Wednesday 27 November 2019 04:52 PM IST

‘ഈ നേട്ടം തന്നത് കൂടെ മത്സരിച്ചവർ! അഭിനയമാണ് എന്റെ പാഷൻ, അതാണ് ലക്ഷ്യം’; വനിത ഗ്ലാം ക്വീൻ ഫർസാന പറയുന്നു

Rakhy Raz

Sub Editor

farsana889 ഫർസാന പാലത്തിങ്കൽ കുടുംബത്തോടൊപ്പം

മത്സരത്തിനെത്തിയവരെല്ലാം ഫർസാനയോട് പറഞ്ഞത് കണ്ണുകളെക്കുറിച്ചാണ്. എത്ര സുന്ദരമായ കണ്ണുകൾ.. പക്ഷേ  കിരീടത്തിലേക്ക് ഫർസാനയെ ഉയർത്തിയത് വ്യക്തതയോടെ പറഞ്ഞ ഉത്തരത്തിന്റെ സൗന്ദര്യമാണ്. ‘മീ ടൂ ക്യാംെപയിന്റെ നല്ല വശം എന്ത് ? മോശം വശം എന്ത് ?’ ചാട്ടുളി പോലെ വന്ന ചോദ്യത്തോട് അതീവ ശാന്തമായി ഫർസാന പറഞ്ഞു. ‘നല്ലവശം ഇതാണ്.. നമ്മളെപ്പോലെ മറ്റുള്ളവരും പലവിധ ബുദ്ധിമുട്ടുകൾ നേരിട്ടാണ് ജീവിക്കുന്നത് എന്ന തിരിച്ചറിവ്, നമ്മളും ഒരേ ലോകത്തിന്റെ ഒരേ മുന്നേറ്റത്തിന്റെ  ഭാഗമാണ് എന്നു നമ്മൾ തിരിച്ചറിയുന്നു.  മറ്റുള്ളവരുടെ ഇടത്തിലേക്ക് കടന്നു കയറി അവരുടെ മാനസിക നില തകരാറിലാക്കുകയും  ദുരുപയോഗം ചെയ്യുന്നതിനെയും എതിർക്കുന്നതിനൊപ്പം, സ്വയം സ്നേഹിക്കേണ്ടതിനെക്കുറിച്ചാണ് അത് പറയുന്നത്. മോശം വശം ഇത് പുരുഷവിരോധത്തിലേക്ക് ചിലപ്പോഴെങ്കിലും തിരിയുന്നു എന്നതാണ്. എന്നെ സംബന്ധിച്ച് ഫെമിനിസം  എന്നാൽ പുരുഷ വിരോധം അല്ല, ഒരു ലിംഗത്തിന് മറ്റൊരു ലിംഗത്തിനുമേൽ മേൽക്കോയ്മ നൽകുകയല്ല, തുല്യതയെക്കുറിച്ചാണ് ഫെമിനിസം സംസാരിക്കുന്നത്.’

ടെൻഡർ പെറ്റൽസ് വിഭാഗത്തിലെ ഗ്ലാം ക്വീൻ ആയ ഫർസാന പാലത്തിങ്കൽ തൃശൂർകാരായ ഇലട്രിക്കൽ എൻജിനീയർമാരായ അലിയുടെയും രഹനയുടെയും മകളാണ്. ‘‘യുഎഇയിൽ ഉപ്പച്ചിയും ഉമ്മച്ചിയും ബിസിനസ് ചെയ്യുകയാണ്. മത്സരം നടക്കുമ്പോൾ ഉപ്പച്ചി നാട്ടിലായിരുന്നു. വീട്ടിൽ അനുജന്മാർ മാത്രമേ ഉള്ളുവെന്നതിനാൽ ഉമ്മച്ചിക്കും മത്സരം കാണാൻ വരാൻ സാധിച്ചില്ല.  മത്സരത്തിന് കൂടെ ആരുമില്ലാതെ വന്ന ഒരാൾ ഞാനായിരിക്കും. എന്റെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യാറ്. ഉപ്പച്ചിയും ഉമ്മച്ചിയും എന്നെ ശീലിപ്പിച്ചത് അങ്ങനെയാണ്. എനിക്കും അതിഷ്ടമാണ്.  ’’ 

ഒക്യൂപേഷനൽ തെറപ്പിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് തന്റെ പാഷൻ ആയ അഭിനയത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെ വനിത ഗ്ലാം ക്വീൻ വേദിയിൽ മാറ്റുരച്ച് ഫർസാന അംഗീകാരം നേടിയത്.

അഭിനയം ആണെന്റെ പാഷൻ

‘‘പ്ലസ് ടു കഴിഞ്ഞ് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ആണ് ഞാൻ ഒക്യുപേഷണൽ തെറാപ്പി പഠിച്ചത്. യൂണിവേഴ്സിറ്റിയിൽ ഒരു ഡ്രാമ ഒഡീഷൻ നടക്കുന്നുണ്ടായിരുന്നു.  ഞാനതിൽ പങ്കെടുത്തു.

‘‘അയൻ റാന്റിന്റെ നൈറ്റ് ഓഫ് ജനുവരി 16 ന്‍ത് എ ന്ന നാടകത്തിനു വേണ്ടിയായിരുന്നു ഒഡീഷൻ. എനിക്ക് അതിൽ സെലക്ഷൻ കിട്ടി. പിന്നീട് പല നാടകങ്ങളും അവരോടൊപ്പം ചെയ്തു.’’

‘‘പഠനം കഴിഞ്ഞ് ദുബായ്ക്ക് തിരികെ പോകാൻ എനിക്കിഷ്ടമുണ്ടായിരുന്നില്ല. തെരുവിൽ കിടന്നാലും ഇവിടെ നിന്ന് ആക്റ്റിങ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. ‘ഇത്ര നാൾ അവിടെ നിന്നില്ലേ ഇനി ഞങ്ങളുടെ കൂടെ നിൽക്കൂ’ എന്ന് ഉപ്പയും ഉമ്മയും പറഞ്ഞതിനാൽ തിരികെ പോയി. എങ്കിലും ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർ തന്നു.  സ്വന്തമായി ചെയ്യണം,  ഞങ്ങൾ സഹായിക്കില്ല എന്ന നിലപാടായിരുന്നു. അങ്ങനെ ദുബായിയിലെ ജംക്ഷൻ എന്ന തീയറ്ററുമായി സഹകരിച്ചു തുടങ്ങി. ഒപ്പം ഒക്യുപേഷനൽ തെറാപ്പിസ്റ്റ് ആയി ഒരു പീഡിയാട്രിക്സ് സെന്ററിൽ ജോലി ചെയ്യുവാനും തുടങ്ങി. ഒന്‍പത് മണി മുതൽ ആറു മണി വരെ ജോലി ആറു മുതൽ പതിനൊന്ന് മണി വരെ റിഹേഴ്സൽ. നാടകം അരങ്ങേറുന്ന അന്ന് ലീവ് എടുത്തു പെർഫോം ചെയ്യുക, അതാണ് എന്റെ രീതി. ’’

പഠിക്കാൻ വേണ്ടി പഠിച്ചതല്ല 

_REE3685

അഭിനയം ആണ് പാഷനെങ്കിലും ഒക്യുപേഷനൽ തെറപ്പി ഞാൻ വിട്ടു കളയാൻ ഉദ്ദേശിക്കുന്നില്ല. കാരണം എന്തെങ്കിലും പഠിക്കാൻ വേണ്ടിയല്ല ഞാനാ കോഴ്സ് തിരഞ്ഞെടുത്തത്. എനിക്ക് രണ്ട് അനുജന്മാരാണ്. ഫാരിസും ഫിറാസും. ഒരാൾക്ക് ഇരുപത്തിയൊന്ന് വയസ്സും ഒരാൾക്ക് പതിനൊന്നു വയസ്സും ഉണ്ട്.  ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുള്ള എന്റെ  അനുജനെ എൽകെജിയിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നു പുറത്താക്കി. അടങ്ങിയിരിക്കാതെ ഓടിനടക്കുന്നു എന്നതായിരുന്നു കാരണം. സ്ക്കൂളുകാരുടെ ദൃഷ്ടിയിൽ അവൻ അമിത വികൃതിക്കാരനായിരുന്നു. ആ കുട്ടി ഇങ്ങനെ ആയതിന് യഥാർഥ കാരണമെന്താണ് എന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ അന്വേഷിച്ചുമില്ല.’’

അവന് പഠന പ്രശ്നങ്ങൾ ഉണ്ടായിരുന്നു . അതിന്റെ ഭാഗമായാണ് അവൻ അത്തരത്തിൽ പെരുമാറിയത്. അവനെ മാനേജ് ചെയ്യാൻ ഉപ്പയും ഉമ്മയും ഒരുപാട് ബുദ്ധിമുട്ടി. ഇത്തരം കുട്ടികളുടെ പെരുമാറ്റം അവരുടെ നിയന്ത്രണത്തിലല്ല. അത് ആളുകൾ അറിയണം. അതിനാൽ അവരല്ല, നമ്മളാണ് മാറേണ്ടത്. പരിമിതികളുണ്ടെങ്കിലും കഴിയുന്നത്ര അവരെ സ്വയം പര്യാപ്തരാക്കി മാറ്റുയാണ് യഥാർഥത്തിൽ വേണ്ടത്. ഇതാണ് ഒക്യുപേഷനൽ തെറപ്പി ചെയ്യുന്നത്. അതിനാലാണ് ഞാൻ ആ കോഴ്സ് പഠിക്കാൻ തീരുമാനിച്ചത്.’’

സ്ട്രോക്ക്, മെന്റൽ ഡിസ് എബിലിറ്റി തുടങ്ങിയ കാര്യങ്ങൾ കൊണ്ട് പല രീതിയിൽ സ്വയം പര്യാപ്തത നഷ്ടപ്പെട്ടു പോകുന്നവരെ തിരികെ കഴിയുന്നത്ര സ്വയം പര്യാപ്തമായ ജീവിതത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.  മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്ന അവസ്ഥകഴിയുന്നത്ര മാറ്റിയെടുക്കുന്നു. ഇതിൽ ഞാൻ സ്പെഷലൈസ് ചെയ്യുന്നത് പീഡിയാട്രിക്സിലാണ്. ഡൗൺ സിഡ്രോം, ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ എന്നിവ ഉള്ള കുട്ടികളെ റീഹാബിലിറ്റേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.  

സല്യൂട്ട് മൈ ഡിയർ ഗേൾസ്

ലോകത്തിെന്‍റ കണ്ണുകൾക്ക് മുന്നിലേക്ക് തന്നെ അല്പം കൂടി നീക്കി നിർത്തുക എന്ന ലക്ഷ്യം  ആണ് വനിത ഗ്ലാം ക്വീൻ കോ ൺടെസ്റ്റിലേക്ക് മത്സരിക്കാൻ ഫർസാനയെ പ്രേരിപ്പിച്ചത്. ‘‘ ഉമ്മയുടെ സുഹൃത്താണ് ഗ്ലാം ക്വീൻ കൺടെസ്റ്റിനെ കുറിച്ച് പറയുന്നത്. ഉമ്മച്ചിയെക്കാൾ അവർക്കായിരുന്നു ഞാൻ മത്സരിക്കണമെന്ന് ആഗ്രഹം. അമിതപ്രതീക്ഷയൊന്നുമില്ലെങ്കിലും ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ, സിലക്റ്റ് ആയ ശേഷം ഞാൻ വനിത ടീമിനെ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞാൻ വരുമോ ഇല്ലയോ എന്ന് പോലും പറയുകയോ, ഗ്രൂപ്പിൽ ആക്റ്റീവ് ആയിരിക്കുകയോ ഗ്രൂമിങ്ങിന് ചെല്ലുകയോ ഉണ്ടായില്ല. മത്സരദിനത്തിന്റെ അന്ന് രാവിലെ എത്തുമ്പോൾ മറ്റെല്ലാവരും നന്നായി പരിചയമായിരുന്നു. എന്നെ മാത്രം പലർക്കും അറിയുക പോലും ഇല്ല. ’’ 

പക്ഷേ, വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഞാൻ എല്ലാവരോടും കൂട്ടായി. കാരണം അത്രയ്ക്കും സ്വീറ്റ്, കൈൻഡ് ഗേൾസ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. നെഗറ്റീവ് എനർജിയുടെ ഒരു തരി പോലുമില്ല. ഫുൾ പോസിറ്റിവിറ്റി നിറഞ്ഞ അന്തരീക്ഷമായിരുന്നു. പിന്നെ എനിക്ക് പെൺകുട്ടികളോട് സംസാരിച്ചിരിക്കുക വലിയ ഇഷ്ടവുമാണ്. കാരണം വീട്ടിൽ എനിക്ക് രണ്ട് സഹോദരന്മാരല്ലേ ഉള്ളത്. 

ഇവന്റിന് വേണ്ടി ഞാൻ കാര്യമായി പ്രിപ്പേർ ചെയ്തിരുന്നില്ല. കയ്യിൽ ഉണ്ടായിരുന്ന സാരിയും ഗൗണും ആണ് ഞാൻ കൊണ്ടു വന്നത്. ഒരു സീനിയറിന്റെ വീട്ടിൽ ചെന്നാണ് ഞാൻ സാരിയുടുത്തത്. അവരാണ് ഉടുപ്പിച്ചത്. ഗൗണിന് പിന്നെ ഹെൽപ് വേണ്ടല്ലോ. ഇവന്റിന് വേണ്ടി റെഡി ആയപ്പോള്‍ ഞാനായിരുന്നു ഏറ്റവും കുറവ് മേക്കപ്പും സ്റ്റൈലിങ്ങും ഒക്കെ. അത് കണ്ടപ്പോൾ മറ്റൊരു കുട്ടി അവർ കൊണ്ടുവന്ന മേക്കപ്പ് ആർട്ടിസ്റ്റിനെക്കൊണ്ട് എന്റെ മേക്കപ്പും മുടിയും ചെയ്തു തന്നു. അപ്പോള്‍ എനിക്ക് നാണം തോന്നി. മത്സരത്തിനായി പ്രിപ്പേർ ചെയ്തു വന്ന ഇവരുടെ സൗകര്യം ഞാൻ ഉപയോഗിച്ചല്ലോ എന്ന വിഷമം എനിക്ക് തോന്നി. ഇതൊരു മത്സരമാണ്. ജയിക്കാനാണ് ഓരോരുത്തരും വന്നിരിക്കുന്നത്. എന്നിട്ടും അവർ എനിക്കത് ചെയ്തു തന്നു. ഒടുവിൽ ഗ്ലാം ക്വീൻ ആയപ്പോള്‍ എനിക്ക് തോന്നി ഞാനിത് അർഹിക്കുന്നുണ്ടോ എന്ന്. അതുകൊണ്ട് ഈ നേട്ടത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നോടൊപ്പം മത്സരിക്കാനെത്തിയ ആ നല്ല പെൺകുട്ടികളോടാണ്.

PRJ_3292 ഫർസാനയോടൊപ്പം ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്
Tags:
  • Fashion