Friday 16 September 2022 12:43 PM IST

സിനിമയിലെ സൗഹൃദങ്ങൾ, സഞ്ചാരം: ലാൽജോസിന്റെ ഭൂപടങ്ങൾ പുറത്തിറങ്ങി

Baiju Govind

Sub Editor Manorama Traveller

laljosinte-bhoopadangal-travel-book-manorama-traveller-manorama-books-cover

യാത്രകളിലെ രസകരമായ അനുഭവങ്ങളിൽ ലാൽജോസിനൊപ്പം ഉള്ളത് മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരാണ്. ഒരിക്കൽ നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞു നിൽക്കേണ്ട വന്ന സംഭവം ലാൽജോസ് പറയുന്നത് നാട്ടിൻപുറത്തുകാരന്റെ മനസ്സോടെയാണ്. ആ സംഭവം ഭ്രാന്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം സങ്കടത്തോടെ വെളിപ്പെടുത്തുന്നു.

സംവിധായകൻ ലാൽജോസിന്റെ സിനിമാ ജീവിതത്തിലെ യാത്രാനുഭവങ്ങളുടെ പുസ്തകം ‘ലാൽജോസിന്റെ ഭൂപടങ്ങൾ’ പുറത്തിറങ്ങി. ലൊക്കേഷൻ തിരഞ്ഞുള്ള യാത്രകളും ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളുമാണ് ലാൽജോസ് ഈ പുസ്കത്തിലൂടെ പങ്കുവയ്ക്കുന്നത്. മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ച ലാൽ ജേണീസ് എന്ന പരമ്പരയുടെ പുസ്തകാവിഷ്കാരത്തിൽ സ്വന്തം ജീവിതത്തിന്റെ നാൾവഴികളിലെ മറക്കാനാത്ത സംഭവങ്ങൾ ലാൽജോസ് വെളിപ്പെടുത്തി. മനോരമ ബുക്സാണ് പ്രസാധകർ. എഴുത്ത് മനോരമ ട്രാവലർ പത്രാധിപ സമിതി അംഗം ബൈജു ഗോവിന്ദ്.

അമ്മയുടെ വയറ്റിൽ കിടന്ന് ഒറ്റപ്പാലത്തു നിന്നു തൃശൂരിലെ വലപ്പാട്ടേക്കു നടത്തിയ യാത്രയിലാണ് പുസ്തകം ആരംഭിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി സംവിധായകൻ കമലിനൊപ്പം ജോലി ആരംഭിക്കാൻ സാധിച്ചത് ജീവിതത്തിലെ നാഴികക്കല്ലായി ലാൽജോസ് വിശദീകരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറാവാൻ എത്തിയ നടൻ ദിലീപിന്റെ തുടക്കകാലത്തെ കണ്ണീർക്കഥകളും സൗഹൃദങ്ങളും ലാൽജോസ് വിവരിക്കുന്നുണ്ട്. മമ്മൂട്ടിയുമായുള്ള സ്നേഹബന്ധവും മോഹൻലാലിനെ നായകനാക്കി സിനിമയെടുക്കാൻ പതിനാലു വർഷം കാത്തിരിക്കേണ്ടി വന്നതും യാദൃച്ഛികമായ സംഭവങ്ങളിലൂടെയാണ് ലാൽജോസ് വിവരിക്കുന്നത്. സിനിമയിലെ ആത്മബന്ധങ്ങൾ വെളുപ്പെടുത്തുന്നതിനൊപ്പം പൊയ്മുഖങ്ങൾ തുറന്നു കാട്ടാനും അദ്ദേഹം മടിക്കുന്നില്ല.

lal-jose-new

മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ലൊക്കേഷൻ തേടിയുള്ള യാത്രകളിലെ രസകരമായ അനുഭവങ്ങളിൽ ലാൽജോസിനൊപ്പം ഉള്ളത് മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരാണ്. സിനിമയിലെ സൗഹൃദങ്ങൾ വലുതായതും ഇമോഷണൽ പിടിവലികളുണ്ടായതും അദ്ദേഹം ഈ പുസ്തകത്തിൽ തുറന്നു പറയുന്നു. ഒരിക്കൽ നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞു നിൽക്കേണ്ട വന്ന സംഭവം ലാൽജോസ് പറയുന്നത് നാട്ടിൻപുറത്തുകാരന്റെ മനസ്സോടെയാണ്. ആ സംഭവം ഭ്രാന്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം സങ്കടത്തോടെ വെളിപ്പെടുത്തുന്നു. അത്തരം അനുഭവങ്ങൾ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ പുസ്കത്തിലൂടെ അക്കാര്യം തുറന്നു പറയുന്നതെന്നും ലാൽജോസ് വിശദീകരിച്ചിട്ടുണ്ട്.

യാത്ര ചെയ്യാൻ താൽപര്യമുള്ളവരുടെ സ്വപ്നങ്ങൾക്ക് ലാൽജോസിന്റെ ഭൂപടങ്ങൾ നിറം പകരുന്നു. സിനിമാ മോഹം മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് മികച്ച വഴികാട്ടിയുമാണ്. ഒരു തിരക്കഥ സംവിധായകന്റെ മനസ്സിലൂടെ, അഭിനേതാക്കളുടെ പ്രതിഭയിലൂടെ, സംഗീത സംവിധായകരുടെ ഭാവനയിലൂടെ, ഗായകരുടെ ശബ്ദത്തിലൂടെ, ക്യാമറാമാന്റെയും മറ്റ് അണിയറക്കാരുടെയും ആത്മാർപ്പണത്തിലൂടെ തിയേറ്ററിലെത്തുന്നതിന്റെ ഘട്ടങ്ങൾ അനുഭവങ്ങളുടെ തീച്ചൂളയിലാണ് ലാൽജോസ് പങ്കുവയ്ക്കുന്നത്. യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ലാൻഡ് മാർക്കുകളായി ലാൽജോസ് അടയാളപ്പെടുത്തിയിട്ടുള്ളത് സിനിമയിലെ സൗഹൃദങ്ങളും ബന്ധങ്ങളുമാണ്.

ലാൽജോസിന്റെ ഭൂപടങ്ങൾ വാങ്ങാം:

https://subscribe.manoramaonline.com/content/subscription/bookorderdetails.bookscd.LALJOS.html

https://amzn.eu/d/2uOJGPn