ADVERTISEMENT

പ്രശസ്ത അമേരിക്കൻ കവയിത്രിയും സാഹിത്യ നിരൂപകയും എഡിറ്ററുമായിരുന്ന ഹാരിയറ്റ് മൺറോ 1860 ഡിസംബർ 23നു ചിക്കാഗോയിൽ ജനിച്ചു. 1912 - ൽ ‘പോയട്രി: എ മാഗസിൻ ഓഫ് വേഴ്‌സ് ’ എന്ന മാസിക ആരംഭിച്ചു. അതിന്റെ എഡിറ്ററുമായിരുന്നു. കവികളായ വാലസ് സ്റ്റീവൻസ്, എസ്ര പൗണ്ട്, ടിഎസ് എലിയറ്റ് , വില്യം കാർലോസ് വില്യംസ്, കാൾ സാൻഡ്ബർഗ്, മാക്സ് മൈക്കൽസൺ തുടങ്ങിയവരുടെ ആദ്യകാല കവിതകൾ ‘പോയട്രി’യിലാണ് പ്രസിദ്ധീകരിച്ചത്. അങ്ങനെ, ആധുനിക കവിതയുടെ വികാസത്തിൽ മൺറോ സുപ്രധാന പങ്ക് വഹിച്ചു. 1936 സെപ്റ്റംബർ 26 നു അവർ അന്തരിച്ചു.

ഹാരിയറ്റ് മൺറോയുടെ ഏറെ ശ്രദ്ധേയമായ കവിതയാണ് ‘Lullaby’. ഈ കവിത ‘താരാട്ട്’ എന്ന പേരിൽ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ അൻവർ അബ്ദുള്ള മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് താഴെ വായിക്കാം.

ADVERTISEMENT

താരാട്ട് – ഹാരിയറ്റ് മണ്‍റോ

എന്‍ കുഞ്ഞേ മന്ദം ഉറങ്ങൂ - പുഷ്പ

ADVERTISEMENT

ജാലം, പാവകള്‍ക്കുമൊപ്പം

എന്നാദ്യജാതാ ഉറങ്ങു - മന്ദം

ADVERTISEMENT

കൂരിരുള്‍നീള്‍നേരമാകെ

നീ ദൂരെയെങ്ങാന്‍ ഉണര്‍ന്നാല്‍ - ഞാനും

കൂടെയലഞ്ഞുതിരിയാം

നീ ദൂരെയോടിക്കളിച്ചാല്‍ - എന്റെ

ചിത്തം നിൻ പിന്നാലെ പോരും

എന്റെ കുരുന്നേ ഉറങ്ങു - മന്ദം

നിദ്രയില്‍ നീ പുഞ്ചിരിക്കൂ

ഇങ്ങിച്ചെംപനീര്‍ മുകുളം - എല്ലാം

നിന്റെ കിടയ്ക്കയ്ക്കു വേണ്ടി

ഞാന്‍ കരയില്ല ചിരിക്കൂ - നമ്മൾ‍

വാക്കുറപ്പിച്ചതുമല്ലേ

ഇല്ലാ നിനക്കു ഭയവും - പിന്നെ

എന്തിന്നെനിക്കൊരു പേടി

നീയെത്ര നേരം ഉറങ്ങും - അത്ര

നേരവും നിന്നുടെ ചാരെ

ഞാനുണ്ട് നമ്മള്‍ക്കു വേണ്ടാ - തമ്മിൽ‍

മിണ്ടിപ്പറച്ചിൽ‍, കരച്ചിൽ‍

മന്ദമുറങ്ങൂ എന്‍ പൊന്നേ - നമ്മെ

ആവില്ലവര്‍ക്കു പിരിക്കാൻ‍

നിത്യമെന്‍ നെഞ്ചില്‍ കിടക്കൂ - നിന്റെ

കണ്‍പുരികത്തിലെന്നുമ്മ

സത്യമോ കള്ളമോ ആയ - കിനാ

പ്പൂക്കളാല്‍ മൂടിമറച്ച്

ഇക്കൊച്ചുകല്ലറ വച്ചാല്‍ - തന്നെ

എന്തുള്ളൂ തമ്മില്‍ വ്യത്യാസം

ഞാനും നീയും, നമ്മള്‍ - രണ്ടും

ഒന്നാകെ കേവലം ധീരർ‍

ADVERTISEMENT