Thursday 26 November 2020 03:32 PM IST

ചിത്രകാരനായ ആ വി.ജി മുരളീകൃഷ്ണൻ മുരളി ഗോപിയാണ്! സിനിമാക്കാർ ഒന്നിച്ച പുസ്തകത്തിന്റെ കഥയുമായി അനന്തപത്മനാഭൻ

V.G. Nakul

Sub- Editor

a2

ഒരു ‘സിനിമാ പുസ്തക’ത്തെക്കുറിച്ച് പറയാം. ‘സിനിമാ പുസ്തക’മെന്നാൻ, സിനിമയെക്കുറിച്ചോ, സിനിമാ സംബന്ധിയായ വിഷയങ്ങളിലേതെങ്കിലുമൊന്നിനെക്കുറിച്ചോ എഴുതിയതല്ല. ഇതൊരു കഥാപുസ്തകമാണ്. 10 കഥകളുടെ സമാഹാരം. പേര് – ‘ഇനിയും നഷ്ടപ്പെടാത്തവർ’. അപ്പോൾ ‘സിനിമാ പുസ്തകം’ എന്നു വിശേഷിപ്പിച്ചതെന്തിനെന്ന് സ്വാഭാവികമായും ചോദിക്കാം. അതിനുള്ള മറുപടിയാണ് കൗതുകം. അതായത്, ‘ഇനിയും നഷ്ടപ്പെടാത്തവർ’ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ് വിഖ്യാത ചലച്ചിത്രകാരനും സാഹിത്യകാരനുമായ പി.പത്മരാജന്റെ മകൻ‌ അനന്തപത്മനാഭനാണ്. മലയാളത്തിലെ ശ്രദ്ധേയരായ യുവ കഥാകൃത്തും തിരക്കഥാകൃത്തുമാണ് അദ്ദേഹം. മാത്രമല്ല, ഈ പുസ്തകത്തിന്റെ നിർമാണത്തിൽ ചില സുപ്രധാന റോളുകളിൽ മലയാള സിനിമയിൽ സ്വന്തം പ്രതിഭ അടയാളപ്പെടുത്തിയ മറ്റു ചിലരുമുണ്ട്.

ചിത്രത്തിന്റെ കവർ ഡിസൈൻ ചെയ്തതും കഥകൾക്ക് ചിത്രം വരച്ചതും മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്താണ്. ആ കവർ ചിത്രം പകർത്തിയത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നിശ്ചല ഛായാഗ്രാഹകരിൽ ഒരാളും. പിൻ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമാകട്ടെ, ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളുടെ മനോഹരമായ ക്ലിക്കും. അവർ യഥാക്രമം വി.ജി മുരളീകൃഷ്ണൻ, എൻ.എൽ ബാലകൃഷ്ണൻ, വേണു എന്നവരാണ്. വിസ്മയത്തിനൊപ്പം ഒരു സംശയം വീണ്ടും ബാക്കിയാകുന്നു, ആരാണ് ഈ വി.ജി മുരളീകൃഷ്ണൻ ? ആലോചിച്ച് മിനക്കെടേണ്ട. നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപിയാണ് ഈ ചിത്രകാരൻ. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വി.ജി മുരളീകൃഷ്ണൻ എന്നാണെന്ന് പലർക്കും ഇപ്പോഴും അറിയില്ലെന്നു മാത്രം.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പി. പത്മരാജന്റെയും എഴുത്തുകാരി രാധാലക്ഷ്മിയുടെയും മകനാണ് അനന്തപത്മനാഭൻ‌. അച്ഛന്റെ വഴിയെ, എഴുത്തിലേക്കും മാധ്യമപ്രവർത്തനത്തിലേക്കും സിനിമയിലേക്കുമായിരുന്നു അദ്ദേഹത്തിന്റെയും യാത്ര. ചെറുപ്പത്തിൽ എഴുത്തിന്റെ ലോകത്തെത്തി, യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയമായ ഇടമുറപ്പിച്ച അദ്ദേഹം ‘ഓഗസ്റ്റ് ക്ലബ്’, ‘കാറ്റ്’ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായി.

അനന്തപത്മനാഭന്റെ ആദ്യ പുസ്തകമാണ് 10 കഥകളുടെ സമാഹാരമായ ‘ഇനിയും നഷ്ടപ്പെടാത്തവർ’. 1999 നവംബറിൽ ഡി.സി ബുക്സ് ആണ് ആദ്യ പതിപ്പായി പുസ്തകം പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ, 21 വർഷത്തിനു ശേഷം ആ പുസ്തകത്തിനു പിന്നിലെ കൗതുകങ്ങളെക്കുറിച്ച് അനന്തപത്മനാഭന്‍ ‘വനിത ഓൺലൈന്‍ – ബുക്ക് സ്റ്റോറി’യിൽ മനസ്സ് തുറക്കുന്നു.

‘‘19 വയസ്സു മുതലൊക്കെ എഴുതിയ കഥകളാണ് ‘ഇനിയും നഷ്ടപ്പെടാത്തവരി’ ൽ സമാഹരിച്ചിരിക്കുന്നത്. അക്കാലത്ത് 10 കഥകളാണ് ഒരു കഥാസമാഹാരത്തിന്റെ സാമാന്യ കണക്ക്. പ്രസാധകരെ സമീപിച്ചപ്പോൾ അവർ സമ്മതിച്ചു. ചുരുങ്ങിയ കാലത്തിനിടെ അതിന്റെ 2000 കോപ്പികൾ വിറ്റു. അക്കാലത്ത് ഒരു പുതിയ കഥാകൃത്തിന്റെ പുസ്തകം അത്രയും കോപ്പികൾ അച്ചടിക്കാറില്ല. എന്നിട്ടും കഴിഞ്ഞ 21 വർഷത്തിനിടെ അതിനൊരു രണ്ടാം പതിപ്പ് ഉണ്ടായില്ല. പലപ്പോഴായി പല പ്രസാധകരും താൽപര്യം പ്രകടിപ്പിച്ചപ്പോഴും ഞാൻ ശ്രമിച്ചില്ല എന്നും പറയാം. അതിലെ പല കഥകളും ഇപ്പോൾ വായിക്കുമ്പോള്‍ അപക്വമാണെന്ന് തോന്നാറുണ്ട്. അതുമാകാം...എങ്കിലും ആ കഥകളൊക്കെ ഇപ്പോഴും ഓർക്കുന്നവരും ഇഷ്ടപ്പെടുന്നവരുമുണ്ടെന്നത് സന്തോഷം’’. – അനന്തപത്മനാഭന്‍ പറഞ്ഞു തുടങ്ങി.

മുരളി എന്ന ചിത്രകാരൻ

ഞാനും മുരളിയും തമ്മിലുള്ള സൗഹൃദം നാല് വയസ്സിൽ തുടങ്ങിയതാണ്. അക്കാലം മുതൽ എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവൻ ഒപ്പമുണ്ട്. രണ്ടു പേരും എഴുതിത്തുടങ്ങിയ കാലം മുതൽ പരസ്പരം അഭിപ്രായങ്ങൾ പറയുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അവൻ മികച്ച കഥാകൃത്തും ചിത്രകാരനുമൊക്കെയാണ്. ‘രസികർ‌ സോദനൈ’, ‘മുരളീ ഗോപിയുടെ കഥകൾ’ എന്നീ പേരുകളിൽ അവന്റെ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

a3

മുന്‍പ് കലാകൗമുദിയിൽ വന്ന എന്റെ ഒരു കഥയ്ക്ക് മുരളി ചിത്രം വരച്ചിരുന്നു. അത് അവന് ഇഷ്ടമുള്ള ഒരു കാര്യമായതിനാൽ പുസ്തകത്തിൽ വരയ്ക്കാമോ എന്ന് ചോദിച്ചു. അവൻ സമ്മതിച്ചു. അന്നവൻ ഇന്ത്യൻ എക്സ്പ്രസിൽ ജോലി ചെയ്യുകയാണ്. പുസ്തകത്തിന്റെ കവറും അവനാണ് ചെയ്തത്.

ആ ചിത്രങ്ങൾക്ക് പിന്നിൽ

കവർ ചിത്രം പകർത്തിയത് എൻ.എൽ ബാലകൃഷ്ണൻ ചേട്ടനാണ്. മുരളിയുടെ ആശയമായിരുന്നു അത്. ഉണങ്ങിയ ഇലകൾക്കിടയിൽ ഒരു പച്ച ഇല. ‘ഇനിയും നഷ്ടപ്പെടാത്തവർ’ എന്ന പേരിൽ തെളിയുന്ന പ്രതീക്ഷയുടെ പ്രതിഫലനം പോലെയായിരുന്നു അത്. ഒരു വൈകുന്നേരം കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്ത് നിന്നാണ് ആ ചിത്രം എടുത്തത്. കുടുംബവുമായി അടുപ്പമുള്ള ആൾ എന്ന നിലയിൽ ബാലകൃഷ്ണൻ ചേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം വന്ന് ഞങ്ങൾ പറഞ്ഞ പോലെ ഒരു ചിത്രം എടുത്തു തരികയായിരുന്നു.

a6

വേണുച്ചേട്ടൻ എന്റെ ആ ഫോട്ടോ പുസ്തകത്തിന് വേണ്ടി എടുത്തതല്ല. ഞാൻ ഒരു ഇംഗ്ലീഷ് ട്രാവൽ മാസികയുടെ കേരള കറസ്പോണ്ടന്റായി ജോലി ചെയ്യുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ചു നടത്തിയ ഒരു കായൽ യാത്രയ്ക്കിടെ പകർത്തിയതാണ്. പിന്നീട് അത് പുസ്തകത്തിൽ ഉപയോഗിക്കുകയായിരുന്നു.

അവതാരികയും പ്രകാശനവും

പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എം.സുകുമാരനാണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു ചെറിയ കുറിപ്പ് എഴുതിത്തന്നു. മറ്റാർക്കും വേണ്ടി അദ്ദേഹം ഒരു അവതാരിക എഴുതിയതായി അറിയില്ല.

a7

‘അക്ഷര നക്ഷത്രങ്ങൾ അവനു കാവലാവട്ടെ! വേറിട്ടു വളരാനും വേറിട്ടു പടരാനും അവനു കഴിയട്ടെ! പൂക്കണം, കായ്ക്കണം, കനികളുതിർക്കണം, ഇത്രയും ഒരു നാസ്തികന്റെ പ്രാർത്ഥന!’ എന്നാണ് ‘നാസ്തികന്റെ പ്രാർത്ഥന’ എന്ന ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്.

ക്ഷണിക്കാതെ വന്ന അതിഥികള്‍

എറണാകുളത്ത് കലാപീഠത്തിൽ വച്ച്, സി.രാധാകൃഷ്ണന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് കൊടുത്താണ് ‘ഇനിയും നഷ്ടപ്പെടാത്തവർ’ പ്രകാശനം ചെയ്തത്. ആ ചടങ്ങിൽ ഞാൻ ക്ഷണിക്കാതെ വന്ന 2അതിഥികളുണ്ടായിരുന്നു – ലാൽ ജോസും രഞ്ജൻ പ്രമോദും. ജോൺ പോളിനൊപ്പമാണ് അവർ വന്നത്. ലാൽ ജോസ് നല്ല വായനക്കാരനാണ്. എന്റെ ചില കഥകൾ അദ്ദേഹം മുന്‍പേ വായിച്ചിട്ടുണ്ട്.

a8

മാറി നിന്ന 17 വർഷങ്ങൾ

ഈ പുസ്തകത്തിന് ശേഷം മൂന്ന് നാല് കഥകൾ കൂടി എഴുതിയെങ്കിലും പിന്നീട് എഴുത്തിൽ ദീർഘമായ ഒരു ഇടവേള വന്നു. 2002 ന് ശേഷം ഞാൻ വീണ്ടും എഴുതുന്നത് 2019ൽ ആണ്. ആ സമയത്ത് മാനസികമായി കഥയെഴുത്തില്‍ നിന്നു വിട്ടു നിൽക്കുകയായിരുന്നു. മനസ്സിൽ പല കഥകളും വന്നെങ്കിലും ഒന്നും എഴുതിയില്ല. ആ കഥകളാണ് അടുത്ത കാലത്ത് എഴുതി, ഭാഷാ പോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ചത്. ജോലി സംബന്ധമായി കൊച്ചിയിലേക്കുള്ള സ്ഥലം മാറ്റമാണ് എഴുത്തിലെ റീ സ്റ്റാർട്ടിന് കാരണമായത്.

a4

അച്ഛനും ഞാനും

സാഹിത്യത്തിലും സിനിമയിലും എന്റെ എഴുത്ത് അച്ഛന്റെ എഴുത്തുമായി എപ്പോഴും താരതമ്യം ചെയ്യപ്പെടാറുണ്ട്. സിനിമയിലാണ് അത് കൂടുതൽ. കഥകളിൽ അച്ഛന്റെ എഴുത്തുമായി ബന്ധമില്ലാത്ത തരം ആശയങ്ങളും പശ്ചാത്തലങ്ങളുമാണ് ഞാൻ ഉപയോഗിക്കാറ്. വായനക്കാരും സ്വതന്ത്ര്യമായ ഒരു നിലപാടാണ് സ്വീകരിക്കുക.

ഇപ്പോൾ ഒരു പുതിയ പുസ്തകത്തിനുള്ള കഥകൾ ആയിട്ടുണ്ട്. ഒരു നോവലെറ്റും ഉണ്ട്. പ്രസാധകർ തയാറാണെങ്കിലും എന്റെ മടി കാരണം നീണ്ടു പോകുന്നു. എങ്കിലും വൈകാതെ പുതിയ പുസ്തകം വരും. തയാറാകുന്ന മറ്റൊരു പുതിയ പുസ്തകം അച്ഛനെക്കുറിച്ചെഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്.

പ്രിയപ്പെട്ടവർ

മലയാളത്തിലെ ‘കംപ്ലീറ്റ് റൈറ്റർ’ എന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടം എം.ടി വാസുദേവൻ നായരെയാണ്. അദ്ദേഹം എന്തെഴുതിയാലും വായിക്കാൻ രസമാണ്. മറ്റു പ്രിയപ്പെട്ടവർ സി.രാധാക‍‍ൃഷ്ണനും ഒ.വി വിജയനും അച്ഛനുമാണ്. അച്ഛന്റെ രചനകളിൽ പ്രിയ കഥ ‘ഓർമ’യും നോവൽ ‘പ്രതിമയും രാജകുമാരി’യുമാണ്. രണ്ടും അച്ഛന്റെ അവസാന കാല രചനകളായിരുന്നു.

a5

ഇനിയും നഷ്ടപ്പെടാത്തവർ’ അനന്തപത്മനാഭൻ സമർപ്പിച്ചിരിക്കുന്നത് പി.പത്മരാജനാണ്.

കഥ പറച്ചിലിന്റെ ചങ്ങലയിലെ മുൻകണ്ണിക്ക്...എന്റെ അച്ഛന്...’ എന്ന ഹൃദയത്തിൽ തൊടുന്ന വാചകത്തിലൂടെ...