Friday 23 September 2022 12:20 PM IST

‘അധികമാരും അറിയാത്ത, മഹാഭാരതം അധികം പറയാത്ത ഒരു കഥാപാത്രം’: ‘ഘടോൽക്കചൻ: ദ് ലോൺ മോൺസ്റ്റർ’ വായിക്കുമ്പോൾ

Silpa B. Raj

rajesh

‘അധമജാതികൾ മൃഗങ്ങൾക്കു സമമാണ്; അതുകൊണ്ടാണല്ലോ നിഷാദസ്ത്രീയും മക്കളും തീയിൽ വെന്തു ചാകേണ്ടി വന്നത്. അവരെ കൊന്നതിൽ പശ്ചാത്തപിക്കേണ്ടതില്ലത്രേ. ആര്യാധിപത്യത്തിന്റെ നിയമസംഹിതകൾക്കുള്ളിൽ സംരക്ഷിക്കപ്പെടുന്നത് ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ്. നിഷാദനും രാക്ഷസനും അസുരനും ശൂദ്രനും അവകാശത്തണലിനു പുറത്താണ്’ - ‘ഘടോൽക്കചൻ: ദ് ലോൺ മോൺസ്റ്റർ’.

ജാതിവ്യവസ്ഥയുടെ അഗ്നിനാളങ്ങൾ ഇതിഹാസകാലത്തു തന്നെ ആളിപ്പടർന്നിരുന്നുവെന്നും അതിന്റെ ചൂടാണ് പല സാമൂഹിക സംഘർഷങ്ങളിലൂടെ വർത്തമാനകാലത്തെ പൊള്ളിച്ചുകൊണ്ടിരിക്കുന്നതെന്നും പറയാതെ പറയുന്നു രാജേഷ് കെ. ആർ. എഴുതിയ ‘ഘടോൽക്കചൻ: ദ് ലോൺ മോൺസ്റ്റർ’ എന്ന നോവൽ. രാജേഷിന്റെ ആദ്യ കൃതിയാണ് ഘടോൽക്കചൻ ദ് ലോൺ മോൺസ്റ്റർ.

‘‘മഹാഭാരതവും അതിലെ കഥാപാത്രങ്ങളും എനിക്കേറെ ഇഷ്ടമാണ്. ആ ഇഷ്ടത്തിൽ നിന്നാണ് അശ്വത്ഥാമാവിനെക്കുറിച്ച് ഒരു നോവൽ എഴുതണമെന്ന ആഗ്രഹം വർഷങ്ങൾക്ക് മുൻപുണ്ടായത്. സുഹൃത്തായ ഷിജോ വി. വർഗീസിന്റെ കവിതാസമാഹാരത്തിനു പഠനമെഴുതിയപ്പോളാണ് എഴുത്തു വഴങ്ങുമെന്ന ആത്മവിശ്വാസമുണ്ടായത്. അശ്വത്ഥാമാവിനെക്കുറിച്ച് വേറെയും രചനകൾ കണ്ടു. അപ്പോളാണ് അധികമാരും അറിയാത്ത, മഹാഭാരതം അധികം പറയാത്ത ഒരു കഥാപാത്രത്തെപ്പറ്റി എഴുതിയാലോ എന്നു ചിന്തിച്ചത്. അങ്ങനെ ബർബരീകനിൽ എത്തിച്ചേർന്നു. ബർബരീകന്റെ കഥ പറയണമെങ്കിൽ അതിനൊരു പശ്ചാത്തലം വേണം. അതൊരുക്കാനാണ് പരിചിതകഥാപാത്രമായ ഘടോൽക്കചനിൽ നിന്നു കഥ തുടങ്ങാൻ തീരുമാനിച്ചത്’’.– രാജേഷ് പറയുന്നു. രണ്ടു ഭാഗങ്ങളുള്ള നോവലിന്റെ ആദ്യ ഭാഗമാണ് ഘടോൽക്കചൻ ദ് ലോൺ മോൺസ്റ്റർ. പുരാണങ്ങളും ഇതിഹാസങ്ങളും ബോധപൂർവം അടക്കം ചെയ്ത കഥാപാത്രങ്ങൾ ശാപമോക്ഷം നേടിയെന്നവണ്ണം സ്വത്വത്തെ വെളിവാക്കി ഈ നോവലിൽ വെളിച്ചത്തിലേക്കെത്തുന്നു. നീതിമാന്മാരും നയതന്ത്രജ്ഞരും എന്ന് കാലം ചാർത്തിക്കൊടുത്ത പൊയ്മുഖങ്ങൾ നഷ്ടമായി ധീരോദാത്ത അതിപ്രതാപ ഗുണവാന്മാരായ നായകകഥാപാത്രങ്ങൾ വിചാരണരംഗത്തേക്കും.

90% ഭാവന നിറഞ്ഞ ഈ നോവലിനെ മഹാഭാരതത്തിന്റെ അപനിർമാണം എന്നു വിശേഷിപ്പിക്കാം. അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ടതു മുതൽ പാണ്ഡവരുടെ വനവാസത്തിന്റെ ഒരു ഘട്ടം വരെയാണ് ഇതിൽ സൂചിപ്പിക്കുന്നത്. പക്ഷേ, പാണ്ഡവരുടെ ജീവിതമല്ല, മറിച്ച് പാണ്ഡവരാൽ, കുരുവംശജരാൽ മുറിവേൽക്കപ്പെട്ട ജനതയുടെ, ഗോത്രങ്ങളുടെ പ്രതികാരവും പ്രതീക്ഷകളുമാണ് ഈ നോവലിന് അടിസ്ഥാനം. ഭീമസേനനും ഘടോൽക്കചനും ഹിഡുംബിയും മൗർവിയും ബർബരീകനും തക്ഷകനും ഏകലവ്യനുമെല്ലാം കേന്ദ്രകഥാപാത്രങ്ങളാകുന്നു ഘടോൽക്കചൻ ദ് ലോൺ മോൺസ്റ്ററിൽ. ചില കഥാസന്ദർഭങ്ങൾ വ്യാസമഹാഭാരതത്തിലേതു തന്നെയോ എന്ന സംശയം ഉണ്ടാക്കുന്നു. അത്രത്തോളം കൈയടക്കത്തോടെയും യുക്തിപൂർവവുമായാണ് നോവലിസ്റ്റ് അവ വരച്ചിട്ടിരിക്കുന്നത്.

‘‘ശ്രീ എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം എനിക്കൊരു അദ്ഭുതമാണ്. മനസ്സിൽ അത്രയേറെ പതിഞ്ഞ ഒരു കൃതിയെ അനുകരിക്കാൻ എഴുത്തിൽ സാധ്യതയുണ്ട്. അതുണ്ടാകാതിരിക്കാൻ രണ്ടാമൂഴത്തിലെ ആഖ്യാനരീതിയോ ഭാഷയോ പ്രമേയമോ ഒന്നും ഘടോൽക്കചനിൽ കടന്നു വരാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു’’.– രാജേഷ്.

നോവലിലെ അപ്രതീക്ഷിത വഴിത്തിരിവുകളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. വ്യാസഭാരതത്തെ മനസ്സിൽ താലോലിച്ച് വായന ആരംഭിച്ച ഒരാളെ പ്രവചനാതീതമായ സംഭവപരമ്പരകളിലൂടെ കൂട്ടിക്കൊണ്ടുപോയി എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം കാട്ടിത്തരുന്നു ഈ നോവൽ. പ്രണയവും വിരഹവും ഗൂഢതന്ത്രങ്ങളും അധികാരമോഹവും ചതിയും അതിജീവനവും വർഗീയതയും നോവലിൽ വിഷയങ്ങളാകുന്നു. നോവലിന്റെ തുടക്കവും ഒടുക്കവും യുദ്ധത്തിലാണ് എന്നത് മറ്റൊരു പ്രത്യേകത. കഥാഗതിയെപ്പോലും നിയന്ത്രിക്കുന്ന അസ്തിത്വവും വ്യക്തിത്വവുമുള്ള ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് ഘടോൽക്കചൻ ദ് ലോൺ മോൺസ്റ്ററിലുള്ളത്. കുന്തിയും ഹിഡുംബിയും മൗർവിയും അതിന് ഉദാഹരണങ്ങൾ. ചിലയവസരങ്ങളിൽ നായകനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നവർ. ശ്രീകൃഷ്ണനെപ്പോലും യുദ്ധത്തിൽ അടിയറവു പറയിച്ച മൗർവിയുടെ ആയോധനപാടവവും പരുക്കൻ ഭാവങ്ങൾ കൊണ്ട് ഹൃദയത്തിലെ വാത്സല്യത്തിനും നീതിബോധത്തിനും മറയിട്ട ഭീമസേനനും ഭീമനിൽ നിന്ന് അവഗണനകൾ മാത്രം നേരിടേണ്ടി വന്നിട്ടും ഭർത്താവിനോടുള്ള അചഞ്ചലമായ സ്നേഹം കാത്തു സൂക്ഷിക്കുന്ന ഹിഡുംബിയും ഹിഡുംബിയുടെ പുത്രനായതിനാൽ പാതി ക്ഷത്രിയനെങ്കിലും രാക്ഷസനെന്ന് മുദ്രകുത്തപ്പെട്ട് അപമാനവും അധിക്ഷേപവും സഹിച്ച്, നേരിന്റെ പക്ഷത്തു നിൽക്കാനാകാതെ നിസ്സഹായനായി മാറിയ ഘടോൽക്കചനും മാതാവിന്റെ ശിക്ഷണത്താൽ വ്യക്തമായ കാഴ്ചപ്പാടുകൾ ആർജിച്ചെടുത്ത ഘടോൽക്കചപുത്രൻ ബർബരീകനും അധഃസ്ഥിതരുടെ അവകാശങ്ങളും ജീവിത സുരക്ഷയും നേടിയെടുക്കാൻ യത്നിക്കുന്ന വിപ്ലവകാരിയായ ബകനും ഇടയ്ക്കെപ്പോളോ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഗാന്ധാരരാജൻ ശകുനിയുമെല്ലാം വായനക്കാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുമെന്നു പറയാം.

പത്തനംതിട്ട താഴെ വെട്ടിപ്പുറം സ്വദേശിയായ രാജേഷ് പാലക്കാട് മുടപ്പല്ലൂർ ഹൈസ്കൂളിൽ മലയാളം അധ്യാപകനാണ്. ഭാര്യ അർച്ചനയും അച്ഛൻ രാജനും അമ്മ സാവിത്രിയും അനുജൻ രജീഷുമാണ് തന്റെ പിൻബലമെന്ന് രാജേഷ്. ആദിദേവ്, ദ്രുപദ് എന്നിവർ മക്കളാണ്. ഏച്ചുകെട്ടലുകളും വച്ചുകെട്ടലുകളുമില്ലാതെ ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഘടോൽക്കചൻ ദ് ലോൺ മോൺസ്റ്റർ കോഴിക്കോട് ധ്വനി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.