Thursday 19 October 2023 03:58 PM IST : By സ്വന്തം ലേഖകൻ

‘സ്ഥിരം കഴിക്കുന്ന മരുന്നുകൾ എടുക്കാന്‍ മറന്നുപോകരുത്’; ഓരോ യാത്രയും സന്തോഷകരമാക്കാന്‍ ഈ മുന്നൊരുക്കങ്ങൾ ശീലിക്കാം

travel-ready-pack

മഴ പെയ്തു തോർന്നൊരു സായാഹ്നത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ വണ്ടി നീങ്ങുന്നത്. ദീർഘനേരത്തെ ഡ്രൈവിന്റെ ക്ഷീണമുണ്ട്. പെട്ടെന്നാണ് വശത്തെ കടയിലെ ചൂട് സമോവറിൽ നിന്നുയരുന്ന ആവിയും പുകയും ശ്രദ്ധയിൽ പെട്ടത്. നല്ല ചൂട് ചായയും അതിനേക്കാൾ ചൂടുള്ള ഉള്ളിവടയും കഴിച്ച് ഇരട്ടി ഉന്മേഷത്തോടെ യാത്ര തുടർന്നു. ഇനി ഈ സീൻ ഒന്ന് മാറ്റി ആലോചിച്ചു നോക്കു. നമ്മൾ പോകുന്ന വഴിക്ക് കുറേ ഏറെ ദൂരം യാത്ര ചെയ്തിട്ടും നല്ലൊരു ചായ കിട്ടുന്ന കട പോലും കണ്ടില്ലെങ്കിലോ?

പണി പാളും. ക്ഷീണവും മടുപ്പും കൂടും. സീൻ ശോകമാകും. വഴിക്ക് ഭക്ഷണം കിട്ടാത്ത കാര്യം മാത്രമല്ല, അവിചാരിതമായ പല തടസ്സങ്ങളും യാത്രയിൽ ഉണ്ടാകാം. യാത്ര സന്തോഷമാണെങ്കിലും യാത്രയിലുടനീളം  അത് ഉറപ്പാക്കണമെങ്കിൽ കൃത്യമായ ആസൂത്രണം വേണം.   

സന്തോഷം ഉറപ്പാക്കുന്ന തരത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നതെങ്ങനെയെന്ന് അറിയാമോ? അതേക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സഹായകരമാകും.

കാലാവസ്ഥയും ഭാഷയും

∙ യാത്രയിൽ നമ്മുടെ ആരോഗ്യം സ്വയം വിലയിരുത്തുന്നത് വളരെ പ്രധാനമാണ്. അതുപോലെ പോകുന്ന സ്ഥലത്തെ കാലാവസ്ഥ, ആഭ്യന്തര പ്രശ്നങ്ങൾ ഒക്കെയും മനസ്സിലാക്കാണം.

∙ ഭാഷ അറിയില്ലെന്നു കരുതി വിദേശയാത്രകൾ ഒഴിവാക്കേണ്ട കാര്യമില്ല. അത്യാവശ്യം വേണ്ട പത്തോ പന്ത്രണ്ടോ വാക്കുകൾ അറിഞ്ഞിരുന്നാലും മതി. ആംഗ്യഭാഷ, ഗൂഗിൾ ട്രാൻസലേറ്റർ ഒക്കെ ആശയവിനിമയത്തിന് കൂട്ടാകും. ഉദാഹരണമായി പറഞ്ഞാൽ ഫ്രാൻസിൽ നിന്നും ജർമനിയിൽ നിന്നുമൊക്കെ നമ്മുടെ നാട്ടിലെത്തുന്ന വിദേശ സഞ്ചാരികളിൽ പലർക്കും നമ്മുടെ രാജ്യത്തെ പ്രാദേശിക ഭാഷകൾ അറിയാമോ? ശരാശരി വിദ്യാഭ്യാസമുള്ളവർക്ക് അറിയാവുന്നത്ര ഇംഗ്ലിഷ് വാക്കുകൾ പോലും അവരി‍ൽ പലർക്കും അറിയില്ല താനും. അതുകൊണ്ട് ഒരു മനസ്സിലാക്കുക, യാത്രയുടെ ഒന്നാമത്തെ ഭാഷ ആത്മവിശ്വാസമാണ്.

∙ ബസ്, ട്രെയിൻ, ഹോട്ടൽ ഇവയൊക്കെ ഓൺലൈനായി ബുക് ചെയ്യാൻ കഴിയും. പണമിടപാടുകൾ ഓൺലൈമാക്കുക. ഗൂഗിൾ മാപ് ഉപയോഗിച്ച് സ്ഥലം കണ്ടെത്താനും ലൈവ് ലൊക്കെഷൻ ഷെയർ ചെയ്യാനുമൊക്കെ അറിയണം.  

∙ ട്രെയിനിലും ബസ്സിലും യാത്ര ചെയ്ത് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നത് പരമാവധി പകൽ നേരത്തായിരിക്കാൻ ശ്രദ്ധിക്കുക. ഹോട്ടലിൽ എത്താൻ കുറേ ദൂരം യാത്ര ചെയ്യേണ്ടി വന്നാലും ആളുകളോട് സഹായം ചോദിക്കേണ്ടി വന്നാലും പകൽ നേരം സുരക്ഷിതമായിരിക്കും.

∙ ഭാരം കുറഞ്ഞ ലഗേജാണ് യാത്രയ്ക്ക് എപ്പോഴും നല്ലത്. ഒന്നിൽ കൂടുതൽ ബാഗ്, ഭാരം കൂടിയ ബാഗ് ഇതെല്ലാം വേഗത്തിൽ നടക്കാനും വണ്ടിയിൽ ഓടി കയറേണ്ട സാഹചര്യത്തിലുമൊക്കെ തടസ്സമുണ്ടാക്കും.

∙ ഏറ്റവുമടുത്ത വ്യക്തിയോട് യാത്രയുടെ വിവരങ്ങൾ പങ്കുവയ്ക്കുക. മൊബൈൽ റേഞ്ച് ഇല്ലാത്ത ഉൾഗ്രാമങ്ങളിലേക്കോ, കാട്ടിലേക്കോ ആണ് പോകുന്നതെങ്കിൽ ആ സമയം ഫോണിൽ കിട്ടില്ല എന്നു പറയുക. താമസിക്കുന്ന ഹോട്ടലിന്റെ പേരും വിവരങ്ങളും ഫോൺ നമ്പറും നൽകുക. ഗൈഡിനൊപ്പമോ ട്രാവൽ സംഘത്തിനൊപ്പമോ ആണ് പോകുന്നതെങ്കിൽ അവരുടെ വിവരങ്ങളും നൽകണം. ആവശ്യമുള്ള സമയം കഴിഞ്ഞിട്ടും തിരിച്ചു വിളിക്കുകയോ മൊബൈൽ റേഞ്ചിൽ വരികയോ ചെയ്യുന്നില്ലെങ്കിൽ  അന്വേഷിക്കണം എന്നു പറഞ്ഞേൽപ്പിക്കുക.

travel2

വിവരങ്ങൾ ഡയറിയിലും

∙ അത്യാവശ്യത്തിന് ബന്ധപ്പെടേണ്ടവരുടെ നമ്പർ, അഡ്രസ് എന്നിങ്ങനെയുള്ള വിവരങ്ങൾ മൊബൈലിൽ സൂക്ഷിക്കുന്നതിനോടൊപ്പം  ഡയറിയിലും എഴുതി വയ്ക്കുക. മൊബൈൽ ലോക് ആയിപോകുക, കേടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉപകാരപ്പെടും.

∙ അംഗീകൃത ലോക്കൽ ഗൈഡുകളെ മാത്രമേ സ്ഥലങ്ങൾ കാണുന്നതിനു കൂടെ കൂട്ടാവൂ.

∙ യാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതരുമായി അധികം അടുത്തു ഇടപഴകാതിരിക്കുന്നതാണ് നല്ലത്.   

∙ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കാതിരിക്കുക. കാര്യങ്ങൾ അ റിയാവുന്ന ഒരാൾ എന്ന രീതിയിൽ പെരുമാറുക.

∙ ടാക്സിയേക്കാളും ലോക്കൽ ട്രാൻസ്പോർട്ടാണ് ചെലവു കുറയ്ക്കുക. ടാക്സി വിളിക്കുമ്പോൾ വണ്ടി നമ്പറും വിവരങ്ങളും ആരോടെങ്കിലും ഷെയർ െചയ്യുക.  

∙ ചില സ്ഥലങ്ങളിൽ യാത്രയ്ക്കു സഹായിക്കുന്ന ഷെയർ ടാക്സി പോലുള്ള ആപ്പുകളുണ്ടാകും. അവ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കും.

∙ പണം ബാഗിൽ പല സ്ഥലത്തായി സൂക്ഷിക്കുക. അവശ്യം വേണ്ട തുക ജീൻസിന്റെ പോക്കറ്റിൽ കരുതണം.

∙ ഗൂഗിൾ പേ പോലുള്ള ഓൺലൈൻ ഇടപാടുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യരുത്. നെറ്റ്‌വർക് ഇല്ലാത്ത സ്ഥലത്തോ, സെർവർ ഡൗൺ ആകുന്ന സാഹചര്യത്തിലോ ആണെങ്കിൽ ബുദ്ധിമുട്ടിലാകും. അത്യാവശ്യ ഇടപാടുകൾക്കുള്ള തുക പണമായും കയ്യിൽ കരുതുക.

∙ ഹോട്ടൽ മുറികളിൽ താമസിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. മറ്റുള്ളവർക്ക് പുറത്തു നിന്നു കയറാൻ സാധിക്കുന്ന തരത്തിലുള്ള ജനാലകൾ, കേടായ വാതിലുകൾ എന്നിങ്ങനെ സുരക്ഷിതത്വത്തിനു കുറവു തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ മുറി മാറുക. എതിർപ്പു പറയുന്നുണ്ടെങ്കിൽ ഹോട്ടൽ തന്നെ മാറാൻ നോക്കുന്നതാണ് നല്ലത്. ശുചിമുറിയുടെ സുരക്ഷിതത്വവും പരിശോധിക്കണം.

∙ ചെല്ലുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ, ഫോൺ നമ്പർ എന്നിവ അറിഞ്ഞു വയ്ക്കുക.ആവശ്യമെങ്കിൽ സ ഹായം അഭ്യർഥിക്കാൻ മടിക്കരുത്. അതുപോലെ അടുത്തുള്ള ആശുപത്രിയും മനസിലാക്കി വയ്ക്കണം.

∙ പവർ ബാങ്ക് കയ്യിൽ കരുതുക. യാത്രയിലുടനീളം  മിനറല്‍ വാട്ടർ ഉപയോഗിക്കുന്നതാകും നല്ലത്.  വെള്ളം കരുതാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ കയ്യിലുള്ള ബോട്ടിലിൽ നിറച്ചു കൊണ്ടു പോകുന്നതാണ് നല്ലത്. ലോക്കൽ ഫൂഡ് നല്ലതാണെങ്കിലും വൃത്തി ഉറപ്പാക്കണം.  

∙ പൊതു ശുചിമുറികൾ ഉപയോഗിക്കുമ്പോൾ ഡിസ്പോസിബിൾ സീറ്റ് കവർ ഉപയോഗിക്കാം.

∙ ഷോപ്പിങ്, ലഗേജ് ഭാരം കൂട്ടാതെ നോക്കണം. വിലാസം കൊടുത്താൽ നമ്മൾ വാങ്ങിയ സാധനങ്ങൾ കൊറിയർ െചയ്തു തരുന്ന രീതിയുണ്ട്. അതുപയോഗപ്പെടുത്താം.

മറക്കാതിരിക്കാം മരുന്നുകൾ

∙ സ്ഥിരം കഴിക്കുന്ന മരുന്നുകൾ ഒരു കാരണവശാലും യാത്രകളിൽ മറന്നു പോകരുത്. ആരോഗ്യപശ്നങ്ങളുള്ളവർ മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കയ്യിൽ കരുതണം.

∙ ഹൃദ്രോഗം, പ്രമേഹം  പോലുള്ളവയ്ക്ക് സ്ഥിരമായി ഗുളിക കഴിക്കുന്നുണ്ടെങ്കിൽ അതു സൂചിപ്പിക്കുന്ന ബാൻഡ്, ടാഗ് ഇവ ധരിക്കുന്നത് നല്ലതായിരിക്കും. പെട്ടെന്നു ബോധക്ഷയം വന്നാലോ മറ്റോ കൂടെയുള്ളവർക്ക്  കൃത്യമായ ശുശ്രൂഷ നൽകാൻ അത് സഹായിക്കും.

∙ വേദനയ്ക്കുള്ള ബാം, പനി, ചുമ, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയ്ക്കുള്ള മരുന്നുകളും ഒആർഎസ് പായ്ക്കും   ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതാം.

∙ ആർത്തവ സമയത്ത് യാത്ര ചെയ്യുമ്പോൾ മെൻസ്ട്രുവൽ കപ്പുകൾ നല്ലതാണ്. സ്െറ്ററിലൈസർ കൂടെ കരുതണം എന്നുമാത്രം. സാനിറ്ററി പാഡ് കളയാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ബാഗിലെ കുറേ സ്ഥലം അപഹരിക്കുകയും ചെയ്യും..

∙ കാഴ്ചകൾ കാണുന്നതിനിടയിൽ പൂക്കൾ മണക്കാനും പഴങ്ങൾ പൊട്ടിച്ചെടുത്ത് കഴിക്കാനും ശ്രമിക്കരുത്. ചിലത് അലർജിക്ക് കാരണമാകാം.

യാത്ര പുറപ്പെടും മുൻപ്

∙ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രം എടുക്കുക എന്നതാണ് പ്രധാനം. വസ്ത്രങ്ങൾ പായ്ക്കു ചെയ്യുമ്പോൾ പോകുന്ന സ്ഥലത്തെ കാലാവസ്ഥ കണക്കിലെടുക്കണം. ചൂടു കാലത്താണെങ്കിൽ ഇളം നിറത്തിലുള്ള കോട്ടൻ  വസ്ത്രങ്ങളാണ് അനുയോജ്യം. ഫുൾ സ്ലീവ്സ് അഭികാമ്യം.  കുട,തൊപ്പി,സണ്‍സ്ക്രീൻ ലോഷൻ എന്നിവ കരുതണം.

തണുപ്പുള്ള പ്രദേശമാണെങ്കിൽ അതിനു ചേരുന്ന തെർമൽ ക്ലോത്, മോയിസ്ചറൈസർ ക്രീം എന്നിവ കരുതുക.

∙ ഒറ്റത്തവണ ധരിച്ചതിനു ശേഷം കഴുകുന്ന ഒന്നല്ല ജീ ൻസ് എന്നതു കൊണ്ടു യാത്രകളിൽ വളരെ സഹായകമാണ്. ജീൻസിനു ചേരുന്ന ഒന്നു രണ്ടു ടോപ്പുകൾ എടുത്താൽ ലഗേജ് കുറയ്ക്കാം

∙ കട്ടി കുറഞ്ഞ ഒരു ഷീറ്റ് കയ്യിൽ കരുതാം. ഹോട്ടല്‍ മുറിയിലെ ബെഡ് ഷീറ്റ് നല്ലതല്ലെങ്കിൽ വിരിച്ചു കിടക്കാനും ട്രെയിന്‍ ബർത്തിൽ വിരിക്കാനും ഉപകരിക്കും.

∙ പഴയ തുണി കയ്യിൽ കരുതുന്നത് നല്ലതാണ്. എന്തെങ്കിലും തുടയ്ക്കേണ്ടി വരികയാണെങ്കിൽ അതിനു പ്രയോജനപ്പെടും.

∙ മുഷിഞ്ഞതോ നനഞ്ഞതോ ആയ തുണികൾ സൂക്ഷിക്കാൻ കവറും പേപ്പറും കയ്യിൽ കരുതണം.

∙ വില കൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും യാത്രകളിൽ ഒഴിവാക്കുക.   

ബാക് പാക്കേഴ്സ് ഹോസ്റ്റൽ

∙ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഹോട്ടലിനെക്കാൾ നല്ലത് ബാക് പാക്കേഴ്സ് ഹോസ്റ്റലാണ്.ഇവ ഇന്ത്യയിൽ ബ്രാൻഡഡ് ശൃംഖലയാണ്. റിവ്യൂ നോക്കാതെ ധൈര്യമായി ബുക് െചയ്യാം. മിക്സഡ് ഡോർമിറ്ററി ആണെങ്കിൽ പോലും പേടിക്കേണ്ടതില്ല. ബാഗ് സൂക്ഷിക്കാൻ ലോക്കർ കാണും.

∙ അവിടെ തന്നെ മിതമായ ചെലവിൽ ടൂറിസം പാക്കേജുകളുണ്ടാകും. സ്ഥലങ്ങൾ കാണാനും തനതായ ഭക്ഷണം പരിചയപ്പെടാനും നല്ലതാണ്.

∙ ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ റിവ്യൂസ് നോക്കി മാത്രം ബുക്കു ചെയ്യുക. യാത്രയ്ക്കു മുൻപു തന്നെ ഹോട്ടൽ ബുക് ചെയ്യാൻ ശ്രദ്ധിക്കണം.   

വിവരങ്ങൾക്ക് കടപ്പാട്: സജ്ന അലി, സിഇഒ ആന്‍ഡ് ഫൗണ്ടർ ഓഫ് അപ്പൂപ്പൻതാടി

Tags:
  • Manorama Traveller