അലമാരയിൽ വിശ്രമത്തിലായിരുന്ന പല ഷർട്ടുകളും ഈ ലോക് ഡൗൺ കാലത്ത് പൊടി തട്ടി എടുത്തിട്ടുണ്ടോ? അവയിൽ നിന്ന് നമ്മുടെ കുസൃതിപ്പെണ്ണിന് ഒരു കൂൾ ഫ്രോക്ക് തയ്ച്ചെടുത്താലോ. അധികം ബുദ്ധിമുട്ടില്ലാതെ അമ്മമാർക്ക് തനിയെ തയ്ച്ചെടുക്കാം എന്നതാണ് ഈ ഫ്രോക്കിന്റെ ഹൈലൈറ്റ്.
ആവശ്യമുള്ള സാധനങ്ങൾ
ഷർട്ട്– ഒന്ന്
ലൈനിങ് തുണി – ഒരു മീറ്റർ
(ലൈനിങ് ഇല്ലെങ്കിലും കുഴപ്പമില്ല)
കട്ട്ബീഡ് വർക്കുള്ള ബോർഡർ – അര മീറ്റർ
ചെറിയ ഹുക്ക് അല്ലെങ്കിൽ പ്രസ് ബട്ടൺ – ആറ്
നൂൽ, സൂചി
എടുക്കേണ്ട അളവുകൾ
തോൾ മുതൽ മുട്ടിനു മുകളിൽ വരെയുള്ള നീളം (ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ് കൂട്ടിയെടുക്കണം), വെയ്സ്റ്റ് വണ്ണം (നാലിഞ്ച് ലൂസ്), തോൾവീതി, കൈക്കുഴി (ലൂസ്– രണ്ടിഞ്ച്), കഴുത്തിറക്കം, കഴുത്തകലം.
ചിത്രം 1 (ഫ്രോക്ക്)
AG – ഇറക്കം
AC - തോൾവീതിയുടെ പകുതി
AB – കഴുത്തകലം
AE - പിൻകഴുത്തിറക്കം
AF – മുൻകഴുത്തിറക്കം
CM - കൈക്കുഴി
LD – ചെസ്റ്റ് അളവ്
JI – വെയ്സ്റ്റ് അളവ്
GH - ഫ്ലെയർ ലൂസ്
HN - ഒരു ഇഞ്ച് (ഷേപ്പിന്)
തയ്ക്കുന്ന വിധം
ഷർട്ട് നന്നായി അലക്കി ഉണക്കി തേച്ചെടുക്കണം. ബട്ടണുകൾ എല്ലാം കത്രിക കൊണ്ടോ ബ്ലെയ്ഡ് കൊണ്ടോ സൂക്ഷിച്ച് ഇളക്കി മാറ്റാം. ഇനി ഷർട്ടിന്റെ പിൻവശം ഉൾഭാഗത്തായി വരുന്ന തരത്തിൽ മടക്കിയിടണം. ബട്ടൺ പിടിപ്പിച്ച വശവും ബട്ടൺ ഹോൾ ഉള്ള വശവും തമ്മിൽ അൽപം വീതിവ്യത്യാസം വരുമെങ്കിലും ഹുക്ക് പിടിപ്പിക്കേണ്ടതിനാൽ ഇത് കാര്യമാക്കേണ്ടതില്ല.
ഇനി ചിത്രത്തിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. മുൻഭാഗത്ത് രണ്ടു പീസുകൾ വരുന്നതിനാൽ ഇതിന്റെ ഇടതു പീസും വലതുപീസും പരസ്പരം മാറി പോകാതിരിക്കാനായി സേഫ്റ്റി പിൻ കൊണ്ട് കുത്തിയിടണം.
ഷോൾഡർ അറ്റാച്ച് ചെയ്ത് തയ്ച്ച ശേഷം കഴുത്തും കൈക്കുഴിയും ഫെയ്സിങ് വച്ച് കവർ ചെയ്തു തയ്ക്കാം. (ലൈനിങ് ഇടുന്നുണ്ടെങ്കിൽ മുൻ ഭാഗത്തെയും പിൻഭാ ഗത്തെയും പീസുകളിൽ കഴുത്തും കൈക്കുഴിയും ലൈ നിങ് വച്ച് കവർ ചെയ്ത് തയ്ച ശേഷം തയ്യൽ തുമ്പ് അ കത്തേക്ക് പോകുന്ന തരത്തിൽ തിരിച്ചിട്ട് എടുക്കണം. ഇതിനു ശേഷമാണ് ഷോൾഡർ തയ്ച്ചു ചേർക്കേണ്ടത്) ഇനി വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം ചുരുട്ടി ത യ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം.
സേഫ്റ്റി പിൻ ഇളക്കി മാറ്റിയ ശേഷം മുൻവശത്തെ ഓപണിങ്ങിൽ ഹുക്കും ബോർഡറും കൂടി പിടിപ്പിച്ചാൽ ഷർട്ട് ഫ്രോക്ക് റെഡി.
ഷർട്ടിന്റെ സ്ലീവും കോളര്‍ നെക്കും വെട്ടി മാറ്റിയ ശേഷം തുണി രണ്ടായി മടക്കിയിട്ടും പാറ്റേൺ വെട്ടിയെടുക്കാം. ബോർഡർ നൽകുന്നില്ലെങ്കിൽ ഷർട്ട് ഓപ്പണിങ് അങ്ങനെ തന്നെ ഫ്രോക്കിനു മുൻവശമായി നൽകാം. ചെറിയ എംബ്രോയ്ഡറിയോ പാച്ച് വർക്കോ നൽകിയാൽ ഉടുപ്പ് കൂടുതൽ സുന്ദരമാകും. അച്ഛന്റെ ടീഷർട്ടും അമ്മയുടെ ലോങ് ടോപ്പുമൊക്കെ ഇത്തരത്തിൽ ഉടുപ്പാക്കി മാറ്റാം.
ഡിസൈൻ: ലീലാമ്മ ഉമ്മൻ, യുഎഇ. മോഡൽ: എമ്മ മിറിയം ലിനൂബ്, ഫോട്ടോ: ഷെറീന റഫീക്ക്