Friday 31 January 2025 09:48 AM IST : By സ്വന്തം ലേഖകൻ

ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നു സംശയം! സഹോദരിയുടെ കുഞ്ഞുങ്ങളോട് എന്തിന് വെറുപ്പ്? അന്വേഷണം

devendu 1)രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഹരികുമാറിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.ചിത്രം: മനോരമ 2) ദേവേന്ദുവിന്റെ മൃതദേഹം കുടുംബവീട്ടിൽ പെ‍ാതുദർശനത്തിനു കെ‍ാണ്ടുവന്നപ്പോൾ വിങ്ങിപ്പെ‍ാട്ടുന്ന അമ്മൂമ്മ ശ്രീകലയും അച്ഛൻ ശ്രീജിത്തും. ചിത്രം: മനോരമ

ബാലരാമപുരത്ത് കുട്ടിയെ മാതൃ സഹോദരൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കേസില്‍ പ്രതിയായ അമ്മാവൻ ഹരികുമാർ ജോലിയ്ക്കൊന്നും പോയിരുന്നില്ല. നാട്ടുകാർക്കും ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയില്ല.  ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും  പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് പൊലീസ്. ആദ്യം സഹോദരനെ രക്ഷിക്കുന്ന മൊഴികളാണ് ശ്രീതുവിൽ നിന്നുണ്ടായതെന്നതിനാൽ പൊലീസ് ശ്രീതുവിനെയും സംശയിച്ചു. ഹരികുമാറിനെ ചുറ്റിപ്പറ്റിയുള്ള ചുരുളഴിയാൻ ബാക്കിവിവരങ്ങൾ കൂടി വേണം പൊലീസിന്. അതിനായി ഇരുവരെയും ഇനിയും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ അന്വേഷണം

 ഭർത്താവ് ശ്രീജിത്തുമായി പിണങ്ങിയാണ് ശ്രീതു മക്കളെയും കൂട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസം തുടങ്ങിയത്. അമരവിളയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ശ്രീജിത്ത് മക്കളെ കാണാൻ ഇടയ്ക്ക് ഈ വീട്ടിലെത്തുമായിരുന്നു. ശ്രീതുവിന്റെ അച്ഛന്റ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തിയിരുന്ന ശ്രീജിത്ത് ദേവേന്ദു കൊല്ലപ്പെട്ടതിന്റെ തലേന്ന് ഇവിടെയാണ് കിടന്നത്. ഒരാഴ്ച മുൻപ് അടിയന്തിര ചടങ്ങിനെത്തിയ ബന്ധുക്കൾ ചേർന്ന് ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ശ്രീജിത്തിനൊപ്പം പോകില്ലെന്നു ശ്രീതു വാശിപിടിച്ചുവെന്ന് അയൽക്കാർ പറയുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് ശ്രീജിത്ത്. ശ്രീജിത്ത് വീട്ടിലുള്ള ദിവസം തന്നെ ഹരികുമാർ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നുചേർന്നതെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്ത 4 പേരിൽ കുട്ടിയുടെ അമ്മൂമ്മ ശ്രീകലയെയും അച്ഛൻ ശ്രീജിത്തിനെയുമാണ് ആദ്യം വിട്ടയച്ചത്. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വിട്ടയയ്ക്കുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഹരികുമാറിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും.

കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: അമ്മാവൻ കുറ്റം സമ്മതിച്ചു: ഉറപ്പിക്കാൻ പൊലീസ്

നേരം പുലർന്നതു മുതൽ തലപൊക്കിയ ദുരൂഹതകള്‍ക്കാണ് ഇതോടെ മറുപടി ലഭിക്കുന്നത്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് രാവിലെ മുതല്‍ കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിക്കൊണ്ടിരുന്നത്. വീടിനുള്ളില്‍ നിന്നും കുരുക്കിട്ട നിലയില്‍ കയര്‍ കണ്ടതും ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് അന്വേഷണം വഴി തിരിച്ചുവിടാനാണെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചിരുന്നു.

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ വ്യക്തമാക്കിയിരുന്നു.