Wednesday 03 February 2021 02:27 PM IST

‘ആടുജീവിതം’ 2 ലക്ഷത്തിലേക്ക്, 13 വർഷവും സഹയാത്രികനായി രാജേഷും! അപൂർവമായ ഒരു നേട്ടത്തിന്റെ കഥ

V.G. Nakul

Sub- Editor

r1

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ, ‘വായന മരിച്ചു’ എന്ന വിലാപങ്ങൾക്കിടയിലൂടെ മലയാളിയെ വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്കു വീണ്ടും കൂട്ടിക്കൊണ്ടു പോയ കൃതിയാണ് ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’. മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിൽ ഒന്നെന്ന് ‘ആടുജീവിത’ത്തെ നിസ്സംശയം വിശേഷിപ്പിക്കാം. പ്രസിദ്ധീകരിച്ച് 13 വർഷത്തിലേക്കെത്തുമ്പോൾ, ‘ആടുജീവിത’ത്തിന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റു തീർന്നിരിക്കുന്നു. ഇപ്പോഴിതാ, 2 ലക്ഷം കോപ്പികള്‍ എന്ന നാഴികക്കല്ലും ‘ആടുജീവിതം’ പിന്നിടുകയാണ്.

ഇത്രയും പറഞ്ഞതിൽ നിന്നു വായനക്കാർ പ്രതീക്ഷിക്കും പോലെ, ഈ ലക്കം ‘ബുക്സ്റ്റോറി’ ‘ആടുജീവിത’ത്തെക്കുറിച്ചോ ബെന്യാമിനെക്കുറിച്ചോ അല്ല. ആദ്യ പതിപ്പ് മുതൽ 2 ലക്ഷം കോപ്പിയിലേക്കെത്തുന്ന 200–ാം പതിപ്പ് വരെ ‘ആടുജീവിത’ത്തോടൊപ്പമുള്ള മറ്റൊരാളെക്കുറിച്ചാണ്. രാജേഷ് ചാലോട് എന്ന കവർ ഡിസൈനറാണ് ഈ സഹയാത്രികൻ. ‘ആടുജീവിത’ത്തിന്റെ ഇന്നോളം പുറത്തിറങ്ങിയ എല്ലാ പതിപ്പുകളുടെയും കവർ ഡിസൈൻ ഒരുക്കി, അപൂർമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു ഈ കണ്ണൂർ സ്വദേശി. മലയാളത്തിൽ, ഒരു പുസ്തകത്തിന്റെ ഇത്രയധികം പതിപ്പുകൾക്ക് തുടർച്ചയായി പുറംചട്ട ഒരുക്കിയ മറ്റൊരാളില്ല.

r3 ബെന്യാമിനൊപ്പം

‘‘2018 ജൂലൈ പതിനെട്ടിനാണ് ആടുജീവിതത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഞാൻ അക്കാലത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് അതിന്റെ കവർ പേജ് തയാറാക്കാനുള്ള വർക്ക് കിട്ടിയത്. അവർ അത് എന്നെ ഏൽപ്പിച്ചു.

കെ.ഷെരീഫ് വരച്ച ചിത്രം ഉപയോഗിച്ചാണ് ആദ്യ പതിപ്പിന്റെ കവർ ഒരുക്കിയത്. പുസ്തകം കൂടുതൽ വായിക്കപ്പെട്ടതോടെ കവറും ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം 200–ാം പതിപ്പുവരെ, ഇതിനോടകം 20 ൽ അധികം കവറുകൾ ആടുജീവിതത്തിനു വേണ്ടി ഞാൻ തയാറാക്കിയിട്ടുണ്ട്.

ഒരു കവർ പല എഡിഷനിൽ ഉപയോഗിക്കുന്നതാണ് രീതി. ഇരുപത്തിയഞ്ചാം പതിപ്പിന്റെ കവറിൽ ശ്രീജന്റെയും നേപ്പാൾ എഡിഷനിൽ ഗോപിദാസിന്റെയും നൂറാം പതിപ്പില്‍ എന്റെയും ഇല്ലസ്ട്രേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്’’.– രാജേഷ് ചാലോട് തന്റെ ‘ആടുജീവിത യാത്ര’ യെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

r2 ആദ്യ പതിപ്പിന്റെ കവർ

മലയാളത്തിലെ മുഖ്യധാരാ, സമാന്തര പ്രസാധകർക്കായി ഇതിനോടകം 4000 ല്‍ അധികം പുസ്തകങ്ങൾക്ക് രാജേഷ് പുറം ചട്ട ഒരുക്കിക്കഴിഞ്ഞു. ഒപ്പം മാഗസിനുകളുടെ ലേഔട്ടും തയാറാക്കുന്നു. പതിനഞ്ചിലേറെ വർഷമായി ഈ മേഖലയിൽ സജീവമാണ്. പല സ്ഥാപനങ്ങളിലും ജോലി ചെയ്തെങ്കിലും തിരക്ക് കൂടിയതോടെ ഫ്രീലാൻസറായി. കുടുംബത്തോടൊപ്പം തൃശൂരിലാണ് താമസം.

‘‘ഒരു പുസ്തകത്തിന്റെ മുഖമാണ് അതിന്റെ പുറംചട്ട. പുഞ്ചിരി നിറഞ്ഞ ഒരു മുഖം നൽകുന്ന സന്തോഷം ഒരു പുസ്തകത്തിന്റെ പുറം ചട്ടയ്ക്കും നൽകാനാകണം. കൃതി വായിച്ച്, അതിന് അനുയോജ്യമായ കവർ തയാറാക്കാനാണ് എപ്പോഴും ശ്രമിക്കാറ്. അതിൽ വലിപ്പച്ചെറുപ്പങ്ങളില്ല. സുഹൃത്ത് കൂടിയായ ബെന്യാമിൻ, ഗോപിദാസ്, കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ, സ്‌നേഹലത, കൃഷ്ണദാസ്, ഗോഡ്ഫ്രേ ദാസ് തുടങ്ങി പലരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു’’. – രാജേഷ് പറയുന്നു.

r4 ആടു ജീവിതത്തിനു വേണ്ടി രാജേഷ് വരച്ചത്

പുറംചട്ട രൂപകൽപ്പനയ്്ക്ക് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (2019), കേരള കാർട്ടൂൺ അക്കാദമിയുടെ ആർട്ടിസ്റ്റ് ശങ്കരൻകുട്ടി അവാർഡ് (2011, 2017), കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ( 2014 മുതൽ 2018വരെ) ദർശന കൾച്ചറൽ സെന്റർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ രാജേഷിനെ തേടിയെത്തിയിട്ടുണ്ട്.

‘‘ആടുജീവിതത്തിന്റെ ഭാഗമായത് ജീവിതത്തിലെയും കരിയറിലെയും വലിയ നേട്ടങ്ങളിലൊന്നാണ്. ഇപ്പോൾ രണ്ടു ലക്ഷം കോപ്പി എന്ന വലിയ സന്തോഷത്തിലേക്ക് പുസ്തകം എത്തി നിൽക്കുന്നു. ഞാനും ബെന്യാമിന്റെയും ആടു ജീവിതത്തിന്റെയും ആരാധകനാണ്. ഇനിയും ഇനിയും ഈ കൃതി വായിക്കപ്പെടട്ടേ, വായനക്കാരിലേക്കെത്തട്ടേ എന്നാണ് ആഗ്രഹം’’. – രാജേഷിന്റെ ശബ്ദത്തിൽ സന്തോഷവും അഭിമാനവും.

r6

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ തൊഴിൽ തേടിയെത്തി, വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തില്‍ മൂന്നിലേറെ വർഷം ദുരിതസമ്പന്നമായ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ആടുജീവിതം. 2009 ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ആടുജീവിതത്തെ തേടിയെത്തി. പത്മപ്രഭാ പുരസ്കാരം ഉൾപ്പടെ മറ്റു നിരവധി പുരസ്ക്കാരങ്ങളും ഈ കൃതി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി ആടു ജീവിതം സിനിമയാക്കുകയാണ്.