എനിക്ക് ജൂലൈ 27ന് കുഞ്ഞ് ജനിച്ചു. 28 ചടങ്ങിന് ഭർത്താവിന് എത്താൻ കഴിയില്ല. അദ്ദേഹം വിദേശത്താണ്. ഒരു മാസത്തിനു ശേഷമേ അദ്ദേഹത്തിന് വരാൻ കഴിയൂ. 28ന് ശേഷം പേരിടൽ നടത്തിയാൽ ദോഷമുണ്ടെന്ന് പലരും പറയുന്നു.
ഇതിന് വിശ്വാസപരമായ എന്തെങ്കിലും കാരണം ഉണ്ടോ ? 28 ന് തന്നെ പേരിട്ടില്ലെങ്കിൽ കുട്ടിയുടെ ഭാവിയെ അത് ദോഷകരമായി ബാധിക്കുമോ ?
രേഷ്മ സതീഷ്, ഭരണിക്കാവ്
ശരിക്കും 28 കെട്ട് എന്ന ചടങ്ങിന് ആചാരപരമായി യാതൊരു അടിത്തറയും ഇല്ല. പേരിടൽ കർമം യഥാർഥത്തിൽ നടത്തേണ്ടത് 12–ാം ദിവസം എന്നാണ് വിധി.
കുട്ടി ജനിച്ചാൽ അതിന്റെ അടുത്ത ജന്മനക്ഷത്രം വരാറുള്ളത് ഏകദേശം 28–ാമത്തെ ദിവസമാണ്. ഒരാൾ ജനിച്ചാൽ അടുത്ത ജന്മനക്ഷത്രം വരുന്നത് ഒരു ചന്ദ്രമാസം എന്നാണ് പറയുന്നത്. ജനിച്ച് 27–ാം ദിവസം കഴിയുമ്പോൾ ഒരു ചന്ദ്രമാസം പിന്നിട്ടു എന്ന് മനസ്സിലാക്കാൻ കുട്ടിയുടെ അരയിൽ ചെറിയ നൂലു പോലെ അന്ന് ഉപയോഗിച്ചു വരുന്ന എന്തെങ്കിലും കെട്ടിയിടാറുണ്ടായിരുന്നത്രേ.
അതിൽ പിന്നെയും ഓരോ ചന്ദ്രമാസവും പിന്നിടുമ്പോൾ ഓരോ കെട്ടുകൾ ഇടുമായിരുന്നു എന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു. ഏകദേശം ഒരു വർഷം വരെ ഇപ്രകാരം വാന നിരീക്ഷകർ കൂടിയായ നമ്മുടെ മുൻതലമുറ ചെയ്തു വന്നിരുന്നത്രേ. ഇതാണ് പിൽക്കാലത്ത് 28 കെട്ട് എന്ന ആചാരമായി മാറിയത്. ജ്യോതിഷ നിയമം അനുസരിച്ച് പേരിടൽ ചടങ്ങ് നടത്തേണ്ടത് 12–ാം ദിവസമാണ്.
കുഞ്ഞ് ജനിച്ചശേഷം എല്ലാവരും ഒ ത്തുചേർന്ന് സന്തോഷവും സാഹോദര്യവും പങ്കിടേണ്ട ചടങ്ങാണ് പേരിടൽ. ആചാരപരമായ നിർദേശം ഇല്ലാത്ത ചടങ്ങിന്റെ ദോഷത്തെക്കുറിച്ചുള്ള ആശങ്ക വേണ്ട. കുട്ടിക്ക് ഇത് മൂലം എന്തെങ്കിലും ദോഷമുണ്ടാകും എന്ന ഭയവും വേണ്ട.