Wednesday 10 May 2023 03:09 PM IST

ഒടുവിൽ അദ്ദേഹം പറഞ്ഞു, ‘ഒന്നുമില്ല എനിക്ക് പുതിയതായി പറയാന്‍’: ഓർമയിൽ എം.സുകുമാരൻ

V.G. Nakul

Sub- Editor

sukumaran

വർഷം – 2017

ഒരു പുസ്തക പ്രകാശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കഥാകൃത്ത് പ്രകാശ് മാരാഹിയോടൊപ്പമാണ് എം.സുകുമാരനെ കാണാന്‍ പോയത്.

വെയിൽ കത്തിയാളുന്ന പകല്‍. വെസ്റ്റ് ഫോർട്ടിലെ പ്രശാന്ത് നഗറിലേക്ക് നടക്കുമ്പോൾ, എന്റെ മനസ്സിൽ എം. സുകുമാരന്റെ കഥകളും കഥാപാത്രങ്ങളും ഒരു ജാഥയിലെന്ന പോലെ ഒന്നിനു പിറകെ ഒന്നായി കടന്നു പോകുകയായിരുന്നു...

പഴക്കത്തിന്റെ പാടുകൾ പതിഞ്ഞ പഴയ ഫ്ലാറ്റ്. അതിന്റെ രണ്ടാം നിലയിലെ ഇടുങ്ങിയ മുറികളുള്ള ചെറിയ വീട്ടിലാണ് എം.സുകുമാരനും കുടുംബവും താമസം. പ്രകാശ് അദ്ദേഹത്തിന്റെ സുഹൃത്താണ്. ഊഷ്മളമായിരുന്നു സ്വീകരണം. അവർ സംസാരം തുടങ്ങുമ്പോഴും ഞ‌ാന്‍ കൗതുകത്തോടെ സുകുമാരനെ ശ്രദ്ധിക്കുകയായിരുന്നു.

ശേഷക്രിയയും, ജനിതകവും, പിതൃതര്‍പ്പണവും, തിത്തുണ്ണിയും, വേപ്പിൻ പഴവുമെഴുതിയയാളുടെ പെരുമാറ്റം ഞാൻ മനസ്സിൽ കണ്ടതു പോലെയായിരുന്നില്ല. ശാന്തമായ ചിരിയും പതിഞ്ഞ സംസാരവും. സഹൃദയനായ ഒരു മനുഷ്യൻ. താനെഴുതിയ കഥകളിലെ വിപ്ലവമോ, ക്ഷോഭമോ ഇല്ലാത്ത ശരീര ഭാഷ. എഴുത്തു നിര്‍ത്തി, പൊതു ചടങ്ങുകളില്‍ നിന്നകന്നു വിശ്രമജീവിതം നയിക്കുന്ന എം.സുകുമാരൻ എഴുത്തിനെക്കുറിച്ചു സംസാരിക്കുമ്പോഴേ മുഖം തിരിക്കുമെന്ന കഥകളാണല്ലോ കേട്ടവയിലേറെയും. എന്നാൽ അതായിരുന്നില്ല സത്യം.

ചായ കുടിക്കുന്നതിനിടേ മടിച്ചു മടിച്ചു ചോദിച്ചു –

ഇനിയൊരിക്കലും ഒന്നും എഴുതില്ലന്നാേണാ തീരുമാനം ?

അദ്ദേഹം ചിരിച്ചു.

ഒരു അഭിമുഖത്തിന്റെ ചുവയില്ല ആ ചോദ്യത്തിനെന്നു തോന്നിയിട്ടാകാം മറുപടി പറഞ്ഞു –

ഏയ്. ഇനിയെന്തെഴുതാന്‍.

അതെന്തേ ?

എന്റെ ആകാംക്ഷ തീർന്നില്ല.

ഒന്നാമത്, എനിക്കൊരു കഥയെഴുതിത്തീര്‍ക്കാന്‍ രണ്ട് മൂന്ന് മാസം വേണം. അതിനുള്ള ക്ഷമയിപ്പോള്‍ ഇല്ല, ആരോഗ്യവും. മാത്രമല്ല, ഞാനെഴുതിത്തുടങ്ങുന്ന കാലത്തിന് ശേഷമാണ് ഞാന്‍ ജനിച്ചിരുന്നതെങ്കില്‍ ഞാനൊരിക്കലും ഒരെഴുത്തുകാരനേയാകില്ലായിരുന്നു.

നിസ്സംഗമായിരുന്നു ആ ഉത്തരത്തിന്റെ ഭാവം.

പക്ഷേ മലയാളി സാറിന്റെ കൃതികൾ ഇപ്പോഴും വായിക്കുന്നു. നിരൂപകര്‍ പറയുന്നു ?

അതൊരു കാലഘട്ടം പറയുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാത്തതിനാലാണ്. ചരിത്രത്തിന്റെ ഭാഗമാണല്ലോ എല്ലാം. അയ്രേയുള്ളു.

വിശദമായ ഒരു അഭിമുഖം അനുവദിക്കുമോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ –

ഇല്ല, ഒന്നുമില്ല എനിക്ക് പുതിയതായി പറയാന്‍. പണ്ട് പറഞ്ഞതൊക്കയേ ഇപ്പോഴും പറയുവാനുണ്ടാകൂ. അതില്‍ യാതൊരു പുതുമയുമില്ലല്ലോ.

പതിയേപ്പതിയേ അദ്ദേഹം വര്‍ത്തമാനത്തിന്റെ ഒഴുക്കിലായി. പത്രപ്രവര്‍ത്തനം, ചാനല്‍ച്ചര്‍ച്ചകള്‍, ചലച്ചിത്ര മേള തുടങ്ങി പല കാര്യങ്ങളും അതിൽ കയറി വന്നു. വൈകാതെ ഞങ്ങള്‍ പിരിഞ്ഞു. പടിക്കലോളം വന്നു യാത്രയാക്കുമ്പോൾ അദ്ദേഹം പറഞ്ഞു –

സമയം കിട്ടുമ്പോൾ ഇനിയും വരൂ...

എന്നാല്‍ പിന്നീടൊരിക്കലും അങ്ങോട്ടു പോയില്ല. അദ്ദേഹത്തെ കണ്ടില്ല.

ഒരു വർഷം കഴിഞ്ഞ്, 2018 മാർച്ച് 16 ന്, എം.സുകുമാരൻ അന്തരിച്ചു. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം കടുത്ത ന്യുമോണിയ ബാധിച്ചു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മരിക്കുമ്പോൾ 75 വയസ്സായിരുന്നു പ്രായം.

sukumaran-2

1961 ൽ, പതിനെട്ടാമത്തെ വയസ്സിലാണ് എം.സുകുമാരന്റെ ആദ്യ കഥ ‘മഴത്തുള്ളികൾ’ മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ആദ്യ നോവൽ അഴിമുഖം. 1976ൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കഥാസമാഹാരത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006ൽ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന ലഘുനോവൽ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981ൽ ‘ശേഷക്രിയ’യ്ക്കും 1995ൽ ‘കഴക’ത്തിനും ലഭിച്ചു.

‘വായനാ പരിസരവും ജീവിത പരിസരവുമാണ്, എന്റെ സാഹിത്യസൃഷ്ടികളുടെ മാർഗദർശി. മറ്റുള്ളവരുടെ കൃതികൾ വായിക്കുന്നതിൽ അതൃപ്തിയാണ് ഒരെഴുത്തുകാരന്റെ രചനകൾക്കുള്ള പ്രേരണയാവുന്നത്. വായനയുടെ അതൃപ്തിയെ രചനകൾ കൊണ്ട് പൂർത്തീകരിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്. ചുരുക്കത്തിൽ പൂർവപ്രമേയങ്ങളുടെ തിരസ്കാരമാണ് ഞാൻ നടത്തിയത്. വിശപ്പിനേയും വിപ്ലവത്തെയും സാഹിത്യമാക്കാൻ എനിക്ക് കഴിഞ്ഞു. രാഷ്ട്രീയബോധത്തെ കലയാക്കാനുള്ള തീവ്ര ശ്രമമാണ് ഞാൻ നടത്തിയത്’.– നോവലിസ്റ്റ് മനോജുമായുള്ള സംഭാഷണത്തിൽ പറഞ്ഞ ഈ വാചകങ്ങളാണ് എം.സുകുമാരന്റെ സാഹിത്യ ജീവിതത്തിന്റെ മാനിഫെസ്റ്റോ.

1963ൽ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫിസിൽ ക്ലാർക്കായി. 1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നു പുറത്തായി. 1982ൽ കഥയെഴുത്തു നിർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പത്തു വർഷത്തിനു ശേഷം 1992ല്‍ ‘പിതൃതർപ്പണം’ എഴുതി മടങ്ങി വന്നു.

എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതിവെയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്...’

ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പന്റെ അന്തിമാഭിലാഷം എം.സുകുമാരൻ പകർത്തിയതിങ്ങനെ. പ്രിയപ്പെട്ട എഴുത്തുകാരാ, അങ്ങയുടെ ഓർമകളുറങ്ങുന്നയിടങ്ങളിലും ഞങ്ങളിതു കോറിയിടുന്നു...എം.സുകുമാരാ സഖാവേ ലാൽ സലാം...