ആകാംക്ഷകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ആ വമ്പൻ സർപ്രൈസെത്തി. അച്ഛന്റെ വഴിയേ അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ താരപുത്രി എത്തുന്നു. മോഹൻ ലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്നു. ആശീർവാദ് സിനിമാസ് നിര്‍മിക്കുന്ന പുതിയ ചിത്രം തുടക്കത്തിൽ വിസ്മയ മോഹൻലാലാണ് നായിക. ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിസ്മയയെ വെള്ളിത്തിരയ്ക്കു പരിചയപ്പെടുത്തുന്നതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ടെന്ന് ആശീർവാദ് സിനിമാസ് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തിളക്കമാർന്ന ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും കുറിപ്പിൽ പറയുന്നു. കഥകളാൽ നെയ്തെടുക്കുന്ന പുതിയ ലോകത്ത് ഒരു കഥാകാരൻ ഉയർന്നുവരുന്നത് നിഴലുകളിൽ നിന്നല്ല, മറിച്ച് വെളിച്ചത്തിൽ നിന്നാണെന്നും കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിൽ എത്തുന്നതോടെ മോഹൻലാലിന്റെ അടുത്ത തലമുറയും സിനിമയിൽ സജീവമാകുകയാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വയ്ക്കും മുന്നേ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിസ്മയ. 2021ൽ 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്നൊരു കവിതാസമാഹാരം വിസ്മയ പുറത്തിറക്കിയിരുന്നു. പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
സംവിധാനത്തിൽ താൽപ്പര്യമുള്ള വിസ്മയ ‘ഗ്രഹണം’ എന്നൊരു ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായിരുന്നു. ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ചിത്രകലയിലും വിസ്മയയ തന്റെ മികവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.