Saturday 18 April 2020 09:39 PM IST

മോഡൽ കൊച്ചിയിലെ ഫ്ലാറ്റിൽ, ഫൊട്ടോഗ്രഫർ അങ്ങ് തൃശ്ശൂര് ; പക്ഷേ, പിറന്നത് കിടിലൻ ഫോട്ടോസ്, ആ രഹസ്യമിതാണ്!

Ammu Joas

Sub Editor

photo-fashion

ഡ്രോൺ പറത്തിയെടുത്തതൊന്നുമല്ല, അതിലും സിംപിളായി ഐ ഫോൺ ഫീച്ചറായ ഫെയ്സ് ടൈം ആപ് ഉപയോഗിച്ച് ക്ലിക്കിയതാണ് ഈ കിടിലൻ പിക്സ്. സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ഷാഫി ഷക്കീർ എടുത്ത ചിത്രങ്ങൾ കണ്ടാൽ ആരും വിശ്വസിക്കില്ല കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അപ്പുറത്തു നിന്നാണ് ഈ ഫോട്ടോസ് പകർത്തിയതെന്ന്.

‘‘വിദേശ രാജ്യങ്ങളില്‍ ‘ഫെയ്സ് ടൈം ചാലഞ്ച്’ എന്ന പേരിൽ തുടങ്ങിയതാണ് ഇത്തരം ഫോട്ടോഷൂട്ട്. ഒരു ദിവസം സുഹൃത്ത് ലക്ഷ്മി മേനോനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ‘നമുക്കും ഒന്നു ട്രൈ ചെയ്താലോ’ എന്ന് ലക്ഷ്മി ചോദിച്ചു. അന്നു പക്ഷേ, എനിക്ക് അത്ര താൽപര്യം തോന്നിയില്ല. വിഡിയോ കോൾ ചെയ്യുമ്പോൾ സ്ക്രീന്‍ ഷോട്ട് എടുക്കുന്ന രീതിയിലായിരുന്നു മിക്ക ചിത്രങ്ങളും ഫെയ്സ് ടൈം ചാലഞ്ചിൽ കണ്ടിരുന്നത്. കോൾ ചെയ്യുന്ന വ്യക്തിയെയും ചെറുതായി സ്ക്രീനിൽ കാണാം. പിന്നീട് ഫോട്ടോ ക്രോപ് ചെയ്ത് ചെറിയ എഡിറ്റിങ് ഒക്കെ നടത്തിയാണ് പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഞാൻ മടിച്ചു.

vieo-photo-4

പക്ഷേ, വിഡിയോ കോളിനിടയിൽ തന്നെ ലൈവ് ഫോട്ടോസ് എടുക്കാനുള്ള സംവിധാനം ഫെയ്സ് ടൈമിലുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു കൈ നോക്കാമെന്നു കരുതി.’’ ലക്ഷ്മിയുടെ ഫോട്ടോസ് തന്നെയാണ് ഷാഫി ആദ്യം പകർത്തിയത്, ലെറ്റിങ്ങിൽ പരീക്ഷണം നടത്തിയുള്ള ക്ലോസ് അപ്, മിഡ് ക്ലോസ് ഫോട്ടോസ്. പിന്നെയാണ്, റിഷികയുടെ ഫോട്ടോ എടുക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ പോസ് മാറി മാറി തന്നു നിന്നാൽ മാത്രം പോര, മോഡൽസും ഇത്തിരിയേറെ മെനക്കെടണം ഈ ഫോട്ടോ ഷൂട്ടിൽ. ‘‘വിഡിയോ കോൾ വഴിയാണ് ലൊക്കേഷനും കോസ്റ്റ്യൂമും തീരുമാനിച്ചത്. പുസ്തകങ്ങൾ അടുക്കി, അതിനു മുകളിലാണ് ഫോൺ വച്ചത്. ഞാൻ പറയുന്ന ആങ്കിളിൽ അനങ്ങാതെ ചെരിയാതെ ഫോൺ നിർത്താൻ റിഷിക പല വിദ്യകളും നോക്കി.’’

ബാൽക്കണിയിലും വരാന്തയിലുമായി എടുത്ത ലോങ് ഷോട്ട് പിക്സ് കണ്ടവരെല്ലാം ഒന്നു സംശയിച്ചു ‘ഇതു ഫെയ്സ് ടൈം പിക്സ് തന്നെയാണോ?’. അങ്ങനെയാണ് ബിഹൈൻഡ് ദ് സീൻ വ്യക്തമാക്കുന്ന വിഡിയോ കോൾ സ്ക്രീൻ ഷോട്ട് കൂടി ഷാഫി ഉൾപ്പെടുത്തിയത്.

final-web

‘‘സെലിബ്രിറ്റീസിന്റെ ഫോട്ടോസും ഇത്തരത്തിൽ എടുക്കാനുള്ള ആലോചനയുണ്ട്. വരും ദിവസങ്ങളിൽ കാണാം.’’ ഷാഫി ആവേശത്തിലാണ്.

Tags:
  • Fashion