Wednesday 18 September 2019 03:58 PM IST

മനം നോവിച്ച മഴ; മലയാളി ചേർത്തുപിടിച്ച ചേന്ദമംഗലം നെയ്ത്തു ഗ്രാമത്തിന്റെ സന്തോഷക്കാഴ്ചകൾ!

Rakhy Raz

Sub Editor

chennbhfrdrt ഫോട്ടോ: ബേസിൽ പൗലോ

അന്നന്നത്തെ അന്നത്തിനായി ഊടും പാവും നെയ്യുന്ന ആ നെയ്ത്തുശാലകളിലേക്ക് കണ്ണടച്ചുതുറക്കുമ്പോഴേക്കും പ്രളയജലം  കയറിയിറങ്ങിയിരുന്നു. നെയ്ത്തുകാരുടെ നെഞ്ചകം വെള്ളം കൊണ്ടു പൊള്ളിയ ദിനങ്ങൾ... വരാനിരിക്കുന്ന ഒാണക്കാലം സ്വപ്നം കണ്ട് ഒരുക്കിയ കസവ് മുണ്ടും കേരള സാരിയും, സെറ്റും പാവും നൂലുകളും ചെളിയിൽ കുഴഞ്ഞുപോയി. ഇനിയെന്ത് ജീവിതം എന്ന ചോദ്യവുമായി അവരും.

പക്ഷേ, ഓണത്തിനും വിഷുവിനും പുത്തൻ കോടിയുടെ മണത്തേക്കൾ പ്രിയപ്പെട്ടതെന്തുണ്ട് മലയാളിക്ക്?  അവർ കൈനീട്ടിയപ്പോൾ ചേറ്റിൽ വിരിഞ്ഞ താമര പോലെ പൂർവാധികം സുന്ദരിയായി ചേന്ദമംഗലം കൈത്തറി വീണ്ടും വിരിഞ്ഞു.

കൈത്തറിയുടെ നാട്

chendamangalam8886

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള നെയ്ത്തു ഗ്രാമമാണ് ചേന്ദമംഗലം. ഇന്ന് ചേന്ദമംഗലം കൈത്തറി എന്നറിയുന്നത് ഏഴ് സംഘങ്ങളുടെ ഉൽപന്നങ്ങൾ ആണ്. രണ്ട് സഹകരണ സംഘങ്ങൾ ചേന്ദമംഗലത്തും രണ്ടെണ്ണം പറവൂർ ടൗണിലും ഒരെണ്ണം വടക്കേക്കരയിലും  രണ്ടെണ്ണം ചെറായിയിലും.

കരിമ്പാടം, പറവൂർ, പറവൂർ ടൗൺ, കുര്യാപ്പിള്ളി, ചെറായി, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ സംഘങ്ങളിലാണ് പ്രളയാനന്തരം കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കുര്യപ്പിള്ളി, ചേന്ദമംഗലം, കരിമ്പാടം എന്നീ മൂന്നു സംഘത്തിന്റെ മുഴുവൻ സ്റ്റോക്കും മുങ്ങി. കിഴക്കുംഭാഗത്തെ യാൺ ബാങ്കും.‘‘ഓണം അടുത്തിരുന്നതു കൊണ്ട് എല്ലാ സംഘങ്ങളിലും സ്റ്റോക്ക് വളരെയധികം ഉണ്ടായിരുന്നു. എട്ടടിയോളം വെള്ളം പൊങ്ങി. നെയ്ത്തുശാലയുടെ ആദ്യ നില പൂർണമായും മുങ്ങി. ആളുകൾ ജീവൻ കയ്യിൽ പിടിച്ച് പലായനം ആരംഭിച്ചു കഴിഞ്ഞിരുന്നു.’’ പറവൂർ ബ്ലോക്ക് പഞ്ചായത്തംഗവും ചേന്ദമംഗലം നിവാസി    യുമായ ടി. ഡി. സുധീർ പറയുന്നു. കരിമ്പാടം സംഘത്തിൽ ഉണ്ടായിരുന്ന ഇരുപത്തിയൊന്നു ലക്ഷം രൂപയുടെ തുണിയും നാലു ലക്ഷം രൂപയുടെ നൂലും ചെളിയിൽ ആഴ്ന്നുപോയി.

‘‘സംഘത്തിനു കീഴിൽ പല യൂണിറ്റുകളിലായി അറുപത്തിയഞ്ചോളം തറികൾ ഉണ്ടായിരുന്നതെല്ലാം പോയി. കോട്ടേജ് നെയ്ത്ത് ചെയ്യുന്നവരുടേതും മറ്റു സംഘങ്ങളുടേയും ചേർത്താൽ മുന്നൂറ് മുന്നൂറ്റമ്പത് തറിയോളം നഷ്ടപ്പെട്ടു.’’ ര ക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കു വഹിച്ച എ.ബി. ഉത്തമൻ പ റയുന്നു.

‘‘തറിയുടെ പ്രധാന ഭാഗങ്ങളെല്ലാം നശിച്ചു പോയിരുന്നു. ഒരു ഇഞ്ച് ദ്വാരത്തിലൂടെ നൂറ് നൂല് അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന തരം സുഷിരങ്ങളോടു കൂടിയ തറികൾ ഉണ്ട്. അത്തരം തറിയിൽ നെയ്യുന്ന മുണ്ടിനെയാണ് നൂറാം നമ്പർ ഡബിൾ മുണ്ട് എന്നു പറയുന്നത്. ചേന്ദമംഗലത്തിന്റെ സൂപ്പർ സ്റ്റാർ ആണ് നൂറാം നമ്പർ മുണ്ട്. നൂലോടുന്ന സുഷിരങ്ങളെല്ലാം ഇരുമ്പ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതെല്ലാം ചെളിയടിഞ്ഞും തുരുമ്പെടുത്തും പോയി. അളവുകൾ തെറ്റി.’’

മനം നോവിച്ച മഴ

_BAP0590

വെള്ളം കയറിയ ദിവസങ്ങളിൽ സംഘത്തി ൽ എന്തു സംഭവിക്കുന്നു എന്ന് തൊഴിലാളികൾ അറിഞ്ഞതേയില്ല. ജീവൻ രക്ഷിക്കാനുള്ള ഒട്ടത്തിലായിരുന്നു അവർ. ‘‘തിരികെ വന്നപ്പോൾ ചെളിയല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. തറിയുടെ ചലിക്കുന്ന ഭാഗമായ ഓടങ്ങൾ ഒടിഞ്ഞു. തറികൾ ഒഴുകി ഒന്നിനു മേൽ ഒന്നായാണ് കിടന്നിരുന്നത്. ഞാൻ നെയ്തുകൊണ്ടിരുന്നത് പുത്തൻ പാവായിരുന്നു. പകുതി ആയതേയുണ്ടായിരുന്നുള്ളു’’ ചന്ദ്രമതിയുടെ കണ്ണുകൾ നിറയുന്നു.

‘‘കണ്ണൂര് നിന്നു വന്ന ആളുകൾ ചേർന്ന് തറികളും തുണി കളും എല്ലാം മുറ്റത്ത് എടുത്ത് ഇട്ടിരിക്കുകയായിരുന്നു. ചങ്കു  പിളർത്തുന്ന കാഴ്ച. മണ്ണിന്റെ കറ പിടിച്ച ആ തുണികൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. സഹായമായത് ചേക്കുട്ടിപ്പാവകളുടെ നിർമാണമാണ്. അതിനായി എല്ലാരും ചേർന്ന് തുണികൾ കഴുകിയെടുത്തു.’’ അനസൂയ ഒാർക്കുന്നു.

സർക്കാർ ധനസഹായം മാത്രമല്ല, ഗവൺമെന്റിന്റെ ലൈഫ് പദ്ധതിയിൽ പെടുത്തി വീടും കൂടി കിട്ടിയത് രക്ഷയായി എന്ന് ബിനി. ‘‘പണ്ടേ നെയ്ത്തായിരുന്നു പണി. വെള്ളം കയറിയ ശേഷം ഇപ്പോൾ വീട്ടിലെ തറി വിട്ട് സംഘത്തിന്റെ ഫാക്ടറയിൽ വന്ന് പ്രവർത്തിച്ചു തുടങ്ങി’’ എന്ന് പുഷ്പവല്ലി.

ജീവിതം തിരിച്ചു പിടിക്കാൻ നടത്തിയ ഓട്ടം ഓർക്കാൻ കൂടി വയ്യെന്ന് മഞ്ജു. ‘‘ക്ലീനിങ്ങിന് മാത്രം ഒരു മാസം സമയം എടുത്തു. ഒന്നര ലക്ഷം രൂപ ക്ലീനിങ്ങിന് ചെലവാക്കേണ്ടി വന്നു. പക്ഷേ, മൂന്നു മാസം കൊണ്ട് എല്ലാം പ്രവർത്തിക്കാൻ പാകമായി’’ ചേന്ദമംഗലത്തെ സന്നദ്ധ പ്രവർത്തകൻ ആയ ആകാശ് ജ്യോതി പറയുന്നു.

ട്രാജഡി ടൂറിസം

‘‘ചേന്ദമംഗലം മുങ്ങിയതറിഞ്ഞ് സന്ദർശകരുടെ പ്രളയമായിരുന്നു. ഐക്യരാഷ്ട്ര സഭ, വേൾഡ് ബാങ്ക്, യുനെസ്കോ പാർലമെന്ററി കാര്യ സംഘം എന്നിവരെക്കൂടാതെ സാധാരണക്കാരായ പതിനായിരക്കണക്കിനാളുകൾ വന്നു. ചിലർ പ്രളയം കാണാൻ, ചിലർ സഹായിക്കാൻ. ഒരു ട്രാജഡി ടൂറിസം തന്നെ നടന്നു ഇവിടെ.’’ കരിമ്പാടം കൈത്തറി സഹകരണ സംഘം സെക്രട്ടറി സി. വി. അജിത്ത് കുമാർ പറയുന്നു.

‘‘ഒരു പരിചയവും ഇല്ലാത്ത എത്രയോ പേർ വന്ന് നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പറ്റുക എന്ന് ചോദിച്ചിരുന്നു. അന്നാണ് നമ്മുടെ നാടിന്റെ വലിയ മനസ്സ് മനസിലാകുന്നത്. അക്കൂട്ടത്തിൽ വന്ന രണ്ടു പേരായിരുന്നു ലക്ഷ്മിയും ഗോപിനാഥും. ചെളിയിൽ മുങ്ങിയ ചേന്ദമംഗലം കൈത്തറി കൊണ്ടുണ്ടാക്കിയ ചേക്കുട്ടിപ്പാവകൾ എന്ന ആശയം ആയിരുന്നു അവർ മുന്നോട്ടു വച്ചത്.’’

കരിമ്പാടം സൊസൈറ്റിയുടെ കേടായ മുഴുവൻ തുണിയും ചേക്കുട്ടിപ്പാവകളായി മാറി. മറ്റു സംഘങ്ങളുടെ തുണികൾ കൊണ്ട് ഇപ്പോഴും ചേക്കുട്ടിപ്പാവ നിർമിക്കുന്നുണ്ട്. കരിമ്പാടം സൊസൈറ്റിക്ക് വന്ന 24 ലക്ഷം രൂപയുടെ നഷ്ടം 32 ലക്ഷത്തിന്റെ ലാഭമാക്കി മാറ്റി ചേക്കുട്ടി.’’

ഫാക്ടറിയിലെ തറികൾ ശരിയാക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ആണ്. ഇൻഡെസ്റ്റം എന്ന സംഘടനയും എൻഐപിഎം എന്ന സംഘടനയും എൻജിഒകളും സഹായിച്ചു. വീട്ടിൽ നെയ്ത്തുള്ള എല്ലാ നെയ്ത്തുകാർക്കും തറിയിലൂടെ നൂല് കടത്തി വിടാനും മറ്റുമുള്ള ഭാഗങ്ങളായ അച്ച്, റെക്ക, തുടങ്ങി തറിയൊരുക്കാനുള്ള വസ്തുക്കൾ നൽകി. നെയ്യാനുള്ള നൂലും ഒപ്പം 10,000 രൂപയും വീതം കൊടുത്തു. സംഘം വഴിയാണ് എല്ലാ സഹായങ്ങളും എത്തിച്ചത്. എല്ലാ സംഘങ്ങളിലും കിട്ടിയിട്ടുണ്ട് ഇതുപോലെയുള്ള സുമനസ്സുകളുടെ കൈനീട്ടങ്ങൾ. അല്ലെങ്കിൽ ഇവർക്ക് ഇങ്ങനെ നിങ്ങളോട് സംസാരിക്കാൻ ആകുമായിരുന്നില്ല.’’ എന്ന് അജിത്ത് കുമാർ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പല കമ്പനികളും സന്നദ്ധ സംഘടനകളും  ഫണ്ട് നൽകി. ഫർണിച്ചർ, ഫാക്ടറിയുടെ മേൽക്കൂര, ട്രസ് വർക്ക്, ഒക്കെ ചെയ്തു. ഡൈ ഹൗസ് പുതുക്കി, ടോയ്‌ലറ്റുകൾ പുതുതായി പണിതു. പൂർണമായി നശിച്ച വിൽപനശാലകൾ ചിലത് ഇന്ന് എസി ഷോറൂമുകളാണ്.

_BAP0640

ചേന്ദമംഗലം കൈത്തറി സഹകരണ സംഘം സെക്രട്ടറി പി. എ. സോജന്റെ ഒരു ഫെയ്സ് ബുക് പോസ്റ്റ് ആണ് പ്രശസ്ത ഡിസൈനർമാരെ ഇവിടേക്ക് എത്തിച്ചത്. ഡിസൈനർമാരായ ശാലിനി ജെയിംസ്, ശ്രീജിത്ത് ജീവൻ, ഇന്ദു മേനോൻ, ട്രേസി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘ഫ്രണ്ട്സ് ഓഫ് ചേന്ദമംഗലം’, പൂർണിമ ഇന്ദ്രജിത്, ഫാഷൻ കൺസല്‍ട്ടന്റ്  രമേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള ‘സേവ് ദ് ലൂം’ എന്നീ കൂട്ടായ്മകൾ നെയ്ത്തുകാർക്കൊപ്പം നിന്നു. ചേന്ദമംഗലം കൈത്തറിയെ അന്താരാഷ്ട്ര ഫാഷൻ ലോകത്ത് എത്തിക്കാനും വിപണി സജീവമാകാനും ഈ കൂട്ടായ്മകൾ നടത്തിയ പ്രവർത്തനങ്ങൾ ചേന്ദമംഗലം ഹൃദയത്തിൽ നെയ്തു ചേർത്തിട്ടുണ്ട്.

പുതിയ മുഖവുമായി

പ്രളയവുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം ചേന്ദമംഗലം കൈത്തറിക്ക് ലഭിച്ചു. ആവശ്യക്കാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തി. പലപ്പോഴും ഓർഡർ അനുസരിച്ച് സാധനങ്ങൾ നൽകാൻ സാധിക്കാതെ വന്നു. നെയ്ത്തുകാരുടെ എണ്ണത്തിലുള്ള കുറവാണ് കാരണം.

ഒരാൾ ഒരു ദിവസം  എത്ര പണിയെടുത്താലും ഒരു മുണ്ടിൽ കൂടുതൽ നെയ്യാൻ സാധിക്കില്ല. പലപ്പോഴും രണ്ട് ദിവസമാണ് ഒരു മുണ്ട് നെയ്യാൻ എടുക്കുന്നത്. ചേന്ദമംഗലം സ്‌പെഷൽ മുണ്ട് നെയ്യുന്ന നെയ്ത്തുകാരുടെ എണ്ണം ചേന്ദമംഗലത്ത് ആകമാനം അമ്പതോളമേ കാണൂ.

കേരള സാരി, സെറ്റ് മുണ്ട് ഇവ കൂടാതെ കോട്ടൺ ജക്കാർഡ് സാരി, ഡിസൈനർ കേരള സാരി കൾ എന്നിവയും ഉണ്ട്. ഡിസൈൻ കാർഡ് പഞ്ച് ചെയ്ത് ആ ഡിസൈൻ കൈത്തറിയിൽ നെയ്തെടുക്കുന്ന സംവിധാനവും ചേന്ദമംഗലത്തിനുണ്ട്.

ഇപ്പോഴത്തെ ഉണർവ് തുടർന്നും നിലനിർത്താനാകുകയാണ് പ്രധാനം. അതിനു വേണ്ടിയാണ് മുഴുവൻ പരിശ്രമങ്ങളും. തിരിയണയാതെ കാക്കുന്ന കൈകൾപോലെ ഒാരോ സംഘവും ഉള്ളപ്പോൾ, മനസ്സു നീട്ടാൻ ലോകം മുഴുവനുമുള്ള മലയാളികൾ ഉള്ളപ്പോൾ പിന്നെ ഭയമെന്തിനാണ്?

ചേക്കുട്ടി എന്ന മാലാഖക്കുട്ടി

chendahhbbh99

സൻഫ്രാൻസിസ്കോയിൽ ആർടിസ്റ്റ്  ആയി ജോലി ചെയ്യുന്ന, ഫാഷൻ ഡിസൈനറും സാമൂഹിക സംരംഭകയും ആയ ലക്ഷ്മി മേനോനും ദുരന്ത നിവാരണ വിദഗ്ധനും  കമ്മ്യൂണിറ്റി ടൂറിസം ഓപ്പറേറ്ററുമായ ഗോപിനാഥ് പാറയിലും ആണ് ചേക്കുട്ടി എന്ന പേരിലുണ്ടായ പാവകളുടെ പിന്നിൽ. ചേന്ദമംഗലത്തെ കുട്ടി, ചേറിനെ അതിജീവിച്ച കുട്ടി എന്ന ഇവരുടെ ആശയം പിന്നെ, കാട്ടി തന്നത് അദ്ഭുതമായിരുന്നു.

‘‘ലക്ഷ്മിയുടെ ഡിസൈനിങ്ങും  ആശയവും ആയിരുന്നു ചേക്കുട്ടി. പേര് ഞങ്ങൾ രണ്ടാളും കൂടി കണ്ടെത്തിയതാണ്. ഓൺലൈൻ വഴി ബ്രാൻഡിങും വിതരണവും വിദഗ്ധമായി ചെയ്തു. കമ്മ്യൂണിറ്റി ടൂറിസത്തിന്റെ ഭാഗമായി ആറോളം ദുരന്ത ഭൂമികളിൽ പ്രവർത്തിച്ച പരിചയം സഹായകമായി.’’ എന്ന് ഗോപിനാഥ് പാറയിൽ.

‘‘ചെളിയിൽ മുങ്ങിയ തുണി ഉണക്കി കത്തിച്ചു കളയാൻ വരട്ടെ ഇത് കഴുകി എടുത്താലോ എന്ന് ഞങ്ങൾ പറയുമ്പോൾ ഞങ്ങൾക്ക് വട്ടാണ് എന്നാണ് ആളുകൾക്ക് ആദ്യം തോന്നിയത്.’’ ലക്ഷ്മി മേനോൻ ചിരിക്കുന്നു.

‘‘പക്ഷേ, അവർ ഞങ്ങളെ വിശ്വസിക്കാൻ തയാറായി.  തുണിയും ചെളിയി ൽ മുങ്ങിയ യാണും വൃത്തിയാക്കി, അണുവിമുക്തമാക്കിയെടുത്തു. ഒരു സാരിയിൽ നിന്ന് 360 പാവ ആയിരുന്നു ലക്ഷ്യം. 1800 - 2000 രൂപ വരുന്ന ഒരു സാരിയിൽ നിന്ന് 9000 രൂപ ലഭിക്കണം.’’ ലക്ഷ്മി തുടർന്നു.

‘‘കറയും പാടകളും ഉള്ള തുണി കൊണ്ട് പാവ ഉണ്ടാക്കിയത് ഭംഗിയുടെ അടയാളമല്ല, അതിജീവനത്തിന്റെ അടയാളം ആണ് എന്ന ആശയം ആളുകളിലേക്ക് എത്തിച്ചു. പ്രതിനിധികൾ വഴി നിർമാണ രീതി പഠിപ്പിച്ചു.  വൊളന്റിയർഷിപ് വഴി പാവകൾ നിർമിച്ചു. 20 പാവയുള്ള ബോക്സുകൾ ആയി 145 രാജ്യങ്ങളിലേക്ക് ചേക്കുട്ടി വിൽപനയ്ക്ക് പോയി. ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് 500 രൂപയുടെ ഒരു ബോക്സ് പലരും വലിയ തുക തന്നാണ് വാങ്ങിയത്.’’

ചേന്ദമംഗലം കൈത്തറി എന്ന പേരുപയോഗിക്കുന്ന ഏഴ് നെയ്ത്തു ശാലകളും, ചേന്ദമംഗലം യാൺ ബാങ്കും ചേർന്ന, ‘റെസിലിയൻറ് ചേന്ദമംഗലം’ എന്ന പുതിയ ഒരു സംരംഭത്തിന്റെ ഉടമസ്ഥതയിലായിരിക്കും ഇനി ചേക്കുട്ടി. ചേന്ദമംഗലത്തിനെ പ്രത്യേകതകൾ, കേരളത്തിലുണ്ടായ പ്രളയം, അതിജീവനത്തിന്റെ കഥകൾ എന്നിവ ഉൾപ്പെടുത്തിയ മ്യൂസിയവും തുടങ്ങാൻ ഉദ്ദേശിക്കുന്നു.

വ്യാജന്മാരെ തിരിച്ചറിയാം

യഥാർഥ കൈത്തറി വസ്ത്രങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ടെക്സ്റ്റൈൽ കമ്മിറ്റി നൽകുന്ന ഹാൻഡ് ലൂം മാർക് ഉണ്ടാകും.  ചേന്ദമംഗലം മുണ്ടും നേര്യതും, ചേന്ദമംഗലം ഡബിൾ മുണ്ട് ഇവ രണ്ടും ഭൗമ ശാസ്ത്ര സൂചികാ പദവി (GI - ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ മാർക്ക്) ഉള്ളതാണ്. പക്ഷേ, വ്യാജ ഉൽപന്നങ്ങൾ ഇപ്പോഴത്തെ സ്വീകാര്യതയ്ക്ക് വൻ ഭീഷണിയാണെന്ന് പറയുന്നു, നെയ്ത്തുകാർ.

20190730_122929

 ‘‘ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ ചേന്ദമംഗലം ബെഡ് ഷീറ്റ് വിൽക്കുന്ന ആളുകളെ കണ്ടു. ചേന്ദമംഗലം കൈത്തറിക്ക് ബെഡ് ഷീറ്റുകളില്ല. അതുപോലെ പവർ ലൂം ഉൽപന്നങ്ങൾ ചേന്ദമംഗലം കൈത്തറിയാണെന്ന് പറഞ്ഞ് വിൽക്കുന്നവരുണ്ട്.’’ സന്നദ്ധ പ്രവർത്തകൻ വിശാൽ പറയുന്നു.

കൈത്തറി തുണിയുടെ രണ്ട് അരികുകളിലും (തേര് ) സൂചി കുത്തിയ സുഷിരങ്ങൾ ഉണ്ടാകും. പവർലും ആണെങ്കിൽ ഇവ ഉണ്ടായിരിക്കില്ല. വശങ്ങളൊക്കെ പെർഫെക്ട് ഫിനിഷിങ് ആയിരിക്കും. സഹകരണ സംഘങ്ങൾ വഴിയും ജില്ലാ ആ സ്ഥാനങ്ങളിലെ എക്സിബിഷനുകൾ വഴിയും ആണ്  കൈത്തറി ഉൽപന്നങ്ങൾ  കൂടുതൽ ലഭ്യമാകുക. .

കൈത്തറിയുടെ ഒാജസ്സും പരിശുദ്ധിയും ഇഷ്ടപ്പെടുന്നവർ ശരിയായ ഉൽപന്നം തിരഞ്ഞെടുത്ത് വാങ്ങാൻ ശ്രദ്ധിക്കുകയാണെങ്കിൽ ‘വ്യാജ’ പ്രളയത്തെ കൂടി അതിജീവിക്കാൻ കഴിയും.

Tags:
  • Vanitha Fashion
  • Fashion