രണ്ടാം തവണയാണ് പൂർണിമ ഇന്ദ്രജിത് രാജ്യാന്തര വേദിയിലേക്കു ദിവ്യപ്രഭയ്ക്കായി വസ്ത്രമൊരുക്കുന്നത്. ‘‘ഇത്തവണ ഇരട്ടി സന്തോഷമായിരുന്നു. ഇത്ര വലിയ വേദിയിൽ മലയാളികളായ രണ്ടുപേരാണുള്ളത്. പ്രത്യേകിച്ച് എന്റെ സമാന തൊഴിൽ ചെയ്യുന്നവർ.’’ പൂർണിമ ഇന്ദ്രജിത് പറയുന്നു.
‘‘ദിവ്യക്കു വേണ്ടി പല ഓപ്ഷൻസും നോക്കി. എല്ലാം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഹായ്, ഇതു കൊള്ളാല്ലോ എന്നു തോന്നുന്ന നിമിഷത്തിലേക്ക് എത്തുന്നില്ല. അവസാനം അപ്സൈക്കിൾഡ് ബനാറസിയിൽ എത്തി.
ഇന്ത്യൻ സ്കിന്നിന് ഏറ്റവും ഇണങ്ങുന്ന ബ്രൗൺ നിറത്തിലാണു ദിവ്യയും ഇഷ്ടത്തോടെ തൊട്ടത്. അങ്ങനെ ബനാറസി കസവുകൊണ്ടുള്ള ബ്രാലെറ്റ് തുന്നി അതിന് ഒരു ഫ്രെയിമെന്നപോലെ ബ്രൗൺ കളർ മെറ്റീരിയൽ കൊണ്ട് ഉടുപ്പു തുന്നുകയായിരുന്നു. എല്ലാ കണ്ണുകളും അവാർഡ് ജേതാക്കളിൽ വീഴുമ്പോൾ ഗ്രാൻഡ് ആയി തന്നെ ദിവ്യ തിളങ്ങി.
ഓരോരുത്തർക്കും വസ്‍ത്രമൊരുക്കുമ്പോൾ അവരോട് ഒരുപാട് സംസാരിക്കാറുണ്ട്. വ്യക്തികളുടെ മനോഭാവവും ചിന്തകളും പ്രതിഫലിക്കുന്ന വസ്ത്രങ്ങൾ ഒരുക്കാൻ വേണ്ടിയാണത്. ധരിക്കുന്ന ആളിന്റെ കോൺഫിഡൻസ്, അയാളുടെ എനർജി ഇതൊക്കെയാണല്ലോ, ഉടുപ്പിന് ഭംഗിയേറ്റുന്നത്. ഇനി ആ വസ്ത്രവും അഴിച്ചു പണിഞ്ഞ് മറ്റൊരവസരത്തിലേയ്ക്ക് അണിയാൻ പാകത്തിൽ ആക്കിയെടുക്കുന്നുണ്ട്.
ദിവ്യക്ക് സുസ്ഥിര ഫാഷൻ എന്ന ആശയത്തോട് ഇഷ്ടമുണ്ട്. 40 വർഷത്തോളം പഴക്കമുള്ള ബനാറസി കൈത്തറി സാരികൾ അപ്സൈക്കിൾ ചെയ്തെടുക്കുന്നുണ്ടു ഞങ്ങളുടെ സ്റ്റോറിൽ. ഒറിജിനൽ ബനാറസി സാരികൾ ശേഖരിച്ച് വിൽക്കുന്ന വ്യാപാരികളിൽ നിന്ന് നേരിട്ടു വാങ്ങിയാണു ചെയ്യുന്നത്. ഈ വനിതയുടെ കവർ ചിത്രത്തിൽ കനിയും ദിവ്യയും ഉടുത്തിരിക്കുന്നത് അപ്സൈക്കിൾഡ് ബനാറസി സാരിയാണ്.