ഇൻസ്റ്റഗ്രാമിലെ സ്വന്തം ചിത്രങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞടുക്കാൻ പറഞ്ഞാലോ? ഇതാ, താരങ്ങളുടെ പ്രിയ ചിത്രങ്ങളും അവയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യങ്ങളും...
അന്ന ബെൻ
സിനിമകളിൽ ഞാൻ ഇതുവരെ നാടൻ പെൺകുട്ടിയായി മാത്രമേ അഭിനയിച്ചിട്ടുള്ളു. അതുകൊണ്ട് ഒരു സ്റ്റൈലിഷ് അർബൻ ഗേൾ ലുക് വേണമെന്നായിരുന്നു ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ മനസ്സിൽ. മുടി പുട്ട്അപ് ചെയ്യും എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
സാറ്റിൻ ഓർഗൻസയിൽ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത സാരിയുടെ ഹൈലൈറ്റ് ഫ്രഞ്ച് നോട്ട്സും ട്യൂബ് ബീഡ്സും ഉപയോഗിച്ച് തുന്നിയെടുത്ത പൂക്കളും ഇലകളുമാണ്. ഹാൻഡ് വർക്ക് എന്നാൽ എനിക്ക് ജീവനാണ്.
റോസ് സിൽക്കിലാണ് ബ്ലൗസ് ചെയ്തത്. ആഭരണങ്ങളോട് ക്രേസ് ഇല്ലാത്തതുകൊണ്ട് ചെറിയൊരു കമ്മൽ ആണ് അണിഞ്ഞത്. ചിലപ്പോൾ വലിയൊരു ഹാങ്ങിങ് ഈ സാരിക്കൊപ്പം പെർഫെക്ട് മാച്ചായിരിക്കും.
ദുർഗ കൃഷ്ണ
ഈ ചിത്രം കാണുമ്പോഴൊക്കെ ഉള്ളിൽ പനിനീർ പൂവ് വിടരുംപോലെ തോന്നും. എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന നിറമാണ് പീച്ച്. പ്ലെയിൻ പീച്ച് ഗൗണിന്റെ ഒരു ഷോൾഡറിൽ മാത്രം ഹാൻഡ് വർക് ചെയ്തിട്ടുണ്ട്. കോസ്റ്റ്യൂമിന് അഴകു കൂട്ടാൻ ആ വശത്തു തന്നെ ഹെവി വർക് ഉള്ള ഹെയർ ക്ലിപ് അണിഞ്ഞു.
ചുണ്ടിൽ പീച്ച് ഷേഡ് അൽപം കടുപ്പത്തിൽ. ലൈറ്റ് ഷേഡ് ഡ്രസ്സുകൾ അണിയുമ്പോൾ കണ്ണുകൾക്ക് ഡാർക് മേക്കപ് ചെയ്യുന്നത് മനോഹരമാണ്. എന്തായാലും ഈ ചിത്രത്തോളം മനോഹരമായ എന്റെ മറ്റൊരു ചിത്രമില്ല.