Friday 17 November 2017 05:03 PM IST

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം

Sreerekha

Senior Sub Editor

thiruvarur8 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ  ത്യാഗരാജസ്വാമി ക്ഷേത്രം. ഇന്ത്യയിലെ അമ്പലങ്ങളിൽ ഏറ്റവും കൂടുതൽ സന്നിധികളുള്ള,  
ഏറ്റവും വലിയ ക്ഷേത്രക്കുളമുള്ള, ഏറ്റവും വലിയ തേരുള്ള  മഹാക്ഷേത്രത്തിലേക്ക്....


ലർകാലത്ത് തിരുവാരൂർ ത്യാഗരാജക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിനരികിലെത്തിയപ്പോൾ തോന്നിയത് കാലത്തിന്റെ വളരെ പിന്നിൽ പെട്ടെന്ന് എത്തിപ്പെട്ടതായാണ്. പ്രാചീനമായ ശിലകളുടെ ഗന്ധം. കോട്ടവാതിൽ പോലുള്ള കവാടത്തിനരികിൽ ഭക്തരുടെ തിരത്തള്ളലോ നീണ്ട ക്യൂവോ കാവൽക്കാരുടെ ബഹളമോ ഒന്നുമില്ലായിരുന്നു. ദേവനു മുന്നിൽ അർപ്പിക്കാനുള്ള മൺചെരാതുകളും തിരികളും പൂമാലകളും വിൽക്കുന്ന പ്രായം ചെന്ന സ്ത്രീകളും കാവി ചുറ്റിയ ഭിക്ഷുക്കളും ഏതാനും ഭക്തരും മാത്രം. ത്യാഗരാജസ്വാമിയുടെ കിഴക്കേ ഗോപുര നട വിജനമായിരുന്നു.

thiruvarur7


ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും സന്നിധികളുള്ള കവാടം കടന്ന് െചല്ലുമ്പോൾ മുന്നിൽ വലതു വശത്ത് അടഞ്ഞു കിടക്കുന്നത് ദേവാശിരായ മണ്ഡപമെന്ന ആയിരം കാൽ മണ്ഡപമാണ്. കിഴക്കേഗോപുരത്തിനു മുന്നിൽ മ നോഹരമാെയാരു ശിൽപം. ഗണപതിയും ഭൂതഗണങ്ങളും അവരുടെ പിന്നിലായി തേരോടിക്കുന്ന രാജാവും. തേരിന്റെ ചക്രത്തിനു കീഴിൽ അമർന്നു കിടക്കുന്ന പശുക്കിടാവ്. സുന്ദരമായ ഈ ശിൽപം സൂക്ഷിച്ചു നോക്കിയാൽ അതിലൊരു കഥ ഉറങ്ങിക്കിടക്കുന്നതായി തോന്നും.  ശിൽപം നോക്കി നി ൽക്കെ, കടന്നു പോയ ഒരു ഭക്തൻ വിവരിച്ചു:


‘‘നീതിമാനായ മനുനീതിചോളരാജാവിന്റെ കഥയാണീ ശിൽപം പറയുന്നത്. രാജകൊട്ടാരത്തിനടുത്തൊരു പടുകൂറ്റൻ മണി സ്ഥാപിച്ചിരുന്നു. രാജ്യത്ത് എവിടെയെങ്കിലും അ നീതി നടന്നാൽ ഏതു പ്രജയ്ക്കും ഈ മണിയടിച്ച് രാജാവിനെ ബോധിപ്പിക്കാം. ഒരിക്കൽ രാജകുമാരൻ തേരോടിക്കവെ ചക്രത്തിനടിയിൽപ്പെട്ട് ഒരു പശുക്കിടാവിന്റെ ജീവൻ പോയി.  അമ്മപ്പശു വന്ന് മണിയടിച്ചു. കാര്യമറിഞ്ഞ രാജാവ് പശുക്കിടാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരനായ തന്റെ മകനും അതേ പോലെ തേർചക്രത്തിനടിയിൽ പെട്ട് മരിക്കണമെന്ന് വിധിയെഴുതി മകന്റെ മേലേ തേരോടിച്ചു. പെട്ടെന്ന് യമദേവൻ പ്രത്യക്ഷപ്പെട്ടു രാജകുമാരനെ രക്ഷിച്ചു. രാജാവിന്റെ നീതിബോധം പരീക്ഷിക്കാൻ യമദേവനായിരുന്നുവത്രേ പശുവിന്റെ രൂപമെടുത്തു വന്നത്. ഇതാണ് ശിൽപത്തിന്റെ കഥ.’’  

thiruvarur5


ചോള രാജവംശത്തിന്റെ ചരിത്രങ്ങൾ


ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ ഭാഗത്ത്, കരയുന്ന അമ്മപ്പശുവിന്റെയും പശുക്കിടാവിന്റെയും  കരിങ്കൽ ശിൽപവും തേരോ ടിക്കുന്ന രാജാവിന്റെ ശിൽപവും വലുതായി സ്ഥാപിച്ചിട്ടുണ്ട്്. ആ ശിൽപങ്ങളുടെ ഭംഗി നോക്കി നിൽക്കെ, ചോളരാജാക്കന്മാരുടെ ചരിത്രവും ഒാർമവരുന്നു. പല നൂറ്റാണ്ടുകളിലെ ചോളരാജാക്കന്മാരുടെ ശിവഭക്തിയുടെ ഉദാത്ത മാതൃകയായ ത്യാഗരാജസ്വാമി ക്ഷേത്രത്തിന്റെ കൽച്ചുവരുകളിലും ശിൽപങ്ങളിലും തെളിയുന്നത്, ആ രാജാക്കന്മാരുടെ സാമ്രാജ്യത്തിന്റെ ചരിത്രവും കൂടിയാണ്. ചിദംബരം ക്ഷേത്രത്തെക്കാൾ പ്രാചീനമാണത്രേ തിരുവാരൂർ. രണ്ടായിരം വർഷത്തോളമാണ് ക്ഷേത്രത്തിന്റെ  പഴക്കം. മധ്യകാലഘട്ടത്തിലെ ചോള രാജാക്കന്മാരാണ് ക്ഷേത്രം ഇങ്ങനെ വിപുലമായി പടുത്തുയർത്തിയത്.     

thiruvarur7

 
 അടുത്ത പ്രാകാരത്തിലേക്കുള്ള കവാടത്തിന്റെ കൽച്ചുവരിൽ പുരാതനമായ ശിലാലിഖിതങ്ങൾ കാണാം. കവാടത്തിൽ ശൈവഭക്തകവികളായിരുന്ന അപ്പർ, ജ്ഞാനസംബന്ധർ, മാണിക്യവാസകർ, സുന്ദരർ – ഇവരുടെ ഛായാ ചിത്രങ്ങൾ  മനോ ഹരമായി വരച്ചു വച്ചിട്ടുണ്ട്. ഒപ്പം ജീവിത രേഖകളും.


പടുകൂറ്റൻ മതിൽക്കെട്ടു കടന്നു ചെല്ലുമ്പോൾ അനേകം ഉപക്ഷേത്രങ്ങളും മണ്ഡപങ്ങളും സന്നിധികളും വിശാലമായ തളങ്ങളുമുണ്ട്. ക്ഷേത്രങ്ങൾക്കുളളിൽ തന്നെ വേറിട്ടു നിൽക്കുന്ന മറ്റു ക്ഷേത്രങ്ങൾ. നാലു  ചുറ്റും നിരനിരയായി പ്രതിഷ്ഠിച്ച ശിവലിംഗങ്ങൾ. തമിഴിൽ മാത്രം എഴുതിയിരിക്കുന്നതിനാൽ ആരുടെ സന്നിധിയെന്ന് വായിക്കാൻ ബുദ്ധിമുട്ടും. ഈ മഹാക്ഷേത്രത്തിലെ ഒാരോ സന്നിധികളുടെയും പുരാണങ്ങ ൾ മനസ്സിലാക്കണമെങ്കിൽ ഒരു ഗൈഡ് കൂടെ വേണമല്ലോ എ ന്നു വിചാരിക്കെയാണ് വിമലിനെ കണ്ടുമുട്ടിയത്. ചിത്രശാലാ മണ്ഡപത്തിലിരുന്ന് ഭജിക്കുകയായിരുന്ന വിമൽ, പ്രാർഥന പൂർത്തിയാക്കി എഴുന്നേറ്റ് വന്നു. ക്ഷേത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു തരാൻ ഏറെ ഉൽസാഹത്തോടെ.
‘‘കമലാലയം ക്ഷേത്രക്കുളത്തിന്റെ അരികിലാണെന്റെ വീ ട്. ട്രിച്ചി കോളജില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതേയുള്ളൂ. ശിവഭക്തനാണു ഞാന്‍. ദിവസവും ഇവിടെ വന്നു ഭജിക്കും. ഇതു നോക്കൂ, ജ്ഞാനസംബന്ധരുടെ ഭക്തകാവ്യമാണിത്.’’ വിമല്‍ െെകയിലെ പുസ്തകം കാട്ടി.

thiruvarur10


ഈ പ്രായത്തിലുള്ള ചെറുപ്പക്കാരിൽ ഇങ്ങനെയും ഭക്തിയോ എന്നതിശയിച്ചപ്പോഴേ വന്നു വിമലിന്റെ വിശദീകരണം. ‘‘തിരുവാരൂരിൽ ജനിച്ചതു കൊണ്ടാവും. സുന്ദരരുടെ പുരാണ കാവ്യത്തിലെ വരികൾ കേട്ടിട്ടില്ലേ? തിരുവാരൂരിൽ ജനിച്ചാലേ മുക്തി ലഭിക്കുമെന്നാണ്. ഈ നാലു ചുറ്റുമുള്ളവരുടെയെല്ലാം ജീവിതം ക്ഷേത്രവുമായി അത്രയ്ക്കു ബന്ധപ്പെട്ടതാണ്. അഗ്രഹാരങ്ങളാണ് നാലു വശത്തും. പുറത്തു നിന്ന് അത്രയധികംപേർ ഇവിടേക്കു വരാറില്ല. പിന്നെ രഥോൽസവത്തിനാണ് ലക്ഷക്കണക്കിനു പേർ വരിക. ഇവിടെ ഒമ്പതു ഗോപുരങ്ങളുണ്ട്. അമ്പത്തെട്ടു ഗണപതി പ്രതിഷ്ഠകളും. വർഷത്തിലെ ഒാരോ ദിവസത്തെയും പ്രതിനിധീകരിച്ച്  365  ശിവലിംഗങ്ങളുമുണ്ട്. എട്ടു ദുർഗാ ക്ഷേത്രങ്ങൾ. നവഗ്രഹപ്രതിഷ്ഠ ഇവിടെ വടക്കു വശത്ത് നിരനിരയായിട്ടാണ്. നൂറിലേറെ സന്നിധികളാണ് ക്ഷേത്രത്തിലുള്ളത്. ഒാരോ സന്നിധിയിലും നിന്ന് ചിട്ടയോടെ തൊഴാനും നാലു ചുറ്റും പ്രദക്ഷിണം വയ്ക്കാനും ഒരു ദിവസം മുഴുവനും വേണം.’’ വിമൽ വിവരിച്ചു െകാണ്ടിരുന്നു.


ത്യാഗരാജ സന്നിധിയിൽ


ചുറ്റമ്പലത്തിലൂെട നടക്കുമ്പോൾ വിസ്മയമേറുന്നു. ഇവിടെ ഒാരോ ഉപക്ഷേത്രങ്ങളും വേറിട്ട ഒരു ക്ഷേത്രം പോലെ തന്നെയാണ്. ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾക്ക് വലുപ്പമേറെ. ക്ഷേത്രങ്ങൾക്കുള്ളിൽ തന്നെ 24 ക്ഷേത്രങ്ങളുണ്ട്. ത്യാഗരാജസ്വാമിയുടെ ശ്രീകോവിലിനു മുന്നിലുമുണ്ട് മനോഹരമായ കൊത്തുപണികളുള്ള ഗോപുരം. ശ്രീകോവിലിലേക്കെത്തുമ്പോൾ ആദ്യം കാണുക നേരെ മുന്നിലായി  വാൽമീകനാഥർ സന്നിധിയാണ്. ചന്ദ്രക്കല ചൂടിയ ശിവലിംഗം! (ശിവനാണ് വാ ൽമീകനാഥൻ. ദേവകളുെട അഭ്യർഥന പ്രകാരം ശിവൻ വാൽമീകത്തിൽ അവതരിച്ചതിനാലാണത്രേ ഈ പേരു വന്നത്.)


അതിന് ഇടതു വശത്തായിട്ടാണ് ക്ഷേത്രത്തിലെ മുഖ്യ സ ന്നിധിയായ ത്യാഗരാജ സന്നിധി. ശ്രീകോവിലിനു മുന്നിലെ നീണ്ട തളത്തിൽ കണ്ണടച്ചിരിപ്പുണ്ട് കുറേ ഭക്തർ. മണ്ഡപങ്ങൾക്കും കൽതൂണുകൾക്കും സ്വർണപ്പാളികളിൽ പൊതി‍ഞ്ഞ അ നേകം വാതിലുകൾക്കുമപ്പുറം ദീപങ്ങളുടെ വെട്ടത്തിൽ ത്യാഗരാജസന്നിധി പ്രശോഭിക്കുന്നു! ത്യാഗരാജസ്വാമിയുടെ പാദങ്ങൾ പൂവിതളുകളാൽ മൂടപ്പെട്ടിരിക്കുന്നു.


അന്തരീക്ഷത്തിൽ മൃദുവായി ഒഴുകിയെത്തുന്നു സുന്ദരരുടെ കീർത്തനങ്ങൾ. തിരുവാരൂർ ക്ഷേത്രത്തിൽ മാത്രം ഉപയോഗിക്കുന്ന പഞ്ചമുഖവാദ്യമെന്ന സംഗീതോപകരണത്തിന്റെ ശബ്ദമാണോ ഈ അന്തരീക്ഷത്തെ ഇത്രയ്ക്കും സംഗീത സാന്ദ്രമാക്കുന്നത്! കീർത്തനങ്ങളുടെ നാദത്തിനിടയിലൂടെ അമ്പലപ്രാവുകളുടെ ചിറകടികളുയർന്നു കേട്ടു. ചുറ്റും പൂവിതളുകളുെടയും എണ്ണവിളക്കുകളുെടയും സുഗന്ധം... രാവിലത്തെ ഏറ്റവും പ്രധാന പൂജയായ മരതക ലിംഗ പൂജയുടെ നേരമായിരുന്നു. മരതക ലിംഗം, ശ്രീകോവിലിനു മുന്നിൽ വെള്ളിപ്പാത്രത്തിൽ വച്ച് പൂജാരി അഭിഷേകം ചെയ്യുന്നു. പാൽ, തേൻ... ഇങ്ങനെ വെവ്വേറെ അഭിഷേകങ്ങളാണ്. അഭിഷേകപൂജ കഴിഞ്ഞ് പൂജാരി വന്ന് ഒാരോ ഭക്തന്റെയും കൈക്കുമ്പിളിൽ ആ ക്ഷീര നൈവേദ്യം അൽപം ഒഴിച്ചു കൊടുക്കും. ഒരിടത്തും തിക്കിത്തിരക്കു കണ്ടില്ല. ആരും ധൃതി കൂട്ടുന്നില്ല. തിരുവാരൂരിലെ ശ്രീകോവിൽ നടയിലെ പ്രശാന്തത വേറിട്ടതായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവഭക്ത കവിയായിരുന്ന സുന്ദരരുടെ  (സുന്ദര മൂർത്തി നായനാർ) ശിൽപങ്ങളും ഛായാചിത്രങ്ങളും ക്ഷേത്രത്തിൽ പലയിടത്തും കാണാം.ശൈവഭക്തരായിരുന്ന 63 നായനാർമാരിൽ പ്രധാനപ്പെട്ട ആ ളായിരുന്നു സുന്ദരർ. സുന്ദരർ യഥാർഥത്തിൽ ശിവന്റെ അവതാരം തന്നെയായിരുന്നുവെന്നാണ് വിശ്വാസം.

thiruvarur9

 
മുശുകുന്ദ രാജാവിന്റെ കഥ


പൂജകളുെട തിരക്ക് കഴിഞ്ഞ സമയത്ത് ക്ഷേത്രത്തിലെ മുഖ്യ പൂജാരി കുമാര നായനാർ വിവരിച്ചു:‘‘ത്യാഗരാജപ്രതിഷ്ഠ സോമസ്കന്ദബിംബമാണെന്നാണ് സങ്കൽപം. ശിവനും ഉമയും സ്കന്ദനും ഒന്നിച്ചുളള ബിംബം. വർഷത്തിൽ രണ്ടു തവണ മാത്രമാണ് (പൈങ്കുനി ഉത്രത്തിനും തിരുവാതിരയ്ക്കും) ഭക്തർക്ക് ത്യാഗരാജ സ്വാമികളുെട പാദദർശനം ലഭിക്കുക. മറ്റു സമയത്ത് പൂക്കളാൽ മൂടിയിരിക്കും. ശ്രീകോവിലിന്റെ വാതിൽക്കലെ ബിംബങ്ങൾ കണ്ടില്ലേ? ഒന്ന് ഇന്ദ്രന്റേതാണ്. വാനര രൂപത്തിലുള്ളത് മുശുകുന്ദ ചോള രാജാവാണ്.  
മഹാവിഷ്ണു തന്റെ ഹൃദയഭാഗത്തു വച്ച് ആരാധിച്ചിരുന്നതാണ് ഈ ത്യാഗരാജ ബിംബമെന്നാണ് പുരാണം. അസുരന്മാരെ തോൽപിക്കാനായി, പൂജിക്കാൻ  മഹാവിഷ്ണു ഇന്ദ്രന് ഈ ബിംബം കൊടുത്തു. യുദ്ധത്തിൽ ഇന്ദ്രൻ, മുശുകുന്ദ ചോളരാജാവിന്റെ സഹായം തേടി. പകരമായി എന്തും തരാമെന്ന് ഇന്ദ്രൻ രാജാവിന് വാക്കു കൊടുത്തിരുന്നു.


മുശുകുന്ദ രാജാവ് ചോദിച്ചത് ഇന്ദ്രൻ പൂജിച്ചിരുന്ന, മഹാവിഷ്ണു കൊടുത്ത സോമസ്കന്ദ ബിംബമാണ്. അതു കൊടുക്കാൻ ഇന്ദ്രനിഷ്ടമുണ്ടായിരുന്നില്ല. രാജാവിനെ കബളിപ്പിക്കാൻ ഇന്ദ്രൻ േവറെ ആറു സോമ സ്കന്ദ ബിംബങ്ങൾ കൂടി ഉ ണ്ടാക്കി മുന്നിൽ വച്ചുവത്രേ. പക്ഷേ, രാജാവ് യഥാർഥ സോമ ക്സന്ദ ബിംബം തിരിച്ചറിഞ്ഞു. ഇന്ദ്രൻ ഒടുവിൽ എല്ലാ ബിം ബങ്ങളും രാജാവിന് നൽകി. യഥാർഥ ബിംബം രാജാവ് തിരുവാരൂരിൽ പ്രതിഷ്ഠിച്ചു. ആറു ബിംബങ്ങൾ സമീപത്തുള്ള കാവേരീ തീരത്തെ മറ്റ് ആറു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ക്ഷേത്രങ്ങളെല്ലാം ‘സപ്തവിദംഗക്ഷേത്രങ്ങ’ളെന്നറിയപ്പെടുന്നു.


ഇന്ദ്രൻ താൻ നൽകിയ പൂജാ ബിംബം തിരികെ ചോദിച്ചെന്നും അതു വാങ്ങാൻ പടിഞ്ഞാറേ ഗോപുര വാതിൽക്കൽ കാത്തു നിൽക്കുന്നുവെന്നുമാണ് കഥ. അവിടെ ഇന്ദ്രന്റെ ശിൽപമുണ്ട്. ഇന്നും ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകളിൽ ഉൽസവ ബിബം പടിഞ്ഞാറേഗോപുരത്തിൽ കൊണ്ടു വരാറില്ല. ഈ ബിംബം ‘അജപാനടനം’ ആടുന്നുെവന്നും സങ്കൽപമുണ്ട്. ൈവകുണ്ഡത്തിലെ പാൽക്കടലിൽ യോഗ നിദ്രയിലാണ്ട മഹാവിഷ്ണുവിന്റെ ശ്വാസഗതിയാണ് ഈ നടനത്തിന്റെ താളം.


മുശുകുന്ദരാജാവ് പൂർവജന്മത്തിൽ വാനരനായിരുന്നത്രേ. കൈലാസത്തിൽ ശിവനും പാർവതിയും ഒന്നിച്ചിരിക്കെ വാനരന‍്‍ വില്വ വൃക്ഷത്തിന്റെ ഇലകൾ പറിച്ച് ശിവ ഭഗവാന്റെ കാൽച്ചുവട്ടിലെറിഞ്ഞു. പാർവതീദേവി കുപിതയായി വാനരനെ ശ പിക്കാനൊരുങ്ങിയെങ്കിലും ഭഗവാൻ തടഞ്ഞു. അറിയാതെയാണെങ്കിലും വാനരൻ ഇലകൾ പറിച്ച് നേദിച്ച് തന്നെ പൂജിച്ചതിനാൽ പുണ്യം നേടിയിരിക്കുന്നുവെന്നു ശിവഭഗവാന‍്‍ പറഞ്ഞു. ആ പുണ്യത്തിന്റെ ഫലമായിട്ടാണ് അടുത്ത ജന്മത്തിൽ ശിവഭക്തനായ മുശുകുന്ദ ചോളരാജാവായി ആ വാനരൻ പുനർജനിച്ചതത്രേ.’’


ശ്രീകോവിലിന്റെ പടിയിറങ്ങുമ്പോൾ കാണാം പാൽക്കടലിൽ ശയിക്കുന്ന നീല വർണമുള്ള മഹാവിഷ്ണുവിന്റെ മനോഹരവും പഴക്കമേറിയതുമായൊരു ഛായാചിത്രം. അതിന്റെ ഹൃദയ ഭാഗത്തായി ശിവലിംഗമുണ്ട്.    

thiruvarur11


വാതാപി ഗണപതിം ഭജേ...


ശ്രീകോവിലിനു പിന്നിലായി സ്വർണ വർണമായ കമാനത്താ ൽ അലങ്കരിച്ച വലിയൊരു ഗണപതി വിഗ്രഹമുണ്ട്. ഇതാണ് സാക്ഷാൽ വാതാപി ഗണപതിയുടെ  സന്നിധി. ഈ ഗണപതിയുടെ മുന്നിലിരുന്നാണ് കർണാടക സംഗീതത്തിലെ ഇതിഹാസമായ മുത്തുസ്വാമി ദീക്ഷിതർ ‘വാതാപി ഗണപതിം ഭജേ...’ എന്ന കീർത്തനം പാടി ഭജിച്ചത്! മുത്തുസ്വാമി ദീക്ഷിതരും ത്യാഗരാജ സ്വാമികളും ശ്യാമശാസ്ത്രികളും ഭഗവാനെ സ്തുതിച്ച് കീർത്തനങ്ങൾ പാടി നടന്നത് ഈ പ്രദക്ഷിണ വഴികളിലായിരുന്നു. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളുെട ജന്മസ്ഥലം എന്ന ഖ്യാതിയുമുണ്ട് തിരുവാരൂരിന്.


ശ്രീകോവിലിനു വലതു വശത്തായി കാണാം യമചണ്ഡികേശ്വരന്റെ പ്രതിഷ്ഠ. തിരുവാരൂരിൽ ജനിക്കുന്നവരെല്ലാം ശി വഗണങ്ങളാണെന്നായിരുന്നു  സങ്കൽപം. അവർ മുക്തി കിട്ടി സ്വർഗം പ്രാപിച്ചിരുന്നു. അതിനാൽ ഇവിടെ തനിക്ക് ജോലിയില്ലെന്ന് ദേവന്മാരോട് പരാതിപ്പെട്ട യമദേവൻ, യമ ചണ്ഡികേശ്വരനായി പ്രതിഷ്ഠിക്കപ്പെട്ടെന്നാണ് പുരാണം. ക്ഷേത്രത്തിലെ ഒാരോ പ്രതിഷ്ഠയ്ക്കുമുണ്ട് ഇങ്ങനെ ഒാരോ പുരാണ കഥകൾ. ശ്രീകോവിലിനു വലത്തു വശത്തായി നീലോൽപലാംബാളിന്റെ ക്ഷേത്രമാണ്. ഇവിടെ ദേവിയും മകനായ സ്കന്ദനുമുണ്ട്. ആകെ ഒമ്പതു ദുർഗാ സന്നിധികളുണ്ട് ക്ഷേത്രത്തിൽ.  


കമലാംബാളിന്റെ നടയിൽ


കീർത്തനങ്ങളൊഴുന്ന ത്യാഗരാജനട കടന്ന് പുറത്തിറങ്ങി. ദുർഗാ സന്നിധിയിൽ വച്ചാണ് തിരുവാരൂരുകാരി ജയന്തിയെ കണ്ടത്. ‘‘കമലാംബാൾ ക്ഷേത്രത്തിൽ പോേയാ? ഏറ്റവും വിശേഷപ്പെട്ട പ്രതിഷ്ഠയാണവിടുത്തേത്. മധുര മീനാക്ഷി പോലെ ദേവിയുടെ ശക്തി പീഠങ്ങളിലൊന്നാണ് ഇവിടുത്തെ ദേവീ പ്രതിഷ്ഠയും.’’ മൺവിളക്കുകളിൽ തിരി തെളിക്കുന്നതിനിടയിൽ ജയന്തി പറഞ്ഞു.


വടക്കുപടിഞ്ഞാറായി കമലാംബാളുടെ സന്നിധി  വലിയ ക്ഷേത്രം പോലെ വേറിട്ടു നിൽക്കുന്നു. ക്ഷേത്ര കവാടത്തിനരികെ മുത്തുസ്വാമി ദീക്ഷിതരുടെ ഛായാചിത്രങ്ങൾ. മുത്തു സ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ഇവിടെ വന്നിരുന്ന് കീർത്തനങ്ങൾ പാടുമായിരുന്നു. ശ്യാമശാസ്ത്രികൾ ദേവിയെ സ്തുതിച്ചാണ് നവരത്നമാലിക രചിച്ചത്. ശ്രീകോവിലിലെ ദേവീവിഗ്രഹത്തെ നോക്കുമ്പോൾ കണ്ണഞ്ചിപ്പോകുന്നു! വലതു കാൽ ഇടതു കാലിനു മേലേ വച്ച നിലയിൽ യോഗമുദ്രയിലാണ് ദേവിയുെട ഇരിപ്പ്. വലതു കൈയിൽ പത്മം. ഇവിടുത്തെ ദേവി, ലളിതാസഹസ്രനാമത്തിലെ ദേവീബിംബമാണെന്നാണു സങ്കൽപം. ദുർഗയും സരസ്വതിയും മഹാലക്ഷ്മിയും ഒന്നിക്കുന്ന മൂർത്തി. ശ്രീകോവിലിനു പിന്നിലായി വിദ്യാ വിജയത്തിനായി പ്രാർഥിക്കുന്ന അക്ഷരപീഠമുണ്ട്.


കമലാംബാളിനെ െതാഴുത് പടിഞ്ഞാറേ ഗോപുരം കടന്ന് പുറത്തിറങ്ങിയപ്പോഴൊരു വിസ്മയക്കാഴ്ച പോെല കണ്ടു, ക മലാലയം ക്ഷേത്രക്കുളം! ഇന്ത്യയിെല ഏറ്റവും വലിയ ക്ഷേത്രക്കുളമാണത്രേ ഇത്! മുപ്പത്തി മൂന്ന് ഏക്കർ വിസ്തീർണം. കുളത്തിനു നടുവിലായി ഒരു ശിവക്ഷേത്രമുണ്ട്. ഇതിലേക്ക് ബോട്ടിലാണ് പോകുക. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന പ്രദോഷ പൂജയ്ക്ക് ഇവിടെ ഭക്തർക്ക് ദർശനം നടത്താം.   


കമലാലയം കുളം ചുറ്റി സന്ധ്യയ്ക്ക് വീണ്ടും ത്യാഗരാജ സന്നിധിയിെലത്തുമ്പോൾ പ്രദോഷ പൂജാ നേരമായിരുന്നു. ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട പൂജയാണിത്. നിത്യവും പ്രദോഷപൂജ നടക്കുന്നുവെന്ന സവിശേഷത ത്യാഗരാജ സന്നിധിക്കുണ്ട്. ആലിലവിളക്കുകൾ തെളിഞ്ഞു. പൂവിതളുകളാൽ മൂടപ്പെട്ട പാദങ്ങളുമായി ത്യാഗരാജ മൂർത്തി! മുപ്പത്തി മുക്കോടി ദേവകളും പ്രദോഷപൂജാ നേരത്ത് ത്യാഗരാജ മൂർത്തിയെ സ്തുതിക്കുന്നുവെന്നാണ് സങ്കൽപം...

thiruvarur1


വൈകിയ രാത്രിയിൽ അടഞ്ഞു കിടക്കുന്ന ആയിരം കാൽ മണ്ഡപത്തിെന്റ പടിക്കെട്ടിൽ വെറുതെ ഇരുന്നു. അപ്പോൾ ഒാർമിച്ചത്, ഇന്നലെ ഇതിലേ ഒഴുകിപ്പോയ പ്രതാപങ്ങൾ നിറഞ്ഞ മറ്റൊരു കാലത്തെയായിരുന്നു. കലകളും സംഗീതവും ഈശ്വരഭക്തിയും രാജനീതിയും  ഇഴുകിച്ചേർന്നിരുന്ന ഒരു സുന്ദരമായ കാലം. ഈ മണ്ഡപത്തിലായിരുന്നു ചോളരാജാക്കന്മാരുടെ കാലത്ത് സംഗീത സദസ്സുകളും നൃത്തോൽസവങ്ങളും അരങ്ങേറിയിരുന്നത്. മഹാസംഗീതജ്ഞർ എല്ലാം മറന്ന് പാടിയിരുന്നതിവിടെയായിരുന്നു. എവിടെ നിന്നോ ‘ചിന്താമണി’ രാഗത്തിന്റെ അലകളും ശ്യാമശാസ്ത്രികളുെട കീർത്തനവും  ഒഴുകി വരും പോലെ... ‘ദേവീ ബ്രോവാ സമയമിതേ...’


Info: ത്രിമൂർത്തികളുെട ജന്മസ്ഥലം

കർണാടക സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ – ഇവർ ജനിച്ചത് തിരുവാരൂരിലാണ്. 18–ാം നൂറ്റാണ്ടിലായിരു ന്നു ഇവർ ജീവിച്ചിരുന്നത്. ഇവരുടെ ജന്മസ്ഥലങ്ങൾ തി രുവാരൂരിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നവരത്നമാലിക ര ചിച്ച ശ്യാമശാസ്ത്രികളുെട ജന്മഗൃഹത്തിൽ അദ്ദേഹത്തി ന്റെ അഞ്ചാം തലമുറയിലെ കാശിനാഥൻ ഉണ്ട്. ഗൃഹങ്ങൾ ഏറെ  നവീകരിക്കപ്പെട്ടിരിക്കുന്നു. ത്യാഗരാജസ്വാമികളുപയോഗിച്ചിരുന്ന സംഗീതോപകരണവും കാണാം.