Wednesday 31 August 2022 01:09 PM IST

പൂവിരിയും പാടങ്ങൾ തേടി; തേനിയിലൂടെ ‘തോന്നിയ’ വഴിയേ...

Vijeesh Gopinath

Senior Sub Editor

flower-fields-theni-happy-journey-cover

ഇതു തേനി, ലക്ഷ്യം മധുരയാണ്. വറചട്ടി പോെല തേനി തിളയ്ക്കുന്നു. മധുരയ്ക്കുള്ള ട്രെയിൻ വൈകീട്ട് ആറ് പതിനഞ്ചിനാണ്. അത്രയും നേരം എന്തു ചെയ്യണം എന്നാലോചിച്ചു. നല്ല ഭക്ഷണം കിട്ടുന്ന കടകളിലൂടെ ഒന്നു കയറിയിറങ്ങിയാലോ? പക്ഷേ, മധുരയിൽ ‘രുചികളുടെ ലുലുമാൾ’ തുറന്നിരിക്കുമ്പോൾ അതിനു വേണ്ടി കാത്തിരിക്കുന്നതാണു നല്ലത്.

അപ്പോഴാണ് െഎഡിയ ബൾബ് മിന്നിയത്. ഒാണമല്ലേ വരുന്നത്. പൂപ്പാടങ്ങൾ തലയാട്ടി നിൽക്കുന്നുണ്ടാകാം. ഗൂഗിൾ മാപ്പിനെ മനസ്സിൽ ധ്യാനിച്ച് ഒരു ഒാട്ടോ ചേട്ടനെ കണ്ടു. മുക്കയ്യ. തേനിയിൽ തന്നെയാണ് വീട്. കാര്യം അറിഞ്ഞപ്പോൾ പുള്ളി ഉഷാറായി. പ‌രിചയത്തിലുള്ള ആരെയൊക്കെയോ വിളിക്കുന്നു. ഫോട്ടോ എടുക്കാൻ പാകത്തിലുള്ള പാടങ്ങൾ എവിടെയെന്ന് തിരക്കുന്നു. ഒടുവിൽ ‘ഡെസ്റ്റിനേഷൻ’ തീരുമാനിച്ചു. കോട്ടൂരും ശീലയംപട്ടിയും. മുക്കയ്യയെ വിശ്വസിച്ച് ഒാട്ടോ സ്റ്റാർട്ടായി.

തേനിയില്‍ നിന്ന് പതിനഞ്ചു കിലോമീറ്ററുണ്ട് ശീലയം പട്ടിയിലേക്ക്. ആ നാടിനെക്കുറിച്ചറിയാൻ വെറുതെയൊന്ന് ഗൂഗിളിലേക്ക് ചൂണ്ടയിട്ടു നോക്കി. പട പടാന്നു വരുന്നു പൂപ്പാടങ്ങളുടെ പടങ്ങൾ‌. പൂക്കളുടെ കാര്യത്തിൽ മുക്കയ്യ ഒരു പൂമ്പാറ്റയാണെന്ന് സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്. പൂപ്പാടങ്ങളെക്കുറിച്ച് കക്ഷിക്ക് അത്യാവശ്യം ധാരണയുണ്ട്

‘‘ഒാണം വരുമ്പോഴാണ് കേരളത്തിൽ നിന്ന് ആവശ്യക്കാർ കൂടുതലായും ഇങ്ങോട്ടു വരാറുള്ളത്. നിങ്ങളെ പോലെ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞ് വരുന്നവരുമുണ്ട്. എല്ലാ പാടത്തും എല്ലാ സമയത്തും പൂവുണ്ടാകില്ല. നമ്മൾ വിളിച്ചു നോക്കി ഉറപ്പിച്ചിട്ടേ പോകാവൂ. അതുപോലെ കമ്പം തേനി റോഡിന് അരികിൽ ചിലപ്പോൾ പൂപ്പാടങ്ങൾ ഉ ണ്ടാവണമെന്നില്ല. ഉള്ളിലേക്കു കയറി പോകണം. മാർക്കറ്റുകളിൽ ഇപ്പോൾ പോയിട്ട് കാര്യമില്ല. വെളുപ്പിനെയാണ് അവിടെ പൂക്കളെത്താറുള്ളത്. മധുരയ്ക്ക് പുതിയ ട്രെയിൻ വന്നതോടെ അങ്ങോട്ടും പൂക്കൾ പോയിതുടങ്ങി’’ മുക്കയ്യ സ്റ്റഡി ക്ലാസ് എടുത്തു.

flower-fields-theni-happy-journey

നമ്മളെ പോലെ അല്ല, പൂക്കളില്ലാതെ ഒരാഘോഷവും തമിഴ്നാട്ടിലില്ല. പൊങ്കൽ, ആടി, വിനായക ചതുർഥി തുടങ്ങി എല്ലാ വിശേഷ ദിനങ്ങളിലും പൂ പറക്കും. ക്ഷേത്രങ്ങളിലും പൂക്കൾ ധാരാണമായി ഉപയോഗിക്കുന്നുണ്ട്. എന്നാലും ശീലയംപട്ടിയിലെയൊക്കെ പൂപ്പാടങ്ങളിൽ ‘ഉത്സവം’ നടക്കുന്നത് ഒാണക്കാലത്താണ്.

കമ്പം റോഡിൽ കോട്ടൂർ കഴിഞ്ഞപ്പോഴേക്കും മഞ്ഞ ജമന്തിപ്പൂ തലയാട്ടി വിളിച്ചു. പൂപ്പാടക്കടൽ ഇല്ലെങ്കിലും മഞ്ഞപ്പുഴ എന്നൊക്കെ പറയാവുന്ന വലുപ്പമുണ്ട്. പൂക്കളെ തൊടാൻ കയ്യെടുത്തപ്പോഴേക്കും കടുംതമിഴിൽ പിന്നിൽ നിന്നാരോ അലറി. പൂ പറിച്ചു കൊണ്ടു പോകാൻ വന്ന തിരുടന്മാരാണെന്ന് കരുതി ഉടമ ഗോപിനാഥനാണ് ചാടി വീണത്. മലയാളികളാണെന്നറിഞ്ഞപ്പോൾ സ്നേഹം കൂടി.

‘‘ഒാണക്കാലത്താണ് കച്ചവടം കൂടുതൽ. ഇവിടെ വിളയുന്ന മിക്ക പൂക്കളും പോവുന്നത് നിങ്ങളുടെ നാട്ടിലേക്കാണ്. ഇപ്പോൾ‌ കിലോയ്ക്ക് നാല്‍പതാണെങ്കിൽ ഒാണക്കാലത്ത് ഇരട്ടിയാകും. ഈ പൂക്കൾ ഒാണം വരെ നിൽക്കില്ല. അതിനു മുന്നേ കൊഴിഞ്ഞു പോകും. ഒാണക്കാലത്തേക്കുള്ള കൃഷി കുറച്ചപ്പുറമാണുള്ളത്

അധികം അധ്വാനം വേണ്ടാത്തതു കൊണ്ട് പ്രായമായവരാണ് കൃഷിക്കിറങ്ങുക. തേനി ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം ഏക്കറിൽ പൂക്ക‍ൃഷിയുണ്ട്. ’’ വൈകുന്നേരം ഏതോ ക്ഷേത്രത്തിലേക്ക് കൊടുക്കാനായി കുറച്ചു പൂക്കൾ ഒരു കവറിലാക്കി അദ്ദേഹം പോയി.

ശീലയംപട്ടിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു. ബന്ദിയും ജമന്തിയും തലയാട്ടി നിൽക്കുന്നു. സീസൺ തീർന്നതു കൊണ്ടാമെന്നു തോന്നുന്നു പൂവില്ലാതെ നിൽക്കുന്ന റോസാ ചെടികൾ, കോഴിപ്പൂവ്, വാടാമല്ലി, പിച്ചിപ്പൂവ്... മുക്കയ്യയുടെ ഒാട്ടോ അടുത്തത് പൂക്കടലിന്റെ കരയിലായിരുന്നു. ‘‘ക്യാമറ നിറച്ച് ഫോട്ടോ എടുത്തോ’’ പറഞ്ഞ വാക്കു ഞാൻ പാലിച്ചു എന്ന അഭിമാനമായിരുന്നു മുക്കയ്യയുടെ മുഖത്ത്.