കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിൽ നിന്നുള്ള പുലർകാല ഹൈക്കിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് നടി പാര്‍വതി തിരുവോത്ത്. മാന്ത്രിക ചിത്രങ്ങൾ പകർത്താനായി പ്രഭാതയാത്ര എന്ന കുറിപ്പോടെയാണ് സഹോദരനൊപ്പം നയാഗ്രയിലേക്ക് പുലര്‍കാലത്ത് നടത്തിയ ഹൈക്കിങ്ങിന്റെ പോസ്റ്റ് ചെയ്തിട്ടുള്ളത്.

യുഎസ് സംസ്ഥാനമായ ന്യൂയോർക്കിന്റെയും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് നയാഗ്ര വെള്ളച്ചാട്ടം. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് ഹിമയുഗത്തിന്റെ അവസാനത്തിൽ രൂപംകൊണ്ട നയാഗ്ര വെള്ളച്ചാട്ടം, സൗന്ദര്യം കൊണ്ടും ചരിത്രപ്രധാന്യത്താലും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഓരോ വര്‍ഷവും ശരാശരി 30 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
ഹോഴ്സ്ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ് എന്നിങ്ങനെയുള്ള മൂന്നു വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ് നയാഗ്ര എന്നറിയപ്പെടുന്നത്. ഹോഴ്സ്ഷൂ വെള്ളച്ചാട്ടം കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള രാജ്യാന്തര അതിർത്തിയിലും അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണമായും അമേരിക്കൻ ഐക്യനാടിലുമാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നാണ് നയാഗ്രയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയുക.