Monday 17 October 2022 03:11 PM IST

ആടുജീവിതം പിറവിയെടുത്ത ഇടം, ഭാഗ്യങ്ങൾ കൊണ്ടുവന്ന ‘പ്രവാസിയുടെ വാടകവീട്’: ബെന്യാമിൻ പറയുന്നു

V.G. Nakul

Sub- Editor

benyamin-2

പ്രിയപ്പെട്ട ഓരോ വീടിനും പറയാനുണ്ടാകുമൊരു ജീവിതം. ഇവർ പങ്കുവയ്ക്കുന്നു, ഓർമയുടെ തുമ്പത്ത് മായാതെ തിളങ്ങുന്ന വീടിന്റെ കഥ

പ്രവാസിയുടെ വാടകവീടുകൾ–ബെന്യാമിൻ

ചില വീടുകളുണ്ട്, കയറിച്ചെല്ലുമ്പോൾ നമ്മിൽ പ്രകാശം നിറയ്ക്കുന്നവ. നിൽക്കുന്ന ഇടം, അന്തരീക്ഷം, വായു സഞ്ചാരം, വെട്ടം, വൃത്തിയൊക്കെ ചേരുമ്പോഴുണ്ടാകുന്നതാണത്. ചില വീടുകൾക്ക് പൊസിറ്റീവായ പലതും കൊണ്ടുത്തരാനാകും. നമ്മോടു സംസാരിക്കുന്ന, ജീവനുള്ള വീടുകൾ എന്നും പറയാം.

ഒരു വീടിന്റെ അന്തരീക്ഷം കണ്ടാൽ, അവിടെയുള്ള മനുഷ്യരുടെ മനസ്സ് മനസ്സിലാകും. വീടും മനുഷ്യരും തമ്മിൽ കണക്റ്റഡ് ആണ്. അവിടെ സ്നേഹമാണോ, മത്സരമാണോ, സങ്കടമാണോ, സന്തോഷമാണോ നിലനിൽക്കുന്നതെന്നൊക്കെ നമ്മൾ ഒരു വീടിനുള്ളിലേക്ക് കടന്ന് അഞ്ച് മിനിറ്റിനുള്ളിൽ ആ വീടിന്റെ അന്തരീക്ഷം നമുക്ക് കാട്ടിത്തരും.

എന്റെ ജീവിതത്തില്‍ ധാരാളം സന്തോഷങ്ങൾ സമ്മാനിച്ച ഒരു വീടിനെക്കുറിച്ചാണ് പറയുന്നത്. അതിനെ ഒരു വീട് എന്നു വിളിക്കാമോ ? അറിയില്ല.

പാതി വീടും പാതി ഫ്ലാറ്റുമായിരുന്ന ഒരിടം. പ്രവാസകാലത്ത്, ബഹ്റൈനിൽ സുദീർഘകാലം താമസിച്ചിരുന്ന ആ ഇടമാണ് ഏറെ ഗൃഹാതുരമായി തോന്നുന്നത്...

17 വയസ്സിൽ പഠനത്തിനായി കോയമ്പത്തൂരിലേക്കു പോയതു മുതൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ മടങ്ങിയെത്തുവോളം വാടകമുറികളിലും വാടകവീടുകളിലുമായിരുന്നു എന്റെ വാസം.

പഠനം കഴിഞ്ഞു വന്ന ഉടൻ ജോലിക്കായി ഗൾഫിലേക്കു പോകുമ്പോഴൊന്നും സ്വന്തം വീട് വിട്ടു പോകുന്നതിലുള്ള സങ്കടമുണ്ടായിരുന്നില്ല. വീട് വിട്ടു വിദേശത്തേക്കു പോകണം പുതിയ ദേശങ്ങൾ കാണണമെന്നൊക്കെയുള്ള മോഹമായിരുന്നു ഉള്ളിൽ.

പ്രവാസിയായ ശേഷം കമ്പനിയുടെ ക്യാംപുകളിലും ക്വാർട്ടേഴ്സുകളിലുമായിരുന്നു താമസം. വിവാഹം കഴിഞ്ഞതോടെ, ഷെയറിങ് അക്കൊമഡേഷനില്‍ ഞങ്ങൾ രണ്ട് കുടുംബങ്ങള്‍ ചേർന്ന് ഒരു ഫ്ലാറ്റ് എടുത്തു. അതിനൊക്കെ ശേഷമാണ് സെൽമാനിയയിലെ ഈ ‘പ്രിയവീട്’ ജീവിതത്തിന്റെ ഭാഗമായത്.

ബഹ്റൈനിൽ പട്ടണങ്ങളുണ്ടെങ്കിലും സെൽമാനിയ ഗ്രാമപ്രദേശമാണ്. പ്രധാന റോഡില്‍ നിന്നു 200 മീറ്റർ മാറി, ഇടവഴിയുടെ അരികിലായിരുന്നു, ഗ്രൗണ്ട് ഫ്ലോറിലുള്ള ആ കുഞ്ഞ് വീട്. ഒരു സുഹൃത്ത് താമസിച്ചിരുന്ന ഇടം, അവർ ഒഴിഞ്ഞപ്പോൾ ഞങ്ങൾക്കു കിട്ടിയതാണ്.

രണ്ട് ബെഡ്റൂം, ഒരു ഹാൾ‌, കിച്ചൻ. വീടിനോട് ചേർന്ന് മലയാളികള്‍ നടത്തിയിരുന്ന കഫ്റ്റേരിയയാണ്. ഇവിടുത്തെ ജനൽ തുറന്നാല്‍ അവിടെ നിന്നു സാധനങ്ങൾ വാങ്ങിക്കാവുന്നത്ര അടുത്ത്.

നേരെ എതിരെ, റോഡിനപ്പുറം ഒരു കടയുണ്ട്. അതും മലയാളികളുടേതാണ്. അടുക്കളയിൽ നിൽക്കുമ്പോൾ തന്നെ എന്തെങ്കിലും വേണമെങ്കിൽ ഓടിപ്പോയി മേടിക്കാം. അയലത്തുകാരും കൂടുതൽ മലയാളികൾ. ഒപ്പം അറബികളും പാക്കിസ്ഥാനികളും. എല്ലാവരുമായും നല്ല സൗഹൃദത്തിലായിരുന്നു.

15 വർഷത്തോളം ഞങ്ങള്‍ അവിടെയാണ് താമസിച്ചത്. അനുഭവങ്ങളുെടയും ഒാര്‍മകളുെടയും ഒരു കടല്‍ തന്നെ ആ വീട് സമ്മാനിച്ചു. ബെന്നി ഡാനിയേൽ എന്ന സാധാരണ മനുഷ്യനിൽ നിന്നു ബെന്യാമിൻ എന്ന എഴുത്തുകാരനിലേക്കുള്ള വളർച്ച മുഴുവൻ സംഭവിച്ചതും ആ വീട്ടിലാണ്. ‘ആടുജീവിത’വും ‘മഞ്ഞവെയിൽ മരണങ്ങളും’ ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’യുമൊക്കെ ഞാനെഴുതിയതും അവിെടയിരുന്നാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയതും അക്കാലത്താണ്. കല്യാണം കഴിഞ്ഞു നാലഞ്ചു വർഷമായിട്ടും കുട്ടികളില്ലായിരുന്ന ഞങ്ങൾക്കു രണ്ടു മക്കൾ ജനിച്ചതും അവിടെ താമസിക്കുമ്പോഴാണ്.

അതു വരെ കമ്പനിയുടെ കാറിൽ യാത്ര ചെയ്തിരുന്ന എനിക്ക് സ്വന്തമായി കാർ വാങ്ങാനായതും അവിടെ വച്ചാണ്. അങ്ങനെ ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങൾ ആ വീടിന്റെ ഓർമയിൽ കൊരുത്തുനിൽക്കുന്നു. ഒടുവിൽ, അത് പുതുക്കി പണിത അവസരത്തിലാണ് ഞങ്ങൾ അവിടം വിട്ടത്.

ബഹ്റൈനിലുണ്ടായിരുന്ന കാലത്ത് ഞാൻ ഇടയ്ക്കിടെ പോയി, അവിടെ താമസിച്ചിരുന്നവരോട് അനുവാദം ചോദിച്ച് ഉള്ളിൽ കയറി ‘വീടിനെ’ കാണുമായിരുന്നു.

ഇപ്പോൾ 10 വർഷം കഴിഞ്ഞു. എങ്കിലും ആ വീടിന്റെ ഓർമകൾ തീരെയും മങ്ങിയിട്ടില്ല. നാട്ടിലെ വീടിനെക്കാൾ ആ വീടിനെയാണു ഞാൻ ‘സ്വന്തം’ എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുക.

പ്രിയം വീട്ടിലെ എഴുത്തുമുറി

‘‘വീട് സ്വപ്നം കണ്ടാണ് പ്രവാസികളിൽ ഭൂരിപക്ഷവും ജീവിക്കുന്നത്. ഞാനും അങ്ങനെയായിരുന്നു. ഇപ്പോൾ താമസിക്കുന്ന പന്തളത്തെ കുടുംബവീടായ ‘മണ്ണിൽ വീട്’ പൊളിച്ച് 1996 ൽ പണിതതാണ്. പരമാവധി എല്ലായിടത്തും കാറ്റും പ്രകാശവും കടക്കത്തക്ക തരത്തിൽ, 2013 ൽ പുതുക്കിപ്പണിതു. പ്രകാശം എനിക്ക് വളരെ പ്രധാനമാണ്. കുളിമുറിയിൽ പോലും ഗ്ലാസ് ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ വീടിനോടും ഇപ്പോൾ വലിയ അടുപ്പമുണ്ട്. എനിക്കൊരിക്കലും ഹോട്ടലിലോ, റിസോർട്ടിലോ ഒന്നും പോയിരുന്ന് എഴുതാനാകില്ല. വീട്ടിലെ എഴുത്തുമുറിയാണ് പ്രിയം. എവിടെപ്പോയാലും എത്രയും വേഗം വീട്ടിലെത്തണം എന്നതാണ് മോഹം. ’’

തയാറാക്കിയത്: വി.ജി.നകുൽ

ഇല്ലസ്ട്രേഷൻ: ജയൻ