Wednesday 17 February 2021 11:16 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾക്ക് ഉയരമില്ല, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല’; പത്തോളം ഓഡിഷനുകളിൽ നിന്ന് പുറന്തള്ളപ്പെട്ടു, കിരീടത്തിലേക്കുള്ള ദൂരം പറഞ്ഞ് മന്യ സിങ്

miss433gbbv

വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 മത്സരത്തിൽ റണ്ണർ അപ്പായി ശ്രദ്ധനേടിയ താരമാണ് മന്യ സിങ്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ മന്യ ദീർഘനാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടുകൾക്കും ഒടുവിലാണ് മിസ് ഇന്ത്യ കിരീടം ചൂടിയത്. മന്യ ഓംപ്രകാശ് സിങ്  തന്റെ ജീവിതവഴികളെ കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെയുടെ പേജിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

മന്യ ഓംപ്രകാശ് സിങ് പങ്കുവച്ച കുറിപ്പ് വായിക്കാം;

“എന്റെ പതിനാലാം വയസ്സിൽ ഞാന്‍ ഗ്രാമത്തിൽ നിന്ന് ട്രെയിനിൽ കയറി മുംബൈയിലേക്ക് പുറപ്പെട്ടു, എന്റെ സ്വപ്നങ്ങൾ പിന്തുടരാൻ... ഇതെന്നെ എവിടേക്ക് നയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, മികച്ച കാര്യങ്ങൾ നേടാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് എനിക്കറിയാം.

ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടൻ കണ്ട ആദ്യത്തെ സ്ഥലമാണ് പിസ്സ ഹട്ട്. എനിക്ക് അവിടെ ഒരു പാർട്ട് ടൈം ജോലി ലഭിച്ചു. എനിക്ക് താൽക്കാലിക താമസസൗകര്യവും ഉറപ്പാക്കി. രണ്ടു ദിവസത്തിനുശേഷം, ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോൾ പപ്പ കരയാൻ തുടങ്ങി. ഞാൻ അദ്ദേഹത്തോട് മുംബൈയില്‍ ആണെന്ന് പറഞ്ഞു. അടുത്ത ദിവസം എന്റെ മാതാപിതാക്കൾ രണ്ടുപേരും മുംബൈയിലെത്തി. 

പപ്പ പറഞ്ഞു, ‘ഞങ്ങൾ നിന്നെ പിന്തുണയ്ക്കും’.  അദ്ദേഹം ഉപജീവനത്തിനായി ഒരു ഓട്ടോ ഓടിച്ചു. അത്ര സാമ്പത്തികം ഇല്ലായിരുന്നിട്ടും അവരെന്നെ ഒരു നല്ല സ്കൂളിൽ ചേർത്തു. ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ഞാൻ പാർട്ട് ടൈം ജോലി ചെയ്തു. ഞാൻ മാസം 15,000 രൂപ സമ്പാദിച്ചു.

മിസ്സ് ഇന്ത്യ മത്സരം ആദ്യമായി കണ്ടപ്പോൾ എനിക്ക് 15 വയസ്സായിരുന്നു. അന്ന് ഞാൻ വിചാരിച്ചു, ആ കിരീടം നേടി പപ്പയ്ക്ക് അഭിമാനിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. വലിയ സ്വപ്നം കാണാൻ പപ്പ എന്നെ പഠിപ്പിച്ചു. ഒരിക്കല്‍ ‘പപ്പാ, എനിക്ക് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കണം’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘കഠിനാധ്വാനം തുടരുക, നീ അവിടെയെത്തും’

അങ്ങനെ എന്റെ ഡിഗ്രി സമയത്ത് പത്തോളം ഓഡിഷനുകളിൽ ഞാൻ പങ്കെടുത്തു. പക്ഷേ, ഓരോ തവണയും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഞാൻ പിന്തള്ളപ്പെട്ടു. ‘ഉയരമില്ല, നിങ്ങൾക്ക് ഇംഗ്ലീഷ് പോലും അറിയില്ല’ എന്നവർ പറഞ്ഞു. വീട്ടിലും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. എന്റെ കോളജിൽ പണമടയ്ക്കുന്നതിനായി ചെറിയ ആഭരണങ്ങൾ പോലും പപ്പയും അമ്മയും പണയം വച്ചിരുന്നു. ഇതിനിടയിലും ഞാൻ ഓഡിഷനിലേക്ക് പോകാൻ ബസ് കാശ് ആവശ്യപ്പെട്ടപ്പോൾ, പപ്പ ഒരിക്കലും മടിച്ചില്ല.

വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ വാങ്ങാൻ എനിക്ക് പണം ആവശ്യം വന്നു. ആളുകളുടെ വസ്ത്രധാരണം ഞാൻ നിരീക്ഷിച്ചു. കോളജിൽ, എന്റെ സുഹൃത്തുക്കൾ എങ്ങനെയാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന് ഞാൻ നോക്കി പഠിച്ചു. കഴിഞ്ഞ ഡിസംബറിൽ, ഞാൻ തയാറാണെന്ന് തോന്നിയപ്പോൾ വീണ്ടും ശ്രമിച്ചു. 

കോവിഡ് കാരണം, അഭിമുഖങ്ങൾ ഓൺലൈനായി നൽകി. ഒരു റൗണ്ടിൽ, എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണെന്ന് ഞാൻ പറഞ്ഞപ്പോൾ ചില ആളുകൾ എന്നെ വിമർശിച്ചു, ‘നിങ്ങൾ ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ്’ എന്നവർ പറഞ്ഞു. ഞാൻ അവർക്ക് ഉചിതമായ മറുപടി നൽകി. 

രണ്ടു മാസത്തിനുശേഷം, എന്നെ വി‌എൽ‌സി‌സി ഫെമിന മിസ് ഇന്ത്യ 2020 ന്റെ റണ്ണർ അപ്പ് ആയി തിരഞ്ഞെടുത്തു. എന്റെ പപ്പ വളരെ സന്തോഷവാനായിരുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇപ്പോൾ എന്റെ മാതാപിതാക്കൾക്ക് എല്ലാം നൽകാനുള്ള സാഹചര്യം എനിക്കുണ്ട്. ഞാൻ അവർക്ക് ഒരു വീട് വാങ്ങിക്കൊണ്ട് പുതിയ ജീവിതം ആരംഭിക്കാൻ പോകുന്നു. അവരെന്റെ സ്വപ്നങ്ങൾക്കൊപ്പം എന്നും നിന്നിട്ടുണ്ട്. അവർ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഒരു റിക്ഷാ ഡ്രൈവറുടെ മകൾ തലയിൽ കിരീടവുമായി നിൽക്കുന്നത്.”

Tags:
  • Motivational Story
  • Inspirational Story
  • Fashion