Friday 05 February 2021 11:10 AM IST

ജീവിക്കാൻ 11 വയസ്സിൽ എച്ചില്‍ പാത്രമെടുത്തു, ദുരിതത്തിൽ കൂട്ടായത് പുസ്തകങ്ങൾ! മലയാളത്തിന്റെ യുവകവി തെരുവിൽ ഓറഞ്ച് വിൽക്കുന്നു

V.G. Nakul

Sub- Editor

ashraf-d-rasi

‘ഏഴു മുറികളില്‍ കവിത’ വായിച്ച്, കവിയെ തിരക്കിയിറങ്ങിയാൽ എത്തുക തെരുവിലാണ്. അപ്പോൾ കവിതയല്ല, തിരുവനന്തപുരം നഗരത്തിന്റെ വഴിയോരത്ത്, കടൽ വറ്റിക്കുന്ന വെയിലിനെ തൊൽപ്പിക്കാനെന്നോണം ‘ആപ്പിള്‍ രണ്ടു കിലോ നൂറേ... മൂന്നു കിലോ ഓറഞ്ച് നൂറേ...മുന്തിരിങ്ങ കിലോ എൺപതേ... ’ എന്ന നീട്ടിവിളിയാണ് കേൾക്കുക.

ഇത് അഷ്റഫ് ഡി റാസി അഥവാ റാസി.ഡി.റാസി എന്ന കവിയുടെ കഥയാണ്. ജീവിതത്തോട് പൊരുതി ജയിക്കാൻ പെടാപ്പാടു പെടുന്ന ഒരു ചെറുപ്പക്കാരന്റെ, അയാളുടെ കവിതകളുടെയും വായനാഭ്രാന്തിന്റെയും അതിജീവനത്തിന്റെയും കഥ.

അഷ്റഫ് ഡി റാസി അഥവാ റാസി.ഡി.റാസി – മലയാളത്തിലെ ശ്രദ്ധേയനായ യുവകവി. പ്രമുഖ ആനുകാലികങ്ങളിലുൾപ്പടെ കവിതകൾ എഴുതുന്നു. ‘ഏഴു മുറികളില്‍ കവിത’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ‘ധംറു’ എന്ന തൂലികാനാമത്തിലായിരുന്നു എഴുത്ത്. ഒരു കാലത്ത് സജീവമായി എഴുതുകയും പിന്നീട് പൂർണമായും അപ്രത്യക്ഷനാകുകയും ചെയ്ത ‘ധംറു’ അഷ്റഫ് ഡി റാസി ആണെന്ന് പലർക്കും ഇപ്പോഴും അറിയില്ല.

ashraf-d-rasi-1

തെരുവാണ് അഷ്റഫിന്റെ ലോകം. ഇപ്പോൾ പഴക്കച്ചവടമാണ് തൊഴിൽ. ലഭിക്കുന്ന ദിവസവേതനത്തിന്റെ കൂടുതൽ പങ്കും ചെലവഴിക്കുക പുസ്തകങ്ങള്‍ വാങ്ങാൻ. തരംതിരിവുകളില്ലാതെ, മലയാളത്തിലിറങ്ങുന്ന, ലഭ്യമാകുന്നിടത്തോളം എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളും വായിക്കും. സ്വന്തമായി ഒരു വലിയ പുസ്തക ശേഖരം അഷ്റഫിനുണ്ട്. പലതും ജീവിത യാത്രയ്ക്കിടെ, വാടക വീടുകൾ മാറുമ്പോൾ നഷ്ടമായി. കുറേയധികം പലർക്കായി സമ്മാനിച്ചു.

‘‘തിരുവനന്തപുരത്തെ കരിമഠം കോളനിയിലാണ് ‍ഞാൻ ജനിച്ചത്. ദുരിതത്തിലായിരുന്നു കുട്ടിക്കാലം. അതിനിടയിലെപ്പോഴോ എഴുത്തും വായനയും ഒപ്പം ചേരുകയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, ദാരിദ്രത്തെ തോൽപ്പിക്കാൻ തൊഴി‍ൽ തേടിയിറങ്ങി. ഉമ്മയെയും അനിയനെയും പോറ്റണമായിരുന്നു. വാപ്പയുടെ രണ്ടാം ഭാര്യയായിരുന്നു ഉമ്മ. അതിന്റെ പ്രശ്നങ്ങൾ എക്കാലവും വേട്ടയാടിയിരുന്നു. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ക്യാന്റീനില്‍ എച്ചില്‍ പാത്രമെടുത്തും മേശതുടച്ചുമായിരുന്നു തുടക്കം. അതു കണ്ട നാരായണൻ നായർ എന്ന അധ്യാപകൻ എന്നെ വീണ്ടും സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പക്ഷേ, പത്താം ക്ലാസിൽ തോറ്റു. തുടർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

പിന്നീട് ബസിൽ ക്ളീനർ, സ്കൂളിലെ പ്യൂൺ, ചാലക്കമ്പോളത്തിൽ സെയിൽസ്മാൻ, ഫുട്പാത്തിൽ ചെരുപ്പ് കച്ചവടം തുടങ്ങി പല തൊഴിലുകളും ചെയ്തു. ഇപ്പോള്‍ ഫ്രൂട്സ് കച്ചവടം. അതിനിടെ ജീവിക്കാനും പൊരുതാനുമുള്ള ഔഷധം പോലെ കവിതയും വായനയും ഒപ്പം കൊണ്ടു നടക്കുന്നു’’.– ജീവിതത്തെ ഭയമില്ലാത്തവന്റെ പൊട്ടിച്ചിരിയോടെ അഷ്റഫ് പറയുന്നു.

ashraf-d-rasi-2

‘‘കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മാത്രമല്ല, ഇഷ്ടപ്പെട്ട പുസ്‌കതങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താൻ കൂടിയാണ് ഞാൻ പണിയെടുക്കുന്നത്. ഞാന്‍ ലോകത്തെ അറിഞ്ഞത് വായനയിലൂടെയാണ്. എനിക്ക് കിറുക്കാണെന്ന് പറയുന്നവരുണ്ട്. അവർക്കറിയില്ലല്ലോ, ഈ കിറുക്കുകളാണ് എന്റെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നതെന്ന്’’. – എം.കെ സാനു എഡിറ്ററായ ‘മലയാള ഭാഷയും സാഹിത്യ ചരിത്രവും’ എന്ന പുസ്തകത്തില്‍ ഇടംപിടിച്ച യുവകവി പറയുന്നു.

കവിതകൾ ധാരാളം വായിക്കും. വായിച്ച ശേഷം എഴുത്തുകാരെ ബന്ധപ്പെടും. അഭിപ്രായങ്ങള്‍ പറയും. മലയാളത്തിലെ പല പ്രശസ്ത എഴുത്തുകാരുമായും അഷ്റഫിന് അടുത്ത സൗഹൃദമാണ്. പലരും പലപ്പോഴും അഷ്റഫിനെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്തിട്ടുമുണ്ട്.

‘‘2013ല്‍ പരിധി പബ്ലിക്കേഷന്‍സ് ആണ് ‘ഏഴ് മുറികളില്‍ കവിത’ പ്രസിദ്ധീകരിച്ചത്. 21 കവിതകള്‍ അടങ്ങിയ സമാഹാരം. ചാലയിൽ ഞാൻ പണിയെടുത്ത കടയുടെ മുന്നിൽ വച്ച് കവി പഴവിള രമേശൻ ജി.ആർ ഇന്ദുഗോപന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. 2013 നു ശേഷം എഴുതിയവയും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയുമെല്ലാം ചേർത്ത് പുതിയ കവിതാ സമാഹാരത്തിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ’’. – അഷ്റഫ് പറയുന്നു.

ashraf-d-rasi-3

പണിത്തിരക്കൊഴിയുമ്പോഴും രാത്രി ഉറക്കത്തെ മാറ്റിനിർത്തിയുമൊക്കെയാണ് എഴുത്തും വായനയും. പലപ്പോഴും തിരക്കിനിടെ മനസ്സിൽ തോന്നുന്നത് തുണ്ടു കടലാസിൽ കുറിച്ചു വയ്ക്കും. പിന്നീട് പൂർത്തിയാക്കും. പല കവിതകളും ആദ്യമെഴുതുന്നതു തന്നെയാണ് പ്രസിദ്ധീകരിക്കുക. അപൂർവം ചിലതേ മാറ്റിയെഴുതാറുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ഫെയ്സ്ബുക്കിൽ കവിതകളും കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. കൂടുതലും വായിച്ച പുസ്തകങ്ങളെക്കുറിച്ചും പരിചയപ്പെട്ട മനുഷ്യരെക്കുറിച്ചുമാണ്.

ഉമ്മ നൂര്‍ജഹാനും അനിയനും അനിയന്റെ ഭാര്യയും മകള്‍ നൂറയുമടങ്ങുന്നതാണ് കുടുംബം.