ഒരു പുസ്തകപ്രകാശനം എങ്ങനെയായിരിക്കണം ? അതിനു കാലാകാലങ്ങളായി തുടർന്നു വരുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. പ്രധാനമായും ഒരു വേദി വേണം. പുസ്തകം പ്രകാശനം ചെയ്യാൻ ഒരു പ്രശസ്തനോ പ്രശസ്തയോ നിർബന്ധം. ഏറ്റുവാങ്ങാനും അങ്ങനെയൊരാളായാൽ നന്ന്. പുസ്തക പരിചയം, ആശംസ, അധ്യക്ഷൻ, സ്വാഗതം, നന്ദി എന്നിങ്ങനെ വേദി നിറയെ പ്രമുഖർ നിരന്നിരിക്കണം. സദസ്സിലും വേണം ആൾക്കൂട്ടം. കയ്യടി ഉയരണം. ‘ആഹാ...അന്തസ്...’!
പക്ഷേ, രതീഷിന് മേൽപറഞ്ഞ യാതൊരുവിധ ആഡംബരങ്ങളും വേണ്ട. ഒരു അടുക്കളയും സ്വന്തം ഭാര്യയും രണ്ടു മക്കളും മാത്രം മതി, പുസ്തക പ്രകാശനത്തിന്. സ്വന്തം വീട്ടിലെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ’ വച്ച്, നല്ലപാതി വി.എഫ് ബിബിഹയാണ് മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ പ്രമുഖനായ കെ.എസ് രതീഷിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം’ പ്രകാശനം ചെയ്തത്. കാഴ്ചക്കാരായി രണ്ടാളുടെയും മക്കളായ ജോയലും ജോനാഥനും – ‘ലളിതം സുന്ദരം’.

കേരളത്തില്‍ വേറിട്ട പുസ്തകപ്രകാശങ്ങൾ പലതുമുണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമാകും. ചടങ്ങിന്റെ ചിത്രം രതീഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ കണ്ടവർ കണ്ടവർ പറഞ്ഞു തുടങ്ങി – ‘സംഗതി കലക്കി’.
‘‘എന്റെ കഥയിൽ ശരിയായ ട്വിസ്റ്റുകൾ സൃഷ്ടിക്കുന്നത് ഭാര്യ തന്നെയാണ്... അവൾക്ക് അവകാശപ്പെട്ട രാത്രികളും പകലുകളുമാണ് ഞാനിങ്ങനെ കുത്തിയിരുന്ന് എഴുതിത്തീർക്കുന്നത്. കഥയിൽ ഒരിലയനക്കം പോലും വരുത്താതെ കട്ടൻ ചായയും നെറ്റിയിൽ ഉമ്മയും തന്നിട്ട്, പിള്ളാരെയും തൂക്കി അവള് പോകുമ്പോഴുണ്ടാകുന്ന ശാന്ത സമുദ്രത്തിലാണ് ഞാനിങ്ങനെ മുങ്ങിപ്പോകുന്നത്...അതുമാത്രമല്ല, കഥയുടെ മിക്കഭാഗത്തും അവളുടെ നോട്ടവും സംസാരവും ചിലപ്പോൾ അവളുതന്നെ ഉടലോടെയും എഴുതിച്ചേർന്നിരിക്കാറുണ്ട്... അല്ലെങ്കിലും അവരോളം നമ്മുടെ പുസ്തകം ഹൃദയത്തിൽ ചേർക്കാൻ ഭൂമിയിലാർക്കാണ് സാധിക്കുക...’’.– വേറിട്ട പുസ്തക പ്രകാശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ രതീഷ് ‘വനിത ഓൺലൈനോട്’ പറഞ്ഞതിങ്ങനെ.
തിരുവനന്തപുരം ജില്ലയില്‍, കാട്ടക്കട, പന്ത സ്വദേശിയാണ് കെ.എസ്. രതീഷ്. ജി എച്ച് എസ് എസ് നെയ്യാർ ഡാമിൽ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനുമാണ്.

താനെഴുതിയ എതു കഥയെയും തോൽപ്പിക്കുന്നതാണ് രതീഷിന്റെ ജീവിതം. അനാഥാലയത്തില്‍ വളർന്ന ബാല്യം. ദാരിദ്യത്തോടും ഇല്ലായ്മകളോടും പടവെട്ടി, പല തൊഴിലുകൾ ചെയ്ത്, ഉന്നത വിദ്യാഭ്യാസം നേടിയ മനക്കരുത്താണ് രതീഷിലെ എഴുത്തുകാരന്റെയും മനുഷ്യന്റെയും കരുത്ത്.
‘‘എന്റെ കഴിഞ്ഞ പുസ്തകം പ്രകാശനം ചെയ്തത് എന്റെ അമ്മ ടി.സുമംഗലയാണ്. അപ്പനുപേക്ഷിച്ച മൂന്നു മക്കളെയുമെടുത്ത് ജീവിക്കാൻ തുടങ്ങിയ അമ്മയിലാണ് എനിക്ക് കഥയുടെ ആദ്യമുളപൊട്ടിയത്. അനാഥാലയത്തിന്റെ വാതിലിൽ കൊണ്ടുനിർത്തിയിട്ട് അമ്മ കണ്ണീരോടെ പറഞ്ഞു – ‘മോൻ പഠിച്ചു വളർന്ന് എസ് ഐ ആയി... നമ്മളെ പറ്റിച്ച അച്ഛനെ പിടിച്ച് ജയിലിൽ ഇടണം കേട്ടോ, വീട് വയ്ക്കണം കാറ് വാങ്ങി അമ്മയെ മുന്നിലിരുത്തി പന്തക്കാരുടെ മുന്നിലൂടെ സ്പീഡിൽ പോണം...’. വാശിയോടെ സ്വപ്നം കാണാൻ ഇതിലും വലിയ ത്രെഡ് വേണോ...? അതുകൊണ്ട് എന്റെ കഥാസമാഹാരം പ്രകാശനം ചെയ്യാൻ വേറെ ആരെയാണ് ഞാൻ കണ്ടെത്തുക.... അല്ലെങ്കിലും എന്റെ അമ്മയോളം വലിയ കഥാകൃത്തിനെ എനിക്കിതുവരെ കണ്ടെത്താനും കഴിഞ്ഞനില്ലെന്നതാണ് സത്യം... വിശപ്പിനെപ്പോലും മായിച്ചു കളയുന്ന കഥ സാക്ഷൽ ബേപ്പൂർ സുൽത്താൻ പോലും പറഞ്ഞിട്ടില്ല... പിന്നെയും കഥയും കഥാസമാഹാരങ്ങളും ഉണ്ടാകുമല്ലോ ആകെയൊരു അമ്മയല്ലേ ഉള്ളൂ... അതാണ് പുതിയ പുസ്തകം പ്രകാശനം ചെയ്യാനുള്ള അവസരം ഭാര്യയ്ക്ക് നൽകിയത്’’. – രതീഷ് പറയുന്നു.

പാറ്റേൺലോക്ക്, ഞാവൽ ത്വലാഖ്, ബർശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നിവയാണ് രതീഷിന്റെ കഥാസമാഹാരങ്ങൾ. മുഖരേഖ ചെറുകഥാ പുരസ്‌കാരം, ആർട്‌സ് ഗുരുവായൂർ ചെറുകഥാ പുരസ്‌കാരം, പുന്നപ്ര ഫൈൻ ആർട്‌സ് കഥാപുരസ്കാരം, സുപ്രഭാതം കഥാപുരസ്കാരം, ശാന്താദേവി പുരസ്കാരം ,ജോസഫ് കാക്കശ്ശേരി മാസ്റ്റർ കഥാ പുരസ്കാരം, മാനസ കക്കയം കഥാപുരസ്കാരം, യാനം കഥാപുരസ്കാരം , ഗ്രന്ഥാശ്രീ പുരസ്കാരംഎന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും രതീഷിനെ തേടിയെത്തിയിട്ടുണ്ട്.
