ഒരു ബാഗിനായി വെറുതേ എന്തിന് കയ്യിലെ കാശു കളയണം? വീട്ടിലുള്ള ഉപയോഗശൂന്യമായ തുണിത്തരങ്ങൾ അടുക്കു വച്ചിരിക്കുന്ന ആ പെട്ടിയില്ലേ? അതിങ്ങെടുക്കൂ... ഷർട്ട്, ജീൻസ്, തയ്ക്കാതെ വച്ചിരിക്കുന്ന വിത് ബ്ലൗസ് പീസുകൾ... ഓരോന്നായി പോരട്ടെ. ഇനി വേണ്ടത് മാറ്റിവയ്ക്കാൻ അര മണിക്കൂർ സമയമാണ്. ഇതാ പിടിച്ചോ, കാശു മുടക്കാതെയും വലിയ പണിയില്ലാതെയും ബാഗുകൾ ഉണ്ടാക്കാനുള്ള സ്റ്റെപ്സ്. പച്ചക്കറി, പഴങ്ങൾ, പലചരക്ക്... ഇങ്ങനെ ഓരോന്നു വാങ്ങാനും സൂക്ഷിക്കാനും പ്രത്യേക സൗകര്യമുള്ള ബാഗുകളാണ് ഇവ. തയ്യൽ പോലും അറിയേണ്ടതില്ല. തുണി മുറിക്കാൻ മാത്രം അറിഞ്ഞിരുന്നാൽ മതി. ഇനി കടയിൽ പോകാൻ നേരം ചുമ്മാ എടുത്ത് തോളിലിട്ടേക്കണം നമ്മുടെ തുണി കൊണ്ട്, നമ്മൾ വെട്ടി, നമ്മളുണ്ടാക്കി ഭംഗി പിടിപ്പിച്ച സ്റ്റൈലൻ ബാഗ്....

ഫ്രൂട്ട് ബാഗ്
1. ആവശ്യമുള്ള സാധനങ്ങൾ : പഴയ ടിഷർട്ട്, കത്രിക, മാർക്ക് ചെയ്യാനുള്ള ചോക്ക് എന്നിവ എടുത്തു വയ്ക്കുക.
2. ടിഷർട്ടിന്റെ കഴുത്തു ഭാഗം വട്ടത്തിൽ മാർക്ക് ചെയ്ത് വെട്ടി മാറ്റിവയ്ക്കുക. കൈകളും വെട്ടിക്കളയുക.
3. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ ടിഷർട്ടിന്റെ താഴെ ഭാഗം ചെറിയ സ്ട്രിപ്പുകളായി ഒരേ വലുപ്പത്തിൽ കത്രിക ഉപയോഗിച്ച് മുറിക്കുക.
4. മുകളിലത്തെയും താഴത്തെയും സ്ട്രിപ്പുകൾ തമ്മിൽ കെട്ടിടുക. എല്ലാ സ്ട്രിപ്പും പരസ്പരം കൂട്ടികെട്ടണം. കുറച്ചുകൂടിഭംഗിയാക്കണമെങ്കിൽ ആദ്യത്തേതും രണ്ടാമത്തേതും തമ്മിൽ വീണ്ടും കെട്ടിടാം.
5. ഈ ഫ്രൂട്ട് ബാഗിന് നടുവിൽ രണ്ടിഞ്ച് നീളത്തിൽ മൂന്നോ നാലോ കീറലുകൾ ഇട്ടു കൊടുത്താൽ വായു സഞ്ചാരമുണ്ടാകും. പഴങ്ങൾ അതിനുള്ളിൽ തന്നെ വച്ച് ഡൈനിങ് ടേബിളിലോ ഫ്രിജിലോ സൂക്ഷിക്കാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, നിതിൻ ജോസഫ്, ക്രാഫ്റ്റ്: ചിത്ര ബാലകൃഷ്ണൻ, www.facebook.com/papererindia