കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം. പുള്ളിമാനും കലമാനുകളും വഴിയോരത്തു തുള്ളിയോടുന്നു...
പറമ്പിക്കുളത്തെ രാവിനു ഹരം പകരുന്ന നിശബ്ദതയാണ്. ഇലകളെ തഴുകുന്ന കാറ്റിലും മലകളെ പുണരുന്ന മഞ്ഞിലും കാടിന്റെ തലോടൽ അനുഭവിച്ചറിയാം. എങ്കിലും, ഏറുമാടത്തിൽ അന്തിയുറങ്ങാൻ പറമ്പിക്കുളത്തേക്കു പുറപ്പെടുമ്പോൾ ഭയമുണ്ടായി. കടുവയും കരടിയുമുള്ള കാടാണ്... എന്നാൽ, പേരുവരിപ്പള്ളത്തു നിന്ന് കൃഷ്ണൻ വണ്ടിയിൽ കയറിയതോടെ ഭീതി നീങ്ങി. പറമ്പിക്കുളത്തു വനമേഖലയിൽ ജനിച്ചയാളാണു കൃഷ്ണൻ. വനം വികസന വകുപ്പിൽ ഗൈഡ്. ‘‘അങ്ങോട്ടു നോക്ക്’’ ആറ്റുവക്കത്തു തീറ്റതേടിയിറങ്ങിയ ആനക്കുടുംബത്തെ ചൂണ്ടിക്കാട്ടി കാട്ടിലെ കൃഷ്ണൻ വഴികാണിച്ചു.
കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം. പുള്ളിമാനും കലമാനുകളും വഴിയോരത്തു തുള്ളിയോടുന്നു. മയിലുകൾ പീലി വിടർത്തി നൃത്തം ചവിട്ടുന്നു. ഭംഗിയുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണു കൃഷ്ണൻ കാട്ടാനക്കൂട്ടത്തെ കാട്ടിത്തന്നത്. കൊമ്പനും പിടിയും സവാരിക്കിറങ്ങിയതാണ്. കൂടെ കുട്ടിയാനയുമുണ്ട്.
‘‘ തിടുക്കം കൂട്ടണ്ടാ. ആനനെ ഇനീം കാണാം.’’ പാല ക്കാടിന്റെ തനതു സംഭാഷണ ശൈലിയിൽ കൃഷ്ണന്റെ നിർദേശം. സുങ്കം കോളനിക്കാരനാണ് കൃഷ്ണൻ. പറമ്പിക്കുളത്തെ ഗോത്രവാസി. ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി പ്രവർത്തനം ആരംഭിച്ചതോടെ ഗൈഡായി. അതിനു മുൻപ് തേൻ ശേഖരിക്കലും മരം വെട്ടുമായിരുന്നു തൊഴിൽ. കൃഷ്ണനെപ്പോലെ വഴികാട്ടിയായി അവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും വീട്ടുമുറ്റമാണ് കാട്.
ഭാര്യയുടെ അനുജനെ കാട്ടാന കൊമ്പിൽ കോർത്ത് വലിച്ചെറിയുന്നതു കണ്ടുനിൽക്കേണ്ടി വന്നയാളാണ് കൃഷ്ണൻ. തേനെടുക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ദുരന്തം. വയറ്റത്തു തുള വീണ ബന്ധുവിനെ തോളിൽ തൂക്കി താഴെയെത്തിച്ചതു കൃഷ്ണനാണ്. ‘‘അന്നു പെരുമഴയായിരുന്നു. ആനച്ചൂര് കിട്ടിയില്ല. ആനയുടെ കാലിന്റെ ചുവട്ടിലെത്തിയപ്പോഴാണ് കണ്ടത്. ഒറ്റക്കുത്തിന് കൊമ്പിൽ കോർത്ത് പൊക്കിയെറിഞ്ഞു.’’ പതിനാറു വയസ്സുകാരനെ ആന കുത്തിക്കൊന്നത് അമർചിത്രകഥ പോലെയാണ് കൃഷ്ണൻ വിവരിച്ചത്. അദ്ദേഹം ജനിച്ചു വളർന്ന കാടാണിത്. ആനയെ മാത്രമല്ല പുലിയേയും ഇവർക്കു പേടിയില്ല!
കന്നിമാരയിലെ തേക്ക്
ആനപ്പാടിയിൽ നിന്നാണ് സഫാരി വാൻ പുറപ്പെടുന്നത്. കാടിനു നടുവിലെ റോഡിലൂടെ തൂണക്കടവിലെത്തി. പ തിറ്റാണ്ടു പഴക്കമുള്ള തേക്കു മരങ്ങൾ തണൽവിരിച്ച കാട്ടിൽ നട്ടുച്ചയ്ക്കും തണുപ്പാണ്. വെള്ളച്ചാലിന്റെ അരികത്തു നാലഞ്ച് മ്ലാവുകൾ മേയുന്നുണ്ടായിരുന്നു. പുള്ളിപ്പുലിയുടെ ഇരയാണു മ്ലാവ്.
‘ഈ സ്ഥലത്ത് ‘അവനെ’ കാണാറുണ്ട്’ – ഗൈഡ് കൃഷ്ണൻ മണ്ണിൽ പതിഞ്ഞ പുലിയുടെ കാൽപ്പാടു ചൂണ്ടിക്കാട്ടി. അതോടെ സന്ദർശകർ ക്യാമറ തയാറാക്കി പുലിയെ കാണാനൊരുങ്ങി. സഫാരി വാഹനത്തിന്റെ ശബ്ദം കേട്ട് റോഡിലിറങ്ങിയത് ഒരുപറ്റം കാട്ടുപോത്തുകളായിരുന്നു. വണ്ടിയുടെ ഇരമ്പൽ കേട്ട് അവ ചിതറിയോടി. പിന്നീട് നിരയായി കാട്ടിലേക്കു കയറി. കാട്ടുപോത്തിന്റെ ശബ്ദം കേട്ട് കിളികൾ പറന്നു. പക്ഷികൾ കൂട്ടത്തോടെ പറന്ന ദിക്കിലേക്ക് ഗൈഡ് വിരൽ ചൂണ്ടി.
പൊന്തക്കാടിനരികെ തലയെടുപ്പോടെ ഒരു കൊമ്പൻ. ഈറ്റ പൊട്ടിച്ച് ഇല തിന്നുകയാണ്. ആദ്യം തലയുയർത്തി. പിന്നെ തുമ്പിക്കൈ പൊക്കി മണം പിടിച്ചു. വാഹനം കണ്ടതോടെ കാട്ടിലേക്ക് പിൻവലിഞ്ഞു. നെറ്റിപ്പട്ടം കെട്ടിയ ആനയെ കണ്ടു പരിചയിച്ചവരാണ് വണ്ടിയിലുള്ളത്. ആദ്യമായി കാട്ടുകൊമ്പനെ കണ്ടപ്പോൾ മെയ്യഴകു വർണിച്ച് അവർ ചർച്ചയിൽ മുഴുകി.
ഇന്ത്യ ഗവൺമെന്റ് മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ച തേക്കുമരത്തിനു മുന്നിൽ വാഹനം നിന്നു. ലോകത്ത് ഇപ്പോൾ നിലവിലുള്ള തേക്കു മരങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള തേക്കാണ് കന്നിമാരയിലേത്, ഉയരം 39.98 മീറ്റർ. 7.2 മീറ്റർ ചുറ്റളവ്. 450 വർഷം പഴക്കമെന്നു കണക്കാക്കപ്പെടുന്നു. ആറുപേർ വട്ടം പിടിച്ചാലും കയ്യെത്തില്ല. അതിനു ചുവട്ടിൽ നിന്നും ഇരുന്നും മരത്തിനെ കെട്ടിപ്പിടിച്ചും സന്ദർശകർ ഫോട്ടോയെടുത്തു.
ചങ്ങാടം തുഴയാം
കന്നിമാരയിൽ നിന്നു തൂണക്കടവിലേക്കു മടങ്ങി. കൊമ്പനും കാട്ടുപോത്തുകളും ഉൾക്കാടുകളിലേക്ക് നീങ്ങിയിരുന്നു. ഭീതിയൊഴിഞ്ഞ പാതയോരത്തു മ്ലാവും മലയണ്ണാനും മയിലും കരിങ്കുരങ്ങും ഓടിപ്പാഞ്ഞു. തൂണക്കടവ് അണക്കെട്ടിനു താഴെ പറമ്പിക്കുളം റൂട്ടിലാണ് തുടർയാത്ര. ‘‘പുള്ളിപ്പുലി വരാറുള്ള പാറ’’ വഴികാട്ടി കാടിനു നടുവിലെ വലിയ കല്ല് ചൂണ്ടിക്കാട്ടി. കുറച്ചു നേരം അവിടെ വാഹനം നിർത്തിയെങ്കിലും പുലിയും കടുവയും വന്നില്ല. നേരം പാഴാക്കാതെ വ്യൂ പോയിന്റിലേക്കു തിരിച്ചു. പച്ചവിരിച്ച മലനിര, ഓളങ്ങൾ നിലച്ച ജലാശയം, വീതിയേറിയ അണക്കെട്ട്... മനോഹര ദൃശ്യം ക്യാമറയിൽ പകർത്തി.
ആനപ്പാടിയിൽ ആരംഭിക്കുന്ന റോഡ് പറമ്പിക്കുളം ജംക്‌ഷനിലാണ് അവസാനിക്കുന്നത്. പാലക്കാട് – പറമ്പിക്കുളം കെഎസ്ആർടിസി ബസിന്റെ ലാസ്റ്റ് സ്റ്റോപ്പാണ് പറമ്പിക്കുളം. ഒന്നു രണ്ടു ചായക്കടകളും പെട്ടിക്കടയുമുള്ള ചെറിയ കവല. അവിടെ നിന്ന് ഇടത്തോട്ടുളള റോഡ് ജലാശയത്തിന്റെ ക്യാച്മെന്റ് ഏരിയയിലേക്കാണ്. അവിടെയാണ് ചങ്ങാട സവാരി.
മുള ചേർത്തു കെട്ടിയ മനോഹരമായ ചങ്ങാടം. യാത്രക്കാർക്കുള്ള ഇരിപ്പിടവും തുഴക്കാരനുള്ള ഇരിപ്പിടവും വെവ്വേറെ ക്രമീകരിച്ചുകൊണ്ടുള്ള നാടൻ സാങ്കേതികവിദ്യ. വീതിയുള്ള തടി ചെത്തിയൊരുക്കിയാണ് പങ്കായം നിർമിച്ചിട്ടുള്ളത്. വനപാലകരുടെ നേതൃത്വത്തിൽ ചങ്ങാടം അര മണിക്കൂർ വെള്ളത്തിലൂടെ ഒഴുകി. ജലസവാരി കഴിഞ്ഞ് അതു കരയ്ക്കണഞ്ഞപ്പോഴേക്കും നേരം ഇരുട്ടി.
ജംഗിൾ സഫാരിയിൽ അടുത്ത പരിപാടി ഗോത്രവാസികളുടെ നൃത്ത പ്രദർശനമാണ്. ടൈഗർ ഹാളിന്റെ വേദിയിൽ ആദിവാസി സ്ത്രീകൾ ഗോത്ര ഗാനം പാടി നൃത്തം ചെയ്തു. കാട്ടിൽ ജീവിക്കുന്നവരുടെ ഭാഷ, മുള ഉപയോഗിച്ചുള്ള പശ്ചാത്തല സംഗീതം... രണ്ടര മണിക്കൂർ സംഗീത നിശയ്ക്കു ശേഷം താമസ സ്ഥലത്തേക്കു നീങ്ങി.
‘‘ഇന്നലെ രാത്രി ഇവിടെ പുള്ളിപ്പുലിയെ കണ്ടു’’ വീണ്ടും പ്രതീക്ഷയോടെ ഗൈഡിന്റെ വാക്കുകൾ. വണ്ടിയിലിരുന്നവർ വാഹനത്തിന്റെ വെളിച്ചത്തിലേക്കു നോക്കി നിശബ്ദരായി. ആകാംക്ഷ കൂട്ടിക്കൊണ്ടു ഡ്രൈവർ വേഗം കുറച്ചു. റോഡിനു കുറുകെ ഒരു പിടിയാന. ഹോൺ മുഴക്കിയപ്പോൾ അതു മലയുടെ ചെരിവിലേക്കു നീങ്ങി. മുറിയിലെത്തും വരെ പുലികളെക്കുറിച്ച് ഗൈഡുമാർ കഥ പറഞ്ഞു.
ബാംബൂ ഐലൻഡ്
മരത്തിനു മുകളിൽ നിർമിച്ച മനോഹരമായ റിസോർട്ടിലാണ് താമസം. പുഴയ്ക്ക് അഭിമുഖമായി നിൽക്കുന്ന റിസോർട്ടിലേക്ക് ഗോവണിയുണ്ട്. ബെഡ്റൂം, ടോയ്‌ലെറ്റ്, ബാൽക്കണി. കുടുംബസമേതം സുരക്ഷിതമായ താമസം. ‘‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. താഴെയുണ്ട്’’ കൃഷ്ണൻ ഗുഡ്നൈറ്റ് പറഞ്ഞു.
രാത്രിയെ തഴുകി കുളിരിന്റെ സ്പർശം. മഞ്ഞുണ്ട്, കൊടും തണുപ്പില്ല. കാടിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നു മാനുകളുടെ ശബ്ദം കേട്ടു.
രാത്രിയിൽ പുലി ഇറങ്ങിയെന്നു പിറ്റേന്നു രാവിലെ കൃഷ്ണൻ പറഞ്ഞു. ‘‘വെയിൽ പരക്കുന്നതിനു മുൻപു പുറപ്പെട്ടാൽ അവനെ കാണാം’’ കൃഷ്ണന്റെ വാക്കുകളിൽ വീണ്ടും പ്രതീക്ഷ. രാവിലെ ആറരയ്ക്ക് ഇറങ്ങി. പക്ഷേ ആ പ്രഭാതത്തിലും പുലിയുടെ സാന്നിധ്യമുണ്ടായില്ല. എന്നാൽ, മറ്റൊരു കാഴ്ച ആസ്വദിച്ചു.
പേരുവരിപ്പള്ളത്തിനപ്പുറത്തുള്ള ബാംബൂ ഐലന്റിലേക്ക് റോഡില്ല, പാലവുമില്ല. തടാകത്തിന്റെ മധ്യത്തിലുള്ള തുരുത്തിൽ റിസോർട്ടുണ്ട്. ചങ്ങാടത്തിലാണ് അങ്ങോട്ടു പോകുന്നത്. മുള അലങ്കരിച്ചുണ്ടാക്കിയ നടപ്പാലവും ക്വാർട്ടേഴ്സും കണ്ടാൽ അവിടെ താമസിക്കാൻ മോഹമുദിക്കും.
‘‘കടുവയും പുലിയും ഉൾക്കാട്ടിലാണ്. ഇര തേടിയാണ് അവ പുറത്തിറങ്ങുന്നത്. ഭാഗ്യമുള്ള സന്ദർശകർക്കു ദർശനഭാഗ്യം ലഭിക്കും’’ മടക്ക യാത്രയിലും കൃഷ്ണൻ ഓർമിപ്പിച്ചു.
കടുവ സംരക്ഷണ മേഖല
പാലക്കാട് ജില്ലയിൽ തമിഴ്നാടിന്റെ അതിർത്തിയിലാണ് പറമ്പിക്കുളം കടുവ സംരക്ഷണ വനമേഖല. നെല്ലിയാമ്പതിയും ആനമലയുമാണ് പറമ്പിക്കുളത്തിന്റെ സമീപത്തുള്ള കാടുകൾ. പറമ്പിക്കുളത്ത് നാൽപത് കടുവകളുണ്ടെന്ന് കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ട്. പുള്ളിപ്പുലി, ക രടി, ആന, കാട്ടുപോത്ത്, മാൻ, ചെന്നായ, മുള്ളൻപന്നി തുടങ്ങിയവയാണ് ഇവിടെയുള്ള മറ്റു കാട്ടുജീവികൾ. അരചർ, മലഅരചർ, മുതുവർ, കാടർ എന്നിങ്ങനെ നാലു ഗോത്ര വിഭാഗങ്ങൾ പറമ്പിക്കുളത്ത് കാടിനുള്ളിൽ ജീവിക്കുന്നു.
ജംഗിൾ സഫാരി
ഫോറസ്റ്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പറമ്പിക്കുളത്ത് ജംഗിൾ സഫാരി നടത്തുന്നത്. ഒരു സഫാരി രണ്ടര മണിക്കൂർ. മിനി ബസിൽ വഴികാട്ടികളുടെ നേതൃത്വത്തിലാണ് സഫാരിക്ക് കൊണ്ടു പോവുക. ആനപ്പാടിയിൽ നിന്നു പുറപ്പെട്ട് കന്നിമാര തേക്ക്, പറമ്പിക്കുളം എന്നിവിടങ്ങളിലൂടെ ആനപ്പാടിയിൽ തിരിച്ചെത്തും. ടെന്റ്, ട്രീ ടോപ്പ്, ബാംബൂ ഐലന്റ്, ഹണി കോംബ് എന്നിങ്ങനെ നാലു വിഭാഗം താമസ സൗകര്യങ്ങളാണ് പറമ്പിക്കുളത്തുള്ളത്. ഓരോ സംഘത്തിനും ഒരു ഗൈഡ് ഉണ്ടായിരിക്കും.
ട്രീടോപ് റിസോർട്ട്
പശുക്കൾ മേയുന്ന പോലെ കാട്ടുപോത്തുകൾ നടക്കുന്നതു കാണണോ? ആനയെയും പുള്ളിപ്പുലിയെയും കാണണോ? പറമ്പിക്കുളത്ത് വനം വികസന വകുപ്പ് ജംഗിൾ സഫാരി നടത്തുന്നു. താമസിക്കാൻ ഭംഗിയുള്ള ഏറുമാടങ്ങളുണ്ട്. ഉച്ചയ്ക്ക് അവിടെയെത്തി പിറ്റേന്ന് ഉച്ചയ്ക്ക് മടങ്ങും വിധമാണ് പാക്കേജ്. സന്ദർശകർക്കു താമസിക്കാൻ വനംവികസന വകുപ്പിന്റെ കോട്ടേജുണ്ട്. പാക്കേജ് ടൂറിൽ ബുക്ക് ചെയ്യുന്നവർക്കു സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി നടത്താം.. കൂടുതൽ വിവരങ്ങൾ: 9442201690, 9442201691
How to reach
പറമ്പിക്കുളം വനം കേരളത്തിലാണെങ്കിലും പ്രവേശനകവാടം തമിഴ്നാട്ടിലാണ്. പാലക്കാടിനു സമീപം വടക്കഞ്ചേരിയിൽ നിന്നു നെന്മാറ വഴി കൊല്ലങ്കോട്. കൊല്ലങ്കോടു നിന്നു കാമ്പ്രത്തുചള്ളയിലൂടെ ചെമ്മണാംപതി. ചെമ്മണാംപതി ചെക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ വേട്ടക്കരൻ പുതൂർ. അവിടെ നിന്നു സേത്തുമട. തമിഴ്നാടിന്റെ ചെക്പോസ്റ്റിൽ ഫീസ് അടച്ച് പേരു റജിസ്റ്റർ ചെയ്യുക.
പാലക്കാടു നിന്ന് മീനാക്ഷിപുരം, അമ്പ്രാമ്പാളയം, വേട്ടക്കരൻപുതൂർ, സേത്തുമട, ടോപ് സ്ലിപ് വഴിയും പറമ്പിക്കുളത്ത് എത്താം. പാലക്കാടു നിന്ന് രാവിലെ എട്ടിനു പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 11.30ന് പറമ്പിക്കുളത്ത് എത്തും. ഉച്ചയ്ക്ക് 1 മണിക്ക് പറമ്പിക്കുളത്തു നിന്നു പാലക്കാട്ടേക്കു മടക്കം.