Thursday 14 June 2018 04:18 PM IST

വിശ്വാസത്തിലും കാഴ്ചയിലും വിസ്മയം തീർത്ത മുംബൈയിലെ ഹാജി അലി ദർഗയിലേക്ക് ഒരു യാത്ര

Nithin Joseph

Sub Editor

1
ഫോട്ടോ: വിഷ്ണു വി.നായർ

ടാക്സി കാറിലെ പഴഞ്ചൻ പാട്ടുപെട്ടിയിൽ നിന്ന് തട്ടിത്തടഞ്ഞാണ് പാട്ടൊഴുക്ക്. അങ്ങകലെ കട ലിനു നടുവിൽ തലയുയർത്തി നിൽക്കുന്ന തൂ വെള്ള മിനാരം കാണാൻ മുംബൈ നഗരത്തിന്റെ അടയാള മായ, മഞ്ഞയും  കറുപ്പും  കലർന്ന പഴയ ടാക്സിയിലാണ് യാ ത്ര. മുംബൈ സി.എസ്.ടിയിൽ നിന്ന് വണ്ടിയിൽ കയറിയ ഉട ൻ മീറ്ററിൽ കയ്യമർത്തി ഡ്രൈവറുടെ ചോദ്യം, ‘കഹാം ജാനാ ചാഹ്താ ഹേ സാബ്’.

 ‘ഹാജി അലി ദർഗ’യെന്നു പറഞ്ഞതും  തിരിഞ്ഞുനോക്കിയിട്ടൊരു പുഞ്ചിരി പാസ്സാക്കി, ഡ്രൈവർ മുഹമ്മദ് ഷാനവാസ് ഖാൻ. ‘സാബ്, യേ ബാബാ ഹാജി അലി കാ ഗാനാ ഹേ.’ 2000ൽ പുറത്തിറങ്ങിയ ‘ഫിസാ’ എന്ന സിനിമയ്ക്കു വേണ്ടി എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ‘പിയാ ഹാജി അലി’ എന്ന പാട്ട് അത് പറഞ്ഞ സമയത്ത് തന്നെ മ്യൂസിക് പ്ലെയറിൽ പ്ലേ ആയതിന്റെ അദ്ഭുതമുണ്ടായിരുന്നു ഷാനവാസിന്റെ കണ്ണുകളിൽ. ഹാജി അലി ദർഗ എന്ന പേര് പറഞ്ഞതും ആ പാട്ട് തു ടങ്ങിയതും ഒരേ നിമിഷമായിരുന്നു.

‘പിയാ ഹാജി അലി, പിയാ ഹാജി അലി

തും സമന്ദർ കെ ദനി

ബാബ ഹാജി അലി ബാബ ഹാജി അലി....’ പാട്ട് തുടരു ന്നതിനിടയിൽ ഷാനവാസ് പറഞ്ഞു. ‘ഹാജി അലിയുടെ ആ ശിർവാദം, സാബിനുണ്ടെന്ന് തോന്നുന്നു.’ ഷാനവാസിന്റെ ന ല്ല വാക്കിന് നന്ദി പറഞ്ഞ് യാത്ര തുടങ്ങി.

2
ഫോട്ടോ: വിഷ്ണു വി.നായർ

മറൈൻ ഡ്രൈവ് കടന്നാലുടൻ കാണാം, അങ്ങു ദൂരെ തലയുയർത്തി നിൽക്കുന്ന വെണ്ണക്കല്ലിൽ തീർത്ത ദർഗ. ഹാജി അലി റോഡിലെ കവാടം കടന്ന് അരക്കിലോമീറ്റർ നീണ്ടു കിടക്കുന്ന പാലത്തിലൂടെ നടക്കണം, ദർഗയിലെത്താൻ. രാവിലെയായതു കൊണ്ട് വലിയ തിരക്കില്ല. വഴിയരികിലെ കച്ചവട ക്കാർ ഓരോരുത്തരായി സ്ഥിരം സ്ഥാനങ്ങളിലേക്ക് എത്തുന്നതേയുള്ളൂ. ആദ്യമെത്തിയവർ കൂടകളിൽനിന്നു റോസാ പ്പൂക്കളും  പൂമാലകളും പുറത്തെടുത്തു നിരത്തി വയ്ക്കുന്നു. ശാന്തമായ അറബിക്കടൽ ദർഗയുടെ പടവുകളിൽ നിന്ന് ദൂരെ മാറിനിൽക്കുന്നു. പടികളോരോന്നായി നടന്നുകയറി, ഹാജി അലിയുടെ സന്നിധിയിലേക്ക്.

‘ഇത്ര നേരത്തെ വന്നത് വളരെ നന്നായി. ഈ സമയത്ത് അ ധികം തിക്കും തിരക്കുമൊന്നും ഉണ്ടാകില്ല. കുറച്ചുനേരം കഴിഞ്ഞാൽ പള്ളിയും പരിസരവും ആളുകളെക്കൊണ്ട് നിറയും.’ ദർഗ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അഹമ്മദ് ഭാ യ് പറഞ്ഞുതുടങ്ങി.

‘വിശ്വാസികൾക്കൊപ്പം തന്നെ വിദേശികളും സ്വദേശിക ളുമായ സഞ്ചാരികളും ദിവസേന ഇവിടെ വരാറുണ്ട്. ഓരോ ദിവസവും 80,000 ആളുകള്‍ എത്തുന്നതായാണ് കണക്ക്. വെ ള്ളിയാഴ്ചകളിലാണ് ഏറ്റവും തിരക്ക്.’

3
ഫോട്ടോ: വിഷ്ണു വി.നായർ

കടലിലുയർന്ന മഖ്ബറ

‘സയ്യിദ് പീർ ഹാജി അലി ഷാ ബുഖാരി’യുടെ നാമധേയത്തിൽ 1431ലാണ് ഹാജി അലി ദർഗ നിർമിക്കപ്പെട്ടത്. ഇന്നത്തെ ഉസ്ബക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബുഖാറ എന്ന സ്ഥലത്തു ജീവിച്ചിരുന്ന ധനികനായ വ്യാപാരിയായിരുന്നു ബുഖാരി. മക്കയിലേക്ക് പോകുന്നതിനു മുൻപ് തനിക്ക് സ്വന്തമായിരുന്ന സ്വത്തുക്കൾ മുഴുവൻ ദാനം ചെയ്ത മഹാമനസ്കൻ. ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച ബുഖാരി ഒടുവിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിയോടെ മുംബൈയിലെത്തിയെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തിന്റെ നിരവധി അദ്ഭുത പ്രവർത്തനങ്ങൾക്ക് ലോകം സാക്ഷിയായിട്ടുണ്ട്. 

‘ഒരിക്കൽ പ്രാർഥനയിൽ മുഴുകിയിരുന്ന ഹാജി അലിയെ കാണാൻ ഒരു സ്ത്രീ വന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന അവരോടു ഹാജി കാര്യം തിരക്കി. കടയിൽനിന്ന് എ ണ്ണയും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കാൽ തെറ്റി വീണു. വാങ്ങിക്കൊണ്ടു വന്ന എണ്ണ മുഴുവൻ നിലത്തു പോയി. ഇത് ഭ ർത്താവ് അറിഞ്ഞാൽ തന്നെ തല്ലിക്കൊല്ലും. അതുകൊണ്ട് വീട്ടിലേക്കു പോകാൻ പേടിയാണ്. എണ്ണ വീണുപോയ സ്ഥലം എവിടെയെന്ന് കാണിക്കാൻ ഹാജി അവരോടു പറഞ്ഞു. അ വിടെയെത്തിയ അദ്ദേഹം തന്റെ തള്ളവിരൽ മണ്ണിൽ കുത്തി. ഉടനെ മണ്ണിൽനിന്ന് നീരുറവ കണക്കെ എണ്ണ പുറത്തേക്കൊഴുകാൻ തുടങ്ങി. അദ്ഭുതം കണ്ട് അമ്പരന്ന സ്ത്രീ പാത്രം നി റയെ എണ്ണ ശേഖരിച്ചിട്ട് വീട്ടിലേക്കു മടങ്ങി.

ഈ സംഭവത്തിനു ശേഷം ഹാജിക്ക് സ്വപ്നത്തിൽ ഒരു ദ ർശനം ലഭിച്ചു. തന്റെ പ്രവർത്തിയിലൂടെ ഭൂമിയെ മുറിവേൽപിച്ചതിനാൽ ഹാജി മരിച്ച് മണ്ണിൽ വിശ്രമിക്കുന്ന വേളയിൽ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നതായിരുന്നു സ്വപ്നത്തിൽ കണ്ടത്. സ്വപ്നത്താൽ അസ്വസ്ഥനായി മാറിയ ഹാജി ഉമ്മയുടെ അനുവാദത്തോടെ തന്റെ സഹോദരനോടൊപ്പം നാട്ടിൽനിന്നു യാത്ര ആരംഭിച്ചു. പല ദേശങ്ങൾ കടന്ന ആ യാത്ര അവസാനിച്ചത് മുംബൈയിലെ വോളിയിലായിരുന്നു. പിന്നീട് സഹോദരൻ നാട്ടിലേക്കു തി രികെ പോയെങ്കിലും ഹാജി മുംബൈയിൽ തന്നെ തുടർന്നു. താൻ തിരിച്ചു വരില്ലെന്നും ഇനി ഇവിടെ ജീവിച്ച് ഇസ്‌ലാം മ തം പ്രചരിപ്പിക്കുമെന്നും അറിയിച്ചുകൊണ്ട് ഉമ്മയ്ക്ക് കത്തയച്ച ഹാജി എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്ന് അവരോട് യാചിച്ചു. മരണം വരെ മതപ്രഘോഷണം നടത്തിയ ഹാജിക്കു ധാരാളം അനുയായികൾ ഉണ്ടായി. ദിവസേന അദ്ദേഹത്തെ കാണാനും വാക്കുകൾ ശ്രവിക്കാനുമായി നിരവധിയാളുകൾ എത്തിയിരുന്നു.

മരിക്കുന്ന വേളയിൽ അവസാനമായി തന്റെ അനുയായികളോട് ഹാജി അലി പറഞ്ഞതിങ്ങനെ. ‘എന്റെ മൃതദേഹം ശ്മശാത്തിൽ സംസ്കരിക്കാൻ പാടില്ല. പകരം എന്റെ ശവമഞ്ചം കടലിൽ എറിയുക. പിന്നീടത് ഏത് തീരത്ത് അടുക്കുന്നുവോ, അവിടെ എന്നെ സംസ്കരിക്കുക.’

ഹാജി പറഞ്ഞതനുസരിച്ച് അനുയായികൾ അദ്ദേഹത്തി ന്റെ ശവമഞ്ചം അറബിക്കടലിലൊഴുക്കി. അത് കടലിനു ന ടുവിൽ ഉയർന്നുനിന്ന ചെറിയ പാറക്കൂട്ടത്തിൽ എത്തി നിന്നു. പിന്നീട് അതേ സ്ഥാനത്താണ് അദ്ദേഹത്തെ അടക്കം ചെ  യ്തതും  ഇന്നുള്ള ഹാജി അലി ദർഗ പണി കഴിപ്പിക്കപ്പെട്ടതും.’

ദർഗയുടെ അകത്തേക്ക് ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. മുന്നിലോ പിന്നിലോ ആരും വെറും കയ്യോടെ നടക്കുന്നി ല്ല. ഹാജി അലിയുടെ ഖബറിങ്കൽ നിയോഗങ്ങൾക്കൊപ്പം  സമർപ്പിക്കാൻ കാഴ്ചകളുമായിട്ടാണ് ഓരോരുത്തരുടെയും നിൽപ്. വിവിധ നിറങ്ങളിലുള്ള പട്ട്, റോസാപ്പൂ, മുല്ലപ്പൂമാല. പ്രാർഥനകൾക്കൊപ്പം സമർപ്പിക്കാൻ കൈയിലൊന്നും കരുതിയിട്ടില്ലല്ലോ, തിരികെ പോയി വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞയുടൻ അഹമ്മദ് ഭായ് വിലക്കി. ‘മനസ്സിൽ കളങ്കമില്ലാതെ, പൂർണമായ വിശ്വാസത്തോടെ നിങ്ങളുടെ നിയോഗങ്ങള്‍ ആ സന്നിധിയിൽ സമർപ്പിക്കുക. അതിനെക്കാൾ വലിയ കാഴ്ചദ്ര വ്യങ്ങളില്ല. വിശ്വാസത്തോടെ വന്ന് ഒരു പൂവിതൾ സമർപ്പിച്ചാ ൽ പോലും സ്വീകാര്യമാണ്.’

4
ഫോട്ടോ: വിഷ്ണു വി.നായർ

ആ വാക്കുകളിലെ പ്രത്യാശയാണ് ഈ സവിധത്തിലെ വിശ്വാസത്തിന് ആധാരം. ഹാജി അലിയുടെ മഖ്ബറയ്ക്കു മു ന്നിൽ പ്രാർഥനാ നിർഭരരായി സൃഷ്ടികളെ മറന്ന് സൃഷ്ടാവി നെ ധ്യാനിച്ച് ഒരു കൂട്ടമാളുകൾ. കൈയിലുള്ള കാഴ്ചകൾക്കൊപ്പം ചിലർ കണ്ണീരും പരമകാരുണ്യവാന് മുന്നിൽ അർപ്പിക്കുന്നുണ്ട്. കൈയിലിരിക്കുന്ന മയിൽപീലികൊണ്ട് ഇമാമുമാ ർ ഓരോരുത്തരെയായി ആശിർവദിക്കുന്നു. കാഴ്ചകൾ വാങ്ങി ഖബറിങ്കൽ വച്ചിട്ട് തിരികെ നൽകുന്നു. സ്ത്രീകള്‍ക്കും പുരു ഷൻമാര്‍ക്കുമായി പ്രത്യേകം വരികളുണ്ട്. ആരും ആർക്കും ശല്യമാകുന്നില്ല. പുറത്തെ ശബ്ദകോലാഹലങ്ങളൊന്നും ദർഗയ്ക്കുള്ളിലെ നിശബ്ദതയെ ബാധിക്കുന്നില്ല. നിറഞ്ഞ കണ്ണുകളുമായെത്തി, തുറന്ന മനസ്സോടെ പ്രാർഥിച്ചവർ തെ ളിഞ്ഞ പുഞ്ചിരിയുമായി മടങ്ങുന്നു. 

അകത്തേക്ക് കയറുമ്പോൾ ഊരിയിടുന്ന ചെരുപ്പുകൾ സൂക്ഷിക്കാൻ വെളിയിൽ കുറെപ്പേർ നിൽപുണ്ട്. ഓരോരുത്തരും ഊരിയിടുന്ന ചെരുപ്പുകൾ അടുക്കി വയ്ക്കുന്നു. നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ മാത്രം അവർക്കു പണം നൽകാം. ഇ ല്ലെങ്കിലും പരാതികളില്ല. മക്ബറയുടെ വെളിയിൽ വരുമ്പോഴേക്കും അങ്ങ് ദൂരെ കവാടം മുതലിങ്ങോട്ട് സന്ദർശകരുടെ വ ലിയ തിരക്ക് കാണാം.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദർഗകളാണ് അജ്മീർ ഷെറീഫ് ദർഗ, നിസാമുദ്ദീൻ ദർഗ, ഹാജി അലി ദർഗ. പ്രധാനമായും രണ്ട് വിശേഷദിവസങ്ങളാണ് ഇവിടെ ആചരിക്കപ്പെടുന്നത്. നബിദിനവും ‘ഹാജി അലി ഉറൂസും.’ സയ്യിദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ മരണത്തിന്റെ ഓർമപുതുക്കലാണ് ഉറൂസ് മഹോത്സവം. ലോകത്തിന്റെ നാനാഭാഗത്തു നിന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ ഉറൂസ് ദിനത്തിൽ ദർഗയിലേക്ക് ഒഴുകിയെത്തുന്നു. ഉറൂസ് ദിനത്തിൽ പ്രാർഥനകൾക്കു ശേഷം വിശ്വാസികൾക്കും സന്ദർശകർക്കും നേർച്ചഭക്ഷണം നൽകുന്നു.

‘ഈ കടലിലെ തിരമാലപോലെ തന്നെയാണ് ഇവിടെ സന്ദർശകരുടെ വരവും. രാവിലെ തിര ശാന്തമാണ്, ആളുകളും കുറവായിരിക്കും. എന്നാൽ പതിയെ തിരയുടെ വേഗവും വിശ്വാസികളുടെ എണ്ണവും വർധിക്കാൻ തുടങ്ങും. വൈകുന്നേരമാകുമ്പോഴേക്കും ഇവിടം ജനസമുദ്രമാകും.’ അഹമ്മദ് ഭായ് അടുത്ത കഥയിലേക്കാണ് കാലെടുത്തു വയ്ക്കുന്നത്.

പടച്ചോനിലേക്കുള്ള പാലം

‘ആദ്യമൊന്നും ആളുകൾക്ക് ദർഗയിലെത്തിച്ചേരാൻ നടപ്പാലം ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുൻപ് വിശ്വാസികളെല്ലാവരും ചേർന്ന് ദർഗയിലേക്ക് പോകാനുള്ള മാർഗങ്ങൾ അന്വേഷിച്ചു. കടലിൽ തിരകൾ കുറവായിരുന്ന നേരത്ത് കല്ലുകൾ പെറുക്കി കൂട്ടി ചെറിയൊരു പാലം നിർമിച്ചെങ്കിലും തിരമാലകളുടെ ശക്തി അതിനെ തൂത്തെറിഞ്ഞു. 1944ൽ അന്നത്തെ ട്രസ്റ്റിൽ അംഗമായിരുന്ന മുഹമ്മദ് ഹാജി അബൂബക്കറാണ് ദർഗയിലേക്ക് വിശ്വാസികൾക്ക് എത്താൻ സ്ഥിരമായൊരു പാലം നിർമിക്കണമെന്ന തീരുമാനമെടുത്തത്. എന്നാൽ ശ രവേഗത്തിൽ തിരയടിക്കുന്ന കടലിൽ പാലം പണിതാലും അതിന്റെ നിലനിൽപിന്റെ കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാതിരുന്നതിനാൽ തീരുമാനം പ്രാവർത്തികമായില്ല.

ആയിടെ വിശ്വാസിയായ ഒരു വൃദ്ധന്റെ സ്വപ്നത്തിൽ ഹാജി അലി പ്രത്യക്ഷപ്പെട്ടു. എന്തുകൊണ്ട് ദർഗയിലേക്കുള്ള വരവ് നിർത്തിയെന്നാണ് ഹാജി വൃദ്ധനോട് ചോദിച്ചത്. പ്രായമേറെയുള്ള താൻ കടൽ കടന്ന് അങ്ങോട്ടേക്ക് എത്തുന്നത് ബുദ്ധിമുട്ടാണെന്ന് പറ‍ഞ്ഞ വൃദ്ധനോട് ഹാജി ചോദിച്ചത് ദർഗയിലേക്ക് നടന്നു പോകാൻ സുരക്ഷിതമായ മാർഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ് വരാതിരിക്കുന്നത് എന്നാണ്. വൃദ്ധൻ അബൂബക്കറെ നേരിൽ കണ്ട് ഇക്കാര്യം അറിയിച്ചു. വൃദ്ധൻ കണ്ട സ്വപ്നത്തെ ഹാജി നൽകിയ അടയാളമായി കണ്ട അബൂബക്കർ ഒട്ടും അമാന്തിക്കാതെ നടപ്പാലത്തിന്റെ പണികൾ ദ്രുതഗതിയിൽ ആരംഭിച്ചു. സമുദ്രത്തെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ഹാജി അലിയിൽ സർവവും സമർപ്പിച്ച് തുടങ്ങിയ പണി വിജയകരമായി പൂർത്തിയായി. 

അറബിക്കടലും വണങ്ങുന്നു

കണ്ണെത്താദൂരം പരന്നു കിടക്കുന്നു അറബിക്കടൽ. രാവിലെ ആയതുകൊണ്ടാകാം, പള്ളിയുടെ പടവുകളിലൊന്നും കടല്‍ തൊട്ടിട്ടില്ല. കുറെ ദൂരം വെള്ളമില്ലാത്ത കറുത്ത പാറക്കൂട്ടങ്ങൾ മാത്രം. ദർഗയിലെത്തുന്നവരെല്ലാം പടവുകളിറങ്ങി പാറകൾക്കു മുകളിലൂടെ നീങ്ങുന്നു, കടലിൽ കാൽ നനയ്ക്കാൻ. ഉപ്പുവെള്ളത്തിൽ മുങ്ങിനിവരാൻ മുൻപന്തിയിൽ കുട്ടികളാണ്. നേരം പോകുന്തോറും പള്ളിയിലേക്കുള്ള ആളുകളുടെ വരവ് വർധിക്കുന്നുണ്ട്. ദർഗയിലെത്തി ഹാജി അലിയുടെ ഖബറിങ്ക ൽ അനുഗ്രഹം തേടി, കടലിൽ കാൽ നനച്ച് മടങ്ങുന്നവർ.

തിരമാലകൾ എത്ര ഉയർന്നാലും കുലുക്കമേതുമില്ലാതെ അറബിക്കടലിനു നടുവിൽ തലയുയർത്തി നിൽക്കുകയാണ്, വിശ്വാസത്തിന്റെ ഈ കോട്ട. പേമാരി പെയ്ത് മുംബൈ നഗരം മുഴുവൻ വെള്ളത്തിനടിയിലായപ്പോഴും ദർഗ സംരക്ഷിതമായി രുന്നു. കൂറ്റൻ തിരമാലകൾ പലവട്ടം നാശം വിതച്ചപ്പോഴും ലാ ലാ ലജ്പത് റായ് റോഡ് തകർന്നപ്പോഴും ദർഗയിലേക്കുള്ള പാലത്തിനു കുലുക്കമേതും സംഭവിച്ചില്ല. 

1949ൽ ഉണ്ടായ കൊടുങ്കാറ്റിൽ ബോംബൈ ആകമാനം തകർന്നു. നാശനഷ്ടങ്ങൾ സംഭവിക്കാത്ത ഒരു കെട്ടിടം പോലും നഗരത്തിൽ ഉണ്ടായിരുന്നില്ല. സുനാമിയുടെ അത്ര ഭീകരമായ തിരമാലകൾ അറബിക്കടലിൽനിന്ന് കരയിലേക്ക് അടിച്ചു. ആ സമയത്ത് ഹാജി അലി ദർഗയിൽ ആയിരക്കണക്കിന് ജനങ്ങളാണ് ഉണ്ടായിരുന്നത്. ഉയരത്തിൽ ആർത്തലച്ചു വന്ന തിരമാല ദർഗയ്ക്കൊപ്പം തങ്ങളെയും തൂത്തെറിയുമെന്ന ഭയത്തിൽ ആളുകളെല്ലാം ഹാജി അലിയുടെ പുണ്യഭൂമിയിൽ നിന്നു. എന്നാൽ, മുന്നിലുള്ള സകലതിനെയും വിഴുങ്ങാനാ യി ഉയർന്നു വന്ന തിരമാലകൾ ദർഗയുടെ ചുവരുകളെ തൊടാതെ പിൻവലിഞ്ഞു. അല്ലാഹുവിന് ഏറെ പ്രിയപ്പെട്ട ഹാജി അലിയുടെ സന്നിധിയിൽ വണങ്ങി, ആ പാദത്തിൽ ചുംബിച്ച് മടങ്ങുകയായിരുന്നു സമുദ്രമെന്ന് വിശ്വാസികൾ ഇന്നും കരുതുന്നു. 

5
ഫോട്ടോ: വിഷ്ണു വി.നായർ

ആ സമയത്തു പാലത്തിലൂടെ ദർഗയിലേക്കു നടന്നുകൊണ്ടിരുന്നവർക്കും യാതൊരു ആപത്തും ഉണ്ടായില്ല. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായത്. ശാന്തമായി സമുദ്രത്തിലേക്ക് തിരികെ പോയ തിരകളിൽ ഒഴുകിനടക്കുന്ന ചിരാതുകളായിരുന്നു പിന്നീട് അവിടെ കൂടിനിന്നവരെല്ലാം കണ്ടത്.

ഇവിടെ അസ്തമയം നിശബ്ദമല്ല. വൈകുന്നേരങ്ങളിൽ പാറക്കെട്ടിൽ ആർത്തലച്ചെത്തുന്ന വേലിയേറ്റത്തിന്റെ വലിയ ശബ്ദത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണ് സൂര്യൻ മറയുന്നത്. ദർഗയോടു ചേർന്ന മണ്ഡപത്തിനു നടുവിൽ കൂട്ടംകൂടി ഇരുന്നവരെല്ലാം  ഓരങ്ങളിലേക്ക് മാറി ഇടം പിടിച്ചു. സിക്കന്ദർ ഭായ്‌ സംഘത്തിന്റെ ഖവാലി സംഗീതത്തിന്റെ നേരമാണ്. വിശേഷദിവസങ്ങൾ കൂടാതെ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും സിക്കന്ദറും സംഘവും എത്തും. ഇനി മണിക്കൂറുകള്‍ നീളുന്ന സംഗീതസദസ്സാണ്. നീലാകാശത്തെ ചെഞ്ചോപ്പിൽ മുക്കി, സൂര്യൻ കടലിൽ താഴുന്ന നേരത്ത് വിറയാർന്ന ശബ്ദത്തില്‍ ഹാജി അലിയുടെ മഹത്വം പാടുന്നു, സിക്കന്ദർ.

അയാളുടെ ഹാർമോണിയത്തിനു മുകളിൽ നാണയത്തുട്ടുകളും നോട്ടുകളും വന്നു വീണുകൊണ്ടേയിരുന്നു. തീര ത്ത് തിര തല്ലുന്ന താളം ഹാർമോണിയത്തിനു കൂട്ടാകുന്നു.  മേലാകെ നനച്ച് ഉള്ള് കുളിർപ്പിച്ച അറബിക്കടല്‍ ഹാജി അ ലിയുടെ സന്നിധിക്കു ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ടേയിരു ന്നു. ഖവാലി പകർന്ന ആത്മസംഗീതത്തിന്റെ  മധുരവുമായി വീണ്ടും കരയിലേക്ക് പുറപ്പെട്ടു. അപ്പോൾ സർവശക്തന്റെ സന്ദേശം പോലെ ചുറ്റും നിലാവ് പരന്നിരുന്നു.

മുംബൈയുടെ ‘മധുര വാതിൽ’

മുംബൈ നഗരത്തിലെ  ഏറ്റവും മികച്ച ജ്യൂസ് സെന്റർ ഏ തെന്ന് ചോദിച്ചാൽ ‘ഹാജി അലി ജ്യൂസ് സെന്റർ’ എന്നെ ഇവിടുത്തുകാർ പറയൂ. ദർഗയിലേക്കുള്ള കവാടത്തിലാണ് ജ്യൂസ് സെന്റർ. വൈകുന്നേരമാകുമ്പോഴേക്കും ഈ ചെ റിയ കടയിലെ തിരക്കു കാരണം പണിപ്പെടുന്നത് ട്രാഫിക് പൊലീസുകാരാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഹാജി അലി ജ്യൂസ് സെന്റർ മുംബൈ നഗരത്തിൽ മധുരം വിളമ്പാന്‍ തുടങ്ങിയിട്ട്. ടേസ്റ്റ് പോലെ തന്നെ ആളുകളെ ആകർഷിക്കുന്ന ഘടകം തന്നെയാണ് ജ്യൂസിന്റെ വിലയും.

 30 രൂപ മുതൽ 130 രൂപ വരെ വിലയുള്ള വിവിധയിനം ജ്യൂസുകളും ഐസ്ക്രീമുകളും ലഭ്യമാണ്. സാധാരണ പരീക്ഷിക്കാത്ത തരം കോക്ടെയിൽ ജ്യൂസുകളും ‘ഫ്രൂട്ട് ആൻഡ് ക്രീമു’മാണ് ഇവിടുത്തെ വെറൈറ്റി.

പള്ളിയുടെ നിർമാണം

ഇൻഡോ– ഇസ്‌ലാമിക് ആർകിടെക്ചറിന്റെ മകുടോദാഹരണമാണ് ഹാജി അലി ദർഗ. പൂർണമായും കടലിന്റെ നടുക്കാണ് ദർഗ സ്ഥിതി ചെയ്യുന്നത്. കരയിൽനിന്ന് അര കിലോമീറ്റർ നീളമുള്ള നടപ്പാലത്തിലൂടെ വേണം ഇവിടേ ക്ക് എത്താൻ. പത്തു വർഷത്തിലേറെയായി പുനരുദ്ധാര ണ പ്രവർത്തനങ്ങൾ നടക്കുന്നു. നിർമാണം മുഴുവനായി തീരാൻ ഇനിയും മൂന്നു വർഷം വേണം. 

കോൺക്രീറ്റോ സ്റ്റീലോ ഇരുമ്പോ ഒന്നും ഉപയോഗി ക്കാതെ തൂവെള്ള നിറത്തിലുള്ള മാർബിൾ കല്ലുകൾ ത മ്മിൽ കൂട്ടിച്ചേർത്താണ് നിർമാണം. താജ്മഹൽ പോലെ വിശ്വാസികള്‍ക്കൊപ്പം സഞ്ചാരികളുടെയും മനം കവരുന്ന തരത്തിൽ വെണ്ണക്കല്ലിൽ‍ തീർത്ത വിസ്മയമായി മാറുകയാണ് ദർഗ. 2013ൽ ചാൾസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ച വേളയിൽ ഹാജി അലി ദർഗയിലും എത്തിയിരുന്നു. 

ആദ്യകാലം മുതൽക്കെ ദർഗയുടെ ര ക്ഷാധികാരികളും നടത്തിപ്പുകാരും ‘ക ചി മെമൻ’ വിഭാഗത്തിൽ പെട്ടവരാണ്. ഇന്നുള്ള രൂപത്തിൽ ദർഗയുടെ നിർ മാ ണം നടത്തിയതും  അവരാണ്. 1916 ൽ ബോംബെ ഹൈക്കോടതിയുടെ ഉത്ത രവു പ്രകാരം അബ്ദുൾ കരിം ഹാജി ഇസാക്ക്, ഹാജി ഫസ്‌ല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹാജി അലി ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. ഏഴ് ട്രസ്റ്റികൾ അടങ്ങുന്നു, ഈ ചാരിറ്റബി ൾ ട്രസ്റ്റിൽ. 

അമ്പതോളം ജീവനക്കാരുണ്ട് ഇന്ന് ദർഗയിൽ. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നു.