'മേക്കപ്പി'നോട് ഒരു പരിധിയില്ലേ എന്ന് ചോദിക്കുന്നത് പോലെ 'ട്രെൻഡി'നോട് ചോദിക്കാൻ പറ്റില്ല. ഫാഷൻ മുതൽ ബ്യൂട്ടി വിഷയങ്ങളിൽ വരെ എന്തിനും ഏതിനും പുത്തൻ ട്രെൻഡുകളാണ്. കാതിൽ സെക്കന്റ്, തേർഡ്, ഫോർത്ത് എന്നിങ്ങനെ കടുക്കനിട്ടും റിങ് മൂക്കുത്തിയിട്ടും ടാറ്റൂ ചെയ്തുമൊക്കെ ഫാഷനബിൾ ആയി നടക്കുന്നവർക്ക് ഇനി പല്ലുകളിലും ആഭരണമണിയാം. മിന്നിത്തിളങ്ങുന്ന ചിരി നൽകുന്ന ഡെന്റൽ ജൂവല്ലറിയാണ് ഇപ്പോഴത്തെ താരം.
ചിരിച്ചാൽ പല്ലിൽ ഒരു ചെറു തിളക്കം. പൊട്ടു പോലൊരു ഡയമണ്ട് കുഞ്ഞൻ അവിടെയിരുന്ന് കണ്ണിറുക്കി കാണിക്കയാണ്. ഡയമണ്ട് മാത്രമല്ല, കസ്റ്റമേഴ്‌സിന് സ്വർണ്ണം കൊണ്ടുള്ള സ്റ്റഡുകളോടാണ് പ്രിയമെങ്കിൽ അതും ഡെന്റൽ ജൂവല്ലറിയിൽ ലഭ്യമാണ്. എറണാകുളം വെണ്ണലയിൽ ദി ഡെന്റൽ സ്റ്റുഡിയോ നടത്തുന്ന ഡോക്ടർ അഞ്ജും ബെക്കർ ഡെന്റൽ ജൂവല്ലറിയെ കുറിച്ച് വനിതാ ഓൺലൈനുമായി സംസാരിക്കുന്നു.
യൂത്തിന് പ്രിയം
ഇന്ത്യയിൽ ഡെന്റൽ ജൂവല്ലറി വന്നിട്ട് ഏകദേശം 20 വർഷം ആയിക്കാണും. പക്ഷേ, നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ല. ഇപ്പോൾ രണ്ടുമൂന്നു വർഷമായി കോളജ് വിദ്യാർഥികളാണ് ഈ ആവശ്യവുമായി ക്ലിനിക്കിൽ വരുന്നത്. ഫാഷനിൽ പരീക്ഷണം നടത്താൻ താല്പര്യമുള്ളവർ യാതൊരു മടിയും കൂടാതെ സമീപിക്കാറുണ്ട്. ചിരിക്കുമ്പോൾ കാണുംവിധത്തിൽ ഒറ്റ കല്ല് ആണ് ഡെന്റൽ ജൂവലറിയിൽ പൊതുവെ ആവശ്യപ്പെടാറ്.

സാധാരണ ആളുകളിലേക്ക് ഇതൊരു ട്രെൻഡായി എത്താത്തത് പലതരം ആശങ്കകൾ കൊണ്ടാണെന്ന് തോന്നുന്നു. പല്ല് ഡ്രിൽ ചെയ്തിടാണോ കല്ല് ഫിറ്റ് ചെയ്യുന്നത്, മടുക്കുമ്പോൾ ഇതെടുത്തു മാറ്റാൻ പറ്റുമോ? അങ്ങനെ വരുമ്പോൾ പല്ലിന്റെ ഇനാമലിനു കേടുപാടുകൾ ഉണ്ടാകുമോ? എല്ലാ വസ്ത്രങ്ങൾക്കും ഇണങ്ങുമോ? തുടങ്ങി നിരവധി സംശയങ്ങളുമായി ആളുകൾ എത്താറുണ്ട്.
യഥാർഥത്തിൽ ഇത്തരം ആശങ്കകളുടെ കാര്യമില്ല. പല്ലിനു യാതൊരു കേടും വരുത്താതെയാണ് സ്റ്റോൺ ഫിറ്റ് ചെയ്യുന്നത്. ഡ്രിൽ ചെയ്യില്ല, പകരം ടൂത്ത് ഫിൽ ചെയ്യുന്ന പ്രത്യേകതരം പശ ഉപയോഗിച്ചാണ് ഒട്ടിക്കുക. ദീർഘകാലം ഒരു കുഴപ്പവുമില്ലാതെ ഇരിക്കും. എപ്പോൾ വേണമെങ്കിൽ ഇതെടുത്തു കളയാനും സൗകര്യമുണ്ട്.
ഭക്ഷണം കഴിക്കുമ്പോഴും മറ്റും അസ്വസ്ഥതകൾ ഒന്നും ഉണ്ടാകില്ല. മുൻവശത്തെ പല്ല് ഉപയോഗിച്ച് ചവച്ചു കഴിക്കുന്ന ശീലമില്ലല്ലോ നമുക്ക്. പക്ഷേ, വലിയ രീതിയിൽ കടിച്ചുപറിച്ചു കഴിക്കുന്ന ശീലമുള്ളവരിൽ സ്റ്റോൺ ഇളകിപ്പോകാനും സാധ്യതയുണ്ട്. എന്നാലത് അത്ര അപകടകരമല്ല. ഡെന്റിസ്റ്റുകളുടെ സഹായത്തോടെ ക്ലിനിക്കിൽ പോയി മാത്രം ഡെന്റൽ ജൂവലറി ചെയ്യുന്നതാണ് സേഫ്. ഇതുവരെ ഞങ്ങൾ ചെയ്തുകൊടുത്തതൊന്നും തെറ്റിയ ചരിത്രം ഇല്ല.

പല്ലിലെ വജ്രത്തിളക്കം
അമേരിക്കൻ ഡയമണ്ട് സ്റ്റോണുകളാണ് സാധാരണയായി പല്ലിൽ വയ്ക്കുന്നത്. കസ്റ്റമേഴ്‌സിന്റെ ആവശ്യമനുസരിച്ച് സ്റ്റോണിന്റെ ക്വാളിറ്റിയിലും വ്യത്യാസം വരും. ചൈന സ്റ്റോൺസ് മുതൽ വില കൂടിയ ഇമ്പോർട്ടഡ് ഡയമണ്ടുകൾ വരെ ഉപയോഗിക്കാം. ജൂവലറിയിൽ നിന്ന് പ്രത്യേകമായി കട്ട് ചെയ്ത സ്റ്റോണുകളാണ് ഉപയോഗിക്കുക. കല്ലിന്റെ താഴെ ഭാഗം പരന്നിരിക്കും, ഇത് പല്ലിൽ ഫിറ്റ് ചെയ്യാനും സൗകര്യമാണ്.
ചൈന സ്റ്റോണിന് 2000 രൂപ മുതൽ ചിലവ് വരും. അതേസമയം ബ്രാൻഡഡ് സ്റ്റോണുകൾ, ഡയമണ്ടുകൾ ആണെങ്കിൽ 5000 തൊട്ട് 30000 രൂപ വരെ ചിലവ് വരും. ഗോൾഡ് സ്റ്റഡുകൾ സാധാരണയായി ഞങ്ങൾ ചെയ്യാറില്ല. കാരണം പല്ല് ചെറുതായി മങ്ങിയപോലെ തോന്നും. സ്റ്റോണിന്റെ പോലുള്ള തിളക്കം കിട്ടില്ല. ഭൂരിഭാഗവും ഭംഗിയ്ക്ക് വേണ്ടിയാണല്ലോ ഇങ്ങനെ ചെയ്യുന്നത്, അപ്പോൾ സിംഗിൾ സ്റ്റോൺ തന്നെയാണ് നല്ലത്. ഒറ്റക്കല്ലിൽ തിളങ്ങുന്ന ചിരി കാണാനാണ് കൂടുതൽ സൗന്ദര്യം.