പണ്ടത്തെ സിനിമാ കൊട്ടകകളിൽ പടം തുടങ്ങുന്നതിനു മുൻപ് ന്യൂസ് റീൽ കാണിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഏകദേശം മൂന്നു മിനിറ്റ് നീളുന്ന വിഡിയോയിൽ സാമൂഹിക വിഷയങ്ങളാണ് ഗൗരവപൂർവം അവതരിപ്പിച്ചിരുന്നത്. മഹാമാന്ത്രികനായി അറിയപ്പെടുന്ന കടമറ്റത്തു കത്തനാരുടെ കഥ വീണ്ടും പറയുമ്പോൾ, അതുപോലെ ആധികാരിക രേഖകൾ സഹിതം ആമുഖം ആവശ്യമുണ്ട്.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐ തിഹ്യമാല’യിൽ ശ്രീകൃഷ്ണകർണാമൃതം കഴിഞ്ഞുള്ള കഥയുടെ ടൈറ്റിലാണ് കടമറ്റത്തു കത്തനാർ. കുന്നത്തുനാട് താലൂക്കിൽ കടമറ്റത്തു ജനിച്ച കൊച്ചു പൗലൂസാണ് മാന്ത്രികവിദ്യ പരിശീലിച്ച് കടമറ്റത്തു കത്തനാരായി അറിയപ്പെട്ടത്. ശെമ്മാശ്ശനായിരുന്ന കൊച്ചു പൗലൂസ് മലയരയന്മാരുടെ ഗുരുവിൽ നിന്ന് ഇന്ദ്രജാലം പരിശീലിച്ചു. യക്ഷിയെ തളച്ചു, പിശാചുക്കളെ ആട്ടിയോടിച്ചു, അഭയം തേടിയവർക്ക് രക്ഷകനായി.
മാന്ത്രികവിദ്യകളിലൂടെയാണ് കടമറ്റത്തു കത്തനാർ ലോകപ്രശസ്തി നേടിയതെന്ന് ഐതിഹ്യമാലയിൽ പറയുന്നു.യരുശലേമിൽ നിന്നെത്തിയ ആ ബോ എന്ന പുരോഹിതനും കത്തനാരുടെ ഇന്ദ്രജാലത്തിന് സാക്ഷ്യം വഹിച്ചു. ‘‘ദൈവത്തെ മറന്നും ജനങ്ങൾക്ക് ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുകയുമില്ല’’ ആബോയ്ക്കു മുന്നിൽ കടമറ്റത്തു കത്തനാർ സത്യം ചെയ്തു, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കഥ സാക്ഷി.
കടമറ്റത്തു പള്ളിയിലെ മദ്ബഹായുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള പേർഷ്യൻ കുരിശിന്റെയും സുറിയാനി ഭാഷയിലുള്ള ശിലാലിഖിതത്തിന്റെയും പഴക്കം നോക്കിയാൽ 1200 വർഷം മുൻപാണ് കത്തനാർ ജീവിച്ചിരുന്നത്. ആയതിനാൽ, ഐതിഹ്യത്തിന്റെ പിൻബലമുള്ള വിശ്വാസപാതയിലൂടെയാണ് കടമറ്റത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്.
കൊച്ചു പൗലൂസിന്റെ നൊമ്പരം
മൂവാറ്റുപുഴയിൽ നിന്നു കോലഞ്ചേരി റൂട്ടിൽ കടമ്പാടു കടന്നാൽ കടമറ്റം. ജില്ല തിരിച്ച് അതിരുകൾ അടയാളപ്പെടുത്തുന്നതിനു മുൻപ് ഇവിടം കാടായിരുന്നു. കുന്നും മലയും മേടുകളുമായിരുന്നു ഭൂപ്രകൃതി. കന്നുകാലികളെ വളർത്തിയാണ് ആളുകൾ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. അങ്ങനെയൊരു മലയടിവാരത്തുള്ള കുടുംബത്തിൽ ജനിച്ച കൊച്ചു പൗലൂസിന്റെ ബാല്യം ദാരിദ്ര്യത്തിന്റേതായിരുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അനാഥനായ പൗലൂസ് സമീപത്തുള്ള പള്ളിയിൽ കയറി നെഞ്ചുരുകി വിലപിച്ചു, പ്രാർഥിച്ചു.
അൾത്താരയിൽ മുട്ടുകുത്തിയ കുഞ്ഞിന്റെ തേങ്ങലും നൊമ്പരവും ഒരാൾ കേട്ടു. ആരാധന കഴിഞ്ഞ് പള്ളിമേടയിലേക്ക് മടങ്ങുകയായിരുന്ന അച്ചനായിരുന്നു അത്. ‘‘വ്യസനിക്കണ്ട. ഇവിടെ വന്ന് എന്നോടു കൂടി താമസിച്ചു കൊള്ളുക. നിന്നെ എന്റെ പുത്രനെ പോലെ രക്ഷിച്ചുകൊള്ളാം’’ പള്ളി വികാരി അവന് അഭയം നൽകി. പൗലൂസിന് തലചായ്ക്കാൻ ഇടവും കഴിക്കാൻ ഭക്ഷണവും നൽകിയ പുരോഹിതന്റെ പള്ളി ഒരു കുന്നിൻമുകളിലായിരുന്നു.
2023 ഡിസംബറിലെ ക്രിസ്മസിനു മു ൻപുള്ള പ്രഭാതം. പള്ളിമേടയുടെ കിളിവാതിലുകളിൽ ചേക്കേറിയ പ്രാവുകൾ കുറുകുന്നുണ്ട്. ശനിയാഴ്ചയാണ്, കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിക്കഴിഞ്ഞു. പാതി ചാരിയ ആനവാതിലിന്റെ വിടവിലൂടെ മദ്ബഹായുടെ മുൻവശം കാണാം. തങ്കത്തിളക്കമുള്ള ബലിപീഠത്തിൽ ഒരു മെഴുകുതിരി തെളിഞ്ഞു കത്തുന്നു. കൊച്ചു പൗലൂസിന്റെ ഹൃദയസമർപ്പണത്തിൽ അനുഗ്രഹം ചൊരിഞ്ഞ കാരുണ്യത്തിന്റെ തിരിനാളം...
കാട്ടിൽ നിന്നു പഠിച്ചത്
പറഞ്ഞാൽ തീരാത്തത്രയും പരിദേവനങ്ങൾ പ്രായശ്ചിത്തം നേടിയ തിരുമുറ്റത്തിനരികെ, ദോവാലയത്തിന്റെ വടക്കുഭാഗത്താണ് പള്ളി വികാരിയുടെ മുറി. രണ്ടു വർഷം മുൻപ് കടമറ്റത്തെത്തിയ ഫാ. സണ്ണി വർഗീസാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ള പള്ളിയിൽ ഇപ്പോഴത്തെ വികാരി. ‘‘കഥയിൽ വായിച്ചതും പറഞ്ഞു പ്രചരിച്ചതുമായ ഐതിഹ്യങ്ങളാണ് കടമറ്റത്തു പ ള്ളിയുടെ പ്രശസ്തി. പള്ളിക്ക് ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു’’ മുൻവാതിലിന്റെ അരികെ നിന്ന് സണ്ണിയച്ചൻ ഇതു പറഞ്ഞപ്പോൾ വീണ്ടും കഥകൾ കടന്നു വന്നു.
പുരോഹിതനൊപ്പം താമസിച്ച് സുറിയാനി ഭാഷയും പൗരോഹിത്യ കർമങ്ങളും പഠിച്ച കൊച്ചു പൗലൂസിന് ശെമ്മാശ്ശനായി പട്ടം ലഭിച്ചു. മുഖ്യ പുരോഹിതന്റെ ചുമതലകൾക്കു ശെമ്മാശ്ശൻ സഹായിയായി. പള്ളിയിൽ അക്കാലത്ത് കുറേ പശുക്കളെ വളർത്തിയിരുന്നു. കാട്ടുപ്രദേശത്തു മേയാൻ വിട്ട പശുക്കളിലൊന്നിനെ ഒരു ദിവസം കാണാതായി. പശുവിനെ തിരഞ്ഞു കാട്ടിലേക്കു പോയ ശെമ്മാശ്ശൻ ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചു വന്നില്ല. മൃഗങ്ങളുടെ ആക്രമണത്തിൽ പൗലൂസ് ശെമ്മാശ്ശൻ കൊല്ലപ്പെട്ടിരിക്കാമെന്ന് എല്ലാവരും വ്യസനപ്പെട്ടു, വിശ്വസിച്ചു.
എന്നാൽ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല. കാടിനുള്ളിൽ വഴി തെറ്റിയ ശെമ്മാശ്ശനെ നരഭോജികളായ കാട്ടുവാസികൾ പിടിച്ചുകൊണ്ടു പോയി. പക്ഷേ, വിധിയുടെ പുസ്തകത്തിൽ ശെമ്മാശ്ശന് ദീർഘായുസ്സിന് യോഗമുണ്ടായിരുന്നു. കാട്ടുവാസികളുടെ തലവന് ശെമ്മാശ്ശന്റെ വിനയവും വിഷാദവും ബോധ്യപ്പെട്ടു. ഗുഹയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ സഹായിയായി ജീവിക്കാൻ ശെമ്മാശ്ശന് അനുവാദം ലഭിച്ചു.
മഴക്കാലവും വേനലും പലതു കടന്നു, പന്ത്രണ്ടു വർഷങ്ങൾ കടന്നു പോയി. കാട്ടുവാസികളുടെ തലവനെ ഗുരുവാക്കി മന്ത്രവും തന്ത്രവും ഇന്ദ്രജാലവും മഹേന്ദ്രജാലവും മെയ്യഭ്യാസങ്ങളും ശെമ്മാശ്ശൻ പഠിച്ചെടുത്തു. മാന്ത്രികവിദ്യകളിൽ നിപുണനായ ശെമ്മാശ്ശൻ ജന്മനാട്ടിലേക്കു മടങ്ങുമെന്ന് കാട്ടുവാസികളുടെ ഗുരുവിനു ഭീതിയുണ്ടായി. കാട്ടുവാസിയുടെ മകളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിന് ശെമ്മാശ്ശൻ വഴങ്ങാതായപ്പോൾ ആ സംശയം ദൃഢപ്പെട്ടു.
അങ്ങനെയിരിക്കെ, വളർത്തിയ പിതാവിനെ കാണാൻ നാട്ടിലേക്കു പോകാൻ ആഗ്രഹമുണ്ടെന്ന് ഗുരുവിനോടു ശെമ്മാശ്ശൻ പറഞ്ഞു. പന്തീരാണ്ടുകാലം തന്റെ ശിഷ്യനായി ജീവിച്ച ശെമ്മാശ്ശനോട് മലയരയന്മാരുടെ നേതാവിന് പുത്രവാത്സല്യമുണ്ടായി. ‘‘ നിനക്കു മന്ത്രവിദ്യകൾ പരിശീലിപ്പിച്ചത് ആരാണെന്നു മറ്റൊരാളോടും പറയരുത്. കാവൽക്കാരെ മറികടക്കുക സാധ്യമെങ്കിൽ പോയ്ക്കൊളൂ’’ അദ്ദേഹം അനുമതി നൽകി.
മന്ത്രവിദ്യ പ്രയോഗിച്ച് ഒരു രാത്രി മുഴുവൻ കാവൽക്കാരെ മയക്കിക്കിടത്തിയ ശെമ്മാശ്ശൻ അവിടെ നിന്നു രക്ഷപെട്ട് കടമറ്റത്ത് തിരിച്ചെത്തി. മുഖ്യപുരോഹിതന് പഴയ പൗലൂസ് ശെമ്മാശ്ശനെ തിരിച്ചറിയാൻ ഏറെ നേരം വേണ്ടി വന്നു. അപ്പോഴേക്കും ഉറക്കമുണർന്ന കാവൽക്കാർ ശെമ്മാശ്ശനെ തിരഞ്ഞ് കടമറ്റത്തെത്തി. മാന്ത്രിക വിദ്യയിൽ നിപുണനായ ശെമ്മാശ്ശൻ കാവൽപ്പടയെ ഒറ്റയ്ക്ക് എതിരിട്ടു തോൽപിച്ചു. കണ്ടു നിന്നവർ ശെമ്മാശ്ശന്റെ പെരുമ പാടിപ്പുകഴ്ത്തി.
കത്തനാർ പോയേടം
വാസ്തുവിദ്യയിൽ പഴയ തറവാടുകളുടെ മാതൃകയാണ് കടമറ്റം പള്ളി. മുറ്റത്തു പ്രവേശിക്കാൻ പടികൾ കയറണം. പ്രധാനകവാടത്തിൽ ഇരുവശത്തും സ്തൂപങ്ങളിൽ സിംഹത്തിന്റെ ശിൽപം. ഇടതു സ്തൂപത്തിന്റെ പിൻഭാഗത്ത് വലതു വശത്തായി ഒരു ശിലാലിഖിതം ഉണ്ട്. സുറിയാനി ഭാഷയിലുള്ള ആലേഖനം പള്ളിയുടെ കാലപ്പഴക്കം വ്യക്തമാക്കുന്നു. ആബോ പിതാവിന്റെ സന്ദർശന സമയത്താണ് ഈ ആലേഖനം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ഇപ്പോഴത്തെ പള്ളിയുടെ പുരാവൃത്തം ആബോയുമായി ബന്ധമുള്ളതാണ്.
പുരാതന കേരളത്തിൽ തുറമുഖം ഒന്നേയുണ്ടായിരുന്നുള്ളൂ, എറണാകുളത്തെ മാല്യങ്കര. വിദേശ യാനങ്ങൾ കേരള തീരമണഞ്ഞത് മുസിരിസ് തുറമുഖത്തിനു സമീപത്തുള്ള മാല്യങ്കരയിലായിരുന്നു. ‘മാല്യങ്കര’യിൽ നിന്ന് മലങ്കര രൂപപ്പെട്ടുവെന്നു വിശ്വാസം. വിദേശത്തു നിന്നു കടൽ മാർഗം മാല്യങ്കരയിൽ എത്തിയ ആബോ ദേശാടനത്തിനിടെ കടമറ്റവും സന്ദർശിച്ചു.
എല്ലാവരും നോക്കി നിൽക്കേ, കടമറ്റത്തു കത്തനാർ മുന്തിരിച്ചെടി നട്ട് അതിൽ നിന്നു പച്ചമുന്തിരി പറിച്ചു ബാവായ്ക്കു സമ്മാനിച്ചു. അദ്ഭുതപ്പെട്ടു നി ന്ന ബാവായോട് നാട്ടുകാരിൽ ചിലർ ക ത്തനാരുടെ മന്ത്രസിദ്ധിയെക്കുറിച്ചു വിവരിച്ചു. വിശ്വാസ പാതയിൽ മന്ത്രവാദത്തിനു സ്ഥാനമില്ലെന്ന് ആബോ ഉപദേശിച്ചു. ‘‘ദൈവത്തെ മറന്നും ജനങ്ങൾക്ക് ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുക യുമില്ല’’ ആബോയ്ക്കു മുന്നി ൽ കത്തനാർ സത്യം ചെയ്തു.
രോഗികൾക്കും അശരണർക്കും സഹായം നൽകിയ ആബോയ്ക്ക് ദേശവാഴികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു. നാട്ടുരാജാവിനോട് അഭ്യർഥിച്ച് അദ്ദേഹം കടമറ്റത്തെ കുന്നിൻമുകളിൽ പള്ളി നിർമിച്ചു. തന്റെ ജീവിതാവസാന കാലത്ത് പള്ളിയുടെ ചുമതല കടമറ്റത്തു കത്തനാരെ ഏൽപിച്ച് ആബോ പിതാവ് കൊല്ലം ജില്ലയിലെ തേവലക്കരയിലേക്കു പോയി. അവിടെ വച്ച് മരണപ്പെട്ടു.
കത്തനാർ അവിടെ എത്തിയപ്പോഴേക്കും മൃതദേഹ സംസ്കാരം കഴിഞ്ഞിരുന്നു. അതിനാൽ കബറിടത്തിനരികിലിരുന്ന് അന്ത്യശുശ്രൂഷ ചെയ്യാനേ അദ്ദേഹത്തിനു സാധിച്ചുള്ളൂ.
അന്ത്യോപചാരം അർപ്പിക്കുന്നതിനിടെ ആബോയുടെ കൈ ഉയർന്നു വന്നു. കത്തനാർ അതു കടമറ്റത്തെ പ ള്ളിയിൽ കൊണ്ടു വന്ന് അടക്കം ചെയ്തു. വിശ്വാസവഴിയിലെ ഐതിഹ്യം ഇ ങ്ങനെ. മദ്ബഹയുടെ ഭിത്തിയിലെ പേർഷ്യൻ കുരിശിനു പിന്നിലാണ് ആബോയുടെ കൈ അടക്കം ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു.
കടമറ്റത്തെ അൾത്താരയിൽ നിൽക്കുന്നവർക്ക് ഐതിഹ്യങ്ങൾ അനുഭവമായി തോന്നിയേക്കാം.
മഹാമാന്ത്രികനായ ഒരു പുരോഹിത ൻ ഇവിടെ ജീവിച്ചിരുന്നു. മേൽക്കൂര താങ്ങുന്ന ശിലാശിൽപങ്ങൾക്കു താഴെ, നീളൻ ചുമരുകളിൽ കത്തനാരുടെ ഏറെഗാംഭീര്യമുള്ള ശബ്ദം പ്രതിധ്വനിച്ചിരുന്നു. വിശുദ്ധ ബലിപീഠത്തിനു പിന്നിൽ, വലതു ഭിത്തിയിൽ സ്ഥാപിച്ച പേർഷ്യ ൻ കുരിശിൽ അദ്ദേഹത്തിന്റെ വിരലടയാളമുണ്ട് !
ഒടുവിലൊരു ദിനം, ഇതേ അൾത്താരയിൽ പ്രാർഥിച്ചതിനു ശേഷം കിഴക്കു ദിക്കിനെ ലക്ഷ്യമാക്കി നടന്ന് മായാജാലം കാണിക്കുന്ന പോലെ പോയേടത്തെ കിണറിൽ അദ്ദേഹം അപ്രത്യക്ഷനായി. കാലം സാക്ഷി, വിശ്വാസ ദീപങ്ങൾ സാക്ഷി, പോയേടം സാക്ഷി
കടമറ്റം സെന്റ് ജോർജ് പള്ളി
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലാണു കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ള പള്ളിയിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണു കുർബാന. കടമറ്റത്തു കത്തനാരുടെ ഐതിഹ്യവും പ്രശസ്തിയും പള്ളിയുടെ ചരിത്രത്തിന്റെ ഭാഗമാണ്.
അച്ചന്റെ മരണത്തെക്കുറിച്ച് നിലവിലുള്ള മറ്റൊരു ഐതിഹ്യം ഫാ. സണ്ണി വർഗീസ് പങ്കുവയ്ക്കുന്നു. ‘‘ദേവാലയത്തിനകത്ത് ഒരു കബറുണ്ട്. മരണ സമയം അടുത്തപ്പോൾ കത്തനാർ ഇവിടെ ഇരുന്നുവെന്നും അവിടെയൊരു കബർ രൂപപ്പെട്ടുവെന്നും കരുതപ്പെടുന്നു. ’’.