‘നല്ല ക്ഷീണമായിരുന്നു അവസാനം, അപ്പോഴും അദ്ദേഹം ആഗ്രഹിച്ചത് അതിനുവേണ്ടി’: ദൈവത്തിന് അരികിലെ ഇന്നസെന്റ്
Innocent never ending memories
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി. പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി. പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി. പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ
അങ്ങനെ മമ്മൂട്ടി പറഞ്ഞതനുസരിച്ച് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ തൃശൂർകാരൻ ലോനപ്പനായി ഇന്നസെന്റ് വീണ്ടും വെളളിത്തിരയിൽ എത്തി. സിനിമയിൽ ഇന്നസെന്റിന് അത് പുനർജന്മമായി.
പിന്നീട് ഇന്നസെന്റിന്റെ പകർന്നാട്ടങ്ങൾക്കു ലോകമെമ്പാടുമുള്ള മലയാളികൾ സാക്ഷികളായി. ആ യാത്ര അഖിൽ സത്യൻ സംവിധാനം െചയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ‘ഫിലിപ്പ്സ്’ എന്നീ സിനിമകൾ വരെ തുടർന്നു.
അക്ഷരം കൂട്ടിപ്പറയാൻ അറിയാത്തവർ പോലും ഇന്നസെന്റിന്റെ തൃശൂർ കഥാപാത്രങ്ങളെ അനുകരിച്ചു. സിനിമാസംഘടനയുടെ ഭാരവാഹിയായി, പാർലമെന്റ് അംഗമായി, ജീവിതത്തിൽ ജയിച്ചും തോറ്റും ഇന്നസെന്റ് ചരിത്രത്തിന്റെ ഭാഗമായി.
‘വനിത’യിൽ കഴിഞ്ഞ ഒൻപതു ലക്കങ്ങളിലായി മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു ഇന്നസെന്റിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ആലീസ്.
ഗൗരവക്കാരനായിരുന്നോ ഇന്നസെന്റ്?
സിനിമയേക്കാൾ തമാശ വീട്ടിലായിരുന്നു. വീട്ടിൽ ഏറ്റവും ആദ്യം ഉണരുന്നത് ഇന്നസെന്റായിരുന്നു. ഉണർന്നാൽ ആദ്യം ചെയ്യുന്നത് സ്വന്തമായി കാപ്പിയുണ്ടാക്കി കുടിക്കും. എന്നിട്ട് വീട്ടിൽ ഉള്ളവർക്കെല്ലാം ചായയോ കാപ്പിയോ ഉണ്ടാക്കി അടച്ചുവച്ചു നടക്കാൻ ഇറങ്ങും. നടന്നിട്ടു വരുമ്പോഴായിരിക്കും ഞങ്ങളൊക്കെ ഉണരുന്നത്. പിന്നെ, എല്ലാവരും കൂടി ഒരുമിച്ചിരുന്നു കാപ്പി കുടിക്കും. മ റ്റു പരിപാടികളില്ലെങ്കിൽ പാചകത്തിനും ഞങ്ങളെ സഹായിക്കും. ഇന്നസെന്റിന് പാചകം വളരെ ഇഷ്ടമായിരുന്നു.
ഉച്ചയ്ക്ക് വീട്ടിൽ എത്ര സമൃദ്ധമായ ഭക്ഷണമുണ്ടെങ്കിലും രാത്രി അതൊന്നും ക ഴിക്കില്ല. ഒരു നുള്ളു കഞ്ഞിയോ ഉപ്പുമാവോ ആയിരുന്നു ഇഷ്ടം. ഉപ്പുമാവിനോട് എന്തോ വലിയ പ്രിയമായിരുന്നു.
സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ടോ?
ഞങ്ങൾ വിചാരിച്ചു ഇന്നസെന്റ് പോയതോടുകൂടി ഞങ്ങളെ എല്ലാവരും ഉപേക്ഷിക്കുമെന്ന്. പക്ഷേ, അങ്ങനെയല്ല. സിനിമാക്കാർ ആരും ഞങ്ങളെ ഉപേക്ഷിച്ചിട്ടില്ല. ഇന്നസെന്റുമായി ബന്ധമുണ്ടായിരുന്ന ഒട്ടുമിക്ക ആ ൾക്കാരും ഞങ്ങളെ ഇപ്പോഴും വിളിക്കും. പിന്നെ, പാർട്ടി സഖാക്കളും. അവർ എപ്പോഴും ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചുവരും. ഇതുവരെ ആരും ഞങ്ങളെ കൈവിട്ടിട്ടില്ല.
ഇന്നസെന്റ് ജൂനിയറും സിനിമാ രംഗത്തേക്ക് വരുന്നു?
അപ്പാപ്പൻ അവന് അതിനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. ചില ആലോചനകൾ നടക്കുന്നുണ്ട്. അവന് എന്താണ് ഇഷ്ടമെന്നു വച്ചാൽ അതുപോലെ നടക്കട്ടെ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഡിഗ്രി വിദ്യാർഥികളാണ് ഇന്നുവും അന്നയും. മുൻപ് ഇന്നസെന്റിനെ വിളിക്കുമായിരുന്ന പല പരിപാടികളിലും ഇപ്പോൾ ഇന്നുവാണു പോകുന്നത്. ഈ അടുത്തും ഒരു അമ്പലക്കമ്മിറ്റിക്കാർ ഇവിടെ വന്നു. ഇന്നുവിനെ അവിടുത്തെ സാംസ്കാരിക പരിപാടിക്കു വിളിക്കാൻ. മുൻപ് ഇന്നസെന്റ് അവിടെ സ്ഥിരമായി പോകുമായിരുന്നു.
അപ്പാപ്പന്റെ കഴിവുകളാണോ കൊച്ചുമക്കൾക്കും?
മറ്റുള്ളവരെ മനസ്സിലാക്കാൻ ഇന്നസെന്റിന് അപാരമായ കഴിവുണ്ടായിരുന്നു. ഒരാളിനോട് അരമണിക്കൂർ സംസാരിച്ചാൽ മതി അയാൾ എങ്ങനെയുള്ള ആളാെണന്ന് കൃത്യമായി പറയും. ആ കഴിവ് അന്നയ്ക്കു കിട്ടിയിട്ടുണ്ട്.
മറ്റുള്ളവരോടു കഴിവിന്റെ പരമാവധി ഇന്നസെന്റ് മാന്യമായും നയത്തോടെയും മാത്രമേ പെരുമാറുകയുള്ളു. ഇന്നുവും അതേ സ്വഭാവമാണ്. ആൾ എപ്പോഴും എന്തിനും പോസിറ്റീവ് ആണ്. ഇന്നസെന്റിന്റെ രണ്ടു ഗുണങ്ങൾ രണ്ടുകൊച്ചുമക്കൾക്കായി കിട്ടി എന്നു ഞങ്ങൾ പറയാറുണ്ടായിരുന്നു.
നല്ല ക്ഷീണമായിരുന്നു അവസാനം എന്നു കേട്ടിരുന്നു?
അതേ. എങ്കിലും ആ കാലത്തും പാട്ടു കേൾക്കാനും ചില സിനിമാരംഗങ്ങൾ കാണാനുമൊക്കെ ഇഷ്ടമായിരുന്നു. ദേവാസുരം, കാബൂളിവാല, വേഷം, മനസ്സിനക്കരെ, ഈ സിനിമകളിലെ ചില രംഗങ്ങൾ എപ്പോഴും കാണണമെന്നു പറയും. കേൾക്കാൻ ഇഷ്ടം പഴയ പാട്ടുകൾ തന്നെയായിരുന്നു. ‘പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു....’ എപ്പോഴും കേൾക്കാൻ ഇഷ്ടമായിരുന്നു. അതുപോലെ അല്ലിയാമ്പൽ കടവിൽ... ഇതിലും കൂടുതൽ പ്രാവശ്യം കേൾക്കുന്ന പാട്ട്; ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുെത നിനച്ചുപോയി....’ എന്ന പാട്ടാണ്.
എന്നു മുതലാണു ജുബ്ബ മാത്രം ധരിച്ചു തുടങ്ങിയത്?
ആദ്യമൊക്കെ ഷർട്ട് തന്നെയാണു ധരിച്ചിരുന്നത്. ആളിന് ഉയരം കുറവാണല്ലോ അതുകൊണ്ട് നല്ല ഹീലുള്ള ചെരുപ്പാണു ഇടുന്നത്. ഉയരം ഉണ്ട് എന്നു കാണിക്കാൻ. ഒരിക്കൽ ആരോ സമ്മാനിച്ച ഒരു ജുബ്ബ ഇട്ടു. അത് ഇട്ടപ്പോൾ ഉയരം കൂടിയല്ലോ എന്നൊരു തോന്നൽ.
അങ്ങനെയാണ് ജുബ്ബ സ്ഥിരമാക്കിയത്. സ്വർണനിറത്തിലുള്ള ജുബ്ബയോടു പ്രത്യേക താൽപര്യമായിരുന്നു. അങ്ങനെയാണ് അതു സ്ഥിരമാക്കിയത്. ജയറാം ഒരിക്കൽ പറഞ്ഞു; ഇന്നസെന്റ് ചേട്ടന്റെ ജുബ്ബ കാണുമ്പോൾ ശരവണഭവനിലെ നെയ്റോസ്റ്റ് ഓർമ വരുമെന്ന്.
ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് സിനിമാക്കാരനായിരുന്നില്ല?
അത് ശരിയാണ്. ഇന്നസെന്റ്് സിനിമാക്കാരനാണെന്നു പറഞ്ഞ് ഒരു കാര്യത്തിലും മാറിനിൽക്കാറുണ്ടായിരുന്നില്ല. തിരക്കുള്ള സമയത്തും ഇരിങ്ങാലക്കുടയെത്തിയാൽ പഴയ ആൾ തന്നെ. ഞങ്ങൾ സകുടുംബം സിനിമ കാണാൻ പോകാറുണ്ടായിരുന്നു.
ഒരിക്കൽ തൃശൂർ രാംദാസ് തിയറ്ററിൽ റാംജി റാവു സ്പീക്കിങ് കളിക്കുന്നു. സിനിമ കഴിഞ്ഞു പുറത്തിറങ്ങാൻ നോക്കുമ്പോൾ വലിയ ജനക്കൂട്ടം ഇന്നസെന്റിനെ പൊതിഞ്ഞു. പത്തിരുപത് പൊലീസുകാർ വളരെ ശ്രമപ്പെട്ടാണു ഞങ്ങളെ കാറിനടുത്ത് എത്തിച്ചത്. അന്ന് രാത്രി കിടക്കാൻ നേരം ഇന്നസെന്റ് എന്നോടു പറഞ്ഞു; ‘ആലീസേ.... ഇന്നാണ് ഞാനൊരു സിനിമാനടനായത്?’
അപകടമുണ്ടായപ്പോൾ പത്മരാജൻ കാണാൻ വന്നത്?
അത് ഇടവേള എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ്. ജീപ്പിൽ വീട്ടിലേക്കു വന്നപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നസെന്റിന്റെ തലയിൽ ഗുരുതരമായ മുറിവ് പറ്റി. കാഴ്ച ഇല്ലാതെ ആയി എന്നു പറയാം. മൂന്നു മാസത്തോളം തിരുവനന്തപുരത്ത് ശ്രീചിത്രയിൽ കിടന്നു. ഇനി മരണമാണ് മുൻപിൽ എന്നു കരുതിയിരുന്ന ദിവസങ്ങളിലൊന്നിലാണ് പി. പത്മരാജൻ ഇന്നസെന്റിനെ കാണാൻ ആശുപത്രിയിൽ വരുന്നത്.
‘ഇങ്ങനെ കിടന്നാൽ എങ്ങനെയാ ഇന്നസെന്റേ? നമുക്ക് ഇനിയും സിനിമയൊക്കെ ചെയ്യേണ്ട? എന്റെ അടുത്ത സിനിമയിൽ ഒരു ക്യാരക്റ്റർ ഉണ്ട്. ഇന്നസെന്റ് അഭിനയിക്കണം.’ എന്നൊക്കെ പറഞ്ഞു. അത് ഇന്നസെന്റിനെ സംബന്ധിച്ച് ഒരു ഔഷധം പോലെയായിരുന്നു.
ഇന്നസെന്റും അപ്പനും തമ്മിൽ വലിയ സ്നേഹമായിരുന്നു?
തെക്കേത്തല വീട്ടിൽ അപ്പനോളം ഇന്നസെന്റിനെ മനസ്സിലാക്കിയ മറ്റാരുമില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. തന്റെ മക്കളിൽ ഏറ്റവും ബുദ്ധിമാൻ ഇന്നസെന്റാണ്. പക്ഷേ, അ വൻ രക്ഷപ്പെടുന്നില്ലല്ലോ എന്ന ആധി അപ്പന് ഉണ്ടായിരുന്നു. അപ്പനെക്കുറിച്ചു പറയാതെ ഇന്നസെന്റിന്റെ ഒരുദിവസം പോലും കടന്നുപോയിരുന്നില്ല.
മീനമാസത്തിലെ സൂര്യൻ എന്ന സിനിമയുെട ഷൂട്ടിങ് കണ്ണൂരിൽ നടക്കുന്ന സമയത്താണ് അപ്പന് അസുഖം കൂടുതലാകുന്നത്. ഇന്നസെന്റ് അപ്പോൾ തന്നെ കണ്ണൂരിൽ നിന്നു മടങ്ങി. ചേട്ടന്റെ മകൻ വെസ്‍ലി അന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുകയാണ്. വരുന്ന വഴി അവനെയും കൂട്ടി. ഉച്ചയ്ക്ക് 12 മണിക്ക് ഇന്നസെന്റ് വീട്ടിലെത്തി. പന്ത്രണ്ട് മുപ്പതിന് അപ്പൻ മരിച്ചു.
ഇന്നസെന്റിന്റെ മടിയിൽ കിടന്നാണ് അപ്പൻ മരിച്ചത്. അന്ന് ആദ്യമായി ഇന്നസെന്റ് പൊട്ടിക്കരഞ്ഞത് ഞാൻ കണ്ടു.
പിന്നീട് ഇന്നസെന്റ് അതുപോലെ കരയുന്നതു കാണുന്നത് എനിക്ക് കാൻസർ ആെണന്ന് അറിഞ്ഞ ദിവസമാണ്. പക്ഷേ, ഇന്നസെന്റിന് രോഗമാണെന്നറിഞ്ഞ ദിവസം ഇന്നസെന്റിന്റെ കണ്ണു പോലും നിറഞ്ഞില്ല.
ഡൽഹി ജീവിതം എങ്ങനെയുണ്ടായിരുന്നു?
അന്ന് അദ്ദേഹം എം. പിയായിരുന്നതുകൊണ്ട് ഞങ്ങൾക്ക് രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ വസതിയും സന്ദർശിക്കാനായി. കാശുണ്ടായിരുന്നെങ്കിൽ ഇരിങ്ങാലക്കുടയി ൽ ആലീസിനുവേണ്ടി ഞാനൊരു താജ്മഹൽ പണിതേനേ എന്ന് എന്നോടു പറഞ്ഞു; അതിപ്പോൾ ആരാ ആ ദ്യം മരിക്കുകയെന്ന് അറിയാൻ വയ്യല്ലോ? നിങ്ങളാണു ആദ്യം മരിക്കുന്നതെങ്കിലോ? എങ്ങനെ താജ്മഹൽ പണിയും എന്നു തിരിച്ചു ചോദിച്ചു. ഇന്നസെന്റ് ചിരിച്ചു. പാളിയ തമാശയുടെ ജാള്യതയോടെ.
കല്ലറയിൽ കൊത്തിവച്ച കഥാപാത്രങ്ങൾ?
സെന്റ് തോമസ് കത്തീഡ്രലിലെ ഇന്നസെന്റിന്റെ കല്ലറയിൽ മുപ്പതോളം കഥാപാത്രങ്ങളെയാണ് മാർബിളിൽ
കൊത്തിവച്ചിരിക്കുന്നത്. ഇന്നുവിന്റെയും അന്നയുടെയും ആശയമായിരുന്നു അത്. കഥാപാത്രങ്ങൾക്കു മരണമില്ലല്ലോ. അതുകൊണ്ട് കല്ലറയിൽ അർപ്പിക്കുന്ന പുതിയപൂക്കൾ കണ്ട് അവർ ചിരിക്കുന്നുണ്ടാകും.
അദ്ദേഹം വിശ്വാസിയായിരുന്നോ?
നല്ല വിശ്വാസിയായിരുന്നു. ഞാൻ പണ്ടേ ഇന്നസെന്റിനോടു പറയാറുണ്ട്; സ്വർഗം നരകം എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും നമ്മൾ പ്രാർഥന ചൊല്ലുന്നു. അതു നമ്മുടെ കടമയാണ്. മാത്രമല്ല പൂർവികർ നമ്മോടു പറഞ്ഞതുമാണ്.
‘മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് ദൈവാനുഗ്രഹത്താൽ മോക്ഷത്തിൽ ചേരാൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ... ...
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയായിരിക്കട്ടെ.’