Friday 25 February 2022 04:09 PM IST

നെഗറ്റീവായാലും ഇത്തരക്കാരിൽ കോവിഡാനന്തര പ്രശ്നങ്ങൾ നീണ്ടു നിൽക്കും: വേണ്ടത് ഏതൊക്കെ പരിശോധനകൾ

Asha Thomas

Senior Sub Editor, Manorama Arogyam

covr435

പോസ്റ്റ് കോവിഡ് പരിശോധനാപാക്കേജുകൾ എന്ന പേരിൽ പ്രത്യേക പരിശോധനകൾ കോവിഡ് മുക്തർക്കിടയിൽ വ്യാപകമാകുന്നുണ്ട്. പക്ഷേ, ഈ പരിശോധനകളെല്ലാം എല്ലാവർക്കും ആവശ്യമുള്ളതല്ല. എന്നു കരുതി കോവിഡ് മുക്തരിൽ യാതൊരു പരിശോധനകളും ആവശ്യമില്ല എന്നും കരുതരുത്.

കോവിഡാനന്തരപ്രശ്നങ്ങൾ സാധാരണ കാണുന്നതു രോഗം ഭേദമായി നാല് ആഴ്ചകൾക്കു ശേഷമാണ്. മൂന്നു നാലു മാസം കഴിയുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം മാറുകയും ചെയ്യും. എന്നാൽ മറ്റ് ആരോഗ്യപ്രശ്നമുള്ളവരിൽ കോവിഡാനന്തരപ്രശ്നങ്ങൾ നീണ്ടുനിൽക്കാം. കോവിഡ് മുക്തരായവർ ഒരു രോഗലക്ഷണവും ഇല്ലെങ്കിൽ പോലും രണ്ടു മൂന്നാഴ്ചയ്ക്കു ശേഷം ഫോളോ അപ് പരിശോധനയ്ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ പോകുന്നതു നല്ലതാണ്. ഡോക്ടറെ കണ്ട് അടിസ്ഥാന പരിശോധനകൾ നടത്തി കോവിഡ് അവയവങ്ങളെയൊന്നും ബാധിച്ചിട്ടില്ല എന്നുറപ്പു വരുത്തുക..

റുട്ടീൻ ബ്ലഡ് ചെക്കപ്, പ്രമേഹമില്ല എന്നുറപ്പാക്കാൻ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ഭക്ഷണശേഷം 2 മണിക്കൂർ കഴിഞ്ഞുള്ള പിപിബിഎസ് ഷുഗർ ടെസ്റ്റ്, എക്സ് റേ, ഇസിജി, ഒാക്സിജൻ സാച്ചുറേഷൻ പരിശോ ധന എന്നിവയാണ് ഒരു പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ പ്രാഥമികമായി ചെയ്യുന്നത്.

സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിച്ചവരാണെങ്കിൽ ഷുഗർ പരിശോധിക്കേണ്ടതും ആവശ്യമാണ്. ചിലപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകൾ നടത്തേണ്ടിവരും. സ്വയംപരിശോധനകൾ തീർച്ചയായും ഒഴിവാക്കണം.

രക്തപരിശോധനകൾ

∙ ഫെറിറ്റിൻÐകോവിഡ് മുക്തരിലെ ഫെറിറ്റിൻ അളവ് കൂടുന്നത് കോവിഡിനെ തുടർന്നുണ്ടാകുന്ന നീർവീക്കം തുടരുന്നതിന്റെ സൂചനയാണ്. ഇതിന് ചികിത്സ വേണ്ടിവരും.

∙ സിആർപിÐസി റിയാക്ടീവ് പ്രോട്ടീൻ അഥവാ സിആർപി എന്നത് പ്ലാസ്മയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനാണ്. ശരീരത്തിലെ നീർവീക്കത്തിന്റെ തോത് അളക്കാനാണ് ഈ പരിശോധന.

∙ ഡി ഡൈമർÐ രക്തം കട്ടപിടിക്കുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനാണ് ഡി ഡൈമർ. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ കൊറോണ വൈറസ് കാരണമാകാം. ഡി ഡൈമർ നില ഉയർന്നതാണെങ്കിൽ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനയാകാം. ഇവർക്കു രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആന്റി കൊയാഗുലന്റുകൾ നൽകേണ്ടിവരും. എന്നാൽ, എല്ലാവരും ഡി ഡൈമർ പരിശോധന നടത്തേണ്ടതില്ല. 60 വയസ്സു കഴിഞ്ഞവർ, തീവ്രമായ കോവിഡ് ബാധ വന്നവർ, മുൻപു തന്നെ രക്തം കട്ടപിടിക്കുന്ന പ്രശ്നമുള്ളവർ‌, അർബുദബാധിതർ, ഒാക്സിജൻ സപ്പോർട്ടിൽ ഇരുന്നവർ, ഐസിയുവിൽ ആയിരുന്നവർ, കോവിഡ് മുക്തരായിട്ടും ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുന്നവർ എന്നിങ്ങനെയുള്ളവർക്ക് ഡി ഡൈമർ ടെസ്റ്റ് നടത്തുന്നതു നല്ലതാണ്.

ശ്വാസകോശ പരിശോധനകൾ

ആദ്യം ക്ലിനിക്കലി ഉള്ള ശ്വാസകോശ പരിശോധനയും ബിപിയും പൾസുമൊക്കെ നോക്കുന്നു. തുടർന്ന് പൾസ് ഒാക്സീമീറ്റർ വച്ചുള്ള ഒാക്സിജൻ നിരക്കും ആറു മിനിറ്റ് നടത്തിയിട്ടുള്ള ഒാക്സിജൻ നിരക്കും നോക്കുന്നു. നെഞ്ചിന്റെ എക്സ് റേയും എടുക്കുന്നു. ഒാക്സിജൻ നിരക്ക് താഴുന്നതും എക്സ് റേയിൽ പ്രശ്നം കാണുന്നതും ന്യൂമോണിയ പോലുള്ള ശ്വാസകോശ പ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊ ണ്ട് ഈ പരിശോധനകളിൽ എന്തെങ്കിലും പ്രശ്നം കണ്ടാൽ കൂടുതൽ വിശദമായ പരിശോധന വേണ്ടിവരും. ഉദാഹരണത്തിന് ഒാക്സിജൻ സാച്ചുറേഷൻ കുറവു കാണുക, എക്സ് റേയിൽ പാടുകൾ കാണുക എന്നിവ ഉണ്ടെങ്കിൽ ഹൈ റെസല്യൂഷൻ സിടി സ്കാൻ ചെയ്യാൻ നിർദേശിക്കാറുണ്ട്.

കോവിഡിന്റെ പ്രശ്നങ്ങൾ ശരീരത്തിൽ എല്ലാ അവയവങ്ങളിലും വരാം. അതുകൊണ്ട് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകൾ ചെയ്യുക. കരളിന്റെ പ്രവർത്തനക്ഷമതയും (ലിവർ ഫങ്ഷൻ ടെസ്റ്റ്) വൃക്കയുടെ പ്രവർത്തനക്ഷമതയും കൊളസ്ട്രോൾ നിരക്കും സോഡിയം, പൊട്ടാസ്യം നിരക്കും ഒക്കെ പരിശോധിക്കേണ്ടതായി വരാം.

കോവിഡ് മാറിയിട്ടും മാറാതെ കിതപ്പും ശ്വാസംമുട്ടലും ഉറക്കക്കുറവും; പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്

Tags:
  • Manorama Arogyam
  • Health Tips