Wednesday 27 November 2019 05:04 PM IST

‘സ്മാർട് മോം ആകണം’ മകളുടെ മുന്നിൽ; ഡോക്ടർ ജോലിക്കൊപ്പം അഭിനയവും മോഡലിങ്ങും ചെയ്യാനാണ് ഇഷ്ടം!

Rakhy Raz

Sub Editor

priyanka-kiran1

‘വിജയം ഒരു യാദൃശ്ചികതയല്ല. സദാ തയാറായിരിക്കുന്നതിന്റെ ഫലമാണത്’ വനിത ഗ്ലാം ക്വീൻ കിരീടം ചൂടിയ പ്രിയങ്ക കിരണിന്റെ വിജയ രഹസ്യം ഇതാണ്. ‘‘സ്വയം സുന്ദരിയായിരിക്കാൻ, സ്മാർട്ട് ആയിരിക്കാൻ എനിക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. അവസരം വന്നപ്പോൾ അത് അംഗീകരിക്കപ്പെട്ടു എന്നു മാത്രം. പ്രിയങ്ക പറയുന്നു.

രാഷ്ട്രീയ പോരാട്ട വീര്യം നിറഞ്ഞ  കുടുംബത്തിൽ നിന്നാണ് പ്രിയങ്കയുടെ വരവ് എന്നറിയുമ്പോൾ  ഈ വാക്കുകൾക്ക് ഉറപ്പേറുന്നതായി തോന്നും. പരാജയങ്ങളെ ഭയപ്പെടാത്ത സമര നായകന്റെ മകൾ എം. വി ഗിരിജയുടെ മകൻ കിരണിന്റെ ഭാര്യയാണ് പ്രിയങ്ക.വനിത യുഎഇയിലെ മലയാളി സുന്ദരിയെ കണ്ടെത്താൻ നടത്തിയ ഗ്ലാം ക്വീൻ കൺടെസ്റ്റിൽ ഇരുപത്തിയാറ് മുപ്പത്തിയേഴ് പ്രായ വിഭാഗത്തിലാണ് പ്രിയങ്ക കിരൺ കിരീടം ചൂടിയത്.  

ഡെന്റൽ സർജന്റെ തിരക്കേറിയ ജീവിതത്തിനിടയിലൂടെ തന്റെ പാഷനായ മോഡലിങ് അഭിനയം എന്നിവയിലേക്ക് കൂ ടി ചുവടുവയ്ക്കാനുള്ള തയാറെടുപ്പായിരുന്നു പ്രിയങ്കയ്ക്ക് ഗ്ലാം ക്വീൻ കോൺടെസ്റ്റ്. ‘‘ഗ്ലാം ക്വീൻ കിരീടം എന്നെ ശരിക്കും കോൺഫിഡന്റ് ആക്കിയിട്ടുണ്ട്. പ്രീ വനിത ഗ്ലാം ക്വീൻ പോസ്റ്റ് വനിത ഗ്ലാം ക്വീൻ എന്ന് എനിക്ക് എന്നെ സ്വയം തിരിക്കാനാകും. കോൺടെസ്റ്റ് കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ പലരും എന്നോട് പറഞ്ഞു, ‘നിനക്ക് ഒരുപാട് ചെയ്ഞ്ച് വന്നിട്ടുണ്ടല്ലോ’ എന്ന്. എന്റെ സംസാരത്തിലും നടത്തത്തിലും പോലും വന്ന നല്ല മാറ്റം ആണ് ആ കമന്റിന് കാരണം.’’

എനിക്ക് ഗ്ലാം ക്വീൻ കിട്ടിയതിൽ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാൾ എന്റെ അച്ഛൻ  ചന്ദ്രശേഖർ നമ്പ്യാരാണ്. അച്ഛൻ നേവിയിലായിരുന്നു.  സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ അച്ഛൻ സ്ട്രിക്റ്റ് ആയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനാണ് പറഞ്ഞത്. പക്ഷേ, ഇപ്പോൾ നല്ലൊരു കരിയർ ബിൽഡ് ചെയ്ത ശേഷം ഞാനിതിൽ വരുന്നതിലും വിജയിച്ചതിലും അച്ഛനും അമ്മ രജനിക്കും ശരിക്കും സന്തോഷമുണ്ട്. ഞങ്ങൾ നാട്ടിൽ കണ്ണൂരാണ്. 

സ്വപ്നത്തിലേക്ക് പറക്കാൻ

 ഡോക്ടർ ആകുക തന്നെയായിരുന്നു എന്റെ എയിം. എങ്കിലും ബ്യൂട്ടി പേജന്റ്, ഫാഷൻ ഷോ, മോഡലിങ്, ആക്റ്റിങ് ഒ ക്കെ എനിക്ക് പാഷൻ ആയിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അതല്‍പം വിട്ടുപോയെങ്കിലും മനസിൽ സ്വപ്നമായി ഉണ്ടായിരുന്നു. അവസരം വന്നപ്പോൾ ഞാൻ വളരെ ത യാറെടുപ്പോടെ അത് വിനിയോഗിച്ചു. അതിന്റെ ഫലമാണ് ഈ വിജയം. .

‘‘എന്ത് കാര്യം ചെയ്യുമ്പോഴും  100 % അല്ല, 101%  ട്രൈ ചെയ്യുക എന്നതാണ് എന്റെ രീതി. ഫലം എന്തു തന്നെയായാലും കുഴപ്പമില്ല.  ഇത് ഞാൻ എന്റെ മകൾക്കും പറഞ്ഞു കൊടുക്കുന്നുണ്ട്. മറ്റൊന്ന് മകളുടെ മുന്നിൽ ഏറ്റവും സ്മാർട്ട് ആയ അമ്മയായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്.’’ 

പഠനം കഴിഞ്ഞ്  ജോലിയിലേക്ക് പ്രവേശിച്ചതോടെ എന്റെ പൂർണ ശ്രദ്ധ ജോലിയിൽ ആയി. ആസ്റ്റർ ഗ്രൂപ്പി ൽ ഡെന്റൽ സർജനായാണ് വർക്ക് ചെയ്യുന്നത്. മോൾ ജനിച്ചപ്പോൾ അവളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു.  പല ബ്യൂട്ടി കോൺടെസ്റ്റുകളുടെയും പ്രായം പതിനെട്ട് മുതൽ ഇരുപത്തി മൂന്നു വരെ ഒക്കെയായിരിക്കും. അതുകൊണ്ടു എന്റെ പാഷൻ വീണ്ടെടുക്കാൻ അവസരം വരുമെന്ന് വിചാരിച്ചതേയല്ല. അപ്പോഴാണ് ഇൻസ്റ്റാ ഗ്രാമിൽ വനിത ഗ്ലാം ക്വീനിന് വേണ്ടിയുള്ള നൈല ഉഷയുടെ വിഡിയോ കാണുന്നത്. പങ്കെടുക്കാവുന്ന വയസ്സ് 18– 37 എന്നു കണ്ട് അതിശയിച്ചു. ’’

ഇന്നത്തെ പെൺകുട്ടികൾ വിവാഹിതരായാലും അമ്മമാരായാലും വളരെ സ്മാർട്ട് ആണ്. അവർ ശരീരവും സൗന്ദര്യവും മെയിന്റെയിൻ ചെയ്യുകയും, കഴിവുകൾ വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. വനിത അത് മനസ്സിലാക്കി അവർക്ക് അവസരം നൽകി എന്നത്  വലിയ കാര്യമാണ്

മാൻ ബിഹൈൻഡ് മൈ സക്സസ്

_REE9723

എം.വി. രാഘവന്റെ മകൾ എം.വി ഗിരിജയുടെ മകൻ കിരണിനെയാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹത്തിലൂടെയല്ലാതെ തന്നെ ഞങ്ങൾ ബന്ധുക്കളാണ്. സിംഗപ്പൂരിൽ  പാർക്ക് ഹോട്ടൽ ഗ്രൂപ്പിൽ ഏഷ്യൻ ഡയറക്ടർ ഓഫ് ഡിജിറ്റൽ മാർക്കറ്റിങ് ആയാണ് കിരൺ ജോലി ചെയ്യുന്നത്. ശരിക്കും തിരക്കുള്ള വ്യക്തി. പക്ഷേ, എന്നെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ കിരൺ നമ്പർ വൺ ആണ്.  എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമൊന്നും കിരൺ തടയിടാറില്ല. നിനക്ക് ഇഷ്ടപ്പെട്ടത് ചെയ്യൂ എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ  പല സ്ത്രീകളും നേട്ടങ്ങളിലേക്ക് വരാത്തത് കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിനാലാണ്. എനിക്കത് കിട്ടി. കിരൺ എന്റെ ഭാഗ്യമാണ്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷമായി. എന്റെ എട്ടു വയസുകാരി മകൾ ആവ്നിക്കായിരുന്നു ഞാൻ മത്സരിക്കുന്നതിൽ ഏറ്റവും സന്തോഷം.

മത്സരം നടന്ന ദിവസം കിരണിന് ദുബായിയിൽ ഉണ്ടാകാൻ കഴിഞ്ഞില്ല. രാത്രി പന്ത്രണ്ട് മണിക്ക് മത്സരം തീർന്നയുടൻ എ ന്റെ ഫോൺ റിങ് ചെയ്തു. കിരണായിരുന്നു. ഇവിടത്തെക്കാ ൾ നാലര മണിക്കൂർ മുന്നിലാണ്  സിംഗപ്പൂർ സമയം. ആളുകൾ ഡീപ് ഉറക്കത്തിൽ മുഴുകുന്ന സമയം. പക്ഷേ, കിരൺ ഉറക്കമിളച്ചിരുന്ന് എഫ് ബി ലൈവ് കാണുന്നുണ്ടായിരുന്നു. 

ഗ്രൂമിങ്, ഹാർട്ട് ഓഫ് ദ് ഷോ

‘‘ കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നെങ്കിലും അതിനോടൊപ്പം പല വിധത്തിലുള്ള അരക്ഷിത ബോധവും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ പല പെൺകുട്ടികൾക്കും അവരുടെ ഇഷ്ടങ്ങളിലേക്ക് വരാൻ ശാരീരികമായും മറ്റു പല തലത്തിലുമുള്ള ഇത്തരം അരക്ഷിത ബോധം ഉണ്ടാകും. അത് മറികടക്കാൻ ഈ ഇവന്റിന്റെ ഗ്രൂമിങ് സെഷൻ സഹായിച്ചു. ’’

‘‘അഡ്വക്കറ്റ് ബീമ ബേനസീർ ആണ് ഗ്രൂമിങ് സെഷൻ നയിച്ചത്. കൂടെ പങ്കെടുത്ത പാർട്ടിസിപ്പന്റ്സിനെക്കുറിച്ചും പറയാതിരിക്കാനാകില്ല. പരസ്പരം മത്സരിക്കുമ്പോൾ തന്നെ പരസ്പരം  സഹായിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അവരെല്ലാം. പലരും പ്രഫഷൻ ഉള്ളവരായിരുന്നു. അതിന്റെ ഗുണം തീർച്ചയായും ഉണ്ടായി.

 ടൈം മാനേജ് ചെയ്താണ് ഞാനും മറ്റു പലരും ഈ മത്സരത്തിൽ പങ്കെടുത്തത്.രസകരമായ അനുഭവമായിരുന്നു ഗ്ലാം ക്വീൻ. ക്വസ്റ്റ്യൻ ആൻസർ റൗണ്ട് വന്നപ്പോൾ  മാത്രമാണ്  മത്സരം ഗൗരവം തോന്നിപ്പിച്ചത്.  ’’

‘‘ എന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീ ആരെന്നായിരുന്നു ചോദ്യം. ഒരു സ്ത്രീയിൽ അത് ഒതുക്കാനാകില്ല, പരിശ്രമത്തിലൂടെ വിജയത്തിലേക്ക് നടക്കുന്ന ഓരോ സ്ത്രീയും എന്നെ പ്രചോദിപ്പിക്കുന്നു എന്നാണ് ഞാൻ ഉത്തരം നൽകിയത്.’’

ഇവരില്ലാതെ ഈ വിജയം ഇല്ല

യുഎഇയിൽ ഇവന്റിന് എന്നെ സപ്പോർട്ട് ചെയ്തവരിൽ ആദ്യ സ്ഥാനം എന്റെ ഏട്ടൻ നിതിനും ഏട്ടത്തിയമ്മ ദിവ്യയ്ക്കുമാണ്. ഏട്ടനും ഞാനും യുഎഇയിൽ ഒന്നിച്ചാണ് താമസിക്കുന്നത്. ഞാൻ മത്സരത്തിന്റെ തിരക്കിലായപ്പോൾ എന്റെ മോളെ നോക്കിയതു കൂടാതെ മത്സരത്തിനു വേണ്ടിയുള്ള എന്റെ എല്ലാ തയാറെടുപ്പുകളിലും ഏട്ടത്തിയമ്മ കൂടെയുണ്ടായിരുന്നു. 

ഡോ. വീണ, ഡോ. രജിത, നമിത, ബബിത എന്ന എന്റെ  ബെസ്റ്റ് ഫ്രണ്ട്സിനെ ഓർക്കാതിരിക്കാനാകില്ല.  മത്സരത്തിനായുള്ള ഷോപ്പിങ്ങിന് ഏട്ടത്തിയമ്മയോടൊപ്പം  ഇവർ നാലുപേരും എന്നോടൊപ്പം ഉണ്ടായിരുന്നു.നാട്ടിലെ ആസ്റ്റർ കൂട്ടുകാരും എസ്എംഎസ് അയച്ചും മറ്റും  എന്നെ ശരിക്കും സപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഈ വിജയത്തിന്റെ മധുരം എല്ലാവരുമായി പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം.

KH5A0505
Tags:
  • Fashion