Wednesday 18 August 2021 01:17 PM IST : By S. Sarojam

സ്ത്രീകളുടെ കരവിരുതിൽ ആപ്ലിക് വർക്ക് വിരിയുന്ന പിപിലി ഗ്രാമം

Pipili-Artisan

വർണമനോഹരമായ ആപ്ലിക് എംബ്രോയ്ഡറിയോടുള്ള ഇഷ്ടമാണ് പിപിലിയിലേക്ക് പോകാന്‍ കാരണം. പല നിറങ്ങളിലെ തുണിക്കീറുകൾ തുന്നിച്ചേർത്ത എംബ്രോയ്ഡറിയാണ് ആപ്ലിക്. മഴവിൽ നിറങ്ങൾ മഴമേഘത്തിൽ കുടഞ്ഞിട്ട പോലുള്ള ഇത്തരം തുണിച്ചമയങ്ങൾക്ക് പ്രസിദ്ധമാണ് ഒറീസയിലെ പിപിലി ഗ്രാമം. കൊണാർക് സൂര്യക്ഷേത്രത്തിലേക്കു പോകുന്ന വഴി, പുരി ജില്ലയിലെ ഭുവനേശ്വർ റോഡിലാണ് പിപിലി. ആപ്ലിക് വർക് ഹൃദയം കവരുന്നതാണെങ്കിലും അതു തയാറാക്കുന്ന കലാകാരന്മാർ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. വളരെ കുറഞ്ഞ വിലയ്ക്ക് പിപിലിയിൽ നിന്ന് ഈ അതുല്യ സൃഷ്ടികൾ വാങ്ങാം. ഇവിടെ നൂറും നൂറ്റമ്പതും രൂപയ്ക്കു ലഭിക്കുന്ന ആപ്ലിക് ബാഗുകളും വസ്ത്രങ്ങളുമൊക്കെ നഗരത്തിലെത്തുമ്പോഴേക്കും ആയിരത്തിനടുത്തു വിലയുള്ളതായി മാറും. ഗ്രാമത്തിനു പുറത്തുള്ള കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങളിലും ഇങ്ങനെ തന്നെയാണ് വിലനിലവാരം. എന്നിട്ടും ഇവ സൃഷ്ടിക്കുന്ന കലാകാരന്മാർ ദാരിദ്ര്യത്തിന്റെ പിടിയിൽ!

പുരി ജഗനാഥന്റെ അലങ്കാരം

Rihan-pipili-artist

രഥോത്സവം, ഒഡീസി നൃത്തം, ഒറിയ പാചകം എന്നിവ പോലെ പിപിലി കരവേലയുടെ തുടക്കവും ജഗന്നാഥഭക്തിയെ ആശ്രയിച്ചായിരുന്നു. പുരിയിലെ പ്രസിദ്ധമായ രഥോത്സവത്തിനു രഥങ്ങൾ അലങ്കരിക്കാനാണ് പിപിലി ആപ്ലിക് വർക് തുടങ്ങിയത്. നൂറുകണക്കിന് പരമ്പരാഗത കരവേലക്കാർ ഈ രംഗത്ത് പണിയെടുക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതൽ പുരിയിലെ രാജാക്കന്മാർ ദോർജികൾ എന്ന് അവിടത്തെ ഭാഷയിൽ അറിയപ്പെട്ടിരുന്ന തയ്യൽക്കാരെ അലങ്കാരപ്പണികൾ ഏൽപ്പിച്ചിരുന്നതായാണ് ക്ഷേത്ര രേഖകൾ സൂചിപ്പിക്കുന്നത്. ക്ഷേത്ര സേവകരായ ദോർജികളുടെ കേന്ദ്രമായാണ് പിപിലി ഗ്രാമം രൂപപ്പെട്ടത്. എല്ലാ വർഷവും ഉത്സവത്തിന് വേണ്ട അലങ്കാരങ്ങൾ ഗ്രാമവാസികൾ പണിതെടുത്തു. ഇവൃ പുരിയിലെ തീർഥാടകരെ ആകർഷിക്കാൻ തുടങ്ങിയതോടെയാണ് വിൽപനയ്ക്കായി നിർമിച്ചു തുടങ്ങിയത്. ക്രമേണ പിപിലി ആപ്ലിക് വർക്ക് രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടി. ഇവിടെ കലയ്ക്ക് മതമില്ല, നിത്യജീവിതമാണ് പ്രധാനം. പരമ്പരാഗതമായി ആപ്ലിക് കരവേല ചെയ്യുന്ന അനേകം അഹിന്ദു കുടുംബങ്ങൾ പിപിലിയിലുണ്ട്. തങ്ങളുടെ ജീവിതം പിടിച്ചു നിർത്തുന്ന ജോലി അവർക്ക് അന്നമാണ്.

പിപിലിയിലെ കാഴ്ചകൾ

Applique-shop-pipili

ഗ്രാമത്തിന്റെ കവലയിൽ വണ്ടി ഒതുക്കി നിർത്തി, ഡ്രൈവർ സമീപത്തുള്ള കടയിലേക്ക് വിരൽ ചൂണ്ടി. പിപിലിയിലെ എല്ലായിനം കരകൗശല വസ്തുക്കളും അവിടെ കിട്ടുമെന്ന് അദ്ദേഹം യാത്രയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കടയിലേക്ക് നടന്നെത്തിയ എന്നെ സ്വീകരിച്ചത് ഒരു ചെറുപ്പക്കാരനാണ്, റിഹാൻ അലി ഷാ. പ്രദർശന വസ്തുക്കളുടെ ഭംഗി കണ്ട് കണ്ണുകൾ വിടരുന്നത് കണ്ടിട്ടാകണം റിഹാൻ വേഗം കടയുടെ ഉള്ളിലേക്ക് ക്ഷണിച്ചു. വിശാലമായൊരു ഹാളിൽ പുറത്ത് കണ്ടതിനേക്കാൾ മനോഹരമായ വർണക്കുടകളും തോൾ സഞ്ചികളും വാനിറ്റി ബാഗുകളും വസ്ത്രങ്ങളും ചിത്രങ്ങളുമൊക്കെ മൊത്ത വിൽപ്പനയ്ക്കായി അടുക്കി വച്ചിട്ടുണ്ട്. ആപ്ലിക് വസ്ത്രങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട്. ചിത്രത്തുന്നലുകളും ചമയങ്ങളും ഗ്രാമത്തിലെ സ്ത്രീകൾ സ്വന്തം വീടുകളിലിരുന്നാണ് ചെയ്യുന്നതെന്ന് കേട്ടിരുന്നു.

സ്ത്രീകളുടെ കരവിരുത്

ആപ്ലിക് വർക്ക് ചെയ്യുന്നതു കാണിക്കാൻ റിഹാൻ സമീപത്തുള്ള തെരുവിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉച്ചനേരമായതു കൊണ്ട് തെരുവ് വിജനമായിരുന്നു. റിഹാൻ ഞങ്ങൾക്കു മുമ്പേ വേഗം നടന്ന് കൊച്ചു വീടിനുള്ളിലേക്ക് കയറി. അപ്പോഴേക്കും ഒരാൺകുട്ടി വാതിൽക്കൽ വന്ന് തുറിച്ചു നോക്കി നിൽപ്പായി. പിറന്ന പടിയാണ് അവന്റെ നിൽപ്. നിമിഷങ്ങൾക്കുള്ളിൽ റിഹാനും ഭാര്യയും മൂത്ത കുട്ടിയും വാതിൽക്കൽ വന്ന് അകത്തേക്ക് ക്ഷണിച്ചു. വീടിന്റെ മുൻഭാഗത്താണ് അടുക്കള. സ്ലാബിലെ വിറകടുപ്പിന്മേൽ ഒരു സ്റ്റീൽ ചരുവത്തിൽ വാർത്തു വച്ച ചോറ് മൂടി വയ്ക്കാൻ അവർ മറന്നു പോയിരുന്നു. റിഹാൻ വാതിൽക്കൽ നിന്ന ഇളയകുട്ടിയെ നിക്കറിടീച്ചു നിർത്തി. അടുക്കളയ്ക്കപ്പുറം ഒറ്റമുറി മാത്രമുള്ള കുടിലിൽ ആകെയുള്ള കട്ടിലിൽ ഇരിക്കാൻ പറഞ്ഞ് ആ പാവങ്ങൾ ഒതുങ്ങി നിന്നു. ‘പണിപ്പുരയെവിടെ?’ ഞാൻ ചോദിച്ചു. റിഹാൻ ആ കട്ടിലിലേക്ക് വിരൽ ചൂണ്ടി. ഞാൻ വേഗമെഴുന്നേറ്റു മാറിക്കൊടുത്തു. റിഹാന്റെ ബീവി അവിടെയിരുന്ന് പാതിയിൽ നിർത്തിയ ചമയത്തുന്നലിന്റെ പണി വീണ്ടും തുടങ്ങി. കുറച്ചു നേരം അതു നോക്കി നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങി.

Sarojam-with-Artisan-family

കണ്ണാടിക്കഷ്ണങ്ങൾ വച്ചു പിടിപ്പിക്കുന്ന മിറർ വർക് മുസ്‌ലിം സംഭാവനയായി വന്നു ചേർന്നതാണ്. പിപിലി ഒരു കണ്ണാടിയായിരുന്നു. വിലപിടിപ്പും നിറപ്പകിട്ടുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വേരുകളിലെ നിറമില്ലാത്ത ജീവിതത്തിലേക്കും മതസൗഹാർദമെന്ന ലളിത സന്ദേശത്തിലേക്കും തിരിച്ചു വച്ച കണ്ണാടി.