Friday 11 August 2023 03:42 PM IST : By V. K. Panicker

അപ്രതീക്ഷിത കാരണങ്ങളാൽ ദാരിദ്ര്യദുഃഖം, ദുഷ്ടപ്രകൃതം... കേമദ്രുമയോഗം കരിയറിൽ തടസമോ

kemadruma-career-cover

പല തരത്തിലുള്ള ക്ലേശങ്ങൾ ജാതകന് നൽകുന്ന ഒന്നാണ് കേമദ്രുമയോഗം. അപ്രതീക്ഷിത കാരണങ്ങളാൽ ദാരിദ്ര്യദുഃഖം, ദുഷ്ടപ്രകൃതം, മോശം കൂട്ടുകെട്ട്, സദാ മാനസിക പിരിമുറുക്കം ഇവ കേമദ്രുമ ദോഷം മൂലമുണ്ടാകാം. എന്നാൽ ജാതകത്തിൽ ഗജകേസരി യോഗം ഉള്ളവരിൽ കേമദ്രുമ യോഗത്തിന്റെ ദോഷഫലങ്ങൾ ഏശില്ല. ഉദാഹരണമായി പറഞ്ഞാൽ കോൺക്രീറ്റിട്ട മുറ്റത്ത് ഒരു ചെടിയും വളരാത്ത പോലെയാണിത്. കേസരി യോഗം നൽകുന്ന ഗുണഫലങ്ങളുടെ ഉറപ്പിൽ കേമദ്രുമയോഗത്തിന്റെ ദോഷങ്ങൾ നാമ്പിടുക പോലുമില്ല.

പക്ഷേ, ഗജകേസരിയോഗത്തിന്റെ സംരക്ഷണ കവചമില്ലാത്തവരുടെ സ്ഥിതി അതല്ല എന്നാണ് ജ്യോതിഷം പറയുന്നത്. മനസ്സിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമായാണ് ജ്യോതിഷത്തിൽ ചന്ദ്രനെ കണക്കാക്കുന്നത്. ജാതകത്തിലെ ഗ്രഹനിലയിൽ ചന്ദ്രന്റെ മുന്നിലും പിന്നിലുമുള്ള കളങ്ങളിൽ ഗ്രഹങ്ങൾ ഇല്ലാത്ത സ്ഥിതിയാണ് കേമദ്രുമയോഗം അല്ലെങ്കിൽ കേമദ്രുമദോഷം. (ചന്ദ്രനിൽ നിന്നുള്ള രണ്ട്, 12 ഭാവങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി).

ഇങ്ങനെയുള്ള ജാതകൻ ഏകാന്തത ഇഷ്ടപ്പെടുന്നയാളാകാം. വ്യക്തിബന്ധങ്ങളെയും ദാമ്പത്യബന്ധത്തെയും ഇവരുടെ പിൻവലിയൽ സ്വഭാവം ദോഷകരമായി ബാധിക്കാം. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക പിന്തുണ ഇവർക്ക് ഒപ്പമുള്ളവരിൽ നിന്ന് ആവശ്യമാണ്.

വ്യക്തിയുടെ തൊഴിലിനെ ഇത് ബാധിക്കുമെന്നർഥമില്ല. എന്നാൽ തുടക്കത്തിൽ ഇവർക്ക് ഏറെ പ്രതിസന്ധികളും എതിർപ്പുകളും നേരിടേണ്ടതായി വരാം. ഏർപ്പെടുന്ന കാര്യത്തിൽ പൂർണമായി മുഴുകുന്ന ഇവരുടെ പ്രകൃതം യോജിച്ച തൊഴിൽ മേഖലയിലൊ ബിസിനസിലോ എത്തിപ്പെട്ടാൽ പോസിറ്റാവായി മാറും.