Thursday 14 June 2018 04:24 PM IST

കഥകളിൽ മാത്രം കേട്ടിട്ടുള്ള ഏഴുനില കപ്പലിലേറി അറബിക്കടലിന്റെ വിരിമാറിലൂടെ മക്കയെന്ന പുണ്യഭൂമിയിലേക്ക്...

V N Rakhi

Sub Editor

Untitled-1 ഫോട്ടോ: സുജിത് കാരാട്

വിമാനത്തില്‍ ഹജ്ജിനു പോകാൻ പ്രമുഖർക്കു മാത്രം അനുമതിയുണ്ടായിരുന്ന കാലത്ത്, മൊബൈലും ഇന്റർനെറ്റും  നമ്മുടെ‘അവയവങ്ങളാ’ കുന്നതിനും  കുറേ മുമ്പ്... കൂട്ടബാങ്കിന്റെ അകമ്പടിയോടെ നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞിറങ്ങിയ ‘പുറപ്പെടലു’കളുടെ കാലം. ആത്മീയതയുടെ പരകോടിയിൽ മുങ്ങി, മാസങ്ങളോളം ബന്ധങ്ങളിൽ നിന്നെല്ലാം അകന്ന് അങ്ങ് അകലേക്ക്....

അങ്ങനെയും  ഹജ്ജിനു പോയിരുന്നു മുൻതലമുറ. ‘ആവതുള്ളവർ കഅ്ബത്തിങ്കൽ പോയി ഹജ്ജ് ചെയ്യുക’ ഇസ്‍‌ലാം പഞ്ചസ്തംഭങ്ങളിലെ അഞ്ചാമത്തെ നിർബന്ധകർമത്തെക്കുറിച്ചു മദ്രസകളില്‍ നിന്നു േകട്ടപ്പോള്‍ മുതല്‍ ഖൽബില് വിരിഞ്ഞ കിനാവ് സത്യമാകുന്ന ദിവസം. കഥകളിൽ മാത്രം കേട്ടിട്ടുള്ള ഏഴു നിലക്കപ്പലിലേറി അറബിക്കടലിന്റെ വിരിമാറിലൂടെ മക്ക ലക്ഷ്യമാക്കി നടത്തിയ ആ പുണ്യയാത്രയുടെ വിശേഷങ്ങളിലേക്ക്...

‘കപ്പല് കാണുമ്പഴും കയറുമ്പഴുമൊക്കെ ചെറിയൊരു പേടി തോന്നും. ന്നാലും പുറംകടലിലേക്കു നീങ്ങിയാൽ പിന്നെ, കരയാണോ കടലാണോ എന്നൊന്നും അറിയൂല.’’ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ.അബ്ദുൾ ഹമീദ് പറഞ്ഞു തുടങ്ങി. സാഹിബിന് വയസ്സ് അറുപത്തഞ്ചുണ്ടെങ്കിലും  മക്കന നീക്കി പുറത്തു വരുന്ന ഓർമകൾക്കെല്ലാം  എന്തൊരു മൊഞ്ച്...!

‘‘മേയ് മാസത്തിലായതുകൊണ്ട് കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നു. കടലും ശാന്തം. കപ്പൽ നീങ്ങുന്നത് അറിഞ്ഞേയില്ല. വെയിലാറിയ ശേഷം കപ്പലിന്റെ പുറത്തിറങ്ങി കടൽക്കാറ്റേറ്റു നിൽക്കാൻ നല്ല സുഖാ. അപ്പോൾ വലിയ വലിയ മീനുകൾ ചാടുന്നതൊക്കെ കാണാം. ദൂരെ എവിടെയെങ്കിലും  വേറെ കപ്പല് കണ്ടാല്‍ വലിയ സന്തോഷാ. നമ്മൾ ഒറ്റയ്ക്കല്ല, കൂടെ ആരൊക്കെയോ ഉണ്ടല്ലോന്ന് ആശ്വാസം തോന്നും.’’ 

വെയിലിനു ചൂടു പിടിക്കും മുമ്പേ ബീച്ചിലെത്തി നിരന്നിരു ന്ന് ഒാര്‍മകള്‍ പങ്കിടുകയാണു ഹാജിമാര്‍. താമരശ്ശേരിയിൽ ജ്വല്ലറി ബിസിനസ്സാണ് അറുപത്തഞ്ചുകാരന്‍ എളേറ്റിൽ വട്ടോളിക്കാരൻ അബ്ദുറഹിമാൻ കുട്ടി ഹാജിക്ക്. മുഹമ്മദ് അബ്ദു റ ഹിമാനും  ബിസിനസ്സ് രംഗത്ത്. ഒപ്പം കൃഷിയുമുണ്ട്്. പ്രഫ. എ. കെ. അബ്ദുൾഹമീദ് സാഹിബ് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ രസതന്ത്ര അധ്യാപകനായിരുന്നു.  േകാഴിക്കോട് നടക്കാവിലുള്ള അബൂബക്കര്‍ ബിസിനസ്സ് എല്ലാം നിര്‍ത്തി വിശ്രമജീവിതത്തിലാണ്. 

‘അരയേക്കറോളം സ്ഥലത്താണോ നമ്മളെന്നു തോന്നിപ്പോകും. അത്ര  വിശാലമല്ലേ കപ്പൽ. ഒഴിവു സമയത്ത് അസുഖമായി കിടക്കുന്നവരെയോ പരിചയക്കാരെയോ സന്ദർശിക്കാനും പോകും. ’ എൺപത്തിമൂന്നുകാരനായ അബൂബക്കർ ഹാജിയുടെ ഓർമകൾക്ക് യൗവനം.

  ‘എണ്‍പത്തൊമ്പതിലാണ്. ഹജ്ജ് കഴിഞ്ഞു വരുമ്പോ  കടൽ പ്രക്ഷുബ്ധമായിരുന്നു. കപ്പലങ്ങനെ ആടിയുലയാൻ തുടങ്ങി. കയറു കെട്ടി അതിൽ പിടിച്ചു കൊണ്ടാണ് കപ്പലിനകത്ത് ആളുകൾ നടന്നത്.’ എല്ലാം കേട്ട് ചിരിച്ചു കൊണ്ടിരുന്ന എളേറ്റിൽ വട്ടോളിക്കാരൻ മുഹമ്മദ് അബ്ദുറഹിമാൻ  ആ പഴയ യാത്ര ഒാര്‍ത്തു. ‘കപ്പലിളകുമ്പോ പാത്രങ്ങളും  ഭക്ഷണസാധനങ്ങളും  ഉരുണ്ടും മറിഞ്ഞ്വൊക്കെ പോക്വല്ലോ. മക്കയിൽ നിന്നു പുണ്യജലമായ സംസം കൊണ്ടു വരുന്ന ലോഹ ടിന്നുകളും എണ്ണയോ മണ്ണെണ്ണയോ സൂക്ഷിച്ച വീപ്പകളുമൊക്കെ ഉ രുളുന്ന ശബ്ദം കേൾക്കാം. രണ്ടു ദിവസം ഭക്ഷണം പോലും ഉ ണ്ടാക്കാൻ പറ്റീല. നേരത്തേ കരുതി വച്ചിരുന്ന എന്തൊക്കെയോ ലഘുഭക്ഷണമാണ് കിട്ടിയത്.  

 അന്ന് കല്യാണം കഴിഞ്ഞിട്ടില്ല. ഇരുപത്തിനാലു വയസ്സേ ഉള്ളൂ. എന്നാലും എന്തിനും മനസ്സൊരുക്കിയാണല്ലോ യാത്ര തുടങ്ങുന്നത്. അതോണ്ടങ്ങനെ പേട്യൊന്നും  തോന്നീല. എ ല്ലാരും ആ സമയമെല്ലാം പ്രാർഥിച്ചു തന്നെ കഴിച്ചൂട്ടി.’

കടലിലെ മരണം പുണ്യം

ഹമീദ് സാഹിബ്: മരണത്തിനായി ഒരുങ്ങിയ മനസ്സോടെയാകും  കപ്പലിൽ ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്നത്. കപ്പലിൽ മ രിച്ചാൽ മയ്യത്ത് കരയ്ക്കു കൊണ്ടുവരൂല്ല. കടലില് തന്നെ താഴ്ത്ത്വാണ് ചെയ്യ്യാ. ഞങ്ങടെ യാത്രയിൽ രണ്ട് മരണങ്ങളുണ്ടായി. മയ്യത്ത് കുളിപ്പിച്ച് തുണി കൊണ്ട് പൊതിഞ്ഞു. പ്രാർഥനകളെല്ലാം കഴിഞ്ഞ് അടിവശം തുറക്കാവുന്ന  പ്രത്യേകതരം പെട്ടിയിലാക്കി. പെട്ടി കടലിനടിയിലേക്കു താണു പോകാന്‍ വേണ്ടി രണ്ടു ഭാഗത്തും സിമന്റ് കട്ടകൾ കെട്ടി. പെട്ടി കയറിൽക്കെട്ടി കപ്പിയിലൂടെ കടലിലേക്ക് ഇറക്കി. അതിനുള്ള കയറൊക്കെ ചിലർ പെട്ടിയിൽ കരുതാറുണ്ട്. അടിത്തട്ടിലെത്തീന്നു തോന്നിയാ മേലേന്നു കയർ വലിക്കും. അപ്പോ പെട്ടിയുടെ ചുവടെയുള്ള വാതില് തുറക്കും. രണ്ടു മിനിറ്റ് കഴിഞ്ഞു മയ്യത്ത് കടലിലേക്ക് താണൂന്ന് തോന്നിയാ പെട്ടി പൊക്കും. അതാണ് രീതി.   അബ്ദുറഹിമാൻ കുട്ടി ഹാജി: ഹജ്ജ് കഴിഞ്ഞ് തിരിച്ചു വരുമ്പോ ഞങ്ങടെ കപ്പലിലും  ഒരു മരണണ്ടായി. വല്ലാതെ വിഷമിപ്പിക്കുന്ന രംഗാണത്. ഹജ്ജ് യാത്രേല് മരിച്ചാലും ഹജ്ജിന്റെ എല്ലാ പുണ്യോം ഓര്ക്ക് പടച്ചോൻ കൊടുക്കും. 

അബൂബക്കർ ഹാജി പരമകാരുണ്യവാനായ അല്ലാഹുവിെന മനസ്സില്‍ ധ്യാനിച്ച്, കണ്ണുകളടച്ച് അന്നേരം  പറഞ്ഞു, ‘അതും  ഒരു പുണ്യാണ്.’ 

hajj11

‘അക്ബർ’ കിട്ടാൻ ബോംബെയിലേക്ക്

ഹമീദ് സാഹിബ്: കപ്പലിലുള്ള ഹജ്ജ് യാത്ര നിർത്തലാക്കിയതിനു  തൊട്ടു മുമ്പിലത്തെ വർഷം, അതായത് 1990ലാണ് എന്‍റെ ആദ്യ ഹജ്ജ് യാത്ര. അന്നെനിക്കു 37 വയസ്സ്. ബോംബെയില്‍ നിന്നു ഹജ്ജിനു പോകാന്‍ കപ്പലും ഉണ്ട്, വിമാനവും ഉണ്ട്. ചെലവ് കുറവായതു െകാണ്ട് അധികം പേരും  കപ്പൽ യാത്ര തിരഞ്ഞെടുക്കും. പക്ഷേ, അതിനു കുറേ ഒരുക്കങ്ങളൊക്കെ വേണം. അപേക്ഷ പാസ്സാകണം, രേഖകൾ ശരിയാക്കണം, അനുമതി വാങ്ങണം. ഇതിനൊക്കെ വേണ്ടി  ബോംബെയിൽ നാലഞ്ചു ദിവസം തങ്ങേണ്ടി വരും. 

ബോംബേന്ന് യാത്ര പുറപ്പെട്ട വിവരം കമ്പിയടിച്ചാണ് വീട്ടിലറിയിക്കുന്നത്. അത്രന്നെ. മുഹ്റത്തിൽ തിരിച്ചെത്തീട്ടാണ്  പിന്നെ, വീട്ടുകാരോടൊക്കെ ഒന്നു മിണ്ടുന്നത്. പെരുന്നാളാഘോഷൊക്കെ  യാത്രയിൽ തന്നെ കഴിയും. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കപ്പലിലെ  മലയാളികള്‍ തമ്മിൽ വലിയ സ്നേഹത്തിലാകും. അഞ്ചു നേരം പ്രാർഥന തന്നെയുണ്ടല്ലോ. കോൺഫറൻസുകളും ഹജ്ജ് പഠനക്ലാസുകളുമൊക്കെയായി ദിവസങ്ങൾ െപട്ടെന്നു പോകും.

വിമാനം  അഞ്ചു മണിക്കൂർ കൊണ്ട് ജിദ്ദയിലെത്തുമെങ്കിൽ പത്തോ അതില്‍ കൂടുതലോ ദിവസങ്ങളെടുക്കും  കപ്പല്‍ യാത്രയ്ക്ക്. തിരിച്ചു വരവിനും  വേണം  പത്തു ദിവസം. മൂന്നു നാ ലു മാസം െകാണ്ടാണ് ഒരു ഹജ്ജ് യാത്ര പൂര്‍ത്തിയാകുന്നത്. പല ട്രെയിനുകളിൽ  ചെറു സംഘങ്ങളായിട്ടാണ് ബോംെബയിലേക്കു പുറപ്പെടുന്നത്. 

‘അക്ബർ’ എന്ന  ഭീമാകാരൻ കപ്പലിലായിരുന്നു  എന്‍റെ ആ ദ്യ യാത്ര.  ഏഴുനില കെട്ടിടത്തിന്റെ ഉയരമുണ്ട്.  ആയിരത്തി അഞ്ഞൂറു പേരാണു കപ്പലിലുള്ളത്. അന്നതൊക്കെ വലിയ അദ്ഭുതമായിരുന്നു. ചില വർഷങ്ങളിൽ ഒന്നിലധികം കപ്പലുകൾ ഉണ്ടാകും. പക്ഷേ, ആ വര്‍ഷം അക്ബർ മാത്രേ ഉണ്ടായുള്ളൂ. മലയാളികളായി ഇരുന്നൂറോ മുന്നൂറോ പേർ. പല ഭാഷ സംസാരിക്കുന്നവർ വേറെയും. മിനയിലും അറഫയിലുമൊന്നും ഭക്ഷണം കിട്ടാത്ത കാലമായിരുന്നു. വലിയ ഇരുമ്പു പെട്ടികളിൽ വസ്ത്രങ്ങളും  ഭക്ഷണമുണ്ടാക്കാനുള്ള  അരിയും മല്ലിയും മുളകും  വെളിച്ചെണ്ണയുമടക്കം  സർവ സാധനങ്ങളും നിറച്ചു ചൂടിക്കയറു കൊണ്ടു മുറുക്കിക്കെട്ടി. മറ്റു ചിന്തകൾ വെടിഞ്ഞ് മക്കയെന്ന ലക്ഷ്യത്തിലേക്ക് ഒന്നായൊരു യാത്ര.   

അബൂബക്കർ ഹാജി: ‘അക്ബറി’ലെ ആ യാത്രയിൽ ഞാനൂമുണ്ടായിര്ന്ന്. ന്റെ രണ്ടാമത്തെ ഹജ്ജ് യാത്ര. ഞങ്ങളുടെ കാര്യങ്ങളെല്ലാം  നോക്കുന്ന വൊളന്റിയർ ആയിരുന്നു ഹമീദ് സാഹിബ്. 1975ൽ ആദ്യം പോയപ്പോൾ എസ് എസ് മുസഫരി എന്ന കപ്പലിന്റെ ഡെക്ക് ക്ലാസിലെ വിശാലമായ ഡോർമിറ്ററിയിലായിരുന്നു താമസം.  എന്റെ ഗുരു വടകര മുഹമ്മദ് ഹാജി തങ്ങളുടെ സേവകനായിട്ടായിരുന്നു രണ്ടാം  തവണ പോയത്. അതുകൊണ്ടു ഡീലക്സ് റൂമിൽ യാത്ര ചെയ്യാൻ പറ്റി. അവിെട മുന്തിയ സൗകര്യങ്ങളൊക്കെയുണ്ട്.

 ഹമീദ് സാഹിബ്: അതെ. കപ്പലിന്റെ ഏറ്റവും  അടിത്തട്ടിലാണ് പെട്ടികളും ചരക്കുകളും കയറ്റുക.  തൊട്ടു മീതെയുള്ള തട്ടിൽ തേർഡ് ക്ലാസ് യാത്രക്കാർ. ഡെക്ക് ക്ലാസ് എന്നു പറയുന്നത് ഇതിനെയാണ്. ഇതു രണ്ടും വെള്ളത്തിനടിയിലാണ്. സെക്കൻഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, ഡീലക്സ് ക്ലാസുകളിൽ ഓരോന്നിനും ചാർജ് വ്യത്യാസമുണ്ടാകും. സൗകര്യങ്ങളും. കോൺഫറൻസ് ഹാളും  ആണുങ്ങൾക്കും  സ്ത്രീകൾക്കും വെവ്വേറെയുള്ള ആശുപത്രികളും  എല്ലാവർക്കും പൊതുവായിരിക്കും. 

ഹാജിമാരെ  സേവിക്കാൻ  സര്‍ക്കാര്‍ രണ്ട് ഔദ്യോഗിക വൊളന്റിയർമാരെ അയയ്ക്കും. അന്നൊക്കെ രണ്ടു പേരെ മാത്രേ അങ്ങനെ കൊണ്ടു പോകൂ. ഇന്ന് അമ്പതോ അറുപതോ പേർക്കു പോകാം. വൊളന്റിയർ എന്നു വച്ചാൽ പ്രത്യേക അധികാരങ്ങളൊക്കെയുണ്ട്. കപ്പലിൽ എവിടെയും കയറാം. ഒരു ദിവസം വെറുതെയിരുന്ന സമയത്ത് കപ്പിത്താന്റെ മുറിയൊന്നു കാണാൻ തോന്നി. അവിടെ െചന്നതും സാറെന്താ ഇവിെട എന്നു ചോദിച്ച് ഒരാൾ ഓടി വന്നു.  മടപ്പള്ളി  കോളജിൽ എന്റെ ശിഷ്യനായിരുന്ന  പ്രമോദ്. രണ്ടാള്ക്കും വല്യ സന്തോഷായി.

കരകാണാ കടലല മേലേ...

അബ്ദുറഹിമാൻ കുട്ടി ഹാജി: ‘തേർഡ്ക്ലാസിലാണ് ഞങ്ങള് പോയത്. ബാപ്പയുടെ മരുമകളും ഭർത്താവും ഞാനും കൂടിയുള്ള ആദ്യ ഹജ്ജ് യാത്ര. 1979ൽ  ഇരുപത്തിനാലാം വയസ്സിൽ. ആ  വർഷം ഇന്ത്യയിൽ നിന്നു രണ്ടു കപ്പലാണ് ഹജ്ജിന് പോയത്. നൂർ‍ജഹാനും അക്ബറും. ഞങ്ങളെത്തുമ്പോഴേക്കും നൂ‍ർജഹാൻ തീരം വിട്ടു. അക്ബറിനായി പിന്നെ പതിനഞ്ചു ദിവസം കാത്തിരിക്കേണ്ടി വന്നു. 

തേർഡ് ക്ലാസിലെ യാത്രക്കാര്‍ക്കു രാവിലെ പാലൊഴിച്ച അസ്സൽ ചായ കിട്ടും. പിന്നെ ബിസ്കറ്റും. നാശ്തയ്ക്ക് ദോശ പോലെ ഒരു പലഹാരം. അതിന്‍റെ കൂടെ ദാൽ എന്ന് ഉത്തരേന്ത്യക്കാർ വിളിക്കുന്ന പരിപ്പുകറി. കടുകെണ്ണയിലാണു മിക്കവാറും പാചകം.  ചിലർക്കൊന്നും പിടിക്കില്ല.  ഉച്ചയൂണു സമൃദ്ധമാണ്. ചിക്കനോ ബീഫോ മീൻ പൊരിച്ചതോ ഒക്കെ കാണും. രാത്രിയിൽ ചപ്പാത്തി. 

ഡീലക്സ് ക്ലാസിലൊക്കെ   ഗംഭീര ഭക്ഷണമാണ്.  ദിവസോം നെയ്ച്ചോറും  ബിരിയാണീം ഒക്കെണ്ടാവും. ഭക്ഷണം റെഡിയായാൽ യാത്രക്കാരിൽ നിന്നു നാലു പേരെ വിളിക്കും. രുചിച്ചു നോക്കാൻ പറയും, അതെനിക്ക് ഓർമയുണ്ട്.’

മുഹമ്മദ്: കപ്പല് പുറപ്പെട്ടാ പിന്നെ, കുറച്ചു ദിവസത്തേക്കു കര കാണുകേയില്ല. അറബിക്കടലിലൂടേം ചെങ്കടലിലൂടേമാണു യാത്ര. യമനിലെത്തുമ്പോ ഏദൻ തുറമുഖത്ത് കുറച്ചു നേരം നിർത്തിയിടും. വെള്ളോം ഇന്ധനോം നിറയ്ക്കാൻ വേണ്ടീട്ട്. ചെങ്കടലിന്റെ തീരത്താണ് ജിദ്ദ തുറമുഖം. കരകാണാറാകുന്ന ദിവസം... ഉള്ളിലങ്ങനെ തിര തുള്ളുന്ന പോലൊരു തോന്നലാ. എത്രേം വേഗം മക്കേല് എത്താനും അവിടമെല്ലാം  കാണാനുമുള്ള വെമ്പലാകും മനസ്സു നിറയെ. 

ഹമീദ് സാഹിബ്: കപ്പലിറങ്ങിയാലും രേഖകളൊക്കെ ശരിയാക്കിയാലേ അറേബ്യയിലേക്കു കടക്കാന്‍ പറ്റൂ. ഒന്നോ രണ്ടോ ദിവസം അതിനു വേണ്ടി തുറമുഖത്തു താമസിക്കേണ്ടി വരും. തുറമുഖത്തു നിന്നു നൂറ് കിലോമീറ്ററുണ്ട് മക്കയിലേക്ക്. അങ്ങോട്ടു യാത്ര ബസിലാണ്. തിരിച്ചു വരുമ്പോഴും രണ്ടു ദിവസം തുറമുഖത്ത് തങ്ങേണ്ടി വരും. 

s

കുഴക്കിയ പെരുമഴയും കയ്യേറ്റവും

അബ്ദു റഹിമാൻകുട്ടി ഹാജി: ഞങ്ങൾ മക്കേലെത്തിയപ്പോ നാട്ടിൽ പോലും കണ്ടിട്ടില്ലാത്തത്ര പെരുമഴ. നിർത്താതെ പെയ്യ്വാ. ആളുകളാകെ അസ്വസ്ഥരായി. വെള്ളം കയറിക്കയറി വന്നു. പത്തും പതിനഞ്ചും കിലോ അരിയും ചെറുപയറുമൊക്കെയാണു കൊണ്ടുപോയത്. ചാക്കുകൾ വെള്ളം കയറി ഒലിച്ചു പോയി. പാചകം ചെയ്യാന്‍ മണ്ണെണ്ണ സ്റ്റൗവൊക്കെ കൊണ്ടു പോയിരുന്നു. കുറേ തിരഞ്ഞ ശേഷം രണ്ടു ചാക്കുകളാണു കിട്ടിയത്. അതുകൊണ്ട് ഭക്ഷണം കഴിച്ചു. 

ഹറമിലും കഅ്ബയിലും വരെ വെള്ളം കയറി. വെള്ളമെല്ലാം  പമ്പ് ചെയ്ത് കളഞ്ഞ ശേഷമാണ് തീർഥാടകര്‍ക്കു പ്രവേശനം അനുവദിച്ചത്. ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു അന്ന് നാട്ടിൽ തിരിച്ചെത്തിയപ്പോൾ. 

എല്ലാ ചെലവുമടക്കം പതിനായിരം രൂപയോളമായി അന്നത്തെ യാത്രയ്ക്ക്. കപ്പൽ ചാര്‍ജ് രണ്ടായിരത്തി അഞ്ഞൂറോളം. അന്നത്തെ പതിനായിരം ഇന്ന് പത്തു ലക്ഷല്ലേ...’’

അബൂബക്കർ ഹാജി: അതുവരെ കാണാത്ത കാഴ്ചകളാണ് മക്ക നമുക്കായി ഓരോ തവണയും ഒരുക്കിയിട്ടുണ്ടാവുക. വലിയൊരു ആനന്ദം  തന്നെയാണത്. പറഞ്ഞാ മനസ്സിലാവൂല. 75ൽ പോയപ്പോഴുള്ള മക്കയല്ല  90ൽ കണ്ടത്. കാരയ്ക്ക മരത്തിന്റെ തട്ടുകളുള്ള, ഒടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് അന്നു താമസിച്ചത്. സുരക്ഷയൊന്നും ഇല്ല. ഒരു ബക്കറ്റ് വെള്ളം വേണമെങ്കിൽ കുറേ ദൂരം നടന്നു പോയി കൊണ്ടു വരണം. 90ലായപ്പോഴേക്കും കോൺക്രീറ്റ് കെട്ടിടങ്ങളായി. 

പോകുമ്പോൾ മക്കയാണ് ആനന്ദമെങ്കിൽ തിരിച്ചു വരുമ്പോൾ മാസങ്ങൾക്കു ശേഷം കുടുംബത്തെ കാണുന്നതിന്റെ ആനന്ദമാണ്. ഇപ്പോഴും  കപ്പലിൽ ഹജ്ജിനു പോകാൻ ആഗ്രഹമുള്ള മലയാളികളുണ്ട്,  ഈ എന്നെപ്പോലെ....