ്ചൽ വാലി പള്ളി അധികൃതരും അറിയിച്ചു. അങ്ങനെ ജീവനു വേണ്ടിയുള്ള പോരാടുകയായിരുന്ന എന്നെ പുതിയ ആശുപത്രിയിലേക്ക് എത്തിച്ചു.

manu-5

വേദനയുടെ നാളുകൾ

രണ്ട് മാസത്തോളം ആശുപത്രി വാസം. അതിൽ നാൽപത് ദിവസവും ഐസിയുവിൽ. അഗ്നി ബാക്കിവച്ച കയ്യും മുഖവും ആ ദിവസങ്ങളിൽ പഴുത്ത് ഇൻഫെക്ഷനാകുന്നത് ഞാൻ അറിഞ്ഞു. കയ്യിലൊക്കെ പലക പോലെ എന്തൊക്കെയോ ചേർത്ത് കെട്ടിവച്ചാണ് ചികിത്സ നടത്തിയിരുന്നത്. ഒന്നനങ്ങിയാൽ പ്രാണൻ പറിയുന്ന വേദന. ഐസിയു വാസത്തിനിടയിൽ എല്ലാം അവസാനിക്കുകയാൻ പോകുകയാണെന്ന് ഡോക്ടർമാർ പലവട്ടം വിധിയെഴുതി. മരിച്ചു പോകുമെന്ന് വരെ ഉറപ്പിച്ച നിമിഷങ്ങളുണ്ട്.

എന്നെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർ പത്ത് ദിവസം അവധിക്ക് പോയപ്പോഴായിരുന്നു അടുത്ത പരീക്ഷണം. പുതുതായി എത്തിയ ഡോക്ടർ എന്നെ ചികിത്സിക്കുന്നതിലും മരുന്നിൽ മുറിവു വച്ചു തരുന്നതിലും ഒക്കെ ഗുരുതരമായ അനാസ്ഥ കാട്ടി. പത്ത് ദിവസത്തിനു ശേഷം പഴയ ഡോക്ടറെത്തുമ്പോൾ ഭീകരമായിരുന്നു സ്ഥിതി. പൊള്ളിയടർന്ന ഭാഗങ്ങൾ കൂഴച്ചക്ക പോലെ പഴുത്തിരിക്കുന്നു. തലയിലാകെ പേൻനിറഞ്ഞ് ഭ്രാന്തമായ അവസ്ഥയിലായിരുന്നു ഞാൻ. എല്ലാം കഴിയുമ്പോൾ എന്റെ പൊള്ളിയ നാല് വിരലുകളെ മുറിച്ചു മാറ്റേണ്ടു വന്നു. അവിടുന്ന് പിന്നെയും കരകയറാനുള്ള പോരാട്ടങ്ങൾ. ചികിത്സയുടെ അവസാന ഘട്ടത്തിൽ സിസ്റ്റർമാർ എന്നോട് പറഞ്ഞിരുന്നത് ആറു മാസത്തേക്ക് കണ്ണാടി നോക്കരുതെന്നാണ്. പക്ഷേ നഴ്സ് മാറിയ തക്കത്തിന് മനസാന്നിദ്ധ്യത്തോടെ തന്നെ ഞാൻ കണ്ണാടിക്ക് മുന്നിലെത്തി. പക്ഷേ അന്നൊന്നും എനിക്ക് വലിയ അദ്ഭുതം ഒന്നും തോന്നിയില്ല. പക്ഷേ കാലം കടന്നു പോകെ എന്റെ മുഖത്ത് കറുപ്പ് പടർന്നു, അവസാന സർജറിയും കഴിയുമ്പോള്‍ മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.– മിഴിനീർ തുടച്ച് സൂസൻ പറയുന്നു.

അവിടുന്നങ്ങോട്ട് ജീവിക്കാനുള്ള പോരാട്ടമായിരുന്നു. എന്റെ മനസിന് മുറിവേറ്റിട്ടില്ലെന്ന് ആയിരം വട്ടം പറഞ്ഞ് ജീവിക്കാനിറങ്ങി. സുഗന്ധ വ്യഞ്ജനങ്ങളുടെ പായ്ക്കിങ് ജോലി മുതൽ തൊഴിലുറപ്പ് ജോലി വരെ ചെയ്ത് ജീവിതത്തോട് പൊരുതി. മോഡലിങ്ങും സംഗീതവും വേദനയിൽ മരുന്നായി. മുരളി അപ്പാടൻ സാറിന്റെ സംഗീതത്തിൽ പാടിയ മണ്ണിൽ വിരിയും മഴത്തുള്ളി എന്ന ആൽബമാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഏറ്റവും ഒടുവിൽ വൈറലായ ‘സേവ് ദി ഡേറ്റ് കൺസപ്റ്റ് ഷൂട്ടും.’

manu-4

സ്വപ്നമെന്താണെന്ന് വച്ചാൽ ഒരു വീടെന്നാകും ഞാൻ ആദ്യം പറയുക. പിന്നെ വിവാഹം. ഏതൊരു പെണ്ണിനേയും പോലെ വിവാഹ സ്വപ്നങ്ങൾ എനിക്കുമുണ്ട്. എന്റെ മനസറിയുന്ന ഒരാൾ വന്നാൽ ഉറപ്പായും അതും സംഭവിക്കും. ബാക്കിയെല്ലാം ദൈവഹിതം പോലെ– സൂസൻ പറഞ്ഞു നിർത്തി.

Tags:
  • Motivational Story