Wednesday 08 January 2020 03:22 PM IST

കാലത്തെ വെല്ലുന്ന ശിൽപ വിസ്മയങ്ങൾ; ബദാമി കോട്ട മുഴുവനായും ചുറ്റിക്കാണാൻ ഒരു പകൽ വേണം!

Baiju Govind

Sub Editor Manorama Traveller

shutterstock_346088855 ഫോട്ടോ: ഹരികൃഷ്ണൻ

ബീജാപ്പൂരിൽ നിന്നു റോണയിലേക്കുള്ള റോഡിന്റെ ഇരുവശത്തും ഉള്ളിയാണു കൃഷി. പച്ചനിറമുള്ള ചന്ദനത്തിരി കുത്തിനിറുത്തിയ പോലെ ഉള്ളിച്ചെടി നിറഞ്ഞ പാടങ്ങൾ. വണ്ടിയുടെ വിൻഡോ ഗ്ലാസിനുള്ളിലേക്ക് ഇരച്ചു കയറിയ കാറ്റിന് ചെമ്മണ്ണിന്റെ ഗന്ധം. ദേശീയ പാതയിൽ നിന്നു വഴി തിരി‍ഞ്ഞ് വാകമരങ്ങൾ തണൽ വിരിച്ച നാട്ടുപാതയിലേക്കു കടന്നു. എൺപതുകളിലെ ക്ലാസിക് മലയാളം സിനിമയ്ക്ക് വീണ്ടും സെറ്റിട്ട പോലൊരു പട്ടണം.

മൂക്കുത്തിയും കമ്മലുമുള്ള പെണ്ണുങ്ങൾ. പാളത്താറും തൊപ്പിയുമണിഞ്ഞ് ആണുങ്ങൾ. ലഡുവും ജിലേബിയും നി രത്തി വച്ച് കച്ചവടക്കാർ. ചിന്തുകട, ചാന്തുകട... വില പേശുന്ന ഗ്രാമീണരുടെ തിരക്കിനെ മറികടന്ന് വലിയൊരു മലയുടെ മു ന്നിലെത്തി. ഉറക്കത്തിൽ നിന്നു സ്വപ്നത്തിലേക്കു കൈപിടിച്ചു നടത്തിയതാണോ, പുരാണകഥയിലേക്ക് ഇറങ്ങിച്ചെന്നതാണോ എന്നു തിരിച്ചറിയാൻ പിന്നെയും കുറച്ചു നേരം വേണ്ടി വന്നു. കഥകളിൽ കേട്ട രാവണന്റെ കോട്ടയെ ഓർമിപ്പിക്കും വിധം സ്വപ്നലോകം മുന്നിൽ.

വലിയ തടാകവും പാറക്കൂട്ടത്തിനു മുകളിലെ ആകാശക്കോട്ടയും കണ്ണിലൊതുങ്ങാൻ നിന്ന നിൽപ്പിൽ വട്ടം തിരിയേണ്ടി വന്നു. ബദാമി എന്നതു വെറുമൊരു പേരല്ല, 1400 വർഷം പഴക്കമുള്ള ഒരു സാമ്രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. ആറാം നൂറ്റാണ്ടിൽ ചാലൂക്യരാജാവായ പുലികേശി രണ്ടാമന്റെ കാലത്തായിരുന്നു കോട്ടയുടെ നിർമാണം. കർണാടകയിലെ ബദാമികോട്ടയുടെ പ്രതാപം പാതയിൽ നിന്നേ തുടങ്ങുന്നു.

മാർബിളിനെ തോൽപിക്കും വിധം മിനുക്കിയെടുത്ത ചെങ്ക ല്ലുകൾ പതിച്ച പാത. നൂറടിയിലേറെ ഉയരമുള്ള പാറയാണ് ഇരുവശത്തും. മല പോലെ ഉയർന്നു നിൽക്കുന്ന പാറയുടെ നിഴൽ വീണ വഴിയിൽ വെയിലിന്റെ കനമറിയില്ല. മാത്രമല്ല, ബദാമിയെ ചുറ്റി വരുന്ന കാറ്റിന് കോട്ടയ്ക്കു മുകളിൽ തണുപ്പാണ്. കന്ന‍ഡ, തെലുങ്ക്, തമിഴ് സിനിമാ സംവിധായകർ നിരവധി തവണ ക്യാമറയിൽ പകർത്തിയെങ്കിലും മലയാള സിനിമാ പ്രവർത്തകർ പലരും തിരിച്ചറിഞ്ഞിട്ടില്ല ബദാമിയുടെ ഗാംഭീര്യം. അതുകൊണ്ടാണ്  മലയാള സിനിമയിൽ ചാലൂക്യരുടെ കോട്ടകൊത്തളങ്ങൾ പതിയാതിരുന്നത്.

എഴുതിവയ്ക്കപ്പെട്ട ചരിത്രത്തിൽ ചാലൂക്യന്മാരെക്കുറിച്ചു വായിച്ചെടുക്കാൻ ഏറെ അധ്യായങ്ങളില്ല. ചാലൂക്യന്മാർ അവശേഷിപ്പിച്ച കോട്ടയിൽ എഴുതപ്പെടാതെ പോയ ചരിത്രത്തിനു ജീവൻ തുടിക്കുന്നു. കോട്ടയുടെ മുകളിലേക്കുള്ള ക ൽപാതയിൽ നിലവറകൾ ഏറെ. അതിക്രമിച്ചു കടക്കുന്നവരെ അടച്ചിടാനുള്ള കാരാഗൃഹങ്ങൾക്കു നടുവിലൂടെയാണ് മുകളിലേക്കുള്ള വഴി.

4_C3R1110

ഗുഹാക്ഷേത്രം പോലൊരു കോട്ട

അൻപതടി പൊക്കമുള്ള രണ്ടു കോട്ടകളും അവയ്ക്കു നടുവിൽ സമൃദ്ധമായി വെള്ളം നിറഞ്ഞു നിൽക്കുന്ന തടാകവും ബദാമിയെ ചുമർചിത്രം പോലെ മനോഹരമാക്കുന്നു. ഗുഹാക്ഷേത്രങ്ങൾ ചേർത്ത് ചാലൂക്യന്മാർ കെട്ടിപ്പൊക്കിയ കോട്ട അപൂർവ സൃഷ്ടിയാണ്. ഇവിടെയുള്ള ഓരോ മണൽത്തരിയിലും അധികാരത്തിന്റെയും പകപോക്കലിന്റെയും മുറിപ്പാടുകളുണ്ട്. ഭക്തിയുടെ ആനന്ദ നിമിഷങ്ങളുണ്ട്. വാച്ച് ടവർ, തുരങ്കങ്ങൾ, കാരാഗൃഹം, അന്തപ്പുരം, കൊട്ടാരം, ക്ഷേത്രങ്ങൾ എന്നിവയാണ് കോട്ടയ്ക്കുള്ളിലെ കാഴ്ച. ഇതെല്ലാം നടന്നു കാണാൻ ര ണ്ടു മണിക്കൂർ വേണം.

വലിയ പാറ തുരന്ന് ചെങ്കല്ലിനെ കഷണങ്ങളാക്കിയാണ് മുറികളും ഇടനാഴിയും നിർമിച്ചിരിക്കുന്നത്. പത്തടി ഉയരത്തി ൽ കൊത്തിയെടുത്ത ഗുഹയ്ക്കു താങ്ങായി കരിങ്കൽത്തൂണു കൾ നാട്ടിയിട്ടുണ്ട്. രാജാവിനും പരിവാരങ്ങൾക്കും ആരാധനയ്ക്കുള്ള മണ്ഡപമാക്കി മാറ്റിയ ഗുഹകൾക്കുള്ളിൽ അവർ ശ്രീ കോവിൽ നിർമിച്ചു. ശിവനെയും വിഷ്ണുവിനെയും ബു ദ്ധനേയും പ്രതിഷ്ഠിച്ചു.

മുപ്പത്തിമുക്കോടി ദേവന്മാരുടെ കാരുണ്യം നേടാൻ തൂണിലും തുമ്പത്തും ബാഹുബലി വരെയുള്ള അതിമാനുഷ രുടെ പ്രതിമ സ്ഥാപിച്ചു. ‘ഡ്രില്ലിങ് മെഷീൻ’ പോലുമില്ലാ ത്ത കാലത്താണ് നൂറടിയിലേറെ ഉയരമുള്ള കല്ലിന്റെ മധ്യ ഭാഗത്തു തുളയിട്ട് ചാലൂക്യന്മാർ വിശാലമായ ക്ഷേത്രം നിർ മിച്ചത്.

ചാലൂക്യരിലെ ശിൽപികൾ ‘ബാഹുബലി’യെപ്പോലെ അ മാനുഷിക ശക്തിയുള്ളവരാണെന്നു കരുതുന്നതിൽ തെറ്റില്ല. സാങ്കേതിക വിദ്യകൾ എത്രയോ മെച്ചപ്പെട്ടിട്ടും ബദാമിയിലെ ശിലാശിൽപങ്ങളെ അനുകരിക്കാൻപോലും പിന്നിടൊരു ശിൽപിക്കും സാധിച്ചില്ല. നാല് ശിലാക്ഷേത്രങ്ങളാണു ബദാമിയിലു ള്ളത്. ചെങ്കൽപാറ തുരന്നെടുത്തുണ്ടാക്കിയ ഗുഹകളാണ് ഇവയെല്ലാം.

5_C3R1130

നന്ദികേശ്വരൻ

നീരാട്ടു കഴിഞ്ഞിറങ്ങുന്ന രാജാവിനും അന്തപ്പുരത്തിലെ സ്ത്രീകൾക്കും തൊഴുതു പ്രാർഥിക്കാൻ നിർമിച്ചതാണ് നന്ദികേശ്വര ക്ഷേത്രം. കരിങ്കല്ലുകൾ കോർത്തുണ്ടാക്കിയ നിർമാണരീതി ആരെയും ആശ്ചര്യപ്പെടുത്തും. വിശാലമായ നടുത്തളത്തിനു മധ്യത്തിൽ ഇതളുകളോടുകൂടിയ പൂവിന്റെ രൂപം കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ഒഴിഞ്ഞ പീഠമാണ് അകത്തളത്തിനു സമീപത്തെ ശ്രീകോവിലിൽ അവശേഷിക്കുന്നത്. ‘ബ്രഹ്മ’ എന്ന സങ്കൽപം ശിലാലിഖിതങ്ങളായി ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണങ്ങൾ പലതിനെയും അതിജീവിച്ച പുരാതന ക്ഷേത്രത്തിൽ വിഗ്രഹം നഷ്ടപ്പെട്ടു.  നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിന്റെ ജോലിക്കാർ രാവും പകലും കാവലിരിക്കുന്നു. തൂത്തുവാരി, തുടച്ചു വൃത്തിയാക്കുന്നതിനാൽ ഗുഹാക്ഷേത്രങ്ങൾക്കു തിളക്കം കൂടിയിട്ടുണ്ട്.

ശിവാലയം

ചൈനയുടെ വൻമതിൽ പോലെ ചാലൂക്യന്മാരും വലിയൊരു മതിൽ ബങ്കൽകോട്ട ജില്ലയുടെ വടക്കു പടിഞ്ഞാറുള്ള കുന്നിനു മുകളിൽ നീട്ടിക്കെട്ടിയിട്ടുണ്ട്. രണ്ടു കോട്ടകളിൽ തെക്കു ഭാഗം മുഴുവൻ ക്ഷേത്രങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.

‘ശിവാലയങ്ങൾ’ എന്നാണ് ഈ ക്ഷേത്രങ്ങളുടെ വിശേ ഷണം. മുകളിലെ ആലയം വിഷ്ണുവിന്, താഴത്തേത് ഗണ പതിക്ക്. രാജഭരണത്തിന്റെ സുവർണകാലത്ത് ‘വാതാപി ഗ ണപതിയുടെ വിഗ്രഹം’ നിലനിന്നത് ഇവിടെയാണ്. ‘വാതാപി ഗണപതിം ഭജേ’ എന്ന കീർത്തനം ചിട്ടപ്പെട്ടത് വിഘ്നേശ്വരന്റെ ഈ സവിധത്തിൽ നിന്നാണെന്നു വിശ്വാസം. സംഗീതം പരിശീലിക്കുന്നവരും പാടിപ്പതിഞ്ഞവരും ‘വാതാപി’ കീർത്തനത്തിന്റെ ‘ജന്മഗേ ഹ’ത്തിൽ എത്താറുണ്ട്.

3_C3R0839

അഗസ്തീശ്വര തീർഥം

വരണ്ടു കിടന്ന കർണാടകയുടെ മണ്ണിൽ കോട്ട കെട്ടുന്നതിനു മുൻപ് ചാലൂക്യന്മാർ കുളം നിർമിച്ചു. അഗസ്തീശ്വര തീർഥമെന്നാണു കുളത്തിന്റെ പേര്. തെക്കും വടക്കുമായി നിലകൊള്ളുന്ന കോട്ടയുടെ മുറ്റം പോലെ അഗസ്തീശ്വര തീർഥം.

ബദാമിയിലെ മൊത്തം ജനങ്ങൾക്കു കുടിവെള്ളം എത്തിക്കാവുന്നത്ര സമൃദ്ധമാണ് ഇന്നും അഗസ്തീശ്വര തീർഥം. കൽപടവുകളും രാജമണ്ഡപവും ഗോപുരവുമുള്ള തീർഥക്കുള മാണു ബദാമിയുടെ ഐശ്വര്യം. ആനപ്പുറത്ത് എഴുന്നള്ളിയ രാജാക്കന്മാരുടെ ബദാമി ഒരിക്കലും വെള്ളത്തിനു ബുദ്ധിമുട്ടിയില്ല. വിഷ്ണുക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ നിന്നാൽ അഗസ്തീശ്വര ക്ഷേത്രവും വടക്കേ കോട്ടയും മനോഹരമായി ക്യാമറയിൽ പകർത്താം.

വടക്കേ കോട്ട

യുദ്ധവും പകപോക്കലുകളുമാണു ബദാമിയുടെ ചരിത്രം. ഊ ണിലും ഉറക്കത്തിലും ചാലൂക്യ രാജാക്കന്മാർ ആക്രമണത്തെ ഭയന്നു. കോട്ടയ്ക്കു ചുറ്റും അവർ നിരീക്ഷണ മണ്ഡപങ്ങൾ നിർമിച്ചു. മുക്കിലും മൂലയിലും നൂറു കണക്കിനു പടയാളികളെ  കാവൽ നിർത്തി. ഗുഹാരൂപത്തിലുള്ള ഇടനാഴികളിലൂടെ പുറത്തു നിന്ന് ഒരാൾക്ക് പെട്ടെന്നു കയറിച്ചെല്ലാൻ കഴിയില്ല. അതേസമയം കാവൽക്കാർക്ക് എതിരാളിയെ എളുപ്പത്തിൽ  കീഴടക്കാനും കഴിയും. ആക്രമണത്തിനു വരുന്നവർ കോട്ടയുടെ മുകളിലേക്കു പാഞ്ഞു കയറാതിരിക്കാൻ ചാലൂക്യൻമാർ കണ്ടെത്തിയ കുരുക്കാണ് ഇടുങ്ങിയ ഗോവണി. കോട്ടയുടെ മുകളിലെത്താൻ ഉദ്ദേശം ഇരുപത്തഞ്ചു മീറ്റർ ദൂരം പാറയിടുക്കിലൂടെ ചെരിഞ്ഞു നടക്കണം.

1_C3R0798

മഹാവിഷ്ണു ക്ഷേത്രങ്ങൾ

കരിങ്കല്ലിൽ കഥയെഴുതിയ കരുത്തരായിരുന്നു ചാലൂക്യന്മാർ. പുല്ല് കിളിർക്കാത്ത ചെങ്കല്ലിലാണ് കൃഷ്ണാവതാരത്തിന്റെ ഭാവഭേദം കൊത്തിയെടുത്തതെന്ന് ഓർക്കണം. പരമശിവനും മഹാവിഷ്ണുവുമായിരുന്നു പ്രധാന ആരാധനാ മൂർത്തികൾ. മഹാവിഷ്ണുവിന്റെ ശിൽപങ്ങൾ കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ ക്ഷേത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്.

ത്രിവിക്രമനും വരാഹവും നരസിംഹവും ശിൽപ രൂപികളാ യി അവതരിച്ചു. ദ്വാരപാലക വിഗ്രഹങ്ങളുടെ കയ്യിൽ ആയുധത്തിനു പകരം പൂക്കൾ! ഗോപികമാരോടൊപ്പം നിൽക്കുന്ന കൃഷ്ണനിൽ തുടങ്ങുന്നു മറ്റു വിഷ്ണു പ്രതിമകൾ. കൃഷ്ണന്റെ ജനനവും ഗോക്കളെ മേയ്ച് കണ്ണൻ അമ്പാടിയിൽ കഴിഞ്ഞതും ചെറിയ പ്രതിമകളായി ചുമരുകളിൽ തെളിഞ്ഞു നിൽക്കുന്നു. രണ്ടാമത്തെ ക്ഷേത്രത്തിൽ നിന്നു മു കളിലേക്കു കയറുന്നിടത്ത് ചെറിയ വഴിയുണ്ട് – സ്വർഗകവാടം. അപകട സാധ്യത കണക്കിലെടുത്ത് ഇത് അടച്ചിട്ടിരിക്കുകയാണ്.

പട്ടടക്കൽ

പട്ടടക്കലിൽ വച്ചു തീരുമാനിക്കുന്നതെല്ലാം വിജയമെന്ന് ബങ്കൽകോട്ടുകാർ വിശ്വസിക്കുന്നു. മംഗള കർമങ്ങൾക്കു വേദിയായി ചാലൂക്യൻമാർ ‘മലപ്രഭ നദി’യുടെ തീരത്ത് നിർമിച്ച ക്ഷേത്ര സമുച്ചയമാണു പട്ടടക്കൽ. ചാലൂക്യ രാ ജാക്കന്മാർ കിരീടധാരണം നടത്തിയിരുന്നത് പട്ടടക്കല്ലിലെ ക്ഷേത്രമണ്ഡപത്തിൽ വച്ചായിരുന്നു.

ചാലൂക്യന്മാർ ആരാധനയ്ക്കായി പ്രതിഷ്ഠിച്ച ശിവലിംഗങ്ങളിലും വിഗ്രഹങ്ങളിലും ഇപ്പോഴും പൂജ നടത്തുന്നുണ്ട്. തിരിയിട്ട എണ്ണവിളക്കുകളുടെ വെളിച്ചത്തിൽ കൽത്തൂണുകളിലെ പ്രതിമകൾ പുഞ്ചിരിക്കുന്നത് ആശ്ചര്യകരമായ കാഴ്ചയാണ്. കിരീടധാരണത്തിനെത്തിയ രാജാക്കന്മാർക്കു വേണ്ടി താളമിട്ട പെരുമ്പറകളുടെ മുഴക്കം ഈ ശ്രീലകങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്.

6-C3R1334

ബദാമിയുടെ സുവർണ കാലം

എഡി 610. ‘വാതാപി ബദാമി’യുടെ സുവർണകാലം. പു ലികേശി രണ്ടാമനായിരുന്നു രാജാവ്. കദംബരെയും ബനവശികളേയും കീഴടക്കിയ പുലികേശി സ്വപ്നതുല്യമായ കോട്ട നിർമിച്ചു. രണ്ട് കുന്നുകൾക്കു മുകളിൽ വടക്കും തെക്കുമായി പാറക്കെട്ടുകളിലാണ് കോട്ട പണിതത്. ചെങ്കൽപ്പാറയ്ക്കുള്ളി ലെ കോട്ടയിലിരുന്ന് രാജ്യം ഭരിക്കാനൊരുമ്പെട്ട പുലികേശിക്ക് 32 വർഷമേ കിരീടഭാഗ്യമുണ്ടായുള്ളൂ. ആനപ്പടയും കാലാൾപ്പടയും ഉണ്ടായിട്ടും തമിഴ്നാട്ടിൽ നിന്നു പടനയിച്ചെത്തിയ    പല്ലവരാജാക്കന്മാർ 642ൽ പുലികേശിയെ വധിച്ച് കോട്ട പിടിച്ചടക്കി.

 പാണ്ഡ്യനാട്ടിൽ നിന്നു പലപ്പോഴായി രാജാക്കന്മാർ പലരും പിന്നീടു ‘വാതാപി ബദാമി’യിലെത്തി. പകപോക്കലുകൾക്കിടെ കോട്ടയിലുണ്ടായിരുന്ന വാതാപി ഗണപതിയുടെ പ്രതിമ നഷ്ടപ്പെട്ടു. അതോടെ രാജ്യത്തിന്റെ പേര് ബദാമി എന്നു ചുരുങ്ങി. ഏറ്റവുമൊടുവിൽ, ടിപ്പു സുൽത്താൻ വരെയുള്ള ഭരണാധിപന്മാർ ബദാമിയിൽ വിജയക്കൊടി നാട്ടി. കാലത്തിന്റെ ഒഴുക്കിൽ രാജചരിത്രം ആ മണ്ണിൽ നിന്നു മാഞ്ഞു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രതാപകാലത്തിന്റെ അടയാളമായി ഇന്നും തല ഉയർത്തി നിൽക്കുന്നു ബദാമി കോട്ട.

Around Badami

ബദാമിയിലേക്കു മാത്രമായി യാത്ര പ്ലാൻ ചെയ്യുക. ബദാമി കോട്ട മുഴുവനായും കാണാൻ ഒരു പകൽ വേണം. ബദാമിയിലെ പ്രധാന ക്ഷേത്രമായ ബനശങ്കരിയമ്മയുടെ സന്നിധിയിലേക്കു കോട്ടയിൽ നിന്നു ദൂരം നാലു കി.മീ. പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയം കോട്ടയിലേക്ക് ദൂരം ഒരു കിലോമീറ്റർ. ബദാമിയിൽ നിന്ന് 25 കി.മീ. അകലെ ഐഹോൾ‌ പ്രദേശത്തുള്ള പട്ടടക്കൽ ആണ് സമീപത്തുള്ള മറ്റൊരു ക്ഷേത്രസമുച്ചയം. സൂര്യകാന്തി പൂക്കളും  ചോളവും  വിളയുന്ന പാടങ്ങൾ കന്നഡ സിനിമ യുടെ പ്രിയ ലൊക്കേഷനാണ്.

How to reach

കർണാടകയിലെ ബങ്കൽകോട്ട് ജില്ലയിലാണ് ബ ദാമി. ഹുബ്ലി, ബിജാപ്പൂർ എന്നിവയാണ് സമീപ റെ യിൽവെ സ്റ്റേഷൻ. ബെംഗളൂരുവിൽ നിന്ന് 500 കി.മീ. ഒക്ടോബർ–മാർച്ച് മാസങ്ങളാണ് സന്ദർശനത്തിന് അനുകൂല സമയം.

_C3R0961