കൊറോണ വന്ന് പട്ടം പറത്തിയപ്പോൾ, കല്യാണങ്ങളോട് റെഡ് സിഗ്‌നൽ കാട്ടിയപ്പോൾ മലയാളി എന്തു ചെയ്തു? കല്യാണങ്ങളേ വേണ്ടെന്നു വച്ചോ? ഇനി മുതൽ ആഘോഷങ്ങളേ ഇല്ല എന്ന് പ്രഖ്യാപിച്ചോ?
ഒന്നുമില്ല.
ഇത്തിരി നേരം ‘ഞാനുമൊരു വർണപ്പട്ടമായിരുന്നു’ എന്നു പാട്ടു പാടി ഇരുന്നെങ്കിലും പെട്ടെന്ന് അതിൽ നിന്ന് ഉണർന്നു. എന്നിട്ട് അകത്തുപോയി ചുവന്ന സാരിയും ചുറ്റി കാലത്തിനൊപ്പം മാറി വന്ന് ചാടിത്തിമർത്ത് പട്ടം പറത്താൻ തുടങ്ങി.
അത്ര തന്നെ. ഏത് തടസ്സത്തിനുള്ളിലും പല വഴികളിലേക്കു തുറക്കാൻ കഴിയുന്ന വാതിലുകളുണ്ടെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുകയായിരുന്നില്ലേ സത്യത്തിൽ കൊറോണ?
അല്ലെങ്കിൽ ഒന്നോർത്തു നോക്കൂ, ഒറ്റ ദിവസം കൊണ്ടു തീർന്നു പോകുന്ന കല്യാണം പത്തു ദിവസം നീളുന്ന വമ്പൻ പരിപാടിയായി മാറുമായിരുന്നോ നമുക്ക്? ഒരു കല്യാണം നടത്തുന്ന ചെലവിൽ പത്തു ദിവസത്തെ ആഘോഷങ്ങൾ നടത്താൻ നമ്മൾ മെനക്കെടുമായിരുന്നോ? കാഞ്ഞിരപ്പള്ളിക്കാരി ശിൽപ മാത്യുവിനോടും ആലപ്പുഴക്കാരൻ ചെറിയാന്‍ സക്കറിയയോടും ഒന്നു ചോദിച്ചു നോക്കാം.
പത്ത് ദിവസം പത്ത് ആഘോഷം
‘‘അഞ്ചാം ക്ലാസു മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. പിന്നീട് രണ്ട് വീട്ടുകാരുടേയും അനുഗ്രഹത്തോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. 2019 ഏപ്രിൽ മാസത്തിലേക്ക് വിവാഹവും നിശ്ചയിച്ചു. കാര്യങ്ങൾ ഉഷാറായി നീങ്ങവേ അതാ വരുന്നു വില്ലൻ.’’
20 പേർക്ക് മാത്രമേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയൂ എന്നു പറഞ്ഞാൽ എന്തു ചെയ്യാനാണെന്ന് ശിൽപ ചോദിക്കുന്നു. ‘‘എന്റെ വീട്ടിൽ എന്റെ സഹോദരിമാരും അവരുടെ ഭർത്താക്കൻമാരും കുട്ടികളും പപ്പയും അമ്മയും ചേരുമ്പോൾ തന്നെ ഇരുപതിനടുത്താകും. പിന്നെ, ചെറിയാന്റെ വീട്ടിൽ നിന്ന് അപ്പനും അമ്മയും അനിയനും. ഇത്രേം പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്തേണ്ടി വരും. വിവാഹ തീയതി അടുത്തപ്പോഴേക്കും 20 എന്നുള്ളത് 50 പേരായി. എങ്കിലും കുറച്ച് ആളുകളെ മാത്രമല്ലേ ഉൾപ്പെടുത്താനാകൂ. എങ്കിൽ പിന്നെ, ആഘോഷങ്ങളെ പലതാക്കാം എന്നായി. ഒാരോന്നിനും ആരെയൊക്കെ ക്ഷണിക്കണമെന്ന് വിശദമായ ലിസ്റ്റ് തയാറാക്കി.
ഉറപ്പിക്കൽ, മനസമ്മതം, സുഹൃത്തുക്കൾക്ക് വേണ്ടി സൺ ഡൗണർ, ബ്രൈഡൽ ഷവർ, ഹാൽദി, മധുരം വെപ്പ്, വിവാഹം, റിസപ്ഷൻ ഇത്രയുമായിരുന്നു പരിപാടികൾ.
പിന്നെ, ഇതിന്റയെല്ലാം മാസ്റ്റർ ബ്രെയിൻ എന്റെ ചേച്ചിമാരായിരുന്നു കേട്ടോ. വിവാഹത്തിന് കുറച്ചു പേർ മാത്രമായതുകൊണ്ട് മറ്റൊരു ഭാഗ്യമുണ്ടായി. എന്റെ കല്യാണം ബീച്ച് വെഡ്ഡിങ് ആയി മാറി.
സൂം കോൾ വഴി ഇന്ത്യക്ക് അകത്തും പുറത്തുമുള്ളവർ കാഞ്ഞിരപ്പള്ളിയിലെ എന്റെ കല്യാണത്തിൽ സജീവമായി പങ്കെടുത്തപ്പോൾ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. കോവിഡ് വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും അങ്ങനെ ചിന്തിക്കുക പോലുമുണ്ടായിരുന്നില്ല.’’ശിൽപയുടെ വാക്കുകൾ കേട്ടാൽ കോവിഡ് പോലും ഒന്നു ഞെട്ടാതിരിക്കില്ല.

ലൈവ് സ്ട്രീമിങ്
കോവിഡ്‌കാലത്ത് മറ്റെവിടെയും അടിച്ചുപൊളിക്കാൻ സ്ഥലമില്ലാതെ ആളുകൾ വിഷമിച്ചപ്പോ നെഞ്ചും വിരിച്ച് ആളുകളെ ക്ഷണിച്ചത് നമ്മുടെ യൂട്യൂബ് ആണ്. ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബ് ചാനൽ തുടങ്ങുകയും യൂട്യൂബിന്റെ സാധ്യതകൾ മനസ്സിലാക്കുകയും ചെയ്ത കാലം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരൈയല്ലാം കല്യാണത്തിന് പങ്കെടുപ്പിക്കണമെന്ന് പറഞ്ഞാൽ ഇത്തിരി കടന്ന കൈ അല്ലേയെന്ന് ചോദിച്ചേനേ പണ്ട്. ഇന്ന് അങ്ങനെയൊരു ചോദ്യമേയില്ലെന്ന് കോട്ടയം സ്വദേശികളായ ഐശ്വര്യയും ഗോകുലും.
‘‘വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത വിദേശത്തെ ബന്ധുക്കൾ ‘ഫോട്ടോ അപ്പപ്പോൾ വാട്സ്‌ആപ്പിൽ ഇടണേ’ എന്ന് പറയാൻ തുടങ്ങി. എങ്കിൽ പിന്നെ, യൂട്യൂബ് ലൈവ് ആയിക്കൂടെ എന്ന് തോന്നി.
ക്യാമറാ ടീമിനോട് ചോദിച്ചപ്പോൾ അധികമായി ഒരു ക്യാമറയുടെ ആവശ്യം മാത്രമേയുള്ളു. ലൈവ് എഡിറ്റിങ്ങും നടത്താം. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ വിവാഹം കണ്ട് ആശീർവദിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത സന്തോഷമാണത്.’’ ഐശ്വര്യ പറയുന്നു.
ചടങ്ങുകൾ ഓൺലൈനിൽ
വധു സൗദിയിലും വരൻ നാട്ടിലുമായി നടന്ന ലൈവ് വിവാഹത്തിന്റെ കഥയാണ് മലപ്പുറം മൂത്തേടം സ്വദേശി നിയാസിന് പ റയാനുള്ളത്. 11 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ കല്യാണത്തിൽ പങ്കെടുത്തത്.
‘‘വധു സംഹയുടെ നാട് അരീക്കോടാണെങ്കിലും വർഷങ്ങളായി സൗദി അറേബ്യയിൽ സെറ്റിൽഡാണ്. ഒരു വർഷം മുന്നേ വിവാഹം നിശ്ചയിച്ചു, 2020 ജൂണിൽ എന്ന്. പക്ഷേ, ലോക്‌ഡൗൺ വന്നതോടെ സംഹക്കും വീട്ടുകാർക്കും സൗദിയിൽ നിന്നും വരാൻ കഴിഞ്ഞില്ല.
ആചാരപ്രകാരം വരനും വധുവിന്റെ അച്ഛനുമാണ് നിക്കാഹ് നടത്തുന്നത്. എല്ലാവരും ചടങ്ങുകൾക്ക് എന്നപോലെ ഓൺലൈനിൽ തയാറായി ഇരുന്നു. എന്റെ അടുത്ത ബന്ധുക്കൾ മാത്രം എന്റെ വീട്ടിലും സംഹയും ബന്ധുക്കൾ സൗദി യിലെ ഫ്ലാറ്റിലുമായിരുന്നു. എന്റെ സഹോദരനും ബാപ്പയും റിയാദിലാണ്. അവർക്കും വരാൻ കഴിയാത്തതു കൊണ്ട് ഓൺലൈനിലാണ് പങ്കെടുത്തത്.
മഹറായ ആഭരണം ബാപ്പ സംഹയ്ക്ക് എത്തിച്ചു നൽകി. ഇതിനൊപ്പം തന്നെ സൂം വഴി സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നിരവധി പേർ ആശീർവദിക്കാനെത്തി.’’

റിസോർട്ട് കല്യാണം
കുറച്ചു പേരെയേ എന്തായാലും പങ്കെടുപ്പിക്കാൻ കഴിയൂ. എങ്കിൽ പിന്നെ, റിസോർട്ട് തന്നെ ബുക് ചെയ്താലെന്താ? കിടിലൻ ആംബിയൻസ് കിട്ടില്ലേ? അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി നവീനും ഇരിഞ്ഞാലക്കുട സ്വദേശിനി കാഞ്ഞിരത്തിങ്കൽ ലയയും ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം റിസോർട്ടിൽ വിവാഹം ആഘോഷമാക്കിയതിന്റെ ത്രില്ലിലാണ്.
‘‘മറ്റൊരു സ്ഥലത്തോ രാജ്യത്തോ വച്ചുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങൊക്കെ പണ്ട് തൊട്ടേ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് റിസോർട്ട് വെഡ്ഡിങ് എന്ന ഐഡിയയിലേക്ക് എത്തിയത്. കുറച്ച് ആളുകൾ കൂടുതൽ ആഘോഷം അതായിരുന്നു ഞങ്ങളുടെ ടാഗ്‌ലൈൻ.
രണ്ട് വീട്ടുകാർക്കും ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ട് അതിരപ്പള്ളിയാണ്. അങ്ങനെയാണ് സംരോഹ റിസോർട്ട് തിരഞ്ഞെടുക്കുന്നത്. അതിരപ്പള്ളിയുടെ തണുപ്പില്‍ ചിൽ ചെയ്തൊരു കല്യാണം. നവീന്റെ സഹോദരന്‍ ജോവിനും സഹോദരി ടീനയുമാണ് എല്ലാക്കാര്യങ്ങളും സെറ്റ് ആക്കിയത്.
ഇരുവശത്തു നിന്നും 30 പേർ വീതം. വിവാഹം 24 ഒക്ടോബറിലായിരുന്നു. അന്ന് ഉച്ചയോടെ എല്ലാവരും റിസോർട്ടിൽ എത്തിച്ചേരണം. പിറ്റേന്നു വരെ ഡാൻസ്, പാട്ട്, വിവിധ ഗെയിമുകൾ അങ്ങനെയെല്ലാം പ്ലാൻ ചെയ്തിരുന്നു. സത്യം പറഞ്ഞാൽ വിവാഹം എന്നതിനേക്കാൾ ഫാമിലി ഗെറ്റ് റ്റുഗദർ പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.
ആകെയുള്ള പ്രശ്നം ഒരുപാടു സുഹൃത്തുക്കളെ മിസ് ചെയ്തു എന്നതു മാത്രമായിരുന്നു. അവരും കൂടിയുണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ’’.
വിവാഹ സദ്യ പാഴ്സൽ

വിവാഹം ക്ഷണിക്കാൻ പോകുമ്പോൾ തന്നെ പറയുകയാണ്, ‘കോവിഡിന്റെ പ്രശ്നങ്ങളുള്ളതിനാൽ മനസ്സ് കൊണ്ട് അനുഗ്രഹിച്ചാൽ മതി. ഭക്ഷണം ഏറ്റവും സ്നേഹത്തോടെ ഞങ്ങൾ വീട്ടിലെത്തിക്കും.’ കോവിഡ് കാലത്ത് വ്യത്യസ്തമായ ചിന്ത കൊണ്ടു വന്നതിന്റെ സന്തോഷത്തിലാണ് കൊച്ചി അരൂർ സ്വദേശി ആന്റണി ജോസ്‌ലിനും ഭാര്യ സിൽമയും.
‘‘വിവാഹം തീരുമാനിച്ചത് ജൂലൈയിലായിരുന്നു. ആ സമയത്തും കോവിഡ് പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും ഇതൊക്കെയങ്ങ് മാറുമെന്നു കരുതി സെപ്റ്റംബറിലേക്ക് വിവാഹം നിശ്ചയിച്ചു.
എന്റെ സഹോദരി എൽസ ജാസ്മിന്റെ വിവാഹം മേയിൽ വെറും 20 പേരെ മാത്രം ഉൾപ്പെടുത്തിയാണ് നടത്തിയത്. അതുകൊണ്ടു തന്നെ എന്റെ വിവാഹത്തിന് കുറച്ചു കൂടി ആളുകളെ വിളിക്കണമെന്ന് വീട്ടിൽ അച്ഛന്‍ ജോസഫിനും അമ്മ റോസ്‌ലിക്കും വലിയ ആഗ്രഹമായിരുന്നു. പക്ഷേ, സാഹചര്യം പ്രതികൂലമായി.
വിവാഹം മാറ്റി വയ്ക്കേണ്ട, പകരം ഭക്ഷണം പ്രിയപ്പെട്ടവരുടെ വീടുകളിൽ എത്തിക്കാമെന്ന് രണ്ടു വീട്ടുകാരും കൂടി തീരുമാനിച്ചു. നാൽപതോളം അയൽക്കാരുണ്ട് ഞങ്ങൾക്ക്. വിവാഹം വിളിക്കാൻ പോയപ്പോൾ തന്നെ കൃത്യമായ കണക്കെടുത്തു. ഓരോ വീട്ടിലേക്കും വിവാഹ ദിവസം ഉച്ചയ്ക്ക് എല്ലാ അംഗങ്ങൾക്കുമുള്ള ഭക്ഷണം പാഴ്സലായി എത്തിച്ചു.
സാധാരണ നമ്മുടെ വീട്ടിൽ എന്തൊക്കെ ഭക്ഷണം ഒരുക്കുമോ അതെല്ലാം ഉണ്ടായിരുന്നു. ഓരോന്നും കൃത്യം പാക്കുകളിലാക്കി. നന്നായി കവർ ചെയ്ത് അതിന് മുകളിലായി ഞങ്ങളുടെ ചിത്രവും ഒട്ടിച്ചു. കണ്ടവരൊക്കെ പറഞ്ഞു ഇതൊരു നല്ല ഐഡിയ ആണെന്ന്. കോവിഡ് കാലമാണെന്ന് കരുതി സന്തോഷങ്ങൾ മാറ്റി വയ്ക്കാൻ പറ്റുമോ. ഒന്ന് ചിന്തിച്ചാൽ എല്ലാത്തിനും ഒരു ബദൽ മാർഗം കണ്ടെത്താൻ കഴിയും.’’
Wedding Special
ഫീച്ചറുകൾ തയാറാക്കിയത്: ലക്ഷ്മി പ്രേംകുമാർ. ചിത്രങ്ങള്‍ക്ക് കടപ്പാട്: Sainu Whiteline photography, Magic motion Media,Jineesh Photogenic weddings. in, Motion pictures wedding, Pulari studio Thiruvalla, Mohan chelakkara , Embyees photography, Lights and shades Pala, Manoj Ponnambily