Saturday 11 November 2023 03:51 PM IST

ഇതു ദ്വീപുകൾക്കുള്ളിലെ ദ്വീപ്... സ്വപ്നത്തിനുള്ളിലെ സ്വപ്നം; സൗന്ദര്യവും രുചിയും സാഹസികതയും ഒത്തുചേര്‍ന്ന പെര്‍ത്

Anil Mangalath

perth11

പടിഞ്ഞാറന്‍ ഒാസ്ട്രേലിയയിലെ പെര്‍ത്, ഒരു സുന്ദര സ്വപ്നം പോെലയാണ്. സൗന്ദര്യവും രുചിയും സാഹസികതയും ഇവിെട ഒത്തുചേരുന്നു...

നിശാഭംഗികൾക്ക് അറുതിയായ നേരം. ആലക്തികദീപങ്ങൾ കൺചിമ്മിക്കഴിഞ്ഞു. വിഖ്യാതവും തെല്ല് കുപ്രസിദ്ധവുമായ നോർത്ത് ബ്രിഡ്ജിലെ ആരവങ്ങൾക്ക് അർധവിരാമം. നിശാക്ലബുകൾ താഴിട്ടു തുടങ്ങി.

നഗരയാത്രികൻ ശീതവസ്ത്രങ്ങൾ ബലപ്പെടുത്തേണ്ട സമയം. പെർത് എന്ന സുഖശീതള ഭൂവിലാണിപ്പോൾ.  സ്വാൻ നദിക്കപ്പുറം ക്രിക്കറ്റ് ആരവങ്ങള്‍ ഉയരുന്നുണ്ടോ എന്നു കാതോർത്തു പുലർകാലേ പുറപ്പെടാം.

പെട്ടെന്നു കാറിന്റെ വിൻഡ് ഗ്ലാസ് വൈപ്പറുകൾ ഉയർന്നു പൊങ്ങി. മഴയാണ്. കാതടപ്പിക്കുന്ന ആരവങ്ങൾ. കൺചിമ്മിപ്പോകുന്ന മഴ വെളിച്ചങ്ങൾ. കുട എടുക്കേണ്ടിയിരുന്നു. മഴപ്പെരുപ്പം ഇരമ്പിയാർത്തു മടങ്ങവേ സ്വറ്ററുകളിൽ കുളിരകറ്റാൻ നമ്മൾ ശ്രമിക്കും. അപ്പോഴതാ നീണ്ട ചക്രവാളങ്ങൾക്കപ്പുറം നിന്നു സൂര്യന്റെ ആദ്യ വരവ്.

‘ഹായ് നല്ല ചൂടുള്ള പ്രഭാതം’ എന്ന സഹയാത്രികന്റെ അഭിവാദ്യം കേട്ടു മേലുടുപ്പുകൾ അയച്ചു തുടങ്ങുമ്പോൾ വെൺനുര ചിതറുന്ന വലിയ കടൽത്തീരത്തിനരികിലാകും വാഹനം. ഇന്ത്യൻമഹാസമുദ്രം പകർന്ന മൃദു ശീതോഷ്ണ വാതങ്ങൾ അറിഞ്ഞു ചുരം കടന്നു ചെല്ലുന്നതു പൂത്തുലഞ്ഞ ബെറി തോട്ടങ്ങളിലേക്കാകും. നനുത്ത പുൽമേടുകൾക്കപ്പുറം മേഞ്ഞു നടക്കുന്ന കുതിരക്കൂട്ടങ്ങളും ആട്ടിന്‍പറ്റവും.

തീർച്ചയായും നമ്മൾ അന്വേഷിക്കുന്നതു കങ്കാരുക്കളെക്കുറിച്ചാകും. ഇത് ഓസ്ട്രേലിയ ആണല്ലോ! പെട്ടെന്നുള്ള ബ്രേക്കിടലിൽ ഒന്നുലഞ്ഞെഴുന്നേൽക്കുമ്പോൾ അ താ ഒരു കങ്കാരു കൂട്ടം തെരുവിൽ. അവയുടെ ഞൊടിയിട സഞ്ചാരം നോക്കി നിൽക്കേ  മദിപ്പിക്കുന്ന വീഞ്ഞിൻ മണം. രുചി, നിറവൈവിധ്യങ്ങളുടെ ചഷകങ്ങൾ, ആരവങ്ങൾ.

perth556 സ്വിസ് വനിത ജൂലിയയുെട ഫോട്ടോഷൂട്ട്

സ്വപ്നത്തിനുള്ളിലെ സ്വപ്നം

മൃദുല ലഹരിയിൽ മുഴുകവേ പെട്ടെന്ന് ഒരു ഫർണസിലകപ്പെട്ട പോലെ. ഇതു ചുണ്ണാമ്പു കല്ലുകളുടെ പർവതശിഖ രങ്ങളാണ്. മഴയിൽ ചുണ്ണാമ്പുപാളികൾ രാക്ഷസനെപ്പോലെ ചൂടു പുക വലിക്കുന്നു. വിസ്മയകരമായ കാഴ്ച. ഊരിയെറിഞ്ഞ മേൽവസ്ത്രങ്ങൾ മാറ്റി ഉഷ്ണത്തിനു വിയർപ്പാറ്റാൻ നോക്കുമ്പോൾ വാഹനം മണൽപ്പരപ്പിലാണ്. ശുദ്ധ മരുഭൂമി. അതിരിടുന്ന വെൺമണൽ കൊടുമുടികളിൽ ഓടി ക്കളിക്കാൻ മോഹമായോ?

ആഹ്ലാദം തിമിർപ്പായി മാറാനൊരുങ്ങവേ അതാ ശീതക്കാറ്റിന്റെ ഹുങ്കാരം. വെള്ളമണൽ പെയ്ത്തിൽ കുതിർന്നിറങ്ങി വരവേ രാത്രിയുടെ ആദ്യ യാമമെത്തി. ചക്രവാളത്തിലെങ്ങും അസ്തമന സൂര്യശോഭ. ചുണ്ണാമ്പു ശിൽപങ്ങൾക്കപ്പുറം കടൽനീലിമ. മെഡിറ്ററേനിയൻ സുഖ കാറ്റിന്റെ വ രവായി. മെല്ലെ നടക്കാം.

അജ്ഞാതജീവി ശബ്ദങ്ങൾ വാദ്യം പൊഴിച്ചു നിൽക്കുന്ന വഴിത്താരകളിൽ പെരുമ്പറ കൊള്ളുന്നത് നൂറ്റാണ്ടുകൾക്കപ്പുറമുള്ള ജൈവികത. അഭിവാദ്യം ചെയ്തു കടന്നുപോയയാളുടെ നീണ്ട ദൃഢമായ കവിളുകളിലും കറുത്ത മുടിയിലും തെളിയുന്നത് ആദിമ ഓസ്ട്രേലിയക്കാരന്റെ  ചൂര്. ഇതുപൊലൊരു ശൂന്യതയിലാകും 1788ൽ ആദ്യ ബ്രിട്ടീഷുകാരൻ ഓസ്ട്രേലിയൻ ദ്വീപിലിറങ്ങിയത്.

മിന്നൽ വെളിച്ചം ബൂമറാങ്ങ് പോലെ വന്നു പോകുന്നു.   ആദിമ പിതൃമാതാക്കന്മാർ കൈവശം വച്ച് സന്തോഷിച്ച ഭൂമി. സ്വപ്നം പോലുള്ള ആകാശ വഴികൾ, നക്ഷത്ര പഥങ്ങൾ. കടലിൽ ചേരാൻ കുതിക്കുന്ന സ്വാൻ നദി ഇപ്പോൾ ഒരു നാഗമാണ്. ഉള്ളിലെ അഗ്നിസ്ഫുടമായ മാണിക്യക്കല്ലിന്റെ ശോണിമ പേറി അതിഴയുന്നു.

ഞാനിപ്പോൾ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർതിലാണ്. ഇതു ദ്വീപുകൾക്കുള്ളിലെ ദ്വീപ്. സ്വപ്നത്തിനുള്ളിലെ സ്വപ്നം. യാഥാർഥ്യത്തിനുള്ളിലെ അതീന്ദ്രിയത. യാഥാർഥ്യവും മാന്ത്രികതയും ഒത്തുചേരുന്ന പ്രകൃതിയുടെ സർ റിയലിസ്റ്റിക് നിറ ചഷകമാണ് മുന്നിൽ. ഇവിടെ നിരവധി സംസ്കാരധാരകളും ഭാവനയും രുചിയും കടൽക്കാറ്റും ആകാശഭംഗികളും ഒത്തുചേരുന്നു. അവസരങ്ങളുടെ നാടേ, നിന്റെ ഹൃദ്യ കാഴ്ചകൾക്കായി ഒരു യാത്രികൻ തന്റെ സ്വപ്നയാത്ര തുടരുന്നു.

(ബ്രിട്ടീഷുകാർ ഓസ്ട്രേലിയയിൽ എത്തും മുൻപേ സ്വപ്നസമയം എന്ന പ്രകൃതിദത്തമായ വിശ്വാസമായിരുന്നു ആദിമനിവാസികൾക്ക്. ദൈവമല്ല, ബഹുമാനിക്കേണ്ട പ്രപിതാമഹാന്മാരാ‍ണ് ആകാശം മുതൽ മണ്ണ് വരെ സംരക്ഷിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഭൂതകാലമാണു സത്യമെന്നു കരുതുന്ന ഈ വിശ്വാസത്തിൽ സ്വപ്നത്തിനാണു പ്രാധാന്യം. മനുഷ്യന്റെ സ്വപ്നമാണു നമ്മുടെ ജീവിതമെന്ന് ഇവർ കരുതുന്നു.)

perth2 ചുണ്ണാമ്പ് മരുഭൂമിയില്‍ ലേഖകന്‍ അനില്‍ മംഗലത്ത്.

ഇന്ത്യക്കാരനെ കണ്ട കൗതുകം

സിംഗപ്പൂർ ഷാങ്ഹായ് എയർപോർട്ടില്‍ വിമാനം കയറേണ്ട ടെർമിനലിനു മുന്നിലെത്തിയപ്പോൾ ഒന്നു ശങ്കിച്ചു. ല ഗേജിന്റെ എണ്ണവും ഭാരവും കൂടിയോ? പരിശോധനാ കൗണ്ടറിലോ വിമാനകമ്പനി ഉദ്യോഗസ്ഥർക്കോ അതത്ര വിഷയമല്ലെന്നു പിന്നീടു മനസ്സിലായി. ലഗേജിന്റെ എണ്ണം കൂടുന്തോറും കച്ചവടത്തിന്റെ തോതു കൂടുമെന്നും രാജ്യത്തിനതു ഗുണമാണെന്നും അവർക്കറിയാം. നേരത്തെ ബോർഡിങ്പാസും ടിക്കറ്റും എടുക്കാത്തതു കൊണ്ടാകാം കിട്ടിയത് മൂന്നു സീറ്റുള്ള നിരയിൽ നടുക്കുള്ളത്. കുറച്ചപ്പുറത്തു ജനലരികിൽ ഇരിപ്പിടം കിട്ടിയ സുഹൃത്ത് തന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മറ്റു യാത്രക്കാർ വന്നതോടെ സംഗതി മാറി. എന്റെ ഇടതും വലതും രണ്ടു യുവതരുണികൾ. ഒരാൾ ജപ്പാൻകാരി, കെയ്ക്കോ. മറ്റേയാൾ ബ്രിട്ടീഷ് മട്ടുള്ള ഓസ്ട്രേലിയക്കാരി, ഇസ്‌‌ല. ഇന്ത്യക്കാരനെ കണ്ട കൗതുകവും ഇഷ്ടവും അവര്‍ പങ്കുവയ്ക്കവേ ഹൈദരബാദിയായ സുഹൃത്തിന് അതു സഹിക്കുന്നില്ലെന്നു ബോധ്യമായി. സീറ്റിൽ നിന്നെഴുന്നേറ്റു വന്നു തെലുങ്കിൽ എന്തോ പറഞ്ഞു. സംഗതി കുശുമ്പു കലർന്ന വാക്കുകളെണെന്നു തോന്നിയെങ്കിലും പൂർണമായും മനസ്സിലായില്ല. ‘ഓ... സൂപ്പർ... ഇൻ ബിറ്റ്‍വീൻ. എൻജോയ്’ എന്നു മൊഴി മാറ്റിയപ്പോൾ സുന്ദരിമാര്‍ ചിരി തുടങ്ങി.   

സിംഗപ്പൂരിൽ നിന്നു വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ത ലസ്ഥാനമായ പെർതിലേക്ക് അഞ്ചു മണിക്കൂറാണു വേണ്ടത്. ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയി. ഉണർന്നപ്പോൾ ആയുർവേദത്തിലെ ‘അപബാഹുക’ ചികിത്സയ്ക്കു വിധേയനായതു പോലെ. രണ്ടു തോളിലുമായി തല വച്ച് അന്യഭാഷാ സുന്ദരിമാർ സുഷുപ്തിയിലാണ്ടു. അവരുടെ ഉറക്കം തടസ്സപ്പെടുത്താതെ പതിയെ മുന്നിലെ സ്ക്രീൻ ഓണാക്കി. ഇന്തോനേഷ്യയിലെ സുരബായ്‌യുടെ മുകളിലൂടെ  ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ അരികിലൂടെ നീങ്ങുകയാണിപ്പോൾ. ഒരു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ  ഗാഢനീലിമ. വാലും കോണുമുള്ള സമചതുരകട്ട പോലൊ രു ദ്വീപ്. ക്ഷമിക്കണം ദ്വീപല്ല, ഒരു ഭൂഖണ്ഡം. ലോകത്തെ  ആറാമത്തെ വലിയ രാജ്യം. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിനും തെക്കേ പസഫിക് സമുദ്രത്തിനുമിടയിലെ ലോകത്തെ വലിയ ദ്വീപു തന്നെയാണ് ഓസ്ട്രേലിയയെന്ന് ആകാശ ദൃശ്യങ്ങളിൽ വ്യക്തം. ചുറ്റിനും ടാസ്മാനിയ പോലുള്ള ചെറുദ്വീപുകൾ. പെർതിലേക്ക് ഇനി അധികം ദൂരമില്ലെന്ന് അറിയിപ്പുകൾ വന്നുതുടങ്ങി.

Caversham Wildlife Park, Swan Valley.

പെർത് എന്ന സുഖശീതള നഗരം

വാരാന്ത്യ മന്ദതയിൽ പെർത് എന്ന സുന്ദരനഗരം മയങ്ങി നിൽക്കുന്ന കാഴ്ചയിലേക്കാണു ഞങ്ങൾ ചെന്നത്. വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിന്റെ മധ്യഭാഗത്തു  ലോകോത്തരമായ കിങ്സ് പാർക്കിനും ജലകേളീ തീരമായ എലിസബത്ത് ക്വേയ്ക്കും ഇടയിലായിരുന്നു താമസമെങ്കിലും നിരത്തിലെങ്ങും ആൾപ്പെരുപ്പമോ വാഹന പാച്ചിലോ ഇല്ല. 19 ഡിഗ്രി തണുപ്പിലേക്കു താഴാൻ തുടങ്ങുന്ന തെരുവിലൂടെ നടക്കുമ്പോൾ കണ്ടുമുട്ടിയ തെലുങ്കു നാട്ടുകാരൻ രമേശാണ് പറ‍ഞ്ഞത്. ‘‘ഇവിടെ ശമ്പളം കിട്ടുന്നതു വെള്ളിയാഴ്ചയാണ്. വീക്കെൻഡിൽ ആളുകളെല്ലാം ക്ലബുകളിലോ റിസോർട്ടിലോ ആയിരിക്കും. തിങ്കളാഴ്ച നോക്കിക്കോളൂ, ഇവിടെയെല്ലാം വലിയ വാഹന പാച്ചിലായിരിക്കും.’ നഗരരഹസ്യങ്ങളിലേക്കുള്ള ആദ്യ താക്കോൽ!

പെർതിന് വർഷത്തിൽ ഭൂരിഭാഗവും സുഖാലസ്യത്തിന്റെ മട്ടാണ്. നഗരാതിർത്തിയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ആവേശത്തിന്റെ രാസഗ്രാഫ് ഉയരുമ്പോൾ മാത്രമേ ഈ നഗരം തിമർപ്പണിയൂ. വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒരു സമയം എവിടെയെങ്കിലും മഞ്ഞുകാലവും ചൂടുകാലവും ഉണ്ടാകുമെന്നാണു ചൊല്ല്. ഭാവനയും സംസ്കാരവും രുചിയും സ്വാതന്ത്ര്യവും അധ്വാനവുമെല്ലാം ഒത്തിണങ്ങിയ പുതു നഗരമാണിത്. വിശാലമായ മൈതാനങ്ങൾക്കും പുൽമേടുകൾക്കും ഇടയിലൂടെ കൃത്യമായ പ്ലാനിങ്ങിൽ വിന്യസിക്കപ്പെട്ട വഴിത്താരകൾ ചെന്നു ചേരുന്നത് അംബരചുംബികൾക്കിടയിലാകാം. ടൂറിസ്റ്റുകൾക്കു സൗജന്യമായി യാത്ര ചെയ്യാവുന്ന ബസ്സുകളുണ്ട്. വന്‍തുക മുടക്കിയാല്‍ െെവനും മദ്യവും കിട്ടുന്ന പാര്‍ട്ടി ബസ്സുകളുമുണ്ട്.    

നടന്നു െചന്നതു െപർതിലെ പുതിയ ആകർഷണങ്ങളിലൊന്നായ എലിസബത്ത് ക്വേയിലാണ്.സ്വാൻ നദി കടലില്‍ ചെന്നു ചേരുന്ന സ്ഥലത്തു പുതിയൊരു ഉപനഗരം.  50 നിലകളിലേറെ  വിതാനിച്ചു നിൽക്കുന്ന  ഹോട്ടൽ, താമസ സമുച്ചയങ്ങൾ, കപ്പൽ, ബോട്ട് പോലുള്ള ജലയാന കേന്ദ്രങ്ങൾ, നിശാ ക്ലബുകൾ, പുതിയ പാലങ്ങൾ.

ക്വേയുടെ പാർശ്വങ്ങളിലുടെ നടന്നു കിങ്സ് ബൊട്ടാണിക്കൽ പാർക്കിലെത്തുമ്പോൾ താഴെ സ്വാൻ നദിക്ക് അ ക്കരെ രാത്രി വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ആ യിരം ഏക്കറിൽ പരന്നു കിടക്കുന്ന, മൂവായിരത്തിലേറെ സസ്യ വൈവിധ്യങ്ങളുള്ള ഉദ്യാനമാണിത്. പുൽമേടുകൾക്കിടയിലൂടെ നടന്നാല്‍ വൃത്താകൃതിയിലുള്ള പടവുകൾ ഭംഗി തീർക്കുന്ന  ഒരു ചത്വരത്തിലെത്തും. അവിടെ ലോക മഹായുദ്ധങ്ങളിൽ മരിച്ച വീര ഭടന്മാരുടെ സ്മാരകമുണ്ട്. ആ സ്തൂപത്തിനു മുന്നിലായി മൺചെരാതിലെന്നപോലെ കുറെ വിളക്കുകളും മെഴുകുതിരി ദീപങ്ങളും. സ്വെറ്ററുകളും രാത്രി വസ്ത്രങ്ങളും തിരുപ്പിടിച്ച് തീ കായാനെന്നവണ്ണമിരിക്കുന്ന ആൾക്കൂട്ടത്തിലേക്കു ചെല്ലാമെന്നു കരുതി. പക്ഷേ, കൂടെ വന്ന പരിചയ സമ്പന്നനായ സുഹൃത്ത് പറഞ്ഞു, ‘‘വേണ്ട. ഇവർ ചിലപ്പോൾ പ്രേതാത്മക്കളെ തൃപ്തിപ്പെടുത്താൻ വരുന്ന ആദിമ നിവാസി മന്ത്രവാദികളാകാം. ഓജോ ബോർഡുമായി ആത്മാക്കളെ ആവാഹിക്കാൻ വരുന്ന ചെറുപ്പക്കാരെയും ഇവിടെ കണ്ടിട്ടുണ്ട്.’’

രാത്രി വൈകി കിങ്സ് പാർക്കിൽ നിന്നു മടങ്ങുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. കടൽക്കാറ്റിൽ അണയാതെ അ പ്പോഴും ചില വിളക്കുകൾ കത്തി നിൽക്കുന്നുണ്ട്.

Pinky Beach and Bathurst Lighthouse, Rottnest Island റൊട്ടനെസ്റ്റ് ഐലൻഡ്

വെള്ളമണൽ കോട്ടയിൽ നക്ഷത്രം നോക്കി

മെല്ലെ  ഉണരുന്ന പെർത് നഗരത്തിലൂടെ പ്രഭാതസവാരി കഴിഞ്ഞു വന്നപ്പോൾ വെസ്റ്റേൺ ഓസ്ട്രേലിയൻ  ടൂറിസം ഏർപ്പെടുത്തിയ  ഡ്രൈവറും വാഹനവും റെഡി. ലാൻസെലിൻ എന്നറിയപ്പെടുന്ന വെള്ളമണൽ കോട്ടകളും രാത്രി വൈകി മാത്രം എത്തിച്ചേരാവുന്ന  സെർവന്റിസ് ചുണ്ണാമ്പു മരുഭൂമിയും അതിന്റെ അഗ്രഭാഗത്തെ പിനക്കിൾ മല നിരകളുമാണു ലക്ഷ്യം. നഗരം കഴിയുന്നതോടെ ബെറി തോട്ടങ്ങളും വൈൻയാർഡുകളും പുൽ മൈതാനങ്ങളും കണ്ടു തുടങ്ങി. മേയാൻ വിട്ട ചെമ്മരിയാടിൻ കൂട്ടങ്ങൾ, കുടുംബമേള പോലെ ഒന്നിച്ചു നീങ്ങുന്ന കുതിരകൾ. പല ജാതിയും രൂപ ഭാവങ്ങളുമുള്ള കങ്കാരു പറ്റങ്ങൾ (പൊതുവെ 45 ഇനം കങ്കാരുക്കൾ ഉണ്ടത്രെ. വാലബീസ്, മര കങ്കാരു, എലി കങ്കാരു തുടങ്ങിയ നിരവധി  ഉപജാതികളും.)

കടൽ വരെ പരന്നു കിടക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ പാടം. ഇടയ്ക്ക് സ്വപ്നം ഘനീഭവിച്ചു നിൽക്കുന്നതു പോലെ കുടകല്ലുകൾ, പാറക്കൂട്ടങ്ങൾ, നാനാ രാജ്യക്കാരായ ടൂറിസ്റ്റുകളുടെ ഉല്ലാസ ശബ്ദങ്ങൾ, അഭിവാദ്യങ്ങൾ.

അതിനിടയിലാണു പാറക്കൂട്ടങ്ങൾക്കിടയിൽ  ഒരു കൊച്ചു സുന്ദരിയെ  കാണാനിടയായത്. പാറത്തുമ്പിൽ തന്റെ ഐ ഫോണിന്റെ  ക്യാമറ സെറ്റാക്കി വച്ചു മണൽപ്പരപ്പിലേക്ക് പറന്നു താഴുകയാണവൾ. പക്ഷേ, ചാട്ടം കഴിഞ്ഞ് ഓരോ തവണയും ഫോട്ടോ വന്നു നോക്കും. നിരാശ തന്നെ. ലോകത്തെവിടെയായാലും ദുഃഖിതരുടെ കാര്യത്തിൽ നമ്മൾ ഇടപെടണമല്ലോ. ഹതാശയായ ആ യുവതിയെ പരിചയപ്പെട്ടു. സ്വിറ്റ്സ്വർലണ്ടിൽ നിന്നു വന്ന ജൂലിയ. ഫോൺ സെറ്റിങ്ങുകൾ മാറ്റി ചിരി ചാട്ടങ്ങൾ ഫ്രെയിമിലാക്കി നൽകിയപ്പോൾ ഒാടിയെത്തി ഹസ്തദാനം നൽകിയതൊക്കെ നന്നായി.  ഒന്നൊഴികെ, നന്ദി വാക്കിനൊടുവിലെ ‘അങ്കിൾ’ എന്ന അഭിസംബോധന.

വാഹനങ്ങൾ തെളിച്ച വഴികളിലൂടെ ഭക്ഷണവുമായി ഒരു സംഘം വരുന്നുണ്ട്. ഓസ്ട്രേലിയൻ ആദിമനിവാസികളായ അബോർജിൻസാണ് ഇവിടെ സൽക്കാരമെല്ലാം ഒരുക്കുന്നതും ടൂർ ഗൈഡുകളായി  പ്രവർത്തിക്കുന്നതും. കൗബോയി തലപ്പാവണിഞ്ഞ ആദ്യഗോത്രരുടെ ഇടയിൽ നിന്നപ്പോൾ, ഈ ദ്വീപിൽ ആദ്യമെത്തിയ ബ്രിട്ടീഷുകാർ അന്നു മൂന്നു ലക്ഷത്തോളം വരുന്ന ആദിമനിവാസികളോട് എങ്ങനെയാകും സംവദിച്ചതെന്നാലോചിച്ചു പോയി. ഗ്രാമങ്ങളിൽ നിന്നു കൊണ്ടുവന്ന പലതരം വീഞ്ഞുകൾ, പഴച്ചാറുകൾ, ചെമ്മീനും കടൽവിഭവങ്ങളും നിറഞ്ഞ ചൂടുള്ള വിഭവങ്ങൾ. താഴെ വെൺമണൽ മരുഭൂമിയിലെ ആ സന്ധ്യയിൽ ആകാശം നോക്കി നോക്കി അങ്ങനെ ഇരുന്നു പോയതിന് എത്ര ഡോളർ പ്രതിഫലം നൽകിയാലും മതിയാകില്ല. ആദിമനിവാസികളേ നിങ്ങൾക്കു നന്ദി, നമോവാകം.

റോട്ട്നസ്റ്റ് ദ്വീപിലെ ജയിലറകള്‍

തിങ്കളാഴ്ച നേരം പുലരും മുമ്പേ പെർത് നഗരത്തിന്റെ ഭാ വം മാറാൻ തുടങ്ങി. ചത്വരങ്ങളിൽ ചെറു ട്രാഫിക് ക്യൂ രൂപപ്പെട്ടിരിക്കുന്നു. അവ മുറിച്ചു കടക്കുന്ന ഐടി കമ്പനി ജീവനക്കാര്‍. റോഡ് ഭേദിച്ചു കെട്ടിടങ്ങൾക്കിടയിലൂടെ പോകുന്ന ആകാശപ്പാതകളിലും ഇപ്പോൾ തിരക്കുണ്ട്.

രാവിലെ ഞങ്ങൾക്ക് ഒരു പുതു അതിഥി വന്നു. ക്രിസ്റ്റീന. ഡ്രൈവറാണ്. വഴികാഴ്ചകളും കാണാൻ പോകുന്ന വിശേഷങ്ങളുമെല്ലാം അവര്‍ മൃദു ശബ്ദത്തിൽ വിവരിച്ചു. ഇംഗ്ലണ്ടിൽ നിന്നു വർഷങ്ങൾക്കു മുമ്പേ കുടിയേറിയതാണ്  ക്രിസ്റ്റീനയും ഭർത്താവ് റോജറും. തലേന്നു ഡ്രൈവറായി വന്നതു റോജറാണ്.  

ഇന്ന് യാത്ര പടിഞ്ഞാറൻ തുറുമുഖ നഗരമായ ഫെർമാന്റിലേക്കാണ്. സ്വാൻ നദീ തീരത്തെ തുറമുഖം കണ്ടിട്ട് 19 കിലോമീറ്റർ കടൽയാത്ര ചെയ്ത് റോട്ട്നസ്റ്റ് ദ്വീപിൽ ചെല്ലണം. ദ്വീപിൽ ചൂടു കുറച്ചു കൂടുതലാണ്. എങ്കിലും സ്വെറ്റര്‍ മാറ്റേണ്ടന്നു ക്രിസ്റ്റീന പറഞ്ഞു.  കാരണം എപ്പോഴും തണുത്ത കാറ്റും മഞ്ഞും വരാം. പതിനൊന്നു കിലോമീറ്ററോളം നീളവും മൂന്നു കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് ഒരു കാലത്തു ബ്രിട്ടീഷുകാരുടെ ജയിലറകളും പട്ടാള ബാരക്കുമായിരുന്നു. ഇന്നിതു സമ്പൂർണമായൊരു ടൂറിസ്റ്റ് സ്വർഗമാണെന്നു പറയാം.

കടൽമീനുകളും ഞണ്ടും നിറയുന്ന തീൻശാലകളിൽ വീഞ്ഞും മദ്യവും കോളയുമെല്ലാം സുലഭം. ലോകത്തെ ഏറ്റവും സന്തോഷമുള്ള  മൃഗത്തെയും ഇവിടെ ധാരാളം കണ്ടുമുട്ടാം, ക്വോക്കേഴ്സ്.  സൗമ്യനായ കാട്ടുപൂച്ചയെന്നു പറയാവുന്ന ഈ കൊച്ചൻ ജീവി നമ്മുടെയെല്ലാം അടുത്തെത്തും, മണപ്പിച്ചു നടക്കും. അന്യം നിന്നു പോകുന്ന ജീവികളുടെ പട്ടികയിലാണ്  ടിയാന്റെ സ്ഥാനമിപ്പോൾ.

2164279003 ബസ്സൽറ്റൺ ജെട്ടിയിലൂടെയുള്ള ട്രെയിൻ സർവീസ്...

ബസൽട്ടൺ ജെട്ടിയിലെ ട്രെയിന്‍

പെർത് നഗരത്തിന്റെ വടക്കും പടിഞ്ഞാറുമായി നടത്തിയ യാത്രകൾ കഴിഞ്ഞ് തെക്കൻ ഭാഗങ്ങളിലെ ബേൺബറി, ബസൽട്ടൺ ഭാഗത്തേക്കു പോകാനാണു പദ്ധതി. വെറും 250  വർഷത്തിനടുത്തു മാത്രമുള്ള നാഗരിക ജീവിതമേയുള്ളു ഓസ്ട്രേലിയയ്ക്ക്.  അതിനാൽ ഇവിടെ ഏതും എന്തും കാഴ്ചവസ്തുവാണ്.  പൂമ്പാറ്റകളും പുൽമൈതാനങ്ങളും പശുക്കൂട്ടവും  കായലിലെ താറാവിൻ പറ്റങ്ങളുമൊക്കെ ടൂറിസം കാഴ്ചയായി മാറ്റിയിട്ടുണ്ട്.

ലോകപ്രശസ്തമായ  ബസൾട്ടൺ ജെട്ടിയിലേക്കാണ് അടുത്ത യാത്ര. ഇംഗ്ലീഷ് സിനിമകളിൽ ധാരാളം വന്നു പോയിട്ടുള്ള, കടലിനു നടുവിലേക്കുള്ള ട്രെയിൻ യാത്രയും സ മുദ്ര നിരീക്ഷണ കേന്ദ്രവുമൊക്കെ  ഒരുപാട് മോഹിപ്പിച്ചിട്ടുള്ളതാണ്. കേട്ടതിനേക്കാൾ ഗംഭീരമായിരുന്നു കണ്ടത്. പുൽമൈതാനങ്ങൾ അതിരിടുന്ന പാർക്കിൽ നിന്നിറങ്ങിയപ്പോൾ നേരെ മുന്നിൽ  അത്യാധുനികമായ ഒരു തടി ഡിപ്പോ. ഒന്നര നൂറ്റാണ്ട്  പഴക്കമുണ്ടെങ്കിലും ആധുനികവൽക്കിച്ചിരിക്കുന്ന ടൂറിസം സ്പോട്ടാണിത്. ഡിപ്പോ ജെട്ടിയിൽ നിന്നു ഡോൾഫിനുകൾ മേളിക്കുന്ന കടലിനു മുകളിലൂടെ പാലത്തിൽ നീങ്ങുന്ന ൈവദ്യുതതീവണ്ടി. രണ്ടു കിലോമീറ്ററോളം പോയതറിഞ്ഞില്ല. ഇടയ്ക്കു സ്റ്റോപ്പുകളും വിശ്രമകേന്ദ്രങ്ങളുമുള്ളതിനാൽ നടന്നു നീങ്ങുന്നവരും ധാരാളം. ട്രെയിൻ അവസാനിക്കുന്നത് ഒരു ഷോപ്പിങ് കേന്ദ്രത്തിലാണ്. ഹോട്ടലുകളുമുണ്ട്. അവിടെ നിന്ന് ഒന്‍പതു മീറ്ററോളം നമുക്കു കടലിനുള്ളിലേക്കു താഴോട്ടിറങ്ങാം.   

ബസൽട്ടൺജെട്ടി കഴിഞ്ഞു ദക്ഷിണ ഭാഗങ്ങളിലെ കട ൽ സൗന്ദര്യം കാണേണ്ടതു തന്നെ. ലൂവിൻ നാഷനൽ പാർക്കും കടൽതീരം വഴിയുള്ള കേപ് ട്രാക്കുമൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. വഴിയരികിലുള്ള എന്തും ടൂറിസ്റ്റ് ആകർഷമാക്കാനുള്ള അവരുടെ ബുദ്ധിയെ നമിച്ചുകൊണ്ടു യാത്ര തുടരാം. ബെറി തോട്ടങ്ങൾ, ബെറി കച്ചവട കേന്ദ്രങ്ങൾ, ഗ്ലാസ്ഫാക്ടറികൾ, ചുണ്ണാമ്പുഖനികൾ, വൈൻ യാർഡുകൾ തുടങ്ങി എവിടെയും ടൂറിസ്റ്റ് സൗകര്യങ്ങളുണ്ട്. മാർഗരട്ട് റിവർ എന്ന നദീതടങ്ങൾ ആ പേരിൽ തന്നെ വലിയൊരു  അങ്ങാടിയും ജല നൗകാ കേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ‘ക്യാമറയും തൊപ്പിയുമായി വരൂ, ബാക്കിയെല്ലാം ഞങ്ങൾ നൽകാം’ എന്നു പരസ്യം ചെയ്യുന്ന ടൂർ കമ്പനികൾ.  

അത്തരമൊരു പരസ്യത്തിന്റെ  അകമ്പടി പിടിച്ചാണ് ഞങ്ങൾ ലൂവിൻ വൈനറി എസ്റ്റേറ്റിൽ ചെല്ലുന്നത്. നൂറിലേറെ ഏക്കറുകളില്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റും വീഞ്ഞു നിർമാണ കേന്ദ്രങ്ങളും.  പഞ്ചനക്ഷത്ര സൗകര്യമുള്ള പാർപ്പിട ഹോട്ടൽ സമുച്ചയങ്ങൾ, ഭക്ഷണശാലകൾ, പുൽത്തകിടികളിൽ മിന്നിമറയുന്ന കങ്കാരു കൂട്ടങ്ങളെ ക ണ്ട് ഉള്ളിലേക്കു പോകാം. ഒരു സീസണിൽ അറുപതിനായിരത്തിലേറെ വീപ്പ വീഞ്ഞ് നിർമിക്കുന്ന കേന്ദ്രമാണിത്.

വീഞ്ഞ് അടിസ്ഥാന പ്രമേയമായി  വരുന്ന ആർട് ഗ്യാലറികളും സംഗീതശാലകളും വീഞ്ഞിന്റെ തത്വശാസ്ത്രം  ഉദ്ഘോഷിക്കുന്ന ഗ്രന്ഥശാലകളും കണ്ടു കഴിഞ്ഞ് ഭക്ഷണശാലയിലെത്താം. ലോകത്തെ ഏറ്റവും മികച്ച വീഞ്ഞിനുള്ള നിരവധി അവാർഡുകൾ വാങ്ങിയ ഇവിടുത്തെ ‘ഫൂഡ്ൈവൻ ഫെസ്റ്റ്’ ലോകമെങ്ങുമുള്ള ആരാധകരെ ആകർഷിക്കുന്നു. വൈൻ സംഗീതം സിംഫണി മുഴക്കുന്ന ഭക്ഷണശാലയിൽ  ഓരോ ടേബിളിലും അഞ്ചുതരം വീഞ്ഞും ആറാമതായി സിങ്കിൾ മാൾട്ട് ടൈഗർ സ്നേക്ക് വിസ്കിയും ചെറു ചഷകങ്ങളിൽ കുളിർന്നിരിപ്പുണ്ടാകും. പിന്നെ ഒരു പഠന ക്ലാസാണ്.  ഓരോ വീഞ്ഞും എങ്ങനെ മണക്കണം, നുണയണം, രുചിക്കണം തുടങ്ങി അതിലെ ഉള്ളടക്കവും ഗുണദോഷങ്ങളുമെല്ലാം വിശദമാക്കുന്നുണ്ട്. ആദ്യ ഗ്ലാസ് മെല്ലെ നാവിൻ തുമ്പിൽ നുകര്‍ന്നു തുടങ്ങാം.

മണത്തു നോക്കി വീഞ്ഞിൽ ചേർത്തതെന്തെന്നു കൃത്യമായി പറഞ്ഞാൽ വലിയ കൈയടി മുഴങ്ങും. വൈൻ ഓരോന്നും നുകർന്നിരിക്കവേ ഒരു സംശയം, എന്റെ മുന്നിൽ ഗ്ലാസുകൾ കൂടിയോ? വൈൻ പഥ്യമല്ലാത്ത സുഹൃത്തുക്കൾ അവരുടെ പങ്കു കൂടി എനിക്കു നീക്കിവച്ചതാണ്. നേർത്ത ലഹരി മഞ്ഞു പോലെയാണ്. വനശിഖരങ്ങളിൽ മൂടൽമ ഞ്ഞ് കിനിഞ്ഞിറങ്ങുന്നതു പോലെ അത് ആത്മാവിലേക്കു മെല്ലെ ഒഴുകി നീങ്ങി. ഒരു ചെറു സ്വപ്നം പോലെ.

പെർത് ഏതു രാജ്യത്താണെന്നറിയാത്തവർ പോലും പെർത് സ്റ്റേഡിയത്തെക്കുറിച്ചു കേട്ടിരിക്കും. ക്രിക്കറ്റ് ത ന്നെ കാരണം. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന അ ഞ്ചോളം സ്റ്റേഡിയങ്ങള്‍  ഈ നഗരത്തിലുണ്ടെങ്കിലും ഏറ്റവും വമ്പൻ പെർത് സ്റ്റേഡിയം എന്നറിയപ്പെടുന്ന ഒപ്റ്റസ് സ്റ്റേഡിയ മൈതാനമാണ്. പലതരം കളിസ്ഥലങ്ങൾ, ഭക്ഷണശാലകൾ, ചിത്രകലാവേദികൾ, വ്യായാമ കേന്ദ്രങ്ങൾ, സ്റ്റാളുകൾ എന്നവയെല്ലാമുള്ള മികച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

പെർത് നഗരത്തിൽ നിന്നു വിട പറയേണ്ട രാത്രി.  ഒരു വാരാന്ത്യത്തിന്റെ തുടക്കത്തിലാണ് ഇവിടെ എത്തിയത്. മറ്റൊരു വെള്ളിയാഴ്ച രാത്രിയുടെ അന്ത്യയാമമാണിത്.  രാത്രി ജീവിതത്തിനു പേരുകേട്ട നോർത് ബ്രിഡ്ജ് ഭാഗത്തെ ഹോട്ടലിൽ നിന്നിറങ്ങി തെരുവിലെത്തുമ്പോൾ യൗവനാരവങ്ങൾ നിലച്ചിട്ടില്ല. എതിർഭാഗത്തെ നിശാക്ലബി ൽ നിന്നിറങ്ങി വരുന്ന മിഥുനങ്ങൾ. ചിലർ അകത്തേക്കു പോകുന്നു.

പെട്ടെന്നതാ പരിചിതമായ ചില ശബ്ദമിശ്രിതങ്ങൾ; ഒച്ചയുടെ തുണ്ടുകൾ. അർധരാത്രി കഴിയും നേരം ഇതുപോലൊരു അന്യനഗരത്തിൽ അസമയത്ത്  അതെ നമ്മുടെ മലയാളി കുട്ടികളുടെ ഒരു കൂട്ടമാണത്. ഉല്ലാസ പൂരത്തിനു ശേഷം ആഹ്ലാദമേളങ്ങളോെട അവര്‍ മടങ്ങുകയാണ്. അവര്‍ കയറിയ ടാക്സിയില്‍ നിന്ന് ഒരു മലയാളം പാട്ട് ഉയരുന്നു.

TRAVEL INFO

ഒാസ്ട്രേലിയ വൻകരയിലെ ഏറ്റവും വലിയരാജ്യമാണ് വെസ്േറ്റൺ ഒാസ്ട്രേലിയ. മികച്ച വാണിജ്യകേന്ദ്രം കൂടിയായ പെർത് ആണ് തലസ്ഥാനം. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയും അത്ര തിരക്കില്ലാത്ത നഗരജീവിതവും കുറഞ്ഞ ജീവിതചെലവും ഈ നഗരത്തെ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.  

മികച്ച കടലോര ജീവിതത്തിനും വൈനുകൾക്കുംസാഹസിക വിനോദങ്ങൾക്കും പ്രശസ്തമായ ഈ രാജ്യത്തെ പവിഴപ്പുറ്റുകളും ചെറുവനങ്ങളും യുനെസ്കോ പൈതൃകപട്ടികയിലുണ്ട്. ലോകത്തെ എല്ലാത്തരം ഭക്ഷണങ്ങളും എവിടെയും ലഭ്യം, പ്രത്യേകിച്ചും ഇറ്റാലിയൻ, ജാപ്പനീസ് വിഭവങ്ങൾ.

ഒരു ഒാസ്ട്രേലിയൻ ഡോളറിന് 55.75 രൂപയാണു നിരക്ക്. ഈസ്റ്റ്പെർത് ഭാഗങ്ങളിൽ മലയാളികളും സംഘടനകളും സജീവം. ഒാസ്ട്രേലിയൻ ടൂറിസം വീസ ലഭിക്കാന്‍ യാത്രയ്ക്ക് 20 ദിവസം മുൻപെങ്കിലും അപേക്ഷിക്കണം. ഹെൽത് ഇൻഷുറൻസും നിർബന്ധം. ഒാസ്ട്രേലിയൻ വീസ ഉള്ളവർക്ക് സിംഗപ്പൂർ ഷാങ്ഹായി എയർപോർട്ടിൽ നിന്നു പുറത്തേക്കു പോകാനുള്ള ട്രാൻസിറ്റ് സൗകര്യം നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

www.westernaustralia.com

arjunmukundd@westernaustralia.com