Tuesday 21 November 2023 10:55 AM IST : By സ്വന്തം ലേഖകൻ

‘ആറ് വർഷം മുൻപ്, 24–ാം വയസ്സിൽ മകൻ ബാലുവിന്റെ മരണം... അതെനിക്കു താങ്ങാനാകാത്ത ഷോക്ക് ആയി’: കഥകൾക്കപ്പുറം ഈ നോവ്: ജോയ്സി

joycee-story-4

പൈങ്കിളി എന്നു വിളിച്ചു പലരും കളിയാക്കാറുണ്ടെങ്കിലും ഒാ രോ േനാവലും എഴുതുന്നതിനു പിന്നില്‍ ഒരുപാട് ആലോചനകളുണ്ട്, ധ്യാനമുണ്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകുമ്പോൾ വെറുതെ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ എന്നാണു പലരുടെയും വിചാരം. ഗഹനമായ ചിന്തയോ ഭാവനയോ ഒന്നും വേണ്ടല്ലോ എന്നും കരുതും. തുടക്കത്തിൽ എനിക്കും അങ്ങനെ തോന്നിയിരുന്നു. മറ്റു പല കാര്യങ്ങളുമായി നടക്കുന്നു, സമയമാകുമ്പോൾ എഴുതിക്കൊടുക്കുന്നു എന്നൊക്കെ. പിന്നെ മനസ്സിലായി, ഒരു നോവ ൽ അഞ്ചു വർഷം കൊണ്ടാണു തീരുന്നതെങ്കില്‍ ആ അഞ്ചു വർ‌ഷത്തെ മനനം അതിനു പിന്നിലുണ്ടെന്ന്. നടക്കുമ്പോൾ, കഴിക്കുമ്പോൾ, എവിടെയെങ്കിലും പോ യി കാത്തിരിക്കുമ്പോള്‍ ഒക്കെ ആ നോവലിനെക്കുറിച്ചാണു ചിന്തിക്കുക. കഥാപാത്രങ്ങളുെട സഞ്ചാരവും സംഭാഷണങ്ങളുമാണു മനസ്സില്‍ നിറയുക.

ഏറെ ആലോചനകളില്‍ മുഴുകിയെഴുതിയ നോവലാണ് ‘മഴ തോരും മുമ്പേ.’ അതു വായിച്ചു വായനക്കാര്‍ എഴുതിയ രണ്ടായിരത്തിലേറെ കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്നു പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആരു വന്നു വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.

‘മഴ തോരും മുമ്പേ’ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരന്‍ ഫോണിൽ വിളിച്ചു പറഞ്ഞു, ‘എ ന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാണെന്നു ഞാന്‍ കരുതിയിരുന്നു. വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണു ഞാൻ തറവാട്ടിലേക്കു പോയിരുന്നത്. താങ്കളുടെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു...’

എന്റെ നോവലുകൾ വായിച്ചു പലരും ഇതു സ്വന്തം ജീവിതമാണെന്നു പറഞ്ഞു വിളിച്ചിട്ടുണ്ട്. ‘വനിത’യിൽ ‘സ്ത്രീപദം’ വന്നപ്പോൾ മുംബൈയിൽ നിന്നൊരു സ്ത്രീ കോപത്തോെട വിളിച്ചു പറഞ്ഞു, ‘എെന്‍റ കാര്യങ്ങള്‍ എഴുതാന്‍ ആരു പറഞ്ഞു, ഞാന്‍ കേസ് കൊടുക്കും...’

ഇപ്പോഴും പേനയും പേപ്പറും ഉപയോഗിച്ചാണ് എഴുത്ത്. രണ്ടാമതൊന്നു വായിക്കാതെ, ഫസ്റ്റ് ഡ്രാഫ്റ്റ് തന്നെ പ്രസിദ്ധീകരണത്തിനു നൽകും. വീണ്ടും വായിച്ചാല്‍ പല വിയോജിപ്പുകളും തോന്നും. അതൊഴിവാക്കാനാണ് ഉടന്‍ അയയ്ക്കുന്നത്. 18 വയസ്സു വരെ എഴുത്ത് എന്റെ ചിന്തയിലുണ്ടായിരുന്നില്ല. വോളിബോൾ ആയിരുന്നു ഹരം. അതിൽ ഒരു മിന്നുന്ന താരമാകണമെന്നു മോഹിച്ചു.

22 വയസ്സ് മുതലാണ് എഴുത്തു ഗൗരവമായ ആഗ്രഹമായി മനസ്സിൽ ഉറച്ചത്. അതിനു പ്രചോദനം അയല്‍ക്കാരനായ തോമസ് ടി. അമ്പാട്ടാണ്. തോമസിന്റെ നാടും പുളിയങ്കട്ടയാണ്. വലിയ കൂട്ടായിരുന്നു. ഞങ്ങ ൾ ഒന്നിച്ചാണു പള്ളിയുടെ കിണറു പണിക്കും പറമ്പ് കിളയ്ക്കാനുമൊക്കെ പോയിരുന്നത്.

അങ്ങനെയിരിക്കെ മനോരമ പത്രത്തിൽ ഒരു പരസ്യം, ‘ഉടൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു. തോമസ് ടി. അമ്പാട്ടിന്റെ നോവല്‍, എസ്റ്റേറ്റിലെ യക്ഷി’.

എട്ടാം ക്ലാസ്സ് വരെ പഠിച്ച തോമസിന് എഴുതാമെങ്കിൽ എനിക്കെഴുതരുതോ എന്നായി ചിന്ത. ഞാൻ അ തിലും വായനയുള്ള ആളല്ലേ. ആ ആവേശത്തില്‍ ‘സ്വപ്നം മയങ്ങുന്ന തീരം’ എന്ന നോവല്‍ എഴുതി. ഭയങ്കര ഫാന്റസിയായിരുന്നു എന്നു പിൽക്കാലത്തു തോന്നി. അത് ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല.

കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം ഭ യന്ന് ഒളിച്ചിരുന്നായിരുന്നു ആദ്യകാലങ്ങളിലെ എഴുത്ത്. കഥകൾ പ്രസിദ്ധീകരണങ്ങൾക്ക് അയയ്ക്കുകയും മുറപോലെ തിരിച്ചു വരികയും ചെയ്തു തുടങ്ങിയപ്പോൾ കൂട്ടുകാരും നാട്ടുകാരും അറിഞ്ഞു. ഞാൻ പരിഹാസപാത്രമായി.

നാലുപേരിൽ ഒരേ ഒരാൾ

ഇമ്മാനുവല്‍ എന്നാണെന്‍റെ ശരിയായ േപര്. സര്‍ട്ടിഫിക്കറ്റുകളിലും പാസ്പോർട്ടിലും എല്ലാം ആ േപര് ത ന്നെ. വിളിപ്പേരും തറവാട്ടു േപരും േചര്‍ത്തു ജോയ് ചൊ വ്വാറ്റുകുന്നേല്‍ എന്ന േപരിലായിരുന്നു കഥകളൊക്കെ ആദ്യകാലത്ത് എഴുതി അയച്ചിരുന്നത്.

ഞാനെഴുതിയ ഒരു ഡിറ്റക്ടീവ് നോവല്‍ ‘മനഃശബ്ദം’ വാരികയില്‍ പ്രസിദ്ധീകരിക്കാം എന്നു തോമസ് ടി. അമ്പാട്ട് പറഞ്ഞു. പരസ്യമൊക്കെ വന്നെങ്കിലും അതു നടന്നില്ല. പിന്നീട് ‘മാമാങ്കം’ വാരികയില്‍ എന്റെയും തോമസ് ടി. അമ്പാട്ടിന്റെയും പേരിൽ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ജോയ് ചൊവ്വാറ്റുകുന്നേല്‍ എന്ന പേര് ചുരുക്കി ജേസി എന്നാക്കിയത്. പക്ഷേ, ആ പേരിന് കഥാകൃത്ത് ജേസി കുറ്റിക്കാടിന്റെ പേരിനോടു സാമ്യമുള്ളതിനാൽ പേരു മാറ്റണം എന്നായി. ‘ജേസി ജൂനിയര്‍’ എന്നാക്കിക്കോളാന്‍ പറഞ്ഞു. അങ്ങനെ തോമസ് ടി. അമ്പാട്ട് ആന്‍ഡ് ജേസി ജൂനിയര്‍ എന്ന പേരില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ചു.

കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യനോവലിെനാപ്പം െകാടുത്തത് ‘ജോയ്സി’ എന്ന പേരാണ്. കുടുംബബന്ധങ്ങളോടൊപ്പം ത്രില്ലര്‍ സ്വഭാവമുള്ള, കരുത്തേറിയ നായക കഥാപാത്രങ്ങളുടെ കഥ പറയേണ്ടി വന്നപ്പോഴാണg ജോയ്സിക്കു പകരം മറ്റൊരു പേരില്‍ എഴുതാം എന്നാലോചിച്ചത്. ജോസി വാഗമണ്‍ എന്നു പേരും തീരുമാനിച്ചു. പിന്നീട് നാട്ടിലൂടെ പോയപ്പോള്‍, ചൊവ്വാറ്റുകുന്നേൽ തറവാട് ഇരിക്കുന്ന വാകമറ്റം എന്ന കരപ്പേരാണ് ജോസി എന്ന പേരിനൊപ്പം കൂടുതല്‍ ചേരുന്നത് എന്നു തോന്നി. ഒടുവില്‍ വാകമറ്റത്തിലെ ‘ക’ മാറ്റി വാഗമണ്ണിന്റെ ‘ഗ’ ചേര്‍ത്തു ജോസി വാഗമറ്റം ആയി.

സ്ത്രീകഥാപാത്രത്തിനു പ്രാധാന്യമുള്ള നോവലുകൾ സ്ത്രീയുെട േപരില്‍ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ‘മനോരമ’പത്രാധികപസമിതി അംഗമായിരുന്ന ജോജി ടി.സാമുവല്‍ ആണ്. തുടക്കത്തിൽ എനിക്കു താൽപര്യമുണ്ടായിരുന്നില്ല. ഒരു ദിവസം അദ്ദേഹം ആകാംക്ഷ നിറഞ്ഞ ഒരു കഥ പറഞ്ഞു പാതിയിൽ നിർത്തി. ബാക്കി എന്താണെന്നു ചോദിച്ചപ്പോൾ, ‘ബാക്കി ഇല്ല. അതു നിങ്ങൾ എഴുതി ഉണ്ടാക്കണം’ എന്നായിരുന്നു മറുപടി.

ആ ആവേശത്തിലാണ് ‘സ്ത്രീധനം’ എന്ന നോവ ൽ എഴുതിയത്. െപണ്‍ േപര് വേണമെന്നുള്ളതു െകാണ്ട് ഗായത്രി, നിര്‍മല, ശോഭന തുടങ്ങി രണ്ടു മൂന്നു പേരുകള്‍ പറഞ്ഞു േനാക്കി ഒടുവിൽ നിർമലയിലെത്തി.ചരിത്രാഖ്യായികകളിലൂെട പ്രശസ്തനായ സി. വി. രാമൻപിള്ളയോടുള്ള ആരാധന െകാണ്ട്‍, നിർമലയ്ക്ക് ഒരു ഇനിഷ്യലും കൊടുത്തു, സി.വി.

പിന്നീട് ഞാന്‍ തുറന്നു പറയും വരെ സി.വി. നിർമല പെണ്ണാണെന്നായിരുന്നു വായനക്കാരുടെ വിശ്വാസം. ‘മഴ തോരും മുമ്പേ’ എഴുതുന്ന കാലത്ത് എറണാകുളത്തു നിന്ന് ഒരാളുടെ കത്തു വരുമായിരുന്നു. ‘മാഡം, മാഡത്തിന്റെ എഴുത്തു വായിക്കുമ്പോൾ എനിക്കു രോമാഞ്ചം വരുന്നു’ എന്നൊക്കെയാണ് കക്ഷിയുടെ തട്ട്. പിന്നീടൊരു അഭിമുഖത്തില്‍ സി. വി. നിർമല ഞാനാണെന്നു വെളിപ്പെടുത്തി. ഒരു മുട്ടൻ തെറിയോടെയാണു പുള്ളിയുെട അടുത്ത കത്തു വന്നത്. ഓരോ പേരിൽ എഴുതുമ്പോഴും അതതു മാനസിക നിലകളിലേക്ക് അറിയാതെ എത്തും. സി.വി നിർമല എഴുതും പോലെയല്ല ജേസി ജൂനിയർ. അതല്ല ജോസി വാഗമറ്റം.

അങ്ങനെ ജോയ്സി ജനിച്ചു

40 വര്‍ഷം മുന്‍പ്, 1983ല്‍ എന്‍റെ ‘വിലാപങ്ങളുെട താഴ്‌വര’യ്ക്ക് മികച്ച േനാവലിനുള്ള കുങ്കുമം അവാർഡ് കിട്ടി. ‘ശവങ്ങൾ ഇഴയുന്ന താഴ്‌വര’ എന്നായിരുന്നു ഞാന്‍ നല്‍കിയിരുന്ന േപര്. ഒരു ഹൊറർ നോവലിന്റെ പ്രതീതിയുണ്ടാകും എന്നു തോന്നിയപ്പോൾ ‘കുങ്കുമം’ എഡിറ്ററായിരുന്ന എൻ.വി.കൃഷ്ണവാരിയ ർ സർ അതു മാറ്റാന്‍ പറഞ്ഞു. ജോയ്സി എന്ന പേരില്‍ ആദ്യമായി അച്ചടിച്ചു വന്ന േനാവലും അതാണ്. ആ േപരിനു പിന്നിലുമുണ്ട് ഒരു കഥ.

കുങ്കുമം അവാർഡ് പ്രഖ്യാപിച്ചപ്പോൾ സി.എസ്. ജോയി എന്ന എന്റെ പേര് എസ്.ജോയി എന്നാണു പത്രത്തിൽ വന്നത്. അതു ചോദിച്ചപ്പോൾ, ‘നോവൽ പ്രസിദ്ധീകരിക്കുമ്പോൾ ഏറ്റവും യോജിക്കുന്ന പേരുവയ്ക്കാം. പിന്നെ, അതായിരിക്കും നിങ്ങളുടെ െഎഡന്‍റിറ്റി. മാറ്റാനൊക്കില്ല. അതുെകാണ്ടു നല്ലൊരു പേര് ആലോചിച്ചു കണ്ടുപിടിച്ചു വരൂ...’ എന്നായി കൃഷ്ണവാരിയർ സാർ.

ഒരു വൈകുന്നേരം തീക്കോയിയിലെ പീടികത്തിണ്ണയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയാണ്. ‘മാസികയില്‍ െകാടുക്കാന്‍ നീ ഇതു വരെ പേര് തീരുമാനിച്ചില്ലേ...’ പേരപ്പന്റെ മോൻ കുര്യാച്ചൻ ചോദിച്ചു. ‘എസ്.ജോയി എന്ന പേര് എങ്ങനെ ശരിയാകുമെടാ, ചൊവ്വാറ്റുകുന്നേൽ എന്ന വീട്ടുപേര് വന്നില്ലെങ്കില്‍ എന്ത് കാര്യം. എന്തായാലും ജേസി ജൂനിയർ എന്നൊന്നും ഇട്ടേക്കല്ലേ’ എന്നായി കക്ഷി.

ജോയ് ചൊവ്വാറ്റുകുന്നേൽ എന്നു േപരിട്ടാല്‍ ഒരു ഗാംഭീര്യമില്ല. നീളവും കൂടുതലാണ്. സി.എസ്. ജോയി എന്നായാലോ എന്നായി ചിന്ത. അന്നേരമാണ്, ‘എന്നാ പിന്നെ നീ ‘ജോയ് സി’ എന്നിടടാ എന്നു കുര്യാച്ചന്‍ പറഞ്ഞത്. ജോയ് ചൊവ്വാറ്റുകുന്നേലിന്റെ ചുരുക്കപ്പേരാണത്. സംഗതി കൊള്ളാമെന്നെനിക്കും തോന്നി. അങ്ങനെ ‘ജോയ്സി’ ഉറപ്പിച്ചു.

അക്കാലത്തു ‘മുത്തശ്ശി’ എന്ന ബാലപ്രസിദ്ധീകരണത്തില്‍ കുട്ടികൾക്കുള്ള നോവലും ‘കേരളശബ്ദ’ത്തിൽ ലേഖനപരമ്പരയും ജെ.സി. ജൂനിയർ എന്ന പേരിൽ എഴുതിയിരുന്നു. ജീവിക്കാൻ ക്ലേശിക്കുന്ന കാലം. 50 രൂപയാണ് പ്രതിഫലം. അതും കൃത്യമായി കിട്ടിയിരുന്നില്ല. ആഴ്ചയിലൊരിക്കൽ കിളികൊല്ലൂരിൽ നിന്നു സൈക്കിൾ ചവുട്ടി വിയർത്തൊലിച്ചു തേവള്ളിയിലെ ‘കേരളശബ്ദം’ ഓഫിസിലും ‘മുത്തശ്ശി’ ഓഫിസിലും കയറിയിറങ്ങി മാറ്റർ നൽകി, കോംപ്ലിമെന്ററി കോപ്പിയും വാങ്ങി തിരിച്ചു പോകുന്ന ജെ.സി. ജൂനിയർ എന്ന തൂലികാനാമമുള്ള പയ്യനാണ് അവാർഡ് കിട്ടിയ നോവൽ എഴുതിയ എസ്. ജോയി എന്നതു പലര്‍ക്കും അവിശ്വസനീയമായിരുന്നു. അര്‍ഹിക്കാത്ത സ്ഥാനം കിട്ടിയ ഒരാളോടെന്ന പോലെയും ചിലര്‍ പെരുമാറി.

േനാവല്‍ പ്രസിദ്ധീകരിച്ചു വന്നപ്പോഴും ചില പ്രശ്നങ്ങള്‍ നേരിട്ടു. പ്രതിഷേധമെന്നോണം അതിന്റെ കോപ്പികൾ വാങ്ങി സൂക്ഷിക്കുന്നതു നിർത്തി. ആ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്താനും താൽപര്യപ്പെട്ടില്ല. ‘വിലാപങ്ങളുടെ താഴ്‌വര’യുടെ കയ്യെഴുത്തു പ്രതിയും ഇപ്പോൾ കൈവശം ഇല്ല.

സത്യത്തില്‍ അവാർഡ് കിട്ടിയതോടെ എന്റെ ഭാവി അടഞ്ഞു പോകുകയാണുണ്ടായത്. അവാര്‍ഡ് േനടിയ േനാവലിസ്റ്റ് എന്ന സ്ഥാനം ഭാരമായി മാറി. അത്തരം എഴുത്തിൽ എനിക്കു വലിയ ഭാവിയില്ലായിരുന്നു.

joycee

ഒടുവില്‍ േകാട്ടയത്തേക്ക്

ആ വിഷമത്തിൽ ഇരിക്കുമ്പോഴാണു ‘ജനനി ക്രൈം’ മാസികയുെട എഡിറ്ററായിരുന്ന ആറന്മുള വിജയകുമാറിന്റെ വിളി വരുന്നത്, ‘തനിക്കു രക്ഷപ്പെടണമെന്നുണ്ടെങ്കിൽ കോട്ടയത്തിനു വാ.’

കോട്ടയത്തു വന്നിട്ടും ആദ്യം വലിയ നിരാശയായിരുന്നു. വാരികകൾ ധാരാളമുണ്ട്. പക്ഷേ, അവയിലെല്ലാം പ്രമുഖർ‌ മാത്രമാണ് എഴുതുന്നത്. ഒരു നിര എഴുത്തുകാരുടെ നോവലുകൾ തീരുമ്പോൾ അടുത്തനിര എഴുത്തുകാർ റെഡി. ഒരു ചെറുകഥ എഴുതാനുള്ള പഴുതു പോലും എനിക്കു കിട്ടിയില്ല. തോമസ് ടി. അമ്പാട്ടിനു ഡിറ്റക്ടീവ് നോവല്‍ എഴുതി വിറ്റാണ് ഒരു വര്‍ഷം ജീവിച്ചത്.

ജീവിതം വഴിമുട്ടിയപ്പോഴാണു ‘ഗോസ്റ്റ് റൈറ്റിങ്’ തുടങ്ങിയത്. തോമസ് ടി. അമ്പാട്ട് ‘ജനനി വാരിക’ ഏറ്റെടുത്തു പ്രസിദ്ധീകരണ രംഗത്തേക്കു കടന്നിരുന്നു. എഴുതാൻ സമയമില്ലാത്തതിനാൽ, നോവല്‍ തേടി വരുന്നവരെ മടക്കി അയയ്ക്കുകയാണു പതിവ്. ‘അവരെ നിരാശപ്പെടുത്തേണ്ട, താങ്കള്‍ക്കു പകരം ആ പേരിൽ ഞാനെഴുതാം, പ്രതിഫലം പകുതി വീതം പകുത്തെടുക്കാം’ എന്നു ഞാൻ പറഞ്ഞപ്പോൾ തോമസ് വഴങ്ങി. അങ്ങനെ നാലു നോവലുകൾ എഴുതിയെന്നാണ് ഓർമ്മ.

ആ സമയത്തു ‘കണ്ണീരാറ്റിലെ തോണി’ എന്ന നോവലിനു മംഗളം അവാർഡ് ലഭിച്ചു. ‘മനയ്ക്കലെ തത്ത’യ്ക്ക് മനോരാജ്യം അവാര്‍ഡും. ‘മോഹപ്പക്ഷികള്‍’ മനോരമ പ്രസിദ്ധീകരിച്ചു തുടങ്ങി. അങ്ങനെ കേരളത്തിലെ മൂന്നു മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ ഒരേസമയം എഴുതുന്ന ആ ദ്യ നോവലിസ്റ്റായി ഞാൻ മാറി. ആദ്യകാലത്തെ നോവലുകളെല്ലാം ഒറ്റയിരുപ്പിൽ എഴുതിയവയാണ്. ‘കാവൽമാടം’ മുതലാണ് ആഴ്ച തോറും എഴുതുന്ന രീതി തുടങ്ങിയത്. സമയക്കുറവായിരുന്നു ആ മാറ്റത്തിന്റെ കാരണം. ഇതുവരെ എഴുതിയവയിൽ, ‘സമദൂരം’, ‘ഋതുശാന്തി’ (പൊരുത്തം എന്ന പേരിലാണ് പുസ്തകമായത്) എന്നിവയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട നോവലുകൾ.

നോവിന്റെ നിമിഷങ്ങൾ

നാല് മക്കളാണ് എനിക്ക്. മനു, ബാലു, മീനു, സാനു. കരഞ്ഞു തളർന്ന സാഹചര്യങ്ങൾ, ഒറ്റപ്പെട്ട സന്ദർഭങ്ങൾ, വേദനിച്ച നിമിഷങ്ങളൊക്കെ ജീവിതത്തിൽ ധാരാളമുണ്ട്. ആറ് വർഷം മുൻപ്, ഇരുപത്തിനാലാം വയസ്സിൽ ബാലു ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. അതെനിക്കു താങ്ങാനാകാത്ത ഷോക്ക് ആയി. എന്നെ തളർത്തിയ മറ്റൊരു വേർപാട് അനിയൻ സണ്ണിയുടെതാണ്. ഞാൻ കൊല്ലത്തു പോയി എഴുത്തും വായനയുമായി കഴിയുന്ന കാലത്തു വീ ട് നോക്കിയിരുന്നതും സഹോദരങ്ങളെ പഠിപ്പിച്ചതും വളർത്തിയതും അവനാണ്. എന്നെക്കാൾ അഞ്ചു വയസ്സു കുറവാണ്. 14 വയസ്സു മുതൽ പണിക്കു പോകാൻ തുടങ്ങി. പതിനെട്ട് വയസ്സായപ്പോൾ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, എന്നെ എന്റെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കാൻ വിട്ടു. അതാണ് എന്റെ എഴുത്തുജീവിതത്തെ മുന്നോട്ടു നയിച്ചത്. ഞാൻ എഴുതുന്നതും പ്രശസ്തി നേടുന്നതും അവനു വലിയ അഭിമാനമായിരുന്നു. രണ്ടു വർഷം മുൻപ് അവൻ പോയി. ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി ഇനി ഒന്നു വിശ്രമിക്കാം എന്ന ഘട്ടത്തിലാണ് അവനെ മരണം കൊണ്ടുപോയത്.

വര്‍ഷങ്ങള്‍ക്കു ശേഷം വനിതയുെട പ്രിയപ്പെട്ട വായനക്കാര്‍ക്കു േവണ്ടി ഞാന്‍ എഴുതുകയാണ്, ഒറ്റശിഖരം. നവനീതയുെട ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥയാണ്. അവളെ നിങ്ങള്‍ക്കറിയാം, കണ്ടിട്ടുമുണ്ട്. പക്ഷേ, നിങ്ങള്‍ക്കറിയാത്ത കുറേ കാര്യങ്ങളുണ്ട്. അടുത്തലക്കം മുതല്‍ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

നകുൽ വി.ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ