ADVERTISEMENT

മാതാപിതാക്കളുടെ മരണത്തിനു പിന്നാലെ വിഷാദരോഗിയാകുകയും 4 വർഷമായി ഫ്ലാറ്റിൽനിന്നു പുറത്തിറങ്ങാതെ ഒറ്റയ്ക്കു താമസിക്കുകയും ചെയ്തുവന്ന ഐടി എൻജിനീയറെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള, മുംബൈയിൽ ജനിച്ചുവളർന്ന 55 വയസ്സുകാരനായ അനൂപ് കുമാറാണ് ജീവിതത്തിലേക്കു തിരികെവരുന്നത്. സന്നദ്ധ സംഘടനയായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) പ്രവർത്തകരെത്തി ഫ്ലാറ്റിൽനിന്ന് അവരുടെ പൻവേലിലെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.

ജുയിനഗറിലെ സെക്ടർ 24 ഘർകുൽ ഹൗസിങ് സൊസൈറ്റിയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാൻ മാത്രമായിരുന്നു ഫ്ലാറ്റിന്റെ വാതിൽ തുറക്കാറുണ്ടായിരുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണു സന്നദ്ധപ്രവർത്തകർ ഇദ്ദേഹത്തെ കണ്ടെത്തിയത്. 4 വർഷമായി കസേരയിലാണ് ഇരിപ്പും കിടപ്പുമെല്ലാം. അതിനാൽ, നിവർന്നുനിൽക്കാൻ പോലും പ്രയാസം നേരിടുന്നുണ്ട്.

ADVERTISEMENT

അനൂപ് കുമാറിന്റെ വീട്ടിൽനിന്നുള്ള ദുർഗന്ധവും വീട്ടിലെ വൃത്തിഹീനമായ അന്തരീക്ഷവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് സീലിനെ വിവരമറിയിക്കുന്നത്. സന്നദ്ധ പ്രവർത്തകരെത്തുമ്പോൾ മാലിന്യങ്ങൾക്കു നടുവിലായാണ് അനൂപിനെ കണ്ടെത്തിയത് കാലിൽ ഗുരുതര അണുബാധയുമുണ്ട്. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ വാതിൽ തള്ളിത്തുറന്നാണ് പ്രവർത്തകർ വീടിനുള്ളിൽ കയറിയത്. അനൂപിനെ ആശ്രമത്തിലെത്തിച്ച ശേഷം സീൽ പ്രവർത്തകർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘എന്റെ അച്ഛനും അമ്മയും പോയി. സഹോദരൻ പോയി. സുഹൃത്തുക്കളാരും ബാക്കിയില്ല. ആരോഗ്യവും നല്ല അവസ്ഥയിലല്ല. അതുകൊണ്ട് പുതിയ തുടക്കത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല’ എന്ന് അനൂപ് പറഞ്ഞതായി ആശ്രമ ജീവനക്കാർ പറഞ്ഞു.

അമ്മ 2020ലും അച്ഛൻ 2021ലും മരിച്ചതോടെയാണ് ഒറ്റപ്പെട്ട അവസ്ഥയിലായത്. ജ്യേഷ്ഠൻ 20 വർഷം മുൻപ് ജീവനൊടുക്കി.സ്വകാര്യ കമ്പനിയിൽ കംപ്യൂട്ടർ പ്രോഗ്രാമറായി കുറച്ചുനാൾ ജോലിചെയ്തിരുന്നു. മാതാപിതാക്കൾ മുൻപ് നൽകിയ പണം ഉപയോഗിച്ചാണ് ഇപ്പോൾ ജീവിതം തള്ളിനീക്കിയിരുന്നത്. ജീവിതസാഹചര്യം മോശമായതോടെ ഹൗസിങ് സൊസൈറ്റി ഭാരവാഹികളാണു ബന്ധുക്കളെയും നെരുൾ ന്യൂബോംബെ കേരള സമാജം ഭാരവാഹികളെയും ബന്ധപ്പെട്ടത്.

ADVERTISEMENT

പിന്നീട് പൻവേലിലെ സീൽ (സോഷ്യൽ ആൻഡ് ഇവാൻജലിക്കൽ അസോസിയേഷൻ ഫോർ ലൗവ്) ആശ്രമം വൊളന്റിയേഴ്സ് നേരിട്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ നവിമുംബൈ എംജിഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT
ADVERTISEMENT