Friday 11 February 2022 03:00 PM IST : By ഡോ. ടിങ്കു ജോസഫ്

കോവിഡ് മാറിയിട്ടും മാറാതെ കിതപ്പും ശ്വാസംമുട്ടലും ഉറക്കക്കുറവും; പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്

post-covid-scene

കോവിഡ് മുക്തരായ ചിലരിൽ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ചില ശാരീരിക പ്രശ്നങ്ങളെയാണ് പോസ്റ്റ് കോവിഡ് സിൻഡ്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങളാണ് കാണുന്നത്. കൂടാതെ ഹൃദയസംബന്ധിയായ രോഗങ്ങളും കുടൽ, മസ്തിഷ്കം, വൃക്ക സംബന്ധിയായ പ്രശ്നങ്ങളും കാണുന്നു. ഇതുകൂടാതെ പേശികളെയും അസ്ഥികളെയും ബാധിച്ച് പേശീവേദന, സന്ധിവേദന എന്നിവ ഉണ്ടാകാം. കോവിഡാനന്തര പ്രശ്നങ്ങൾ മിക്കവരിലും ഗൗരവകരമാകാറില്ല. എന്നാൽ ചിലരിൽ ശ്വാസകോശത്തിന് ഫൈബ്രോസിസ്, പൾമനറി എംബോളിസം, രക്തം കട്ടപിടിക്കുക, പക്ഷാഘാതം എന്നീ പ്രശ്നങ്ങളൊക്കെ വരാം. ചില രോഗാവസ്ഥകൾ ദീർഘകാലം നിലനിൽക്കുന്നതായും കാണുന്നു. അതുകൊണ്ട് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.

കോവിഡ് മുക്തരായിട്ടും മറ്റു രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സഹായം തേടാം. റുട്ടീൻ ബ്ലഡ് ചെക്കപ്, പ്രമേഹമില്ല എന്നുറപ്പാക്കാൻ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ഭക്ഷണശേഷം 2 മണിക്കൂർ കഴിഞ്ഞുള്ള പിപിബിഎസ് ഷുഗർ ടെസ്റ്റ്, എക്സ് റേ, ആവശ്യമെങ്കിൽ സിടി സ്കാൻ, പിഎഫ്ടി പരിശോധന, 6 മിനിറ്റ് വോക്കിങ് ടെസ്റ്റ്, ഇസിജി, എക്കോ എന്നിവയാണ് ഒരു പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ പ്രാഥമികമായി ചെയ്യുന്നത്.

കിതപ്പും ശ്വാസംമുട്ടലും

ആശുപത്രിയിൽ അഡ്മിറ്റായവർ, ഒാക്സിജൻ സപ്പോർട്ട് വേണ്ടിവന്നവർ, ഐസിയു രോഗികൾ എന്നിവർക്കാണ് കോവിഡ് മുക്തമായ ശേഷവും വലിയ തോതിൽ കിതപ്പ് അനുഭവപ്പെടാറ്. ഇതിനു പല കാരണങ്ങളുണ്ട്. കോവിഡ് വന്നശേഷം ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ കേടുപാടുകളാണ് ഒരു കാരണം. എക്സ് റേയിലോ സിടി സ്കാനിലോ ഈ കേടുപാടുകൾ കണ്ടെത്താനാകും.

പോസ്റ്റ് കോവിഡ് പൾമനറി ഫൈബ്രോസിസ് എന്ന രോഗാവസ്ഥ ഉദാഹരണം. ഇത് ഒരുപരിധിവരെ മരുന്നുകൊണ്ട് സുഖമാക്കാം. പ്രധാനമായും സ്റ്റിറോയ്ഡുകളും ആന്റി ഫൈ ബ്രോട്ടിക് ഗുളികകളും ആണ് ഔഷധചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

കോവിഡ് ഭേദമായവരിൽ ശ്വാസമെടുക്കാനുള്ള പ്രയാസം വരാൻ മറ്റൊരു കാരണം മൈക്രോ എംബോളിസം അല്ലെങ്കിൽ പൾമനറി എംബോളിസം എന്ന രോഗാവസ്ഥയാണ്. ശ്വാസകോശത്തിലേക്ക് രക്തക്കട്ടകൾ എത്തുന്നതു മൂലമുള്ള ഗുരുതരാവസ്ഥയാണിത്. പെട്ടെന്ന് രോഗിയുടെ ശ്വാസംമുട്ട് കൂടുക, എക്സ് റേയിൽ പ്രശ്നം കാണാതിരിക്കുക, പൾസ് റേറ്റ് ക്രമാതീതമായി കൂടുക, ബിപി കുറയുക ഇതൊക്കെയാണ് പൾമനറി എംബോളിസത്തിന്റെ ലക്ഷണങ്ങൾ.

ഇതു തടയാൻ, കോവിഡിന് ആശുപത്രിവാസം വേണ്ടിവന്നവർക്ക് രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ (Anti coagulants) ഒരു മാസത്തേക്ക് വരെ നിർദേശിക്കാറുണ്ട്. ആശുപത്രിവാസം വേണ്ടിവന്നവർ, ഐസിയുവിൽ കിടന്നവരിൽ എന്നവരിൽ ഒരുപാട് സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം വഴി ക്രിട്ടിക്ക ൽ കെയർ മയോപ്പതി അല്ലെങ്കിൽ ന്യൂറോപ്പതി പോലുള്ള പ്രശ്നങ്ങൾ വരാറുണ്ട്. മേൽപറഞ്ഞ രോഗാവസ്ഥ മൂലം ശ്വാസകോശ പേശി കൾ ഉൾപ്പെടെയുള്ള പേശികൾ ദുർബലമാകാം. ഇതും കിതപ്പിനു കാരണമാകും.

ഗൃഹപരിചരണത്തിൽ കഴിഞ്ഞിരുന്നവർക്കും കോവിഡ്മുക്തമായാലും പടികൾ കയറുമ്പോഴോ സംസാരിക്കുമ്പോഴോ ഒക്കെ കിതപ്പ് ഉണ്ടാവാം. കോവിഡ് അണുബാധയിൽ നിന്നു ശരീരം മുക്തമായി വരുന്നതിന്റെ താമസം കൊണ്ടാണിത്. രണ്ടാഴ്ച കഴിയുമ്പോൾ പ്രത്യേകിച്ച് ചികിത്സയില്ലാതെ തന്നെ മാറും.

കോവിഡ് വന്ന സമയത്ത് ശ്വാസംമുട്ട് ഇല്ലായിരുന്നവരിലും ഒാക്സിജൻ അളവ് താഴ്ന്നുപോയിട്ടില്ലാത്തവരിലും നെഗറ്റീവായ ശേഷം വലിയ സങ്കീർണതകൾ വരാൻ സാധ്യത കുറവാണ്. രണ്ടാഴ്ച വിശ്രമത്തിനു ശേഷം ലക്ഷണങ്ങളൊക്കെ കുറയുന്നുവെങ്കിൽ വേറെ പരിശോധനകളുടെ ആവശ്യമില്ല.

എന്നാൽ മിതമായതോ കടുത്തതോ ആയ തീവ്രതയിൽ കോവിഡ് വന്നവർ ആശുപത്രിവാസം കഴിഞ്ഞാലും പോസ്റ്റ് കോവിഡ് ക്ലിനിക്കുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്തണം. ഇവർക്ക് എക്സ് റേ, സിടി സ്കാൻ, ശ്വാസകോശ ക്ഷമത അളക്കാൻ പൾമനറി ഫങ്ഷൻ ടെസ്റ്റ് (പിഎഫ്ടി), 6 മിനിറ്റ് നടന്നിട്ട് ഒാക്സിജൻ നിരക്ക് താഴുന്നുണ്ടോ എന്നു നോക്കുന്ന 6 മിനിറ്റ് വോക് ടെസ്റ്റ് എന്നിവ ചെയ്യാറുണ്ട്. ഇതുകൂടാതെ ഹൃദയത്തിന് തകരാറുകളൊന്നുമില്ല എന്നുറപ്പാക്കാൻ ഇസിജി, എക്കോ എന്നീ പരിശോധനകളും നടത്തണം. സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിച്ചവരാണെങ്കിൽ ഷുഗർ പരിശോധിക്കേണ്ടതും ആവശ്യമാണ്.

ലങ് ഫൈബ്രോസിസ്

മിതമായതോ കടുത്തതോ ആയ കോവിഡ് വന്നവരിലാണ് ലങ് ഫൈബ്രോസിസ് വരാനുള്ള സാധ്യത കൂടുതൽ. നടക്കുമ്പോൾ വരുന്ന കിതപ്പ്, ശ്വാസംമുട്ട്, വരണ്ട ചുമ, പടികൾ കയറുമ്പോഴോ മാസ്ക് ധരിച്ച് സംസാരിക്കുമ്പോഴോ വരുന്ന കടുത്ത ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ഉറപ്പിക്കാൻ സിടി സ്കാൻ വേണ്ടിവരും.

നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സയെടുത്താൽ 70 ശതമാനം പേരിലും അസുഖം ഭേദമാക്കാം. ആന്റി ഫൈബ്രോട്ടിക് മരുന്നുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ തുടങ്ങിയുള്ള ഔഷധ ചികിത്സയാണ് നൽകുന്നത്. ശ്വാസകോശ പേശികളുടെ കരുത്ത് കൂട്ടാൻ ഫിസിയോതെറപ്പി വ്യായാമങ്ങൾ (പൾമനറി റീഹാബിലിറ്റേഷൻ) വേണ്ടിവരും. അതിനോടൊപ്പം മാനസിക പിന്തുണയ്ക്കായി സൈക്കോളജിസ്റ്റിന്റെ കൗൺസലിങ്ങും വേണ്ടിവരും.

വളരെ തീവ്രമായ ഫൈബ്രോസിസ് വരുന്ന അപൂർവം ചിലർക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ പോലുള്ള ചികിത്സകളും വേണ്ടിവരാം.

ഹൃദയപ്രശ്നങ്ങൾ

കോവിഡ് വന്നവരിൽ ഹൃദയത്തിന്റെ പമ്പിങ് പ്രവർത്തനം കുറഞ്ഞുപോകാം. കോവിഡ്, രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ കോവിഡ് ബാധിച്ച ഹൃദ്രോഗികളിൽ ഹൃദയധമനികളിൽ രക്തക്കട്ടകൾ കൂടുതൽ ഉണ്ടാകാനും രക്തക്കുഴൽ മുഴുവൻ രക്തക്കട്ടകൾ കൊണ്ടു നിറയാനും സാധ്യത കൂടുതലാണ്. മയോകാർഡൈറ്റിസ്, കാർഡിയോമയോപ്പതി പോലുള്ള സങ്കീർണാവസ്ഥകളും കോവിഡാനന്തരം കാണാറുണ്ട്. അതുകൊണ്ട് ഹൃദ്രോഗികൾ പതിവായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്. കോവിഡ് ഭേദമായശേഷം പോസ്റ്റ് കോവിഡ് ക്ലിനിക്കിലോ പതിവായി കാണുന്ന ഡോക്ടറെയോ കണ്ട് വിദഗ്ധ പരിശോധനകൾ നടത്തി ഹൃദയത്തിന്
പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പാക്കണം.

ഉറക്കക്കുറവു മുതൽ തലവേദന വരെ

കോവിഡ് ഭേദമായവരിൽ ഏതാണ്ട് 80 ശതമാനം പേർക്കും ഉറക്കപ്രശ്നങ്ങൾ കണ്ടുവരുന്നു. കോവിഡിനെക്കുറിച്ചുള്ള അമിത ആകാംക്ഷയാണ് ഇതിന് ഒരു പ്രധാനകാരണം. കോവിഡ് വന്നതുകൊണ്ട് ഇനി എന്തൊക്കെ പ്രശ്നങ്ങൾ വരുമെന്ന ഉത്കണ്ഠ, സോഷ്യൽ മീഡിയയിലും മറ്റും കോവിഡിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുള്ള ടെൻഷൻ എന്നിവ പ്രധാനകാരണമാണ്. ദീർഘകാലം ആശുപത്രിവാസം വേണ്ടിവന്നവർക്ക് വരുന്ന ഡെലീറിയം, ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തമായി വരാൻ സമയമെടുക്കും. അതിന്റെ ഭാഗമായി ഉറക്കപ്രശ്നങ്ങൾ വരാം. ദിവസങ്ങൾ കഴിഞ്ഞിട്ടും തീരെ ഉറക്കം കിട്ടുന്നില്ല എങ്കിൽ ടെൻഷൻ കുറയ്ക്കാനുള്ള ആന്റി ആങ്സൈറ്റി മരുന്നുകൾ, ഉറക്കഗുളികകൾ എന്നിവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകൽ, ഒാർമക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, ബ്രെയിൻ ഫോഗിങ് എന്നിവ വരാനും സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും നീണ്ടുനിന്നാൽ പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ സഹായം തേടുക. കോവിഡ് മുക്തരിൽ അപൂർവമായി പക്ഷാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങളും വരാം. മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ തീർച്ചയായും കോവിഡ് ഭേദമായ ശേഷം ഫോളോ അപ് പരിശോധന നടത്തണം.

ഉദരപ്രശ്നങ്ങൾ

കോവിഡ് ഭേദമായാലും 90 ദിവസം വരെ പല ആളുകൾക്കും പലതരത്തിലുള്ള ഉദരപ്രശ്നങ്ങൾ കാണുന്നുണ്ട്. വിശപ്പില്ലായ്മ, ഛർദിക്കാൻ വരൽ, കുറച്ചു ഭക്ഷണം കഴിക്കുമ്പോഴേ മടുപ്പ്, ഗ്യാസ്, ഇടയ്ക്കിടെ വയറ്റിൽ നിന്നും പോവേണ്ടിവരിക എന്നീ പ്രശ്നങ്ങൾ കാണുന്നു. കുടലിന് അണുബാധ വന്നാൽ സാധാരണഗതിയിൽ മൂന്നു മാസത്തേക്ക് കുറച്ച് പ്രവർത്തന വൈകല്യങ്ങൾ വരാം. കുടൽ സാധാരണ ആരോഗ്യത്തിലേക്ക് എത്താനുള്ള സമയമാണത്. അതുകൂടാതെ, പല മരുന്നുകളും കഴിച്ചതിന്റെ പാർശ്വഫലങ്ങളുണ്ടാകാം. മാത്രമല്ല പലരും നല്ല മാനസിക സമ്മർദത്തിലായിരിക്കും. മാനസിക സമ്മർദവും കുടലിന്റെ പ്രവർത്തനവുമായി അഭേദ്യമായ ബന്ധമുണ്ട്. മാനസിക സമ്മർദം വരുമ്പോൾ അത് ഉദരരോഗലക്ഷണങ്ങളായി പ്രകടമാകാം.

ഉദരപ്രശ്നങ്ങൾ മാറാത്തവർക്ക് ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള മരുന്നുകൾ നൽകുന്നു. മറ്റെന്തെങ്കിലും രോഗമുണ്ടോയെന്നറിയാൻ പരിശോധനകളും നടത്തുന്നു. കോവിഡ് ഭേദമായിട്ടു 90 ദിവസം കഴിഞ്ഞിട്ടും ഉദര പ്രശ്നങ്ങൾ നീണ്ടുനിന്നാൽ വിശദമായ പരിശോധനകൾ നടത്തണം. കോവിഡ് മുക്തരിൽ കരളിൽ മുഴകൾ കാണുന്നുവെന്നു ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലരിൽ കോവിഡ് നെഗറ്റീവായി ആദ്യ ആഴ്ചകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റിൽ ചില വ്യതിയാനങ്ങളൊക്കെ കാണാറുണ്ട്. പക്ഷേ, അതു തനിയെ മാറാറുമുണ്ട്.

മറ്റു രോഗമുള്ളവർ ശ്രദ്ധിക്കുക

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് അണുബാധകളും കോവിഡാനന്തരം കാണുന്നുണ്ട്. കൂടുതലും പ്രമേഹം പോലെ മറ്റുരോഗങ്ങളുള്ളവരിലാണ് കാണുന്നത്. രക്തത്തിലെ ഷുഗർനിലയും ബിപിയുമൊക്കെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചാൽ ഈ അണുബാധകളെ തടയാനാകും.

പ്രമേഹം പോലെ അനുബന്ധരോഗമുള്ളവർ കോവിഡിനു ശേഷം പ്രത്യേകം കരുതലെടുക്കണം. രോഗം ഭേദമായ ഉടനെ വ്യായാമത്തിനോ കായികാധ്വാനത്തിനോ മുതിരരുത്. കോവിഡ് മാറിയ ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഫോളോ അപ് പരിശോധന നടത്തണം.

കുട്ടികളിൽ അപൂർവമായി

സാധാരണഗതിയിൽ കുട്ടികളിൽ അപൂർവമായേ കോവിഡാനന്തര പ്രശ്നങ്ങൾ കാണാറുള്ളൂ. ശരീരത്തിലെ പല അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം ആണ് കുട്ടികളിൽ കോവിഡാനന്തരം കാണപ്പെടുന്ന പ്രധാനപ്രശ്നം. കോവിഡ് മുക്തമായി രണ്ടാഴ്ച മുതൽ ഒരു മാസം വരെ കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. പനി, വയറുവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, കണ്ണുകളിലെ ചുവപ്പ്, ശ്വാസമിടിപ്പ് വേഗത്തിലാകുക എന്നിവയാണ് ലക്ഷണങ്ങൾ. ഹൃദയത്തെയാണ് രോഗം പ്രധാനമായി ബാധിക്കുക. തലച്ചോർ, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും. കോവിഡിനു ശേഷം കുട്ടികളിൽ കാണുന്ന ഒരു ലക്ഷണങ്ങളെയും അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഡോ. ടിങ്കു ജോസഫ് കെ.

അസോ. പ്രഫസർ

ഇന്റർവെൻഷനൽ

പൾമണോളജിസ്റ്റ്,

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam