Saturday 16 January 2021 12:56 PM IST

ഏറെ കൊതിച്ചിരുന്നു അദ്ദേഹം, ആ പുസ്തകം പുറത്തിറങ്ങുന്ന ദിവസത്തിനായി...! ‘തൊരക്കാരത്തി’ വന്നതറിതാതെ സതീശൻ പോയി

V.G. Nakul

Sub- Editor

ctv-1

‘തൊരക്കാരത്തി’ വന്നു- തന്റെ എഴുത്തുകാരനില്ലാത്ത ലോകത്തേക്ക്... ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തം പുസ്തകം ഒരു നോക്കു കാണും മുമ്പേ, അതിന്റെ താളുകൾ മറിക്കുമ്പോഴുള്ള പുത്തൻ മണം ആസ്വദിക്കും മുമ്പേ ടി.സി.വി സതീശൻ എന്ന എഴുത്തുകാരന്‍ മരണത്തിലേക്കിറങ്ങിപ്പോയി...

‘ബുക്ക് സ്റ്റോറി’യുടെ ഈ ഭാഗം ‘തൊരക്കാരത്തി’ യെക്കുറിച്ചും സി.ടി.വി സതീശന്റെ ജീവിതത്തിൽ വിധി കരുതി വച്ച, ഏതു സാഹിത്യസൃഷ്ടിയെയും തോൽപ്പിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സിനെക്കുറിച്ചുമാണ്.

‘തൊരക്കാരത്തി’ എന്ന നോവൽ സ്വന്തം എഴുത്തുജീവിതത്തിലെ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലായിരുന്നു ടി.സി.വി സതീശൻ. വലിയ ആവേശത്തോടയാണ് ‘തൊരക്കാരത്തി’ യുടെ പുസ്തക രൂപത്തിനായി അദ്ദേഹം കാത്തിരുന്നതും. എന്നാൽ പെട്ടെന്നൊരുന്നാൾ അദ്ദേഹത്തെ മരണം മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അറിഞ്ഞവർക്കാർക്കും ഇപ്പോഴും വിശ്വസിക്കുവാനാകാത്ത മടക്കം...

ctv-2

പട്ടാമ്പി ലോഗോസ് ബുക്സ് ആണ് ‘തൊരക്കാരത്തി’യുടെ പ്രസാധകർ.

‘‘അദ്ദേഹം പോയി രണ്ടു മാസങ്ങൾ പിന്നിടുമ്പോൾ പുസ്തകം വായനക്കാരെ തേടിയെത്തിയിരിക്കുന്നു. ഈ കൃതിക്ക് ലഭിക്കുന്ന ഓരോ വായനയും ആ നല്ല മനുഷ്യന്റെ, എഴുത്തുകാരന്റെ ആത്മാവിനുള്ള ആദരവായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, അതു കാണാൻ സതീശേട്ടനില്ലല്ലോ എന്നോർക്കുമ്പോൾ...’’– ലോഗോസ് ബുക്സിന്റെ സാരഥി അജിത്ത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

മലയാളി വായനക്കാർക്ക് സുപരിചിതനാണ് ടി.സി.വി സതീശൻ. കണ്ണൂരിലെ അന്നൂരിൽ ആലുംമൂടാണ് സ്വദേശം. ‘ശിവകാശി പടക്കങ്ങൾ’,‘രാത്രിമഴ പെയ്തിറങ്ങുകയാണ്’ എന്നീ കഥാസമാഹാരങ്ങളും ‘പെരുമാൾപുരം’ എന്ന നോവലുമാണ് പ്രധാന കൃതികൾ. ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു. സാംസ്ക്കാരിക ലോകത്തും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായിരുന്നു.‘തൊരക്കാരത്തി’ മലയാളത്തിലെ പ്രമുഖ വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച കാലത്തു തന്നെ വായനക്കാരുടെ അഭിനന്ദനങ്ങൾ നേടിയതാണ്.

‘‘നവംബർ 5 വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹം ഞങ്ങളെ വിട്ടു പോയത്. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങിയതാണ്. പന്ത്രണ്ടരയോടെ എഴുന്നേറ്റു. ഒരു ചുമ വന്നു. നന്നായി വിയർത്തു. ചൂടുവെള്ളം കൊടുത്തെങ്കിലും കുടിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ പോകണം എന്നു പറ‍ഞ്ഞു. പെട്ടെന്ന് ബന്ധുക്കളെത്തി, ആശുപത്രിയിലെത്തിച്ചു. കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് നടന്നാണ് കയറിയത്. പക്ഷേ...ഹൃദയാഘാതമായിരുന്നു. പോകുമ്പോൾ അദ്ദേഹത്തിന് 58 വയസ്സേ ഉണ്ടായിരുന്നുള്ളല്ലോ...’’.– പ്രിയപ്പെട്ടവന്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ നല്ലപാതി ശ്രീജയുടെ വാക്കുകളിൽ സങ്കടത്തിന്റെ കടലിരമ്പി.

ctv-3

‘‘ഫാർമസിയാണ് പഠിച്ചത്. പിന്നീട് എൽ.ഐ.സി ഏജന്റായി. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എഴുതിയിരുന്നെങ്കിലും പിന്നീട് നിർത്തി. അടുത്തിടെയാണ് വീണ്ടും എഴുതിത്തുടങ്ങിയത്. സജീവമായിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളൂ. ‘തൊരക്കാരത്തി’ പുസ്തകമായി കാണാന്‍ വലിയ ആഗ്രഹമായിരുന്നു. വീണ്ടും വീണ്ടും മിനുക്കിയെടുത്തുകൊണ്ടിരുന്നു. മരിക്കുന്ന ദിവസം പോലും അതിന്റെ സന്തോഷം എന്നോടു പങ്കുവച്ചതാണ്’’.– ശ്രീജ ആ ദിവസത്തിന്റെ നടുക്കുന്ന ഓർമകളിലേക്കു മടങ്ങിപ്പോയി.

ctv4

തീർത്ഥയും സ്വാതിയുമാണ് സതീശന്റെ മക്കൾ. ഞായറാഴ്ച ബാംഗ്ലൂരിൽ മൂത്ത മോളുടെ അടുത്തേക്കു പൊകാന്‍ തയാറെടുത്തിരുന്നു. അതിനിടെയാണ് പാതിയായ നോവൽ പോലെ ആ ജീവിതം അവസാനിച്ചത്.

‘‘സാധുവായിരുന്നു സതീശേട്ടൻ. ‘തൊരക്കാരത്തി’ പുസ്തകമാകുന്നതിന്റെ ആവേശത്തിലായിരുന്നു. നോവലിന്റെ ഫൈനൽ പ്രൂഫ് നോക്കി, വേണ്ട തിരുത്തുകൾ രാവിലെ പറയാം എന്നു മരിക്കുന്നതിന്റെ തലേദിവസം രാത്രി 11 മണിക്ക് എനിക്ക് മെസേജ് അയച്ചിരുന്നു. ഡിസൈനർ രാജേഷ് ചാലോടിനെയും മരിക്കുന്നതിന്റെ തലേന്ന് വിളിച്ച് കവറിനെക്കുറിച്ച് സംസാരിച്ചിരുന്നു. പിറ്റേന്ന് രാവിലെ കേൾക്കുന്നത് അദ്ദേഹം പോയി എന്നാണ്. ഇപ്പോഴും ആ ഞെട്ടൽ മാറുന്നില്ല’’.– ലോഗോസിന്റെ പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ എൻ.ബി സുരേഷ് പറയുന്നു.

ctv5

‘എല്ലാം മൂടിക്കെട്ടിയ നാട്ടിൽ കവികൾ മാത്രം സത്യസന്ധരാവേണ്ട കാര്യമുണ്ടോ ?’.– മരിക്കുന്നതിന്റെ തലേദിവസം സതീശൻ അവസാനമായി എഴുതിയ ഈ വരി ഇപ്പോഴും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് വാളിലുണ്ട്, ഓർമകളുടെ നെരിപ്പോടു പോലെ...