Tuesday 05 April 2022 02:01 PM IST

‘അരവിന്ദന്റെ മിക്ക സിനിമകളും പതിനേഴ് വയസിനുള്ളിൽ ഞാൻ കണ്ടു കഴിഞ്ഞിരുന്നു’: ഒടുവിൽ ‘അരവിന്ദം’ പിറന്നു

V.G. Nakul

Sub- Editor

rakesh-nath-new-1

ജി.അരവിന്ദൻ മലയാള സിനിമയുടെ നവഭാവുകത്വ ശിൽപ്പികളിൽ പ്രമുഖനാണ്. ഏറെക്കുറെ ആഘോഷപരിധികൾക്കുള്ളിൽ കുടുങ്ങിക്കിടന്ന മലയാളത്തിന്റെ ദൃശ്യഭാഷാ സംസ്ക്കാരത്തെ മറ്റൊരു തലത്തിലേക്കും നിലവാരത്തിലേക്കും ഉയർത്തിക്കൊണ്ടു പോയ പ്രതിഭയാണ് അദ്ദേഹം. ‘ഉത്തരായനം’ മുതൽ ‘വാസ്തുഹാര’ വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതസംവിധായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ഈ മൗലികപ്രതിഭയ്ക്കുള്ള അക്ഷരാഞ്ജലിയാണ് യുവകഥാകൃത്തും ചലച്ചിത്രഗവേഷകനുമായ രാകേഷ്നാഥിന്റെ

‘അരവിന്ദം’ എന്ന കാവ്യം. മലയാളത്തിൽ ആദ്യമായാകും ഒരു ചലച്ചിത്ര സംവിധായകനെക്കുറിച്ചുള്ള ദീർഘ കാവ്യം പുസ്തകരൂപത്തിലെത്തുന്നത്.

‘‘ജി. അരവിന്ദൻ എന്ന സംവിധായകനിലേക്കുള്ള എന്റെ സ്വപ്നാവസ്ഥയിൽ നിന്നുണർന്നുവന്ന ദർശന സാഫല്യമായിരിക്കണം അരവിന്ദം എന്ന കാവ്യം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്’’.- ‘അരവിന്ദം’ എന്ന കാവ്യത്തിലേക്ക് തന്നെ നയിച്ച പ്രേരണകളെക്കുറിച്ച് രാകേഷ് നാഥ് ‘വനിത ഓൺലൈൻ – ബുക്ക് സ്റ്റോറി’യോട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘അരവിന്ദൻ സിനിമകൾ ഇഷ്ടമാണെന്നറിഞ്ഞ എന്നെ മനോരമ പത്രാധിപ സമിതിയംഗം യശ:ശരീരനായ എം.കെ. മാധവൻ നായർ സാറാണ് അരവിന്ദൻ ജനിച്ച കോട്ടയത്തെ വീട്ടിൽ 2008 ൽ കൊണ്ടുപോയത്. ഫോട്ടോഗ്രാഫർ സനൽ വേളൂരുമുണ്ടായിരുന്നു. അത് കഴിഞ്ഞ് നിർമ്മാതാവ് സേതു സാറിനേയും പരിചയപ്പെടുത്തി. അരവിന്ദനൊപ്പമുള്ള യാത്രാനുഭവങ്ങൾ സേതു സാറ് എന്നോട് പങ്കു വെച്ചു’’. – രാകേഷ് തുടരുന്നു.

rakesh-nath-new-3

പരീക്ഷണം

2013 ൽ കലാപൂർണ്ണ മാസികയുടെ ആദ്യ ഓണപ്പതിപ്പിൽ ഒരു പിടി നല്ല ഇല്ലസ്ട്രേഷനോടെ അരവിന്ദായനം എന്ന പേരിൽ ദീർഘമായ ഈ കാവ്യം പ്രസിദ്ധീകരിച്ചു. അത്രയും പേജ് കവിതക്കായി മാറ്റിവെയ്ക്കുമോ എന്ന് ഞാൻ ശങ്കിച്ചിരുന്നു. എന്നാലതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കലാപൂർണ്ണ എഡിറ്ററും ചിത്രകാരനുമായ ജെ. ആർ. പ്രസാദ് കാവ്യം പ്രസിദ്ധീകരിച്ചു. അതോടെ നല്ല പ്രതികരണങ്ങളും വന്നു തുടങ്ങി. ഒരു ചലച്ചിത്രകാരനെപ്പറ്റി കവിതകൾ വന്നിട്ടുണ്ട് എങ്കിലും ഒരു കാവ്യ പുസ്തകം മലയാളത്തിൽ ആദ്യമായിട്ടായിരിക്കാം എന്ന് തോന്നി. ഒരു പക്ഷേ അരവിന്ദന്റെ സൃഷ്ടികളെല്ലാം കവിതയുടെ അബോധ തല സഞ്ചാരവുമായി ഏറെ ബന്ധമുണ്ടെന്ന് തോന്നിക്കാണണം.

കാവ്യരചനയ്ക്കു പിന്നിൽ

ഒൻപതാം ക്ലാസ് കഴിഞ്ഞ വേനലവധിക്കാലത്താണ് ‘കാഞ്ചനസീത’ ഞാനാദ്യം കാണുന്നത്. എന്തുകൊണ്ടോ സിനിമ പൂർണ്ണമായും മനസിലായില്ലെങ്കിലും ദൃശ്യങ്ങൾ മനസിൽ ഉറച്ചു കിടന്നു. മലപ്പുറം ജില്ലയിൽ കുന്തിപ്പുഴയുടെ തീരത്തെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് ക്ലാസിക് സിനിമകൾ തേടിപ്പോവാൻ വഴിയില്ല. പക്ഷേ എന്നെത്തേടി ക്ലാസിക്കുകൾ എല്ലാം വന്നു എന്ന രീതിയിൽ ജീവിതരേഖയിലൂടെ ഞാൻ നടന്നു. അരവിന്ദന്റെ മിക്ക സിനിമകളും പതിനേഴ് വയസിനുള്ളിൽ ഞാൻ കണ്ടു കഴിഞ്ഞിരുന്നു. പിന്നീട് നല്ല സിനിമയുടെ കാഴ്ചയ്ക്കു പിന്നിൽ അരവിന്ദൻ - അടൂർ സിനിമകളുടെ കാഴ്ചാനുഭവത്തിന്റെ അടിത്തറയുണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം 2010 ൽ ഉറവ സാംസ്കാരിക വേദിയുടെ അരവിന്ദൻ അനുസ്മരണ യോഗത്തിൽ ഒരു ആശംസ പ്രഭാഷണം നടത്താനായി സംഘാടകൻ ഇ.വി.റെജി എന്നെ ക്ഷണിച്ചിരുന്നു. എൻ.എൽ. ബാലകൃഷ്ണനാണ് മുഖ്യാതിഥി. പരിപാടിയുടെ തലേ ദിവസം രാത്രിയിൽ ഞാൻ പ്രഭാഷണത്തിനായി തയ്യാറെടുക്കവേ വീട്ടിലെ ആകാശവാണിയിലൂടെ ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരി കേട്ടു. എന്റെ എഴുത്തുമുറിയിൽ ആ സംഗീതം ഒഴുകിപ്പരന്നു. ആ ധ്യാനത്തിൽ അതുവരെ മനസ്സിലുണ്ടായിരുന്ന അരവിന്ദനെക്കുറിച്ചുള്ള ഖരാവസ്ഥയിലുള്ള പ്രഭാഷണവാക്കുകൾ എല്ലാം ദ്രാവകാവസ്ഥയിൽ ഒഴുകാൻ തുടങ്ങി. കാവ്യദേവതയെ ഉപാസിച്ചു. ‘അരവിന്ദായനം’ എന്ന കാവ്യരചന പിറക്കുകയായിരുന്നു.

ദാർശനികനായ ഒരു കവി കൂടിയായ അരവിന്ദനെക്കുറിച്ച് അരവിന്ദന്റെ ചലച്ചിത്ര രചനകളെക്കുറിച്ച് ഒരു കാവ്യം എഴുതാതിരിക്കുവതെങ്ങിനെ ?

rakesh-nath-new-2

കാവാലത്തിന്റെ അനുഗ്രഹം

‘അരവിന്ദം’ എന്ന കാവ്യം പുസ്തകമാക്കണമെന്ന് നിർബന്ധിച്ചതും ഇ.വി.റെജിയായിരുന്നു. തൃശൂർ മതിലകം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. 2016 ജനുവരിയിൽ ‘അരവിന്ദം’ പുസ്തകമായപ്പോൾ പ്രകാശനം ചെയ്തത് കാവാലം നാരായണപ്പണിക്കർ സാറായിരുന്നു. സാറിനത് ഇഷ്ടപ്പെട്ടു. പരീക്ഷണം കാണിക്കുന്നവരെ എനിക്ക് പണ്ടേ ഇഷ്ടമാണ് എന്നു കണ്ടപ്പോൾ ആദ്യം പറഞ്ഞു. അരവിന്ദനെക്കുറിച്ച് ഒരുപാടു സമയം സംസാരിച്ചു. ഒരു സിനിമ ചെയ്യണമെന്നു അനുഗ്രഹിച്ചു.

2016 ൽ നെടുമുടി വേണു ഒരു പുസ്തക പ്രകാശനവേളയിൽ ‘അരവിന്ദം’ എന്ന ഈ കാവ്യത്തെപ്പറ്റി വാചാലമായത് എന്നെ അത്ഭുതപ്പെടുത്തി. മാങ്ങാട് രത്നാകരൻ, സക്കറിയ എന്നീ പ്രഗല്ഭരെല്ലാം ഈ കാവ്യരചനയെ അഭിനന്ദിച്ചു. വി.കെ. ശ്രീരാമൻ സാറാകട്ടെ അരവിന്ദന്റെ കഥാപാത്രമായ രാമുവിനെക്കുറിച്ചുള്ള ഒരു രേഖാചിത്രം എനിക്കയച്ചു തന്നു.

അരവിന്ദനെ ഇഷ്ടപ്പെടുന്നവരെല്ലാം ‘അരവിന്ദം’ എന്ന കാവ്യത്തെയും ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സന്തോഷം. അരവിന്ദായനം സഫലമാണെന്നറിയുന്നു.