നൈലയോടു വർത്തമാനം പറഞ്ഞാൽ പൊരിവെയിലത്തു നിന്നു പെരുമഴയിലേക്ക് ഓടിയിറങ്ങിയ പോലെ തോന്നും. സംസാരം യാത്രകളെക്കുറിച്ചാണെങ്കിൽ ഞാറ്റുവേല പോലെ കഥകൾ പെയ്തിറങ്ങും. ദുബായ് നഗരത്തിനടുത്ത് മരുഭൂമിയിലെ ടെന്റിലിരുന്ന് അടുത്തിടെ നടത്തിയ തുർക്കി ട്രിപ്പിനെക്കുറിച്ച് പറഞ്ഞപ്പോഴും മധുരമുള്ള ഓർമകളുടെ ആലിപ്പഴങ്ങൾ പൊഴിഞ്ഞു. ചുരുൾ നിവർന്നു ചുമലിലേക്കുതിർന്ന മുടിയിഴകളെ തഴുകാനെത്തിയ തണുത്ത കാറ്റിനൊപ്പം നൈല പതുക്കെ പറഞ്ഞു; ‘‘It was nice, It was beautiful...’’
പതിനെട്ടു വർഷമായി ദുബായിയിലെ ഒരു എഫ്എം റേഡിയോയിൽ അവതാരകയാണ് നൈല ഉഷ. ജീവിതകാലം മുഴുവൻ ദുബായ് നഗരത്തിൽ ജീവിക്കണമെന്നാണ് നൈലയുടെ ആഗ്രഹം. സ്വപ്നങ്ങളിലേക്കു കൈപിടിച്ചു നടത്തിയ രാജ്യത്തിന്റെ മനോഹാരിതയെ കുറിച്ചു ചോദിച്ചാൽ നൈലയുടെ മനസ്സ് കുട്ടിക്കാലത്തേക്കു വിമാനം കയറും. അബുദാബിയിലെ അൽ അയ്നിലെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കു പറിച്ചു നടപ്പെട്ട ബാല്യകാല ദൃശ്യങ്ങൾ അപ്പോൾ ചിറകടിച്ചെത്തും.
‘‘ഞാൻ ജനിച്ചത് തിരുവനന്തപുരത്താണ്. അച്ഛന് അൽഅയ്നിലായിരുന്നു ജോലി. അബുദാബിയിലെ െചറിയ ദ്വീപാണ് അൽഅയ്ൻ. ഏഴാം ക്ലാസ് വരെ അവിടെയാണ് ഞാൻ പഠിച്ചത്. മുഴുനീളൻ വസ്ത്രങ്ങളും ഹാജാബും ധരിച്ചാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. എനിക്ക് ഖുർആൻ പാരായണം ചെയ്യാനറിയാം. വീട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയോടൊപ്പം നാട്ടിലേക്കു മടങ്ങേണ്ടി വന്നു’’ – വസന്തകാലത്തിനു മുൻപുള്ള മൂടൽമഞ്ഞ് നീങ്ങിയ പോലെ നൈല ഓർമകളിലേക്ക് നടന്നു.
തിരുവനന്തപുരത്തു ഹോളി ഏയ്ഞ്ചൽ കോൺവന്റിലായിരുന്നു സ്കൂൾ– കോളെജ് വിദ്യാഭ്യാസം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ടൂർ പോയത്. ആ യാത്ര കന്യാകുമാരിയിലേക്കായിരുന്നു. കൂട്ടുകാരികളോടൊപ്പം ബീച്ചിൽ ഓടിയത് ഇന്നലെയെന്ന പോലെ ഓർക്കുന്നു. അവിടെ നിന്നു മടങ്ങുംവഴി പദ്മനാഭപുരം കൊട്ടാരത്തിൽ പോയി. മണിച്ചിത്രത്താഴ് റിലീസ് ചെയ്ത സമയമായിരുന്നു അത്. നാഗവല്ലിയായി ശോഭന നൃത്തം ചെയ്ത മണ്ഡപം അന്ന് അദ്ഭുതത്തോടെ നോക്കി നിന്നു.
അക്കാലത്ത് ഇംഗ്ലിഷ് ലിറ്ററേച്ചറിന് അഡ്മിഷൻ കിട്ടാത്തവർ തിരഞ്ഞെടുക്കുന്ന ബിരുദമായിരുന്നു കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്. ഞാൻ അതാണു പഠിച്ചത്. അന്നൊക്കെ കോളെജിലെ മറ്റു ഡിപ്പാർട്മെന്റിൽ നിന്നുള്ള വിദ്യാർഥികളോടൊപ്പം ടൂർ പോകാൻ അധ്യാപകർ മുന്നോട്ടു വരുമായിരുന്നു. എന്നാൽ, ഞങ്ങൾ ‘സ്പെഷ്യൽ ഇംഗ്ലിഷ്’ പഠിക്കുന്നവരോടൊപ്പം വിനോദയാത്രയ്ക്ക് കൂടെ വരാൻ അധ്യാപകരെ തിരഞ്ഞു നടക്കേണ്ട അവസ്ഥയായിരുന്നു. ഞങ്ങളോടൊപ്പം ഗാർഡിയനായി വരാൻ തയാറായത് പ്രിൻസിപ്പാളിന്റെ ഓഫിസ് സ്റ്റാഫിൽ ഒരാളും ഒരു ഒരു കന്യാസ്ത്രീയുമായിരുന്നു. പാവം കന്യാസ്ത്രീയോടൊപ്പം ഞങ്ങൾ മൂന്നാറിൽ പോയി. കൂട്ടുകാരിയുടെ ജീൻസ് അടിച്ചു മാറ്റി മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ കറങ്ങിയതൊക്കെ കോളെജ് കാലത്തെ രസകരമായ കുസൃതികളാണ്.
ഇവിടെ ജീവിച്ചു മരിക്കണം
കോളെജിൽ പഠിക്കുന്ന സമയത്ത് ടിവി ചാനലിൽ അവതാരകയായി പാർട് ടൈം ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ‘ആങ്കർ’ ചെയ്യാൻ അവസരം കിട്ടി. ദുബായിയിൽ നാൽപ്പത്തൊന്നു ദിവസം ഡ്യൂട്ടി ഉണ്ടായിരുന്നു. അറേബ്യൻ റേഡിയോയുടെ ഓഫിസിന്റെ മുന്നിലൂടെയാണ് രാവിലെ നടന്നു പോയിരുന്നത്. എല്ലാ ദിവസവും കൊതിയോടെ ആ ഓഫിസിലേക്ക് നോക്കുമായിരുന്നു. ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു.
നാട്ടിലേക്കു തിരിച്ചപ്പോൾ കുറേ കരഞ്ഞു. ദുബായിയിൽ നിൽക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു സങ്കടം. നാട്ടിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ലാൻഡ് ഫോണിലേക്ക് ഒരു വിളി വന്നു. അറേബ്യൻ ന്യൂസ് പുതുതായി മലയാളം എഫ്എം റേഡിയോ ആരംഭിക്കുന്നുണ്ടെന്നും റേഡിയോ ജോക്കികളെ ആവശ്യമുണ്ടെന്നും അറിയിക്കാൻ ആ സ്ഥാപനത്തിന്റെ മാനേജരാണു വിളിച്ചത്. സുഹൃത്തുക്കൾ എന്നെ കളിയാക്കാൻ ഒപ്പിച്ച പരിപാടിയാണെന്ന് ആദ്യം കരുതി. പക്ഷേ, അദ്ദേഹം വീണ്ടും വിളിച്ചു.
2004 ഏപ്രിലിൽ എആർഎൻ 6.7 എഫ്എം റേഡിയോയിൽ അവതാരകയായി ദുബായിയിൽ തിരിച്ചെത്തി. പണ്ട് കൊതിയോടെ നോക്കി നിന്ന ഓഫിസിൽ, ഞാൻ ഏറെ മോഹിച്ച ജോലിയിൽ ഇപ്പോൾ പതിനെട്ടു വർഷം പൂർത്തിയാകുന്നു. ജോലിയാരംഭിച്ച ദിവസം മുതൽ ഇന്നു വരെ പുലർച്ചെ അഞ്ചിന് ഉറക്കമുണരും. ആറു മണിക്ക് പ്രോഗ്രാം തുടങ്ങും. പിന്നെ നാട്ടുവിശേഷങ്ങളും ലോക കാര്യങ്ങളുമായി പ്രേക്ഷകരരോടൊപ്പം സുഖം, സ്വസ്ഥം. ഈ ജന്മം മുഴുവൻ ഇവിടെ, ഇങ്ങനെ, ഇതേപോലെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഞാൻ ദുബായിയിൽ എത്തിയ സമയത്ത് മീഡിയ സിറ്റിയുടെ സമീപത്ത് ഹാർഡ‍് റോക്ക് കഫേ എന്നൊരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ബിൽഡിങ്ങിനു മുന്നിൽ വലിയ ഗിറ്റാർ പ്രദർശിപ്പിച്ചിരുന്നു. അവിടം പിന്നീട് ന്യൂ ദുബായ് എന്നു പേരുള്ള തിരക്കേറിയ നഗരകേന്ദ്രമായി മാറി. പൊടുന്നനെ വളർന്ന നഗരമാണു ദുബായ്. ബുർജ് ഖലീഫ, ബിസിനസ് ഏരിയ, ഡൗൺ ടൗൺ – അദ്ഭുത നിർമിതികൾ ഉയരുന്നത് കൺമുന്നിൽ കണ്ടു.
‘ഇവിടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കുറേ വർഷങ്ങൾ കഴിഞ്ഞ് ഇവിടേക്കു വരുന്നവർക്കു കാണാനുള്ളതല്ല. ഇവിടെ ഇപ്പോൾ ജീവിക്കുന്നവർക്കു വേണ്ടിയുള്ളതാണ്’ – ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ദൂം അദ്ദേഹത്തിന്റെ രാജ്യത്തിന്റെ വളർച്ചയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ദുബായ് നഗരത്തെ ഇത്രയും വളർത്തിയത്. ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു.
ട്രിക്ക് കാണിച്ച് വീസയൊപ്പിച്ചു
ഞാനും അമ്മയും എന്റെ മോനും സഹോദരിയുടെ മകളും ഒരു വിദേശ യാത്ര നടത്തി. വിയന്ന, ബുദാപെസ്റ്റ്, അസർബെയ്ജാൻ എന്നിവിടങ്ങളാണു സന്ദർശിച്ചത്. കോവിഡ് വ്യാപനത്തിനു മുൻപായിരുന്നു ആ യാത്ര. അമ്മയ്ക്ക് യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണ്. എന്റെ മകനാകട്ടെ കുറച്ചു ദൂരം നടക്കുമ്പോഴേക്കും ക്ഷീണമാണെന്നു പറയും. അവരെയെല്ലാം ഒരുമിപ്പിച്ച് ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ മുന്നിൽ വലിയൊരു തടസ്സം. യുഎഇയിൽ നിന്നുള്ളവർക്ക് അസർബെയ്ജാനിൽ ‘ഓൺ അറൈവൽ വീസ’ ലഭിക്കും. പാസ്പോർട്ടിലും വീസയിലും നാലോ അഞ്ചോ മാസം കാലാവധി (expiry) രേഖപ്പെടുത്തിയിട്ടുള്ളവർക്കു മാത്രമാണ് ഓൺ അറൈവൽ വീസ ലഭിക്കുക. കഷ്ടകാലമെന്നു പറയട്ടെ, അമ്മയുടേയും സഹോദരിയുടെ മകളുടേയും വീസയിൽ അത്രയും ദിവസങ്ങൾ ഉണ്ടായിരുന്നില്ല.
അസർബെയ്ജാനിലേക്ക് വീസ നൽകാൻ പറ്റില്ലെന്ന് വിമാനത്താവളം അധികൃതർ കർശനമായി പറഞ്ഞു. ഹോട്ടൽ ബുക്ക് ചെയ്തു. യാത്ര ചെയ്യാനുള്ള ടാക്സി ഏർപ്പാടാക്കി. പോകാതിരിക്കാനാവില്ല – ഞാൻ അവിടെയുള്ള ഉദ്യോഗസ്ഥനോട് നിസ്സഹായാവസ്ഥ വിവരിച്ചു. അദ്ദേഹം എനിക്കൊരു ‘ട്രിക്ക്’ പറഞ്ഞു തന്നു. ഞാൻ അതു പ്രകാരം നീങ്ങി. മൂന്നു മണിക്കൂർ കാത്തിരുന്നപ്പോഴേക്കും ഓൺലൈനിൽ വീസ കിട്ടി. ആ ട്രിക്ക് എന്താണെന്ന് ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചതിനു ശേഷമാണ് അദ്ദേഹം സഹായിച്ചത്. ആ വാക്ക് ഞാൻ പാലിക്കുന്നു.
ബാക്കു, ഗബാല എന്നിവിടങ്ങളിലാണ് അസർബെയ്ജാനിൽ കൂടുതൽ സമയം ചെലവഴിച്ചത്. ഗബാലയിൽ സ്കീയിങ് ഉണ്ട്. ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള മാർക്കറ്റ് ദുബായിയിലെ ഷോപ്പിങ് സ്ട്രീറ്റ് പോലെ വലുതായിരുന്നു. മഞ്ഞു പെയ്യുന്ന സീസണിലാണ് വിയന്നയും ബുദാപെസ്റ്റും സന്ദർശിച്ചത്. ആദ്യമായി വിന്റർ ക്ലോത്ത് ധരിച്ചതിന്റെ കൗതുകം ആസ്വദിച്ച് മഞ്ഞു പെയ്യുന്ന തെരുവികളിലൂടെ എന്റെ അമ്മ നടക്കുന്നത് ഇന്നലെയെന്ന പോലെ കൺമുന്നിലുണ്ട്. അവിടെ അമ്മയ്ക്കു വേണ്ടി ഞങ്ങൾ ഇന്ത്യൻ റസ്റ്ററന്റ് കണ്ടെത്തി. വെജിറ്റേറിയൻ ഭക്ഷണം വിയന്നയിലും കിട്ടിയപ്പോൾ അമ്മ ഹാപ്പിയായി.
സോളോ യാത്രയിൽ എങ്ങനെ സ്വന്തം ഫോട്ടോ എടുക്കും?
കൂട്ടുകാരെല്ലാം ചേർന്നൊരു തുർക്കി യാത്ര പ്ലാൻ ചെയ്തു. പക്ഷേ, യാത്രയ്ക്കുള്ള സമയമായപ്പോഴേക്കും ഓരോരുത്തരായി പിന്മാറി. പക്ഷേ, ട്രിപ്പ് ക്യാൻസൽ ചെയ്യാൻ എനിക്കു തോന്നിയില്ല. സോളോ ട്രിപ്പ് നടത്തണമെന്നുള്ള ഏറെക്കാലത്തെ ആഗ്രഹം ഇങ്ങനെ സാധ്യമാകട്ടെയെന്ന് ഉറപ്പിച്ചു. ട്രാവൽ ഏജൻസിയിൽ വിളിച്ച് ഹോട്ടൽ ബുക്ക് ചെയ്തു. സന്ദർശിക്കാനുള്ള സ്ഥലങ്ങൾ ഗൂഗിളിൽ തിരഞ്ഞു കണ്ടെത്തിയ ശേഷം ടർക്കിഷ് എയർവെയ്സിന്റെ വിമാനത്തിൽ കയറി.
ടാക്സി ഡ്രൈവർമാരെ വിശ്വസിക്കരുതെന്ന് ഗൂഗിൾ റിവ്യൂ വായിച്ചിരുന്നു. പക്ഷേ, ഇസ്താംബുൾ എയർപോർട്ടിനു മുന്നിൽ നിന്നു വിളിച്ച കാറിന്റെ ഡ്രൈവർ മാന്യനായിരുന്നു. അദ്ദേഹം രാവിലെ ആറിന് ഹോട്ടലിലിലെത്തിച്ചു. ബാഗും മറ്റു സാധനങ്ങളും മുറിയിൽ വച്ചതിനു ശേഷം ഹോട്ടലിനടുത്തുള്ള റസ്റ്ററന്റിൽ കയറി. വിഭവങ്ങൾ കുറവായിരുന്നു. പക്ഷേ, ഉള്ളതെല്ലാം രുചികരമായിരുന്നു.
വിശപ്പു മാറിയ ശേഷം റോഡിലിറങ്ങി. നേരേ കണ്ട വഴിയിലൂടെ നടന്ന് ടാക്സിം സ്ക്വയറിലെത്തി. അവിടെ ടൂറിസ്റ്റുകളുടെ തിരക്കായിരുന്നു. കുടുംബങ്ങൾ, ദമ്പതികൾ, കമിതാക്കൾ – അങ്ങനെ എല്ലാവരുടെയും കൂടെ ആരെങ്കിലുമൊക്കെയുണ്ട്. എന്റെ ഫോട്ടോയെടുക്കാൻ ആരുമില്ല. സംശയിച്ചു നിൽക്കാതെ അവിടെ എത്തിയ ടൂറിസ്റ്റുകളിലൊരാളുടെ കയ്യിൽ ക്യാമറ കൊടുത്ത് ഒരു ഫോട്ടോ എടുത്തു തരാൻ ആവശ്യപ്പെട്ടു. പകരം അയാളുടെ ഫോട്ടോ ഞാൻ എടുത്തു കൊടുത്തു. പിന്നീട് എല്ലാ സ്ഥലത്തും ഈ ‘ഡീൽ’ വിജയകരമായി നടപ്പാക്കി.
രണ്ടാം ദിവസവും ന്യൂ ഇസ്താംബുളിലേക്കു പോയി. അവിടെകടകളിലെ ജോലിക്കാരോടാണ് ഞാൻ കൂടുതൽ സംസാരിച്ചത്. ആ തെരുവിൽ കുറേ റസ്റ്ററന്റുകളുണ്ട്. അവിടെ കിട്ടുന്ന റൊട്ടി ഡൗനട്ട് ബോലെ രുചികരമാണ്. സോളോ ട്രിപ്പിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ് ഇത്. നമുക്ക് ഇഷ്ടമുള്ളതു വാങ്ങി കഴിക്കാം. തോന്നുന്ന സ്ഥലത്തേക്കു പോകാം. തോന്നുമ്പോൾ ഉറങ്ങാം. തോന്നുമ്പോൾ ഉണരാം. തമാശ പറഞ്ഞു ചിരിക്കാൻ കൂടെയാരുമില്ല എന്നതു മാത്രമാണ് കുറവായി ഫീൽ ചെയ്തത്.
മൂന്നാം ദിനം രാവിലെ ഓൾഡ് ഇസ്താംബുൾ സന്ദർശിച്ചു. ബ്ലൂ മോസ്ക്, പുരാതന ട്രാം എന്നിവ അവിടെയുണ്ട്. ഷോപ്പിങ് സ്ട്രീറ്റ് കാണും വിധം മനോഹരമായ മുറികളുള്ള ഹോട്ടലിലാണ് അവിടെ താമസിച്ചത്. സമീപത്തുള്ള മെഡോ റസ്റ്ററന്റിൽ നിന്നു കഴിച്ച ടർക്കിഷ് വിഭവങ്ങളുടെ രുചി നാവിൽ നിന്നു പോയിട്ടില്ല. പ്രശസ്തമായ ബ്ലൂ മോസ്കിനു മുന്നിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ ഒരു ലൈവ് വീഡിയോ അപ്‍ലോഡ് ചെയ്തു. അൽപം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ‘നൈലാ’ എന്നൊരു വിളി. യുകെയിൽ നിന്നുള്ള മലയാളി കുടുംബത്തിലെ കുട്ടിയായിരുന്നു. അപരിചിതമായ സ്ഥലത്ത് മറ്റൊരാൾ നമ്മളെ തിരിച്ചറിയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ഹൃദയമുള്ള ചെങ്കിസ്ഖാൻ
അങ്ങനെ മുന്നോട്ടു നീങ്ങിയപ്പോൾ ഒരാൾ എന്നെത്തന്നെ നോക്കി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ മുന്നോട്ടു വന്നു. നിങ്ങൾ സെലിബ്രിറ്റിയാണോ. എന്റെ കടയിലേക്കു വരൂ – അയാൾ ക്ഷണിച്ചു. തുർക്കിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് കിട്ടിയ മുന്നറിയിപ്പുകളെല്ലാം മനസ്സിലുണ്ട്. ധാരാളം ആളുകൾ ചുറ്റും ഉണ്ടല്ലോ എന്നുള്ള ധൈര്യത്തിൽ അയാളോടൊപ്പം നടന്നു. ചെങ്കിസ് ഖാൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇംഗ്ലിഷ് അറിയാം. തെരുവിന്റെ പലഭാഗത്തുള്ള കടകൾ ചെങ്കിസ് ഖാൻ കാണിച്ചു തന്നു. അയാളുടെ സുഹൃത്തുക്കളായ കടയുടമകളെ പരിചയപ്പെടുത്തി. ഓട്ടോമൻ തുർക്കിയുടെ ചരിത്രം വിവരിച്ചുകൊണ്ട് ആ പ്രദേശം മുഴുവൻ അദ്ദേഹം എന്റെ കൂടെ നടന്നു. മൂന്നു മണിക്കൂറിനു ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടിയ സ്ഥലത്ത് തിരിച്ചെത്തിയത്. വാസ്തവം പറഞ്ഞാൽ അപ്പോഴാണ് എന്റെ ശ്വാസം നേരെയായത്. ഗൈഡായി കൂടെ വന്ന് പണം വാങ്ങലായിരിക്കും ഖാന്റെ ഉദ്ദേശമെന്നു ഞാൻ കരുതി. ‘‘ഞാൻ കുറേ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളോട് തുർക്കിയുടെ ചരിത്രം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു. വീണ്ടും വരണം’’ വടിവൊത്ത ഇംഗ്ലിഷിൽ ചെങ്കിസ് ഖാൻ മനസ്സു തുറന്നു. ഈ ലോകത്തിന്റെ എല്ലാ കോണുകളിലും നല്ല മനുഷ്യരുണ്ട് – ചെങ്കിസ്ഖാനിലൂടെ ഞാൻ തിരിച്ചറിഞ്ഞു. നാലു ദിവസം തുർക്കിയിലും രണ്ടു ദിവസം വീതം ഇസ്താംബുളിലെ ഓൾഡ്, ന്യൂ നഗരങ്ങളിലൂടെയും സഞ്ചരിച്ചു. ഒറ്റയ്ക്കായതിനാൽ കപഡോക്കിയയിലും മറ്റു സ്ഥലങ്ങളിലും പോയില്ല.
സോളോ അനുഭവങ്ങൾ നൽകിയ പുരാതന നഗരത്തിനോടു വിട പറഞ്ഞ് എയർപോർട്ടിലെത്തി. വിമാനത്തിലിരിക്കുമ്പോൾ ഹൃദയം സന്തോഷത്താൽ വീർപ്പുമുട്ടി. ജീവിതത്തിൽ എന്തൊക്കെയോ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ പോലെ ആത്മവിശ്വാസം തോന്നി. ആ നിമിഷം ഈ ലോകത്തിനോട് ഒരു കാര്യം വിളിച്ചു പറയാൻ ഞാൻ ആഗ്രഹിച്ചു. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഒറ്റയ്ക്കാകുമ്പോൾ നമ്മൾ സ്വന്തം കഴിവും ദൗർബല്യങ്ങളും തിരിച്ചറിയുന്നു. അപ്പോൾ തടസ്സങ്ങളെ മറികടക്കാനുള്ള ധൈര്യം ലഭിക്കും. Yes, again I would like to say it is nice, defenitely beautiful...