Wednesday 21 December 2022 12:45 PM IST

‘ഒരു വിഗ്രഹവുമുടയ്ക്കാൻ ഞാൻ വിചാരിച്ചിട്ടില്ല, ഞെട്ടൽ ഉണ്ടാകുമായിരിക്കും’: ‘1980’ ചർച്ചയാകുമ്പോൾ: അൻവർ അബ്ദുള്ള പറയുന്നു

V.G. Nakul

Sub- Editor

anvar-abdullah-1

1980 നവംബർ 16 മലയാളികൾ മറക്കില്ല. ആരാധകരെ ചലച്ചിത്രമേഖലയെയും തീരാവേദനയിലേക്കു തള്ളിയിട്ടു, ഷൂട്ടിംഗിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളത്തിന്റെ സൂപ്പർതാരം ജയൻ കൊല്ലപ്പെട്ട ദിവസം!

പ്രശസ്തിയുടെയും താരപ്രൗഢിയുടെയും ഉയരത്തിൽ നിൽക്കേയായിരുന്നു 41 വയസ്സിൽ അദ്ദേഹത്തിന്റെ മടക്കം...മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുകളിലൊരാളായ അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കുവാനോ ഉൾക്കൊള്ളുവാനോ ആയിട്ടില്ലെന്നതാണു സത്യം...

ജയന്റെ മരണശേഷം അതൊരു കൊലപാതകമാണെന്ന തരത്തിൽ പടർന്ന അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുൾപ്പടെ പലരെയും വേദനിപ്പിക്കുന്നതായിരുന്നു. സിനിമാരംഗത്തുള്ള പല പ്രമുഖരും കള്ളക്കഥകളിൽ പ്രതിസ്ഥാനത്തെത്തി. ജയൻ മരിച്ചിട്ടില്ലെന്നും അമേരിക്കയിൽ ഒളിച്ചു ജീവിക്കുന്നുവെന്നും കഥകൾ പരന്നു. പലരും ഇത്തരം പ്രചരണങ്ങൾ ഊതി വലുതാക്കി പുസ്തകങ്ങളുമെഴുതി. ജയന്റെ മരണശേഷം തിയറ്ററുകളിലെത്തിയ, അദ്ദേഹം നായകനായ ചിത്രങ്ങളിൽ പലതും വലിയ വിജയങ്ങളായതും മറക്കാവുന്നതല്ല.‍

ഇപ്പോഴിതാ, ജയനെ ഓർമിപ്പിക്കുന്ന ജഗന്‍ ശങ്കര്‍ എന്ന നടന്റെ മരണവും അതൊരു കൊലപാതകമെന്ന സംശയത്തിനു പിന്നാലെയുള്ള അന്വേഷണവുമൊക്കെയായി ഒരു നോവൽ എത്തിയിരിക്കുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിലൊരാളായ അൻവർ അബ്ദുള്ളയുടെ ‘1980’ എന്ന കുറ്റാന്വേഷണ നോവലാണ് ഈ കഥ പറയുന്നത്.

‘1980’ല്‍, ജഗന്‍ ശങ്കര്‍ എന്ന സൂപ്പര്‍ താരം ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. ആ ദുരന്തം നടന്നു 38 വര്‍ഷത്തിനു ശേഷം ജഗന്റെ ഒരു കടുത്ത ആരാധകനായ കൃഷ്ണന്‍ കുട്ടി ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിനെ കാണാനെത്തുന്നു. ജഗന്റേത് ഒരു അപകട മരണമല്ലെന്നും അദ്ദേഹത്തെ അപായപ്പെടുത്തിയതാണെന്നുമാണ് കൃഷ്ണൻകുട്ടിയുടെ വിശ്വാസം. അതൊന്നു അന്വേഷിക്കണം. ആദ്യം നിസാരമായി തള്ളിക്കളഞ്ഞെങ്കിലും പിന്നീടാ ആവശ്യം പെരുമാള്‍ ഏറ്റെടുക്കുന്നു. ഇതാണു കഥാഗതി.

കുറ്റാന്വേഷണ നോവലെഴുത്തിലെ ഇത്തരമൊരു പരീക്ഷണത്തെക്കുറിച്ച് അൻവർ അബ്ദുള്ള ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സൂപ്പർതാരം ആരാണെന്ന് എല്ലാവർക്കുമറിയാം. അപ്പോൾ പേരു മാറ്റി അവതരിപ്പിച്ചാലും താരതമ്യം വരുമെന്നത് സ്വാഭാവികമാണല്ലോ. അതൊരു വിവാദത്തിന്റെ സാധ്യതയും സൃഷ്ടിച്ചേക്കാം. എഴുത്തുവേളയിൽ അത്തരമൊന്നു പ്രതീക്ഷിച്ചോ ?

വിവാദത്തിന്റെ സാദ്ധ്യത മാത്രമല്ല ബാദ്ധ്യതയും ഇത്തരം സന്ദർഭത്തിൽ ഉണ്ട്. സത്യത്തിൽ അത്തരം കാര്യങ്ങളാലോചിച്ചാൽ എഴുതാൻ കഴിയില്ല. എഴുതുമ്പോൾ നമ്മൾ അപാര ധീരരാണ്. എഴുതിക്കഴിഞ്ഞ്, ഒരു പക്ഷേ, ആളുകൾ ഇങ്ങനെ ചോദിച്ചു തുടങ്ങുമ്പോൾ ഞാനും ആ സാദ്ധ്യതയെക്കുറിച്ചും ബാദ്ധ്യതയെക്കുറിച്ചും ആലോചിക്കുന്നു. എന്നാലും ഇത് ഹെലികോപ്ടർ അപകടത്തിൽ മരിച്ച ‘എല്ലാവർക്കുമറിയാവുന്ന’ നടന്റെ ആട്ടോഫിക്ഷനല്ല. ആ സംഭവത്തിന്റെ പ്രേരണയുണ്ട്. ആ സംഭവം നമ്മുടെയെല്ലാം പൊതുവനുഭവമാണ്. ഒരു മോഡേൺ മിത്ത് അല്ലെങ്കിൽ മാസ് കൾട്ട്. ആ അർത്ഥത്തിൽ എനിക്കും അവകാശമുള്ള അനുഭവ സഞ്ചയമാണത്. എന്നാലും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആളുകളെ അപമാനിക്കാനോ അവഹേളിക്കാനോ ആർക്കും അവകാശമില്ല. അത് അണുമാത്ര പോലും ഞാൻ ചെയ്തിട്ടുമില്ല. വസ്തുതകൾക്കു മേൽ തന്നെയല്ലേ ഏതിടത്തും സാഹിത്യഭാവന പ്രവർത്തിക്കുക ? ഇവിടെയും അതു തന്നെ. ഉദ്ദേശ്യശുദ്ധിയോടല്ലാതെ ‘1980’ ൽ ഒരു വരി പോലും എഴുതിയിട്ടില്ല.

anvar-abdullah-3

ഇത്രയധികം വാർത്താപ്രാധാന്യം നേടിയ, ഇത്തരമൊരു യഥാർഥ സംഭവത്തെ നോവലാക്കാം എന്ന ആലോചനയ്ക്ക് പിന്നിൽ ?

നേരത്തേ പറഞ്ഞ സൂപ്പർ താരം മരിക്കുമ്പോൾ എനിക്ക് അഞ്ചുവയസ്സാണ്. ഓർമയുറച്ചപ്പോൾ മുതൽ ഞാൻ ആ സംഭവത്തിന്റെ പല വേർഷൻസ് കേട്ടുവളർന്നു. നോവലിൽ പറയുന്ന, കടുത്ത ജയൻ ആരാധകനായ, കൃഷ്ണൻകുട്ടിയും ആ കടയും പടങ്ങളും എല്ലാം യാഥാർത്ഥ്യമാണ്. 1995 ലാണ് ആ മരണത്തിന്റെ പിന്നിലെ ഒരു കെട്ടുകഥ / കേട്ടുകഥ വാപ്പിച്ച ഒരു രാത്രി യാത്രയിൽ പറയുന്നത്. എന്റെ ആദ്യകഥ അപ്പോഴേക്കും ഒരു പ്രമുഖ വാരികയിൽ വന്നതിനാൽ എഴുത്തുകാരനാകും എന്നുറപ്പു തോന്നിയ കാലമാണത്. എഴുതണമോ എന്നു നിശ്ചയമില്ലാതെ കോപ്ടർ അപകടത്തിൽ മരിച്ച നടനെക്കുറിച്ചുള്ള കഥകൾ വളരെ വർഷങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു. പത്തുവർഷത്തോളമുള്ള ഇടവേളയ്ക്കു ശേഷം എഴുത്തിലേക്കു തിരിച്ചുവരാൻ, മലയാളിയുടെ പൊതു ഓർമയുടെ ഭാഗമായലിഞ്ഞ ആ സംഭവം എടുക്കാമെന്നു കരുതി. ആയിടെ വാപ്പിച്ച മരിച്ചു പോയി എന്നതും അതിനൊരു കാരണമായി. യഥാർത്ഥ സംഭവവുമായുള്ള പൊക്കിൾക്കൊടിബന്ധം നോവലിനു ശ്രദ്ധ നൽകുമെന്നു കരുതുകയും ചെയ്തു.

പല യഥാർഥ മനുഷ്യരെയും താരങ്ങളെയും ഓർമിപ്പിക്കുന്നു മിക്ക കഥാപാത്രങ്ങളും ?

അത് ശരിയാണ്. അവരുടെ പേരും പ്രകൃതവും ഒരു ബന്ധവുമില്ലാത്തതാക്കാൻ കഴിയുമായിരുന്നു. ജഗനു പകരം നരേന്ദ്രനെന്നും പ്രേം ഫിറോസിനു പകരം സുലൈമാൻ ഖാൻ എന്നുമൊക്കെ ഇടാമായിരുന്നു. പക്ഷേ, ഇത് നമ്മുടെ ജനപ്രിയ സിനിമയുടെ ട്രാൻസിഷൻ പിരിയഡിന്റെ പാരലൽ ഹിസ്റ്ററിയും ഫിക്ഷനൽ ഹിസ്റ്ററിയും ആകണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതു നന്നായെന്നാണ് വായിച്ചവർ പറയുന്നത്. കഥാപാത്രങ്ങൾക്ക് ചരിത്രപരമായുള്ള സാമ്യങ്ങൾ അവരെ ഹോണ്ടിങ് റീഡിങ്ങിനു വിധേയരാക്കുന്നുവെന്നാണു മനസ്സിലാകുന്നത്. എന്റെ ‘1980’ ലെ ഒരു ചരിത്രാസ്പദവ്യക്തി പോലും ഭാവനാമുക്തരല്ല എന്നു പറയേണ്ടതുണ്ട്. എണ്ണമറ്റ ഭാവനാ കഥാപാത്രങ്ങളുമുണ്ടു താനും

‘1980’ എഴുതുവാന്‍ വേണ്ടി വന്ന ഗവേഷണങ്ങൾ എങ്ങനെയായിരുന്നു ? എന്തൊക്കെയായിരുന്നു ?

ഞാൻ സിനിമയുടെ ചരിത്രം പൊതുവേയും നുറുങ്ങുവിവരങ്ങൾ ധാരാളമായും അറിയാവുന്ന, ഓർത്തിരിക്കുന്ന ഒരാളാണ്. അതിനാൽ വലിയ ഗവേഷണമൊന്നും വേണ്ടിവന്നിട്ടില്ല. ജയന്റെ പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ്സിനിമയടക്കം കുറേ പടങ്ങൾ ഓടിച്ചു കണ്ടു. കോളിളക്കം ക്ലൈമാക്സ് ആവർത്തിച്ചു കണ്ടു. യൂട്യൂബിൽ ഉള്ള അനേകം വിഡിയോകളും അഭിമുഖങ്ങളും കണ്ടു. ജയനെക്കുറിച്ചുള്ള എസ്.ആർ. ലാലിന്റെ ‘ജയന്റെ അജ്ഞാത ജീവിതം’ എന്ന നോവൽ വായിച്ച്, എന്റെ കഥാഗതിയുമായി ഒരു ബന്ധവുമില്ലെന്നുറപ്പുവരുത്തി. കേവലവിവര ശേഖരണത്തിനപ്പുറം ഒരു റിസർച്ചുമില്ല. റിസർച്ചു ചെയ്താൽ നോവലെഴുതാൻ പറ്റില്ല. വിവരങ്ങളുടെ അപൂർണ്ണതയിലാണ് നോവലിരിക്കുന്നത്.

എത്രകാലം കൊണ്ട് എഴുതിത്തീർത്തു ?

അതിവേഗം എഴുതുന്ന ഒരാളാണു ഞാൻ. ഇടവേളയിട്ടാൽ എഴുത്തു നിന്നു പോകും. ടൈപ്പു ചെയ്യാറാണ് പതിവ്. മുൻനോവലുകൾക്ക് അഞ്ച് - ആറ് ദിവസങ്ങളാണ് എടുത്തത്. ആ നിലയ്ക്ക് ഈ നോവൽ കൂടുതൽ സമയമെടുത്തു. 12 - 14 ദിവസങ്ങൾ കൊണ്ടാണിത് പൂർത്തിയായത്.

‘നോവലിലെ കഥാപാത്രങ്ങൾക്ക് ജീവിതത്തിലെ വാർപ്പുമാതൃകകളെ മനസ്സിൽ കാണുമ്പോൾ പല വിഗ്രഹങ്ങളും ഉടയുന്ന കാഴ്ച വായനക്കാരിൽ ഞെട്ടലുണ്ടാക്കാം’ എന്നൊരു കുറിപ്പ് നോവലിനെക്കുറിച്ച് വന്നു. റിസ്കല്ലേ ?

റിസ്കാണ്. പ്രത്യേകിച്ച് വിഗ്രഹാരാധന ജീവിതത്തിന്റെ ഭാഗമായ നമ്മുടെ സമൂഹത്തിൽ. ഒരു വിഗ്രഹവുമുടയ്ക്കാൻ ഞാൻ വിചാരിച്ചിട്ടില്ല. വിഗ്രഹഭഞ്ജകശേഷി തരിമ്പുമില്ല. ഞെട്ടൽ ഉണ്ടാകുമായിരിക്കും. പക്ഷേ, അത് ജീവിതമെന്ന വലിയ സത്യത്തെ പാളിക്കണ്ടുണ്ടാകുന്ന ഞെട്ടലാണെന്ന് അവരിൽ സമചിത്തർ തിരിച്ചറിഞ്ഞുകൊള്ളും. അല്ലാത്തവർ പിന്നീട് സമചിത്തരായിക്കൊള്ളും.

anvar

മലയാളത്തിൽ ഡിറ്റക്ടീവ് രചനകൾക്ക്, അല്ലെങ്കിൽ ക്രൈം ടാഗിലുള്ള നോവലുകൾക്ക് വലിയ വിപണിയുള്ള കാലമാണ് ഇപ്പോൾ. ആ വിപണിയാണോ താങ്കളെയും പ്രചോദിപ്പിക്കുന്നത് ?

വിപണി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. പക്ഷേ, അതേ പോലെ തന്നെ വിപണിയെ ഞാനും പ്രചോദിപ്പിക്കുന്നുണ്ട്. അതു കൂടിക്കൂടിവന്ന് എന്റെ പ്രചോദനം കൊണ്ട് വിപണിക്ക് നിൽക്കക്കള്ളിയില്ലാതാവണമെന്നാണ് എന്റെ എളിയ ആഗ്രഹം.

താങ്കൾ സൃഷ്ടിച്ച ഡിറ്റക്ടീവ് പെരുമാൾ അടുത്ത ദൗത്യവുമായി ഇനിയും വരുമോ ?

ഡിറ്റക്ടീവ് പെരുമാൾ ചിത്തവിമുക്തനാണ്. വരുന്നതും വരാത്തതും അദ്ദേഹത്തെ തീണ്ടുകയില്ല. ഡിറ്റക്ടീവ് പെരുമാൾ ഇപ്പോൾ ആളുകളുടെ ആനന്ദാഗ്രഹത്തിന്റെ ഭാഗമാണ്. എത്ര തവണ അദ്ദേഹം വരണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവോ അത്രയും തവണ ഡിറ്റക്ടീവ് ശിവ് ശങ്കർ പെരുമാൾ എന്ന പെരുമാൾ വരിക തന്നെ ചെയ്യും. അത്രയും തവണ മാത്രം. നോട്ടെ റ്റൈം മോർ; നോട്ടെ റ്റൈം ലെസ്. മരിയ റോസും ടി.കെ.സുജിത്തും അർഷദ് അഹമ്മദും വിശ്വനാഥനുമെല്ലാം പറയുന്നു: പെരുമാൾ ഓരോ കേസ് കഴിയുന്തോറും കൂടുതൽ ആവേശമുണർത്തുന്നുവെന്ന്. ജയന്റെ നാട്ടുകാരനായ, ആരാധകനായ ഒരു പ്രേംകുമാർ ‘1980’ വായിച്ചിട്ട് വിളിച്ചിരുന്നു. എന്റെ മിക്ക നോവലുകളും വായിച്ചിട്ടുണ്ടത്രേ അദ്ദേഹം. സംഭാഷണത്തിൽ പെരുമാളിനെ പരാമർശിച്ചപ്പോഴെല്ലാം പെരുമാൾ സാർ എന്നാണു പ്രേംകുമാർ പറഞ്ഞത്. അതെന്നെ ആശ്ചര്യപ്പെടുത്തി, ആഹ്ലാദിപ്പിച്ചു. പെരുമാൾ എന്ന കഥാപാത്രം ഏടുവിട്ടെണീൽക്കുന്നു എന്നാണെനിക്കപ്പോൾ തോന്നിയത്. സിറ്റി ഓഫ് എമ്മിലെ സൊനാലി ശ്രീവാസ്തവയും മരണത്തിന്റെ തിരക്കഥയിലെ ലീലാ റോസ് പാനങ്ങാടനും കംപാർട്മെന്റിലെ രചനയും പെരുമാൾ അങ്കിളെന്നാണ് പെരുമാളിനെ ഇപ്പോൾ വിളിക്കുന്നത്. ആർക്കെങ്കിലുമൊക്കെ അങ്കിളായും സാറായും ഏട്ടനായും അനുഭവപ്പെടുമെങ്കിൽ പെരുമാൾ അനവരതം ആവർത്തിക്കുക തന്നെ ചെയ്യും.