അതിഥികളെത്തുമ്പോൾ വിഭവങ്ങളൊരുക്കി മാത്രമല്ല ഡൈനിങ് ടേബിൾ സെറ്റ് ചെയ്തും ക യ്യടി നേടാം. ടേബിൾ മാറ്റ് വിരിച്ചു വശങ്ങളിലായി സ്പൂണും ഫോർക്കും വയ്ക്കുകയല്ലേ പതിവ്. എന്നാൽ ഡെനിം ഷോർട്സ് ടേബിൾ മാറ്റ് ആക്കി മാറ്റിയാൽ സ്പൂണും ഫോർക്കും വയ്ക്കാനുള്ള ഹോൾഡർ ഫ്രീയായി കിട്ടും.
നമ്മുടെ പ്രാക്ടിക്കൽ –ക്രിയേറ്റീവ് ആശയം അതിഥികളെ ഞെട്ടിക്കുകയും ചെയ്യും. സിംപിൾ ടേബിൾ മാറ്റ് ഡിസൈനാണ് ഇവിടെ നൽകിയിരിക്കുന്നത്. പല ഷേഡിലുള്ള ഡെനിം കഷണങ്ങൾ ചേർത്തു തുന്നി കൂടുതൽ സുന്ദരമാക്കാം.
1. ഡെനിം ഷോർട്സിന്റെ വെയ്സ്റ്റ് ബാൻഡ് മുറിച്ചു മാറ്റുക. മുൻ–പിൻ ഭാഗങ്ങൾ ചേർത്തു തുന്നിയ തയ്യലും വിടുവിക്കുക.
2. പോക്കറ്റ് അഴിച്ചെടുക്കുക. നാലു വശവും മടക്കിയടിച്ചശേഷം ചിത്രത്തിലേതു പോലെ പോക്കറ്റ് പിടിപ്പിക്കുക.
3. ഈ പോക്കറ്റിൽ ഫോർക്, സ്പൂൺ, കത്തി എന്നിവ വയ്ക്കാം.