സാഹിത്യം പലപ്പോഴും പ്രവചനങ്ങള്‍ പോലെയാണ്. ഒരാൾ തന്റെ സങ്കൽപ്പത്തിൽ സൃഷ്ടിക്കുന്ന കഥ വർഷങ്ങൾക്കു ശേഷം യാഥാർത്ഥ്യമാകുന്ന അതിശയം... അങ്ങനെയൊരു അതിശയത്തിന്റെ അമ്പരപ്പിലാണ് പ്രശസ്ത സാഹിത്യകാരൻ മണി.കെ.ചെന്താപ്പൂര്.
15 വർഷം മുമ്പ് മണി ‘വനിത’യിൽ എഴുതിയ ‘മൂർഖൻ’ എന്ന ചെറുകഥയിൽ മലയാളികളെ നടുക്കിയ ഉത്ര വധത്തിനു സമാനമായ സംഭവങ്ങളാണുള്ളത്. സ്വന്തം ഭാര്യയെ കൊല്ലാൻ ഒരു പാമ്പിനെ വാങ്ങിയ ഭർത്താവിന്റെ കഥയാണ് ‘മൂർഖൻ’. ഉത്ര വധക്കേസിലും അതു തന്നെയാണല്ലോ സംഭവിച്ചത്.
കഥയിലെ ഒരു സന്ദർഭം ഇങ്ങനെ :
‘‘ഞാൻ സദാനന്ദൻ. താങ്കളെ കാത്ത് നിൽക്കുകയായിരുന്നു’’.
‘‘എന്തു കാര്യം ?’’. നാഗപ്പൻ ചോദിച്ചു. ‘‘ഞാൻ പ്രദർശനം കണ്ടു. അത്ഭുതവും താങ്കളോട് ആദരവും തോന്നുന്നു. എനിക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്’’.
‘‘എന്തു സഹായമാണ് വേണ്ടത്?’’.
‘‘ഉരഗങ്ങളെ ഞാനും ഏറെ സ്നേഹിക്കുന്നു. പാമ്പുകളെ കൊന്നൊടുക്കുന്ന ഇക്കാലത്തു പാവം ഉഭയ ജീവികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ചില പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഞാൻ’’.
‘‘അതിന് ഞാനെന്താണ് വേണ്ടത് ?’’
‘‘താങ്കൾ ഉഗ്രവിഷമുള്ള ഒരു പാമ്പിനെ തരണം. മാന്യമായ വിലതരാൻ ഞാൻ സന്നദ്ധനാണ്’’.
നാഗപ്പൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. സദാനന്ദൻ ആകർഷകമായ തുക വാഗ്ദാനം ചെയ്തപ്പോൾ അയാൾ സമ്മതിച്ചു.

കഥയിലെ സദാനന്ദന്‍ പാമ്പിനെ വാങ്ങിയത് ഭാര്യയെ കൊല്ലാനാണ്. ഇതൊക്കെത്തന്നെയാണ് ഉത്ര വധക്കേസിലും സംഭവിച്ചത്. കഥയിലേതിനു സമാനമായി ഉത്രയുടെ ഭർത്താവ് സൂരജും ഭാര്യയെ കൊല്ലാൻ ഒരു പാമ്പിനെ വാങ്ങുകയായിരുന്നു.
സൗന്ദര്യം കുറവുള്ള ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഭർത്താവാണ് കഥയിലെ സദാനന്ദൻ. അതിനായി ഉഗ്രവിഷമുള്ള ഒരു പാമ്പിനെ അയാൾ വാങ്ങുന്നു. അർധരാത്രി വീട്ടിലെത്തി മുറിയുടെ ഓവിലൂടെ പാമ്പിനെ കടത്തി വിടുന്നു. ശേഷം അവിടെ നിന്നു പോകുന്നു. എന്നാൽ ഏറെ വൈകാതെ അയാളെ കുറ്റബോധം കീഴടക്കുന്നതും ഭാര്യയുടെ മരണം പ്രതീക്ഷിച്ചു പിറ്റേന്നു രാവിലെ വീട്ടിൽ തിരികെയെത്തുന്ന അയാൾ ഭാര്യ മുറ്റം തൂക്കുന്നതു കണ്ടു ഞെട്ടുന്നതാണു കഥയിലുള്ളതെങ്കിൽ യഥാർഥ ജീവിതത്തില്‍ സൂരജിന് കുറ്റബോധം തോന്നിയില്ല. സാധുവായ ഒരു പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്തു.
‘‘അക്കാലത്ത് പത്രങ്ങളിൽ വന്നിരുന്ന വ്യത്യസ്തമായ കൊലപാതക വാർത്തകളാണ് ‘മൂർഖന്‍’ എന്ന കഥയെഴുതാൻ കാരണം. അസ്വസ്ഥമായ ഒരു മനസ്സ് എങ്ങനെയൊക്കെ കൊലകൾ ആസൂത്രണം ചെയ്യും എന്ന ചിന്തയിൽ നിന്നാണ് തീർത്തും സാങ്കൽപ്പികമായ ആ കഥ സൃഷ്ടിച്ചത്. അന്നൊന്നും പാമ്പിനെ ഉപയോഗിച്ച് കൊന്നു എന്ന തരത്തിലുള്ള സംഭവങ്ങൾ പറഞ്ഞു കേട്ടിട്ടു പോലുമില്ല. അതുകൊണ്ടു തന്നെ ഉത്രയുടെ കൊലപാതക വാർത്ത വന്നപ്പോൾ ഞെട്ടി. വർഷങ്ങൾക്കു മുമ്പ് ഞാനെഴുതി വച്ചതു പോലെയൊക്കെ സംഭവിച്ചിരിക്കുന്നുവെന്നത് വലിയ നടുക്കമുണ്ടാക്കി’’. – മണി ‘വനിത ഓൺലൈനോട്’ പറയുന്നു.
‘‘കഥയിലെ നായകന് മാനസാന്തരം വരുന്നു. സ്ത്രീയുടെ മഹത്വം ഉയർന്നു വരുന്നിടത്താണ് കഥ അവസാനിക്കുന്നതും. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് മറിച്ചാണ്. എന്റെ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തുന്നതായി ഉത്രയുടെ കൊലപാതകം. താനെഴുതിയത് വർഷങ്ങൾക്കു ശേഷം യാഥാർഥ്യമാകുമ്പോൾ കഥാകൃത്തിന്റെ മാനസികാവസ്ഥ ആലോചിക്കാവുന്നതല്ലേയുള്ളൂ. നമ്മൾ സാങ്കൽപ്പികമായി എഴുതിയത് മറ്റൊരു കാലത്ത് ഒരാള്‍ ചെയ്തു എന്നത് അമ്പരപ്പിക്കുമല്ലോ. അക്കാലത്ത് ഏറെ അഭിപ്രായങ്ങൾ കിട്ടിയ കഥയാണ് മൂർഖൻ. എന്റെ ‘നഷ്ടപ്പെടുന്ന എന്തോ ഒന്ന്’ എന്ന സമാഹാരത്തിൽ ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട് ’’.– മണി പറയുന്നു.

അഞ്ചല്‍ ഏറം ‘വിഷു’വില്‍ വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. 2020 മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്.
പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങള്‍ക്കു സംശയമുണ്ടാകുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തു തന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇരട്ട ജീവപര്യന്തമാണ് സൂരജിന് ശിക്ഷ.
1

2

3

4
