Tuesday 01 June 2021 12:26 PM IST

രണ്ട് ഭാഷയിലെ രണ്ട് എഴുത്തുകാർ ചേർന്ന്, രണ്ട് ഭാഷയിൽ ഒരു നോവൽ! ‘വെൺതരിശു നിലങ്ങൾ’ ഒരു അപൂർവ പരീക്ഷണം: എഴുത്തുകാരി പറയുന്നു

V.G. Nakul

Sub- Editor

anju-sajith-1

രണ്ടു പേർ ചേർന്ന് ഒരു നോവൽ എഴുതുന്നത് പുതുമയല്ല. മലയാളത്തിലും ലോകസാഹിത്യത്തിലാകെയും അത്തരം പരീക്ഷണങ്ങള്‍ ധാരാളമുണ്ട്. എന്നാൽ രണ്ടു പേർ ചേർന്ന്, രണ്ട് ഭാഷകളിലാണ് ഒരു നോവലെഴുതുന്നതെങ്കിലോ ? അതിൽ പുതുമയുണ്ട്. ആ പുതുമയാണ് ‘വെൺതരിശു നിലങ്ങൾ’.

മലയാളത്തിലെയും തമിഴിലെയും രണ്ട് എഴുത്തുകാർ ഒന്നിച്ച് എഴുതുന്ന ആദ്യ നോവലാണ് ‘വെൺതരിശു നിലങ്ങൾ’. തമിഴിൽ ‘വെൺതരിശു നിലം’. മലയാളത്തിലെ യുവ എഴുത്തുകാരി അ‍ഞ്ജു സജിത്തും തമിഴ് കവി ബോ.മണിവണ്ണനുമാണ് ഭാഷയുടെ അതിരുകള്‍ താണ്ടുന്ന ഈ പരീക്ഷണ നോവലിസ്റ്റുകൾ.

മലയാളത്തെയും തമിഴിനെയും ഇണക്കി ചേർത്ത്, ഇരു ദേശത്തു നിന്നും ഒരു നോവൽ ജനിച്ചിരിക്കുന്നു എന്നും പറയാം.

‘‘തമിഴ് കവിയായ മണിവണ്ണന്റെ കവിത മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ ഫെയ്സ്ബുക്കിൽ പരിചയപ്പെടുകയായിരുന്നു. ലോക്ഡോൺ കാലഘട്ടത്തിനു തൊട്ടുമുൻപായിരുന്നു. തുടർന്ന് അദ്ദേഹം തമിഴ് കവിതകളെക്കുറിച്ച് വളരെയേറെ സംസാരിക്കുകയും ആ സൗഹൃദം വളരുകയും ചെയ്തു. ഞാൻ കുറേയേറെ മലയാളം കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ ഒരു കൂട്ടായ രചനയെ പറ്റി ചിന്തിക്കുന്നത്’’.– ‘വെൺതരിശു നിലങ്ങൾ’ പിറന്ന കഥ അഞ്ജു സജിത്ത് ‘ബുക്ക് സ്റ്റോറി’ യോടു പറഞ്ഞു തുടങ്ങിയതിങ്ങനെ.

രണ്ടു ഭാഷകളിലായി രണ്ടെഴുത്തുകാർ ആദ്യമായി എഴുതിയ നോവൽ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ‘വെൺതരിശു നിലങ്ങൾ’ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിരിക്കുകയാണ് ഇവർ.

‘‘ലോക്ക് ഡൌൺ കാലഘട്ടത്തിൽ ധാരാളം സമയം ഉള്ളതിനാൽ ഞങ്ങൾ ഒരു ശ്രമം നടത്താം എന്ന് തീരുമാനിച്ചു. അത് ഇന്ത്യൻ ബുക്ക് റെക്കോർഡിലേക്ക് നൽകാമെന്നു കരുതിയല്ല ചെയ്തു തുടങ്ങിയത്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ കലാകാരന്മാർ നേരിടുന്ന ഏകാന്തതയും മാനസിക സംഘർഷവും പരസ്പരം കുറയ്ക്കുന്നതിന് വേണ്ടി സ്വയം കണ്ടെത്തിയ ഒരു മാർഗ്ഗം മാത്രമാണ്’’. – അഞ്ജു പറയുന്നു.

വോയിസ് നോട്ടുകളിൽ വികസിച്ച നോവൽ

എനിക്ക് തമിഴും അദ്ദേഹത്തിനും മലയാളവും കേട്ടാൽ മനസ്സിലാകും എന്നല്ലാതെ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഞങ്ങൾ ഒന്നിച്ച് ഒരു നോവൽ എഴുതാം എന്നു തീരുമാനിച്ചതോടെ, കഥ ചർച്ച ചെയ്തതും ആശയം രൂപപ്പെടുത്തിയതും ഇംഗ്ലീഷിൽ ആണ്. എഴുതാൻ തുടങ്ങിയപ്പോൾ, ആദ്യഭാഗങ്ങൾ അദ്ദേഹം തമിഴിൽ എഴുതി, എല്ലാ ദിവസവും എഴുതിയതത്രയും എനിക്ക് വോയിസ് നോട്ടുകൾ ആയി അയച്ചു തരും. ആ വോയിസ് നോട്ടുകളിലൂടെ കഥയുടെ പുരോഗതി ഞങ്ങൾ വിലയിരുത്തി. അദ്ദേഹം 7 അധ്യായങ്ങൾ എഴുതി. ബാക്കി 5 അധ്യായങ്ങൾ ഞാനും. ഞാനും എഴുതുന്ന ഭാഗങ്ങൾ അദ്ദേഹത്തിന് വോയിസ് നോട്ടുകൾ ആയി അയക്കുമായിരുന്നു.

ഒടുവില്‍ ഭാഷ പഠിച്ചു

ഇതൊരു പുസ്തകം ആക്കുന്നതിനെ പറ്റി ആലോചിച്ചപ്പോൾ ഉയർന്നു വന്ന പ്രധാന പ്രശ്നം ആദ്യ ഭാഗം തമിഴിലും രണ്ടാം ഭാഗം മലയാളത്തിലും ആണെന്നുള്ളതാണ്. ഇരു ഭാഷകളും അറിയുന്നവർക്ക് മാത്രമേ ഈ പുസ്തകം വായിക്കുവാൻ സാധിക്കുകയുള്ളൂ എന്ന പരിമിതി ഉണ്ടെന്നതിനാൽ, ഞങ്ങൾ ഒരു വിവർത്തകനെ സമീപിച്ച് നോവൽ അതാതു ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് മലയാളത്തിലും തമിഴിലും പുസ്തകമാക്കാൻ തീരുമാനിച്ചു.

അപ്പോൾ മണിവർണ്ണന്റെ ആശയമായിരുന്നു നമ്മൾ തന്നെ എന്തുകൊണ്ട് ഇത് വിവർത്തനം ചെയ്തു കൂടാ എന്നത്. പക്ഷേ, ഏറ്റവും വലിയ പരിമിതി ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം ആ ഭാഷകൾ അറിയില്ല എന്നുള്ളതാണ്. ഒടുവിൽ ഞങ്ങൾ ആ ഭാഷ പഠിക്കാൻ തീരുമാനിച്ചു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഞാൻ തമിഴ് എഴുതാനും വായിക്കാനും പഠിക്കുകയും അദ്ദേഹം മലയാളം പഠിക്കുകയും ചെയ്തു.

anju-sajith-2

തുടർന്ന് അദ്ദേഹം എഴുതിയ അധ്യായങ്ങൾ ഞാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഞാൻ എഴുതിയ അധ്യായങ്ങൾ അദ്ദേഹം തമിഴിലേക്കും. തുടർന്ന് കൃത്യമായി എഡിറ്റ് ചെയ്ത് പൂർത്തിയാക്കി. ഇത്രയും രസകരമായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടതിനെക്കുറിച്ച് ഓർത്തപ്പോഴാണ് ഇത്തരമൊന്ന് മുൻപ് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചത്. ഞങ്ങളുടെ അന്വേഷണ പരിധിയിൽ അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല എന്ന് അറിഞ്ഞപ്പോഴാണ് നോവൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലേക്ക് സമർപ്പിച്ചത്. ഞാനും മണിവർണ്ണനും ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

കേരളവും തമിഴകവും നിറയുന്ന രചന

മണിവർണ്ണൻ എഴുതിയ ആദ്യ അധ്യായങ്ങൾ പൂർണ്ണമായും തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്റെ കഥയാണ്. ഞാനെഴുതിയ ഭാഗങ്ങൾ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാമ്പുഴക്കരി എന്ന പ്രദേശവുമായി ബന്ധപ്പെട്ടതാണ്. മണിവർണ്ണൻ ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന, തമിഴ്നാടിനെ കുറിച്ചുള്ളതും കർഷകനെ കുറിച്ചുള്ളതുമായ വർണ്ണനകൾ എടുത്തു പറയേണ്ടതാണ്.

നീലഗിരി സ്വദേശിയാണ് ബോ. മണിവർണ്ണൻ. ഊട്ടിയിൽ സർക്കാർ ആർട്സ് കോളജിൽ അധ്യാപകൻ ആയി ജോലി ചെയ്യുന്നു. ഇതിനോടകം 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷോർട് ഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 15ൽ പരം അവാർഡുകൾ നേടി.

അഞ്ജു സജിത്ത് പാലക്കാട് സ്വദേശിനിയാണ്. കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. പദ്മ സംഭവ (കഥകൾ), അസിംവാരണമി (നോവെല്ലകൾ), കിനാര (നോവെല്ല-ഹിന്ദി) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. യൂണികോഡ് സെൽഫ് പബ്ലിഷിങ് ആണ് മലയാളത്തിൽ ‘വെൺ തരിശുനിലങ്ങൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.