Saturday 08 April 2023 03:20 PM IST

‘ചൂടിനെ തണുപ്പിക്കുന്ന തുണിയായിരിക്കും, എന്റെ അമ്മയെ പോലെ; ആ തുണിക്കു ഞാൻ പേരിടും സിസിലി’: മെൽവിന്റെ ജീവിതം

Tency Jacob

Sub Editor

melvvvinn667ghjkk ഫോട്ടോ: ബേസിൽ പൗലോ

സിനിമയുടെ റീലുകൾ വെള്ളിത്തിരയിൽ ഓടിത്തുടങ്ങി. ഞൊടിയിടയിൽ മിന്നിമാഞ്ഞു പോകുന്ന ഒരുപാടു പിന്നണി പേരുകൾ. അതിലൊന്നാണു വസ്ത്രാലങ്കാരം. വെട്ടിത്തയ്ച്ചും കൂട്ടിത്തുന്നിയും സൂചിക്കുത്തുകളേറ്റും പലപ്പോഴും നിറം മങ്ങിപ്പോകുന്നതാണു തയ്യൽക്കാരന്റെ ജീവിതം. പക്ഷേ, പ്രതിഭയും പരിശ്രമവും ചിറകുകളാക്കി മെൽവിൻ ജോയ് എന്ന ചെറുപ്പക്കാരൻ പറക്കാൻ തന്നെ തീരുമാനിച്ചു. മിന്നൽ മുരളി സിനിമയിലൂടെ 2021 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് നേട്ടം മെൽവിനു സ്വന്തമായി. പ്രതിസന്ധികൾ മറികടന്ന് സ്വപ്നം തൊട്ട മെൽവിന്റെ ജീവിതയാത്ര കേൾക്കാം.

ഒന്നാം വഴിത്തിരിവ്

‘‘മെൽവിൻ ജോയ് എന്നാണ് പേര്. ഞാനതു ചുരുക്കി മെൽവി ജെ എന്നാക്കിയതാണ്. അമ്മ സിസിലിയുടെ ചേച്ചി മേരിക്കുഞ്ഞ് തയ്യൽക്കാരിയായിരുന്നു. അവരാണു പള്ളിയിൽ എന്റെ തലതൊട്ടമ്മ. പുതിയ തയ്യൽമെഷീൻ വാങ്ങിയപ്പോൾ വല്യമ്മ പഴയത് എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അമ്മയ്ക്ക് ഉപകാരമായിക്കോട്ടെന്നു കരുതിയാണ്. ഒരവധിക്കാലത്തായിരുന്നു അത്. പതിവു പോലെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ദേ, വീട്ടിൽ പുതിയൊരു താരം. ഒന്നുമറിയില്ലെങ്കിലും ഞാൻ തയ്യൽ മെഷീൻ ചവിട്ടിത്തുടങ്ങി. പിന്നെയൊരിക്കൽ വീട്ടിൽ വന്നപ്പോൾ വല്യമ്മച്ചി ഇതു കണ്ടു. സന്തോഷം സഹിക്കാനാകാതെ എന്നെ തയ്യൽ പഠിപ്പിച്ചു. അങ്ങനെ ഞാൻ തയ്യൽക്കാരനായി.

അന്നത്തെക്കാലത്തു പുതിയ ഉടുപ്പുകളെക്കാൾ ബന്ധത്തിലുള്ള ചേട്ടൻമാരുടെ പാന്റ്സും ജീൻസുമൊക്കെയാണ് ഇടാൻ കിട്ടുക. എല്ലാം എന്നേക്കാളും വലുതായിരിക്കും. തയ്യൽ പഠിച്ച് ആദ്യം ചെയ്തത് ഇതെല്ലാം വെട്ടി എന്റെ പാകത്തിൽ തയ്ച്ചെടുക്കലാണ്. അതുകണ്ടു നാട്ടിലുള്ള പലരും അവരുടെ ജീൻസും കൊണ്ട് എന്റെ അടുത്തു വന്നു. നാരോ ഫിറ്റും സ്കിൻ ഫിറ്റും ഹിറ്റായി തുടങ്ങിയ കാലം.   

പത്താംക്ലാസ് വരെ വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്തിരുന്നത്. ബിസിനസ് ഇങ്ങനെ കയറിവരുന്നതു കണ്ടപ്പോൾ വീടിന്റെ പിന്നിലൊരു ചാർത്തു പിടിച്ച് ‘യെല്ലോ ടൂത്ത്’ എന്നൊരു പേരുമിട്ടു തയ്യൽക്കട മുതലാളിയായി.

ഡിസൈനർ ഫ്രം ചേരാനെല്ലൂർ

പ്ലസ് വണ്ണിലെ എന്റെ യൂണിഫോം മറ്റുള്ള കുട്ടികളുടേതിനേക്കാൾ കുറച്ചു സ്ൈറ്റലാക്കിയിരുന്നു. അതു ടീച്ചർമാർക്ക് പിടിച്ചില്ല. എന്നും ക്ലാസിൽ നിന്നു പുറത്താക്കും. പതിയെ കൂട്ടുകാരും അവരുടെ യൂണിഫോം എന്റേതു പോലെ മാറ്റാൻ തന്നു. അവരാണ് എന്നെ ഫാഷൻ ഡിസൈനറായി ആദ്യം അംഗീകരിക്കുന്നത്. എല്ലാവരുടെയും സ്ൈറ്റൽ ഇതായപ്പോൾ പ്രിൻസിപ്പൽ ക്ലാസിനു പുറത്തു നിർത്തുന്ന ശിക്ഷ വേണ്ടെന്നു വച്ചു.

പാന്റിനു 30 രൂപയും ഷർട്ടിനു 20 രൂപയുമായിരുന്നു ആൾട്ടറേഷൻ ചാർജ്. ദിവസം ശരാശരി 300 രൂപ കിട്ടും. പ്ലസ്ടു കഴിഞ്ഞു ഫാഷൻ ഡിസൈനിങ്ങിനു പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അപ്പച്ചൻ സമ്മതിച്ചില്ല. എറണാകുളം ജില്ലയിലെ പെരുമാലി ചേരാനെല്ലൂരാണു വീട്. അപ്പച്ചൻ ജോയ് ഗൾഫിലായിരുന്നു. അവിടെ സെയിൽസിലായിരുന്നു ജോലി.  എംബിഎ പഠിപ്പിച്ച് അപ്പച്ചൻ ജോലി ചെയ്യുന്ന കമ്പനിയിൽ കയറ്റാനായിരുന്നു തീരുമാനം. തയ്യൽ കൊണ്ടു ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്ന് അന്ന് ആരെങ്കിലും ചിന്തിക്കുമോ? എന്റെ എതിർപ്പുകളൊന്നും വിലപ്പോയില്ല.

ബികോമിനു ചേരേണ്ടി വന്നു. അതിനിടയിൽ ഫാഷൻ ഡിസൈനിങ്ങിന്റെ ഡിപ്ലോമ കോഴ്സ് ചെയ്യാൻ അനുവാദം കിട്ടി. ഡിഗ്രി കഴിഞ്ഞതും ഇനി എന്റെ വഴി എന്നു ഞാ ന്‍ കട്ടായം പറഞ്ഞു. അങ്ങനെ സിടി കോളജ് ഐരാവരത്തിൽ എംഎസ്‌സി ഫാഷൻ ഡിസൈനിങ്ങിനു ചേർന്നു.  ആയിടയ്ക്കായിരുന്നു ചേച്ചി മെറീനയുടെ കല്യാണം. മുഴുവൻ കല്യാണ തയ്യൽ വർക്കും ഞാൻ തന്നെ ചെയ്തു. എറണാകുളത്തു നിന്നു വന്ന മേക്കപ് ആർട്ടിസ്റ്റിനു ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളെല്ലാം ഇഷ്ടമായി.  

family1

രണ്ടാമത്തെ വഴിത്തിരിവ്

മേക്കപ് ചെയ്യാൻ വന്ന ചേച്ചി എന്റെ കാര്യം സോണിയ സന്റിയാവോ എന്ന സ്ൈറ്റലിസ്റ്റിന്റെ അടുത്തു പറഞ്ഞു.  അങ്ങനെ ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമയിലെത്തി. തുടക്കത്തിൽ അസിസ്റ്റന്റ് സ്ൈറ്റലിസ്റ്റായിരുന്നു. പിന്നീട് നടി  സ്രിന്ദയുടെ പഴ്സണൽ സ്ൈറ്റലിസ്റ്റ് ആയി. ചേച്ചിയുടെ ശുപാർശയിലാണ് ‘ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ’ എന്ന സിനിമയുടെ വസ്ത്രാലങ്കാരം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. എന്റെ പേര് ആദ്യമായി വെള്ളിത്തിരയിൽ എഴുതി വരുന്നത് ആ സിനിമയിലാണ്.

മൂന്നാം വഴിത്തിരിവ്

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമ കണ്ടിട്ടാണ് ‘മിന്നൽ മുരളി’ യിലേക്കു വിളിച്ചത്. സൂപ്പർ ഹീറോയുടെ വേഷം മുംബൈയിൽ നിന്നുള്ള ഡിസൈനര്‍ ദിപാലി നൂർ ആണു ചെയ്തത്. തൊണ്ണൂറു കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പല കാര്യങ്ങളും ആ സിനിമയിൽ എനിക്കു കൊണ്ടുവരാൻ പറ്റി. ടൊവീനോ ഉപയോഗിച്ച ‘അബിബാസ്’ സ്ക്രീൻ പ്രിന്റ് ചെയ്തെടുത്തതാണ്.

എന്റെ ആവേശവും സ്കെച് വരയ്ക്കലുമെല്ലാം കണ്ടുസൂപ്പർ ഹീറോയുടെ വേഷം ചെയ്യാനും അവസരം തന്നു.  നന്നായി ചെയ്തെങ്കിലും പ്രൊഡക്‌ഷൻ സമയത്ത് അതു പരാജയമായി. ഞാൻ വല്ലാതെ സമ്മർദത്തിലായ ദിവസങ്ങളായിരുന്നു അത്. പലരും ആക്ഷേപങ്ങളും പരിഹാസങ്ങളും എനിക്കു നേരെ വലിച്ചെറിഞ്ഞു. ആ ദിവസങ്ങളിൽ പലപ്പോഴും ഞാൻ കരഞ്ഞു. സിനിമ എനിക്കൊരിക്കലും അഭിനിവേശമായിരുന്നില്ല. യാദൃച്ഛികമായി വന്നെത്തിയതാണ്. ഞാൻ പഠിച്ചതൊന്നും സിനിമയിലെ വസ്ത്രാലങ്കാരത്തിനു ആവശ്യമില്ല. കലാരൂപം എന്ന നിലയ്ക്കാണ് അവിടെ പ്രവർത്തിക്കേണ്ടത്. സംവിധായകൻ ബേസിൽ ജോസഫ് അടക്കമുള്ളവർ നന്നായി സപ്പോർട്ടു ചെയ്തിരുന്നു. പക്ഷേ, അതിനു പരിമിതികളുണ്ടായിരുന്നു.

എന്റെ ചെറിയ പരാജയത്തെ വലിയ പരാജയങ്ങളായാണു ചിലർ എടുത്തു കാണിച്ചത്. ഇനി സിനിമയിൽ വാഴിക്കില്ല എന്നെല്ലാം ഭീഷണി ഉയർന്നു. ആ സമയത്താണ് അവാർഡ് വാർത്ത ടിവിയിൽ നിറയുന്നത്. മിന്നൽ മുരളി സിനിമയിലെ വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് വാങ്ങാൻ പോയപ്പോൾ അന്ന് അണിഞ്ഞ ഉടുപ്പിൽ എന്റെ ജീവിതം സ്വർണ നൂലിഴകളാൽ തുന്നിച്ചേര്‍ത്തു വച്ചു. കറുപ്പ് ഗൗണിനു മീതെ ചുവന്ന ജാക്കറ്റാണ് അന്നു ധരിച്ചത്.   

മുപ്പതോളം സിനിമകളിൽ വർക് ചെയ്തു. നല്ല സിനിമകളുടെ ഭാഗമാകാനാണ് ഇനിയുള്ള ശ്രമം. മഹാവീര്യർ, ന്നാ താൻ കേസ് കൊട്, നൻപകൽ നേരത്ത് മയക്കം  ഇതെല്ലാം അടുത്തടുത്തു ചെയ്ത സിനിമകളാണ്. സെറ്റുകളിൽ നിന്നാണ് എങ്ങനെയാണു സിനിമയിൽ നിൽക്കേണ്ടതെന്നും എത്ര പൈസ വാങ്ങണമെന്നുമെല്ലാം പഠിച്ചത്. സിനിമകൾ ഇനിയും ഇറങ്ങാനുണ്ട്. ഇത്തവണത്തെ സംസ്ഥാന അവാർഡിനും മികച്ച അഞ്ചുപേരുടെ ലിസ്റ്റിലുണ്ട്.

അമ്മയെന്ന വഴി

അപ്പച്ചൻ ഗൾഫിലായതുകൊണ്ട് അമ്മയാണല്ലോ വളർത്തിയത്. എന്റെ ഇഷ്ടത്തിനു പോയതു കൊണ്ടു ‘തല്ലുകൊള്ളി’ എന്ന പേര് കിട്ടിയിരുന്നു. അത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചു. അമ്മയുടെ കണ്ണുനീർ എന്നെങ്കിലും ചിരിമുത്തുകളാക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ‘അവൻ സിനിമയിൽ പോയി നശിച്ചു’  എന്നു പറഞ്ഞ ആളുകളൊക്കെ എന്നെ അംഗീകരിച്ചു എന്നുള്ളതാണ് അവാർഡിനേക്കാൾ വലിയ സന്തോഷം.

സങ്കടം സഹിക്കാതാകുമ്പോൾ ആദ്യം വിളിക്കുന്നത് അമ്മയെയാണ്. അമ്മ പറയും ‘സിനിമ വേണ്ട.’ സംസ്ഥാന അവാർഡ് കിട്ടിയ ശേഷം ഏറ്റവും അഭിമാനിക്കുന്നത് അപ്പച്ചനും അമ്മച്ചിയുമാണ്. ടിന്റുവുമായുള്ള പ്രണയം വിവാഹത്തോളം എത്തിനിൽക്കുന്നു. അവളും സ്ൈറ്റലിസ്റ്റാണ്. കോളജിൽ എന്റെ ജൂനിയറായിരുന്നു.

സിനിമയ്ക്കു വേണ്ടിയുള്ള കാര്യങ്ങൾ അന്വേഷിച്ചു പോകുന്നതു രസകരമാണ്. നന്നാക്കാൻ കൊടുത്തിട്ടു വാങ്ങാതെയിരിക്കുന്ന വാച്ചുകൾ, കടകളിൽ ഇനി വിറ്റുപോകില്ലെന്ന് ഉറപ്പിച്ചു മാറ്റിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം തപ്പിയെടുത്തു കൊണ്ടുവരും.

ഐറിസ് വാൻ ഹെർപനും ജിയോർജിയോ അർമാനിയുമാണ് എന്റെ ഇഷ്ട സ്ൈറ്റലിസ്റ്റുകൾ. ഞാൻ ഡിസൈൻ ചെയ്യുന്ന ഡ്രസ്സ് ഇടയ്ക്ക് ധരിക്കണം എന്നു കൂടി ആഗ്രഹിക്കുന്ന ഒരാളാണ്. ‘ന്നാ, താൻ കേസ് കൊട്’ സിനിമയുടെ സെറ്റിൽ പാവാടയുടുത്താണു പോയത്. അതുകണ്ടു നിർമാതാവ് സന്തോഷ് ടി. കുരുവിളയ്ക്കു താൽപ ര്യമായി. അദ്ദേഹത്തിന്റെ മകൾ ഷാരോണുമായി ചേർന്നു ‘കലീസിയ’ എന്ന പേരിൽ ഡിസൈനർ സ്റ്റുഡിയോ തുടങ്ങാനുള്ള ഓട്ടത്തിലാണ്. പലരുമായും ചേർന്നു മൂന്നു സംരംഭങ്ങൾ വേറെയുമുണ്ട്. പിന്നെ, വേറൊരു സ്വപ്നവും ഹൃദയത്തിൽ ഇഴപാകി വച്ചിട്ടുണ്ട്.

സിനിമയിലെത്തും മുൻപ് വ്യത്യസ്തമായ തുണിത്തരങ്ങളുടെ പിന്നാലെ ഭ്രമിച്ചു നടന്ന കാലമുണ്ട്. ഭാവിയിൽ ‘സിസിലി’ എന്നു പേരുള്ള ഒരു ഫാബ്രിക് പുറത്തിറക്കാൻ ആലോചനയുണ്ട്. വർധിച്ചു വരുന്ന ചൂടിനെ തണുപ്പിക്കുന്ന തുണിയായിരിക്കും അത്. എന്റെ അമ്മയെ പോലെ.’’

Tags:
  • Fashion