ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തോർത്തു കൊണ്ട് കഴുത്തു മുറുക്കിയാണ് മകള്‍ എയ്ഞ്ചൽ ജാസ്മിനെ (29) കൊന്നതെന്ന് പ്രതി ജോസ്മോന്‍ സമ്മതിച്ചു. മണ്ണഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്യുകയാണ് ജോസ് മോൻ.
പെണ്‍കുട്ടിയുടെ മരണം, ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പിതാവ് ജോസ് മോനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് എല്ലാം വിവരങ്ങളും പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് മരിച്ച എയ്ഞ്ജൽ. യുവതിയെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്‌മോന്‍ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞത്.
എയ്ഞ്ജൽ ഭർത്താവുമായി പിണങ്ങി വീട്ടിൽ നിൽക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പിതാവിന് മകളോട് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.